Tuesday, August 09, 2022

 

*_ഉപനിഷത് കഥകള്‍_* 

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും.

വിദേഹാധിപനായ ജനകമഹാരാജാവ് ജ്ഞാനികള്‍ക്കിടയില്‍ വെച്ച് മഹാജ്ഞാനിയായി പരക്കെ അറിയപ്പെടുന്ന കാലം. അദ്ദേഹം ആത്മസാക്ഷാത്‍കാരം സിദ്ധിച്ചവനെങ്കിലും ലോകത്തില്‍ മഹാരാജാവെന്ന നിലയില്‍ വ്യവഹരിച്ചു പോന്നു. എന്നാല്‍ ആ വ്യവഹാരങ്ങളെന്നും ആന്തരികമായി അദ്ദേഹത്തെ ബാധിച്ചിരുന്നില്ല.

അക്കാലത്ത് വിവിധ രാജസഭകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുകയും വേദശാസ്ത്ര ചര്‍ച്ചകളിലൂടെ ആരെയും പരാജയപ്പെടുത്തുകയും ചെയ്തിരുന്ന അതുല്യ പ്രതിഭാസമായിരുന്നു മഹര്‍ഷി യാ‍‍ജ്ഞവല്ക്യന്‍.

ഒരിക്കല്‍ ജനക മഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ അനുഷ്ഠിച്ചു പോരുന്നവരാണ്. ഇതെല്ലാം നിമിത്തം ജനകമഹാരാജാവിന്റെ രാജസഭയില്‍ ആവലാതികളും, പരാതികളും, കലാസാഹിത്യ പ്രകടനങ്ങളുമൊക്കെ നടക്കുന്നുണ്ടാകും.

പണ്ഡിതന്മാരുടേയും, ജ്ഞാനികളുടെയും, ഋഷീശ്വരന്മാരു‍ടേയും സാന്നിദ്ധ്യം ജനക മഹാരാജാവിന്റെ സമീപം എപ്പോഴും ഉണ്ടാകാറുണ്ട്. സഭയില്‍ എപ്പോഴും വേദശാസ്ത്ര ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സാധാരണ പ്രജകള്‍ക്ക് ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടാകാം. രാജാവിനെ മുഖം കാണിക്കാനും വിവരങ്ങള്‍ ഉണര്‍ത്തിക്കാനും ജനങ്ങള്‍ക്ക് അവസരം കുറഞ്ഞുവെന്നു വരാം. ഈ പ്രശ്നം പരിഹരിക്കുന്നതിന് രാജാവ് ചില പ്രത്യേകസഭകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഓരോ സഭയിലും ഓരോ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മന്ത്രിമാര്‍ ഏറ്റെടുക്കും.

പ്രത്യേകിച്ച് വിശേഷങ്ങളോ തിരക്കുകളോ ഒന്നുമില്ലാത്ത് ഒരു ദിവസമായിരുന്നു അന്ന്. രണ്ടു ദ്വാര പാലകന്മാരെത്തി ജനകമഹാരാജാവിന്റെ മുന്നില്‍ വണങ്ങിനിന്നു.

“പ്രഭോ! യാജ്ഞവല്ക്യ മഹര്‍ഷി കൊട്ടാര വാതില്ക്കലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു.” സന്ദേശവാഹകന്മാര്‍ വിവരം അറിയിച്ചു.

“ഹായ്! ഉത്തമം. ഉത്തമം. സ്തുതിഗീതങ്ങള്‍ പാടി അദ്ദേഹത്തെ ഈ രാജസഭയിലേയ്ക്കു തന്നെ ആനയിച്ചാലും. ഈ സുദിനം നമുക്ക് ധന്യധന്യമായി.” ജനകന്‍ സിംഹാസനത്തില്‍ നിന്നെഴുന്നേറ്റ് സഭാതലത്തിലേയ്ക്കിറങ്ങിനിന്നു.

പ്രശാന്തചിത്തനും ജിതേന്ദ്രിയനും ആത്മജ്ഞാനത്താല്‍ പ്രശോഭിതനുമായ യാജ്ഞവല്ക്യന്‍ അവിടേയ്ക്ക് കടന്നുവന്നു.

ഓം. ഓം. ഓം. ചക്രവര്‍ത്തിമാരില്‍ മഹാചക്രവര്‍ത്തിയും ജ്ഞാനികളില്‍ മഹാ‍ജ്ഞാനിയുമായ വിദേഹാധിപതി ജനകമഹാരാജാവിന് മംഗളം ഭവിക്കട്ടെ!” യാജ്ഞവല്ക്യന്‍ സന്തോഷപൂര്‍വ്വം ഉറക്കെ ചിരിച്ചുകൊണ്ട് മംഗളങ്ങള്‍ നേര്‍ന്നു.

“അതുല്യനായ ആത്മതേജസ്സിനു മുമ്പില്‍ ഗൃഹസ്ഥാശ്രമിയായ അടിയന്റെ വിനീത പ്രണാമങ്ങള്‍. ഹൈന്ദവ ധർമ്മ പരിഷത്ത്. അനുഗ്രഹിച്ചാലും. ആശിര്‍വദിച്ചാലും. ഈ വിദേഹരാജ്യം അങ്ങയെ ഏതുവിധമാണ് ഉപചരിക്കേണ്ടത് എന്ന് കല്പിച്ചാലും.”

“അര്‍ഘ്യപാദ്യാദി ഉപചാരങ്ങളൊന്നുമില്ലാതെ തന്നെ ജനകമഹാരാജാവിന്റെ സന്നിതിയില്‍ നാം സന്തുഷ്ടനാണ്.”

“അത് അങ്ങയുടെ മഹത്വവും വിനയവും കൊണ്ട് പറയുന്നതാണ്.”

“കേവലം നാം മാത്രമല്ല. ജനകമഹാരാജാവിന്റെ അറിവിനെക്കുറിച്ച് ലോകരെല്ലാം വാഴ്ത്തുന്നുണ്ട്. അതു കേള്‍ക്കുമ്പോള്‍ ആനന്ദമുണ്ടാകുന്നു.”

സാക്ഷാത്ക്കാരം സിദ്ധിച്ച അങ്ങ് സദാ ആനന്ദസ്വരൂപന്‍ തന്നെയാണല്ലോ.”

“ആ ആനന്ദത്തില്‍ നിന്ന് അങ്ങും ഒട്ടും ഭിന്നനല്ലന്നറിഞ്ഞാലും!” യാജ്ഞവല്ക്യന്‍ സന്തോഷത്തോടെ പറഞ്ഞു.

ജനകമഹാരാജാവ് അതിഥിയെ ഉപചാര പൂര്‍വ്വം സ്വീകരിച്ചിരുത്തി. അതിനുമുമ്പൊരിക്കല്‍ അവിടെവച്ചു നടന്ന ബ്രഹ്മനിഷ്ഠാ പരീക്ഷണത്തെക്കുറിച്ച് ജനകന്‍ ഓര്‍മപ്പെടുത്തി. അതു കേട്ട് യാജ്ഞവല്ക്യന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. അവര്‍ ഏറെനേരം കുശലപ്രശ്നങ്ങള്‍ നടത്തി. ഒടുക്കം രാജാവ് ചോദിച്ചു: “ആകട്ടെ, ഒന്നു ചോദിക്കട്ടെ. വിശേഷങ്ങളൊട്ടും തന്നെ ഇല്ലാത്ത ഈ സമയത്ത് അങ്ങ് ഇവിടെ എത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ശാസ്ത്രസംവാദങ്ങളും പാണ്ഡിത്യമത്സരങ്ങളും നടക്കുന്ന മഹാ സദസ്സുകളില്‍ മാത്രം ഇടിമിന്നല്‍പ്പിണരുപോലെ കാണപ്പെടുന്നതാണ് അങ്ങാകുന്ന ദിവ്യജ്യോതിസ്സ് ! ഇന്നിപ്പോള്‍ ഇവയൊന്നുമില്ല. പിന്നെ എന്തിനായിട്ടാണ് അങ്ങു വന്നത്? പണ്ട് നടന്നതുപോലെ പശുക്കളെ ആഗ്രഹിച്ചിട്ടോ ? അതോ, സൂക്ഷ്മവസ്തു നിര്‍ണ്ണയത്തിനുള്ള എന്തെങ്കിലും പ്രശ്നങ്ങളും, സംവാദങ്ങളും ആഗ്രഹിച്ചിട്ടോ? ഇംഗിതം അറിയിച്ചാലും!”

ജനകമഹാരാജാവിന്റെ വാക്കുകളില്‍ അല്പം നര്‍മ്മം കൂടി കലര്‍ന്നിരുന്നു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അതു കേട്ട് ഊറിച്ചിരിച്ചുകൊണ്ട് യാജ്ഞവല്ക്യന്‍ മറുപടി പറഞ്ഞു.

“അല്ലയോ രാജാവേ, ഈ സഭയില്‍ വന്നത് ഇന്ന് രണ്ടിനേയും ആഗ്രഹിച്ചുകൊണ്ടുതന്നെ.”

യാജ്ഞവല്ക്യന്റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, ജനകന്‍ മന്ത്രിമാരെ വിളിച്ചു. യാജ്ഞാവല്ക്യന്റെ ആശ്രമത്തിലേയ്ക്ക് വേണ്ടത്ര നല്ല ഒന്നാംതരം പശുക്കളെ എത്തിക്കുവാന്‍ കല്പിച്ച് ചുമതലപ്പെടുത്തി. അനന്തരം യാജ്ഞവല്ക്യനെ സമീപിച്ച് വിനയാന്വിതനായി അപേക്ഷിച്ചു.

“മഹര്‍ഷേ! ഇന്ന് നല്ലൊരു ദിവ്യദിനം എനിക്ക് വീണു കിട്ടിയിരിക്കുകയാണ് അറിവിന്റെ അറിവിന്റെ അവസാന വാക്കായിരുന്ന അങ്ങയില്‍ നിന്ന് എനിക്ക് പ്രത്യേകം ചില പ്രശ്നങ്ങള്‍ക്ക് ഉപദേശം നേടാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ വിദ്യാ സാഗരത്തിലെ തെളിനീരാല്‍ എന്നെ അഭിഷിക്തനാക്കിയാലും!”

“രാജാവേ, അറിയപ്പെടുന്നവരില്‍ വെച്ച് അഗ്രഗണ്യനായ അവിടുന്ന് ആത്മജ്ഞാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായറിയുവാന്‍ ആഗ്രഹിക്കുന്നതില്‍ സന്തോഷം. വിദ്യ ഉപദേശിക്കുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. എന്നാല്‍ ചിലത് വ്യക്തിപരമായി ചോദിക്കട്ടെ!” യാജ്ഞവല്ക്യന്റെ അന്വേഷണത്തിന് ജനകന്‍ ഉത്തരം നല്‍കി.

“മഹര്‍ഷേ, ശിലീനന്റെ പുത്രനായ ജിത്വാവ്, വാക്കാണ് ആത്മാവെന്ന് എനിക്കു പറഞ്ഞു തന്നിട്ടുണ്ട്.”

“അതുശരി. മാതാവിനാലും പിതാവിനാലും ആചാര്യനാലും അനുശാസിക്കപ്പെട്ടിട്ടുള്ളവന്‍ എങ്ങനെ പറയുമോ, അപ്രകാരം തന്നെയാണ് ജിത്വാവ് വാക്കാകുന്ന ബ്രഹ്മത്തെക്കുറിച്ച് താങ്കള്‍ക്ക് പറഞ്ഞു തന്നിട്ടുള്ളത്. അവന്‍ വാക്കാണ് ബ്രഹ്മമെന്ന് പറയുന്നു. എന്നാല്‍, സംസാരശേഷി നഷ്ടപ്പെട്ടവന്റെ അവസ്ഥ എന്താണ് എന്നു പറഞ്ഞു തന്നിട്ടുണ്ടോ? എന്താണ് ബ്രഹ്മം? എന്താണ് ബ്രഹ്മത്തിന്റെ പൂര്‍ണ്ണശരീരം? അത് എന്തില്‍ പ്രതിഷ്ഠിതമാണ്? ഇതൊക്കെ ജിത്വാവ് പറഞ്ഞുതന്നതായി ഓര്‍മ്മയുണ്ടോ?” – എന്നിങ്ങനെയുള്ള യാജ്ഞവല്ക്യന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ജനകന്‍ വിഷമിച്ചു. ഹൈന്ദവ ധർമ്മ പരിഷത്ത്. അദ്ദേഹത്തിന് ആചാര്യനായ ജിത്വാവില്‍ നിന്ന് ആത്മാവിനെക്കുറിച്ച് പൂര്‍ണ്ണമായി ഉപദേശം ലഭിച്ചിരുന്നില്ല.

“ഇല്ല. അതൊന്നും എനിക്ക് പറഞ്ഞു തന്നിട്ടില്ല.” ജനകന്‍ സമ്മതിച്ചു.

“എങ്കില്‍ , അല്ലയോ മഹാനായ സമ്രാട്ടേ, അങ്ങ് അറിയുന്ന ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ! ആത്മാവിന്റെ ബാക്കി ശരീരഭാഗം കൂടി അറിയാന്‍ താങ്കള്‍ക്ക് അവശേഷിക്കുന്നുണ്ട്.” യാജ്ഞവല്ക്യന്‍ ജനകനെ നോക്കി മന്ദമായി ഒന്നു ചിരിച്ചു. താന്‍ വളരെ ചെറുതാകുന്നതുപോലെ ജനകനുതോന്നി.

ഒരുവനെ ബാല്യത്തില്‍ മാതാവും പിന്നീട് ഉപനയനം വരെ പിതാവും ഉപനയത്തിനുശേഷം ഗുരുവുമാണ് അനുശാസിക്കുന്നത്. ഇങ്ങനെ ക്രമത്തില്‍ പൂര്‍ണ്ണമായി അനുശാസനം നേടിയിട്ടുള്ളവന് ഒരിക്കലും ശാസ്ത്രങ്ങളിലും പ്രമാണങ്ങളിലും തെറ്റുകയില്ല. വാഗ്ദേവത ബ്രഹ്മമാണെന്ന് ജിത്വാവ് ഉപദേശിക്കുന്നുണ്ട്. എങ്കിലും വാഗ്ദേവതയെ ആത്മാവായി ഉപാസിക്കേണ്ട വിധം ജിത്വാവ് വെളിവാക്കിയിട്ടില്ല. ഉപാസനയുടെ അഭാവത്തില്‍ ജനകനിലെ അറിവ് അപൂര്‍ണ്ണമാണെന്ന് യാജ്ഞവല്ക്യന്‍ മനസ്സിലാക്കി.

ജനകന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് യാജ്ഞവല്ക്യനോട് അടുത്തു വന്നു. ഭക്തിപൂര്‍വ്വം യാജ്ഞവല്ക്യനെ സാഷ്ടാംഗം നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു. വളരെ ശാന്തനായി കൈകള്‍ കൂപ്പിക്കൊണ്ട് അപേക്ഷിച്ചു.

“മഹാമുനേ, അറിവില്‍ അങ്ങേയ്ക്കു തുല്യനായി മറ്റൊരാളെക്കുറിച്ച് അടിയന്‍ കേട്ടിട്ടില്ല. അങ്ങ് എല്ലാം അറിയുന്നു. വാക്ചാതുര്യത്തിലും പാണ്ഡിത്യത്തിലും സ്ഥൂലമായ ബാഹ്യലോകത്തെ വിറകൊള്ളിക്കുന്നവനാണ് അങ്ങ്. പലതവണ ഞാനത് നേരിട്ട് കണ്ടിട്ടുണ്ട്. ഈ സഭയില്‍ പോലും അതിനുള്ള ഭാഗ്യം സിദ്ധിച്ചു. അതുപോലെ അതിസൂക്ഷ്മമായ ആത്മജ്ഞാനം കൊണ്ട് ആരിലും അനുഭൂതി നിറയ്ക്കുവാനുള്ള ശേഷിയും അങ്ങയിലുണ്ട്. എല്ലാം അറിയാവുന്ന അങ്ങുതന്നെ ഇന്ന് എനിക്കെല്ലാം ഉപദേശിച്ചു തരണം.”

ജനകന്റെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടു. യാജ്ഞവല്ക്യന്‍ ഓരോന്നായി ഉപദേശിച്ചു തുടങ്ങി.

“വാക്കാകുന്ന ആത്മാവിനെ ഉപാസിക്കുവാന്‍ ജിത്വാവ് താങ്കളോട് പറഞ്ഞല്ലോ. സത്യത്തില്‍ വാക്ക്, ശരീരത്തിലെ ഒരു ഇന്ദ്രിയമാണ്. അതേ സമയം ആത്മാവിന്റെ വാക്കാകുന്ന ശരീരം ഈ ഇന്ദ്രിയം തന്നെയാണുതാനും. ആകാശമാണ് ഇതിന് പ്രതിഷ്ഠയായിരിക്കുന്നത്. പ്രജ്ഞ എന്നു കരുതി ഈ വാക്കാകുന്ന ബ്രഹ്മത്തെ ഉപാസിക്കാന്‍ പഠിക്കണം. മനസ്സിലായോ?”

“സംശയമുണ്ട്. പ്രജ്ഞ എന്നാല്‍ എന്താണ്?”

“ഏയ്! ഇങ്ങനെ നിസ്സാരമായി സംശയിക്കരുത്. പറയുന്നതില്‍ വിചാരം ചെയ്യണം. അതിസൂക്ഷ്മമായ വിചാരം കൊണ്ട് സംശയം തീരെ നശിക്കും. പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ ഇക്കാര്യം സാധിക്കുകയില്ല. എങ്കിലും വിചാരത്തിനുവേണ്ടി പറയാം.

സാമ്രാട്ടേ, പ്രജ്ഞയെന്നു പറഞ്ഞാല്‍ അത് വാക്കുതന്നെയാകുന്നു. വാക്കുകളിലൂടെയാണ് നാം അധികവും അറിയുന്നത്. ബന്ധു മിത്രാദികള്‍ക്കിടയില്‍ അറിവായി നിറയുന്നത് മിക്കവാറും വാക്കുകളാണ്. വാക്കിന്റെ പ്രയോഗം ജീവിതത്തില്‍ വളരെയധികമാണെന്ന് അറിയാമല്ലോ. ഋഗ്വേദവും, യജൂര്‍വ്വേദവും, സാമവേദവും, അഥര്‍വ്വവേദവും വാക്കുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഒരു വിദ്യ, ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ വാക്കുകളുടെ പ്രയോഗം അത്യാവശ്യമാണ്. ഇതിഹാസവും പുരാണങ്ങളും, വിദ്യകളും, ഉപനിഷത്തുകളും, സൂക്തങ്ങളും, സൂത്രങ്ങളും, വ്യാഖ്യാനങ്ങളും എല്ലാം വാക്കിനെ ആശ്രയിച്ചിരിക്കും. ഇവയെല്ലാം അറിയപ്പെടുന്നത് ലോകത്തില്‍ വാക്കുകളിലൂടെയായിരിക്കും.

വാക്ക് എന്നാല്‍ വാഗ്ദേവതയാണ്. വഗ്ദേവത ശുദ്ധയും പുണ്യവതിയുമാണ്. യാഗം, ഹോമം, അന്നദാനം, ജലദാനം തുടങ്ങിയവയെല്ലാം കൊണ്ട് പലവിധത്തില്‍ പുണ്യമുണ്ടാകാം. ഈ യാഗഹോമാദികളിലെല്ലാം ‘വാക്ക്’ ഒരു പ്രധാന സംഗതി തന്നെ. അതിനാല്‍ എല്ലാപുണ്യത്തിലും വാക്കുണ്ട്. ഈ ജന്മവും അടുത്ത ജന്മവും എല്ലാ ഭൂതങ്ങളും നാമരൂപങ്ങളും വാക്കുകൊണ്ടാണല്ലോ രാജാവേ, അറിയപ്പെടുന്നത്. അതുകൊണ്ട് വാക്കുതന്നെയാണ് പരബ്രഹ്മം. പ്രജ്ഞ എന്ന നിലയ‌ില്‍ വാഗ്ദേവതയെ ബ്രഹ്മമായിട്ട് ഉപാസിക്കാവുന്നതാണ് ഇതറിഞ്ഞ ബ്രഹ്മത്തെ ഉപാസിക്കുന്നവനെ വാഗ്ദേവത കൈവെടിയുകയില്ല. എല്ലാ ഭൂതങ്ങളും അവനുവേണ്ടി സന്തോഷത്തെ ചെയ്യും. അവന്‍ ദേവനായിത്തീരും.

യാജ്ഞവല്ക്യന്റെ ഈ വിധത്തിലുള്ള ഉപദേശങ്ങള്‍ കേട്ട് ജനകമഹാരാജാവ് സന്തുഷ്ടനായിത്തീര്‍ന്നു. ഈ മഹത്തായ ഉപദേശത്തിന് ഒരു പാരിതോഷികം നല്‍കണമെന്ന് ജനകന്‍ വിചാരിച്ചു. ഉടനെ അത് വാഗ്ദാനം ചെയ്തു.

“അങ്ങയ്ക്ക് ആനയെപ്പോലുള്ള കാളയോടുകൂടി ആയിരം പശുക്കളെ ഞാന്‍ തരുന്നുണ്ട്.”

“ആവശ്യമില്ല. സാമ്രാട്ടേ, നിങ്ങളിപ്പോള്‍ എന്റെ ശിക്ഷണത്തിലാണ്. ശിഷ്യനെ ശാസിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല. ഇതെന്റെ പിതാവിന്റെ വിചാരമാണ്.”

“ശരി അവിടുത്തെ ഹിതം പോലെ എല്ലാം നടക്കട്ടെ. ഞാനിപ്പോള്‍ അങ്ങയുടെ ശിഷ്യനാണ്. ഗുരുസ്ഥാനത്ത് നിന്ന് അവിടുന്ന് ഉപദേശിച്ചാലും.”

“തങ്ങള്‍ക്ക് വേറെ ആരെല്ലാം ആചാര്യന്മാരുണ്ട്. അവര്‍ എന്താണോ ഉപദേശമായി തന്നിട്ടുള്ളത്. അതെല്ലാം ഇപ്പോള്‍ എനിക്കു കേള്‍ക്കണം. പറയൂ…..” യാജ്ഞവല്ക്യന്‍ നിര്‍ബന്ധിച്ചു.

ജനകമഹാരാജാവ് പല കാലങ്ങളിലായി ധാരാളം ആചാര്യന്മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ചിരുന്നു. പലരും പല രീതിയിലാണ് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നത്. അവര്‍ ഓരോരുത്തരും എന്താണ് ഉപദേശിച്ചതെന്ന് യാജ്ഞവല്ക്യന്‍ ജനകനില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചു.

ജനകമഹാരാജാവ് തന്റെ പൂര്‍വ്വ ആചാര്യന്മാരെ സംബന്ധിച്ച വിവരവും അവര്‍ പറഞ്ഞു കൊടുത്തിരുന്ന ഉപദേശങ്ങളും തുറന്നു പറ‍ഞ്ഞു.

ശുല്ബന്റെ പുത്രനായ ഉദങ്കന്‍ എന്ന ആചാര്യന്‍ പ്രാണനാണ് ബ്രഹ്മം എന്ന് ജനകന് ഉപദേശിച്ചു കൊടുത്തിരുന്നു. വൃഷ്ണന്റെ പുത്രനായ ബര്‍ക്കു എന്ന ആചാര്യനാകട്ടെ ചക്ഷുസ്സാണ് ബ്രഹ്മം എന്ന് പറഞ്ഞു കൊടുത്തിരുന്നു. നാലാമത്തെ ആചാര്യന്‍, ഭരദ്വാജന്റെ പുത്രനായ ഗര്‍ദ്ദഭീവിപീതന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഉപദേശത്തില്‍ ശ്രോത്രം ആയിരുന്നു ബ്രഹ്മമായി കണക്കാക്കപ്പെട്ടിരിക്കുന്നത്. അഞ്ചാമത്തെ ആചാര്യന്‍ പേരുകേട്ട വ്യക്തിയായിരുന്നു. ജബാലയുടെ പുത്രനായ സത്യകാമന്‍. വിദേഹരാജ്യത്ത്, അദ്ദേഹം അതിഥിയായി വസിക്കുകയുണ്ടായി. ജിജ്ഞാസുവായ ജനകന്‍ പലതും സത്യകാമനില്‍ നിന്ന് അഭ്യസിക്കുകയുണ്ടായി. മനസ്സാണ് ബ്രഹ്മം എന്നായിരുന്നു സത്യകാമന്‍ നല്കിയ ഉപദേശം.

ശകലന്റെ പുത്രനായ വിദഗ്ദ്ധന്‍ എന്ന ആചാര്യന്‍ ഹൃദയമാണ് ബ്രഹ്മമെന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു.

എന്നാല്‍ ഈ ആചാര്യന്മാരില്‍ ആരും തന്നെ അപ്പോള്‍ ആത്മജ്ഞാനികള്‍ ആയിരുന്നില്ല. ഹൈന്ദവ ധർമ്മ പരിഷത്ത്. ആത്മാവിനെക്കുറിച്ച് അനുഭവജ്ഞാനമില്ലാത്തവരായിരുന്നു അവര്‍. അതിനാല്‍ അവരുടെ ഉപദേശങ്ങള്‍ അപ്പോള്‍ പൂര്‍ണ്ണമായിരുന്നില്ല. കേവലങ്ങളായ ഇന്ദ്രിയങ്ങളെ ബ്രഹ്മമെന്ന് അവര്‍ കരുതി. ആ ഇന്ദ്രിയങ്ങളുടെ അഭാവത്തില്‍ ശരീരത്തിന് എന്തു സംഭവിക്കും? എങ്ങനെയാണ് ആ ഇന്ദ്രിയങ്ങള്‍ ആത്മാവായി ബന്ധപ്പെട്ടിരിക്കുന്നത്. ഇവ ഏതൊന്നില്‍ പ്രതിഷ്ഠിതമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം എന്ത്? എങ്ങനെ ഉപാസിക്കണം? തുടങ്ങിയ കാര്യങ്ങള്‍ അവരാരും പറഞ്ഞു കൊടുത്തിരുന്നില്ല. യാജ്ഞവല്ക്യന്‍ അതിനെക്കുറിച്ച് പ്രത്യേകം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓരോ തവണയും ചോദിച്ചു.

“എനിക്ക് പറഞ്ഞുതന്നിട്ടില്ല” എന്നായിരുന്നു എപ്പോഴും ജനകന്റെ മറുപടി.

അതുകേള്‍ക്കുമ്പോള്‍ “അല്ലയോ സമ്രാട്ടേ, ഈ ബ്രഹ്മം ഒരു കാലു മാത്രമുള്ളതാണല്ലോ!” എന്ന് യാജ്ഞവല്ക്യനോട് അപേക്ഷിക്കും.

മറ്റ് ആചാര്യന്മാരില്‍ ഉപദേശിക്കപ്പെട്ട വാക്ക് , പ്രാണന്‍, ചുക്ഷുസ്, ശ്രോത്രം, മനസ്സ്, ഹൃദയം എന്നിവയെ ആസ്പദമാക്കി പൂര്‍ണ്ണ അറിവ് യാജ്ഞവല്ക്യന്‍ പറഞ്ഞുകൊടുത്തു. ഓരോന്നിനേക്കുറിച്ചും വിശദീകരിച്ചു കേള്‍പ്പിച്ചു കഴിയുമ്പോള്‍ ജനകമഹാരാജാവ് സന്തുഷ്ടനായിത്തീരും. ആവേശപൂര്‍വ്വം പാരിതോഷികം പ്രഖ്യാപിക്കും.

“ആനയെപ്പോലുളള കാതുകളോടുകൂടിയ ആയിരം പശുക്കളെ ഞാന്‍ അങ്ങേയ്ക്കു തരുന്നുണ്ട്.”

മന്ദഹാസത്തോടെ യാജ്ഞവല്ക്യന്‍ ഓരോ തവണയും ആ വാഗ്ദാനം നിരസിച്ചു കൊണ്ടിരുന്നു.

“ശിഷ്യനെ ഉപദേശിച്ച് കൃതാര്‍ത്ഥനാക്കാതെ ശിഷ്യനില്‍ നിന്ന് ധനം സ്വീകരിക്കാന്‍ പാടില്ല എന്ന് എന്റെ പിതാവ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.” എന്ന് യാജ്ഞവല്ക്യന്‍ പറയും.

സ്ഥൂലവും ബാഹ്യവുമായ അറിവുകളില്‍ നിന്ന് ജനകനെ ഉപദേശിച്ച് അതിസൂക്ഷ്മമായ അറിവിന്റെ അഗാധതയില്‍ യാജ്ഞവല്ക്യന്‍ എത്തിച്ചു.

വാഗാദി ഇന്ദ്രിയങ്ങള്‍ മുതല്‍ ഹിരണ്യ ഗര്‍ഭാവസ്ഥവരെ സവിസ്തരം അനുശാസിക്കപ്പെട്ടു. ബ്രഹ്മനിഷ്ഠയെ സംബന്ധിക്കുന്ന അതിസൂക്ഷ്മമായ വിചാരണശേഷി ജനക മഹാരാജാവിനുണ്ടായി. അദ്ദേഹം മൗനമായിരുന്ന് എല്ലാം മനനം ചെയ്തു. യാജ്ഞവല്ക്യനില്‍ നിന്ന് ശ്രവിച്ചതെല്ലാം അദ്ദേഹത്തിന് മനനത്തില്‍ ബോധ്യമായി.

ജനകന്‍ സാവധാനം തന്റെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ഭക്തിയോടെ യാജ്ഞവല്ക്യന്റെ അടുത്തു ചെന്നു. വിനയാന്വിതനായി നമസ്ക്കരിച്ചു.

“പ്രഭോ! അവിടുന്ന് എനിക്ക് ഗുരുവാണ്. നമസ്ക്കാരം എന്നെ അനുശാസിച്ചാലും.”

യാജ്ഞവല്ക്യനിലുള്ള അറിവിന്റെ അപാരത ജനകനെ വിസ്മയിപ്പിച്ചു. എല്ലാവിശേഷങ്ങളോടും കൂടിയ ബ്രഹ്മത്തെ പ്പറ്റിസമഗ്രമായ ജ്ഞാനം നേടിയ മഹാനാണ് യാജ്ഞവല്ക്യനെന്ന് ജനകനു ബോധ്യമായി. ഇത്രയധികം യാജ്ഞവല്ക്യനെ അടുത്ത് മനസ്സിലാക്കുവാന്‍ മുമ്പൊരിക്കലും കഴിഞ്ഞിരുന്നില്ല. പണ്ഡിതന്‍, മഹാജ്ഞാനി, സമര്‍ത്ഥനായ വാഗ്മി, ത്രീവ്രവിരക്തന്‍, പരമാചാര്യന്‍ എന്നിങ്ങനെ പലനിലയില്‍ സര്‍വ്വാരാധ്യനാണ് യാജ്ഞവല്ക്യനെന്ന് അറിഞ്ഞിരുന്നു. രാജസഭകളില്‍ വെച്ച് ധാരാളം സൗഹൃദം പുലര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ ജീവന്‍മുക്തനും ആത്മാനുഭൂതിയില്‍ ലയിച്ചിരിക്കുന്നവനുമായ ഒരു പുണ്യാത്മാവായ മഹാഋഷീശ്വരനാണ് യാജ്ഞവല്ക്യനെന്ന അനുഭവം ആദ്യ മായുണ്ടാകുകയാണ്.

വിദേഹരാജ്യത്തിന്റെ അധിപനും അതേസമയം മഹാചാര്യനുമായി ജനകന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്നവനാണ്. എന്നാല്‍ താന്‍ യാജ്ഞവല്ക്യനു മുമ്പില്‍‍ എത്രയോ നിസ്സാരനാണെന്ന് ജനകനുതോന്നി. രാജാവെന്നും ആചാര്യനെന്നുമുള്ള തന്റെ ഭാവം പൂര്‍ണ്ണമായും വെടിഞ്ഞ് യാജ്ഞവല്ക്യനു മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു.

അവര്‍ ഗുരുശിഷ്യന്മാരായി.

ജനകനൊരു പര്‍ണ്ണശാല ചമച്ചു. അതില്‍ ഇരുവരും ഇരുന്നു. രാജകീയ വേഷങ്ങളെല്ലാം അഴിച്ചുമാറ്റി ശുഭവസ്ത്രധാരിയായി സമിത്പാണിയായി ജനകന്‍ പ്രവേശിച്ചു ഗുരു സ്ഥാനം വഹിച്ചുകൊണ്ട് യാജ്ഞവലക്യന്‍ ഉപദേശിച്ചു.

“ഒരുവന് വളരെദൂരം ഒരു വഴി പോകുവാനുണ്ടെന്ന് കരുതുക. കരയില്‍കൂടിയും ചിലപ്പോള്‍ വെള്ളത്തില്‍കൂടിയും അവനു പോകേണ്ടി വരാം. കരയില്‍കൂടിയാണ് യാത്രയെങ്കില്‍ തേരില്‍ പോകേണ്ടിവരാം. വെള്ളത്തിൽ കൂടിയാണ് യാത്രയെങ്കില്‍ തോണിയില്‍ യാത്ര ചെയ്യാതെ തരമില്ല. ഏതാണ്ട് ഇതേ അവസ്ഥയാണ് ജനകമഹാരാജാവേ, ഇപ്പോള്‍ താങ്കളുടേത്. ഒരേ സമയം ഭൗതികമായും ജീവിതയാത്ര അതിസമര്‍ത്ഥമായി നിര്‍വ്വഹിക്കുവാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ കഴിവ് അത്യപൂര്‍വ്വമാണ്. എല്ലാം ഒരുക്കങ്ങളും താങ്കളിലുണ്ട്. പക്ഷേ ഇതുവരെയും ലക്ഷ്യമായ പരമജ്ഞാനത്തില്‍ താങ്കളുടെ മഹത്തായ യാത്ര എത്തിച്ചേര്‍ന്നിട്ടില്ല. അങ്ങ് പ്രതീകങ്ങളെക്കൊണ്ടു സമാഹിതമായ മനസ്സോടു കൂടിയവനാണ്. വേദങ്ങള്‍ പഠിച്ചവനാണ്. ധാരാളം ആചാര്യന്‍മാരാല്‍ ബ്രഹ്മവിദ്യ ഉപദേശിക്കപ്പെട്ടവനാണ്. ധാരാളം ജിജ്ഞാസുകളുടെ ഗുരുവുമാണ്. എങ്കിലും താങ്കള്‍ക്കും ഒരു നാള്‍ മരണം വരും ഈ ദേഹം വിട്ടു പോകുമ്പോള്‍ താങ്കള്‍ എവിടേയ്‍ക്കാണ് പോകുക?”

“ഞാന്‍ എവിടേയ്‍ക്കാണ് പോകുക എന്ന് എനിക്കറിഞ്ഞു കൂടാ.”

“അങ്ങനെയോ? എങ്കില്‍ മരണാനന്തരം എവിടെപ്പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം.”

“തീര്‍‍ച്ചയായും അവിടുന്ന് ഉപദേശിച്ചാലും.”

“ദക്ഷിണ അക്ഷിയില്‍ ഒരു പുരുഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവനെ ഇന്ധന്‍ എന്നു പറയുന്നു. പരോക്ഷമായിട്ട് ഇന്ദ്രന്‍ എന്നും പറയാറുണ്ട്. ദേവന്‍മാര്‍ പൊതുവേ പ്രത്യക്ഷത്തെ വെറുക്കുന്നവരാണ്. പരോക്ഷമാണ് അവര്‍ക്കിഷ്ടം! പിന്നെ ഇടത്തെക്കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്നിയായ വിരാട്ടാണ്. ഹൃദയാന്തര്‍ഭാഗത്തുള്ള ആകാശത്തിലാണ് ഇവര്‍ സംഗമിക്കുന്നത്. ഹൃദയത്തിനുള്ളിലെ രക്തം ഇവരുടെ ആഹാരമാണ്. ഹൃദയത്തിനുള്ളില്‍ വലപോലെ കാണപ്പെടുന്നത് ഇവരുടെ പുതപ്പാണ്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹൃദയത്തില്‍ നിന്ന് മുകളിലേയ്‍ക്കു പോകുന്ന നാഡിയാണ്. ഒരു തലമുടി നാര് ആയിരമായി ഭേദിക്കപ്പെട്ടതുപോലെ അനേകം ചെറിയചെറിയ നാഡികള്‍ ഹൃദയത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇവകളില്‍ക്കൂടിയാണ് അന്നരസം ഒഴുകുന്നത്. അതുകൊണ്ട് ഇത് ശരീരമാകുന്ന ആത്മാവിനേക്കാള്‍‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയതാകുന്നു. പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍‍‍, താഴെ എന്നീ ദിക്കുകള്‍ ഓരോ പ്രാണനാകുന്നു. എല്ലാ ദിക്കുകളും പ്രാണനാണ്. ‘ഇതല്ല ഇതല്ല’ എന്ന് എല്ലാത്തിനേയും നിഷേധിച്ച് ഒടുക്കം ഗ്രഹിക്കപ്പെടുന്നതാണ് ആത്മാവ്. അക്ഷി പുരുഷനായി അറിയപ്പെടുന്നത് ആത്മാവാണ്.

ഈ ആത്മാവ് മറ്റാരാലും ഗ്രഹിക്കപ്പെടാത്തതാണ്. പൊടിഞ്ഞു പോകാത്തതാണ്. ഒന്നിനോടും സംഗമില്ലാത്തതാണ്. ഒരിക്കലും ദുഃഖിക്കുന്നില്ല ഒരിക്കലും നശിക്കുന്നില്ല. ആത്മാവിന് മരണമില്ല.”

യാജ്ഞവല്ക്യന്‍ ആത്മാവിന്റെ സ്വരൂപത്തെപ്പറ്റിയും മറ്റും. വിസ്തരിച്ചു തുടങ്ങി.

ദക്ഷിണാക്ഷിയിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രദാവസ്ഥയിലുള്ള വൈശ്വാനരനെയാണ്. ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയായി സൂചിപ്പിച്ചത് സ്വപ്നത്തിലുള്ള തൈജസനെയുമാണ്. സ്വപ്‍നാവസ്ഥയില്‍ വൈശ്വാനര-തൈജസന്‍മാര്‍ ഒന്നാകുന്നു. പിന്നീട് സുഷുപ്‍തിയില്‍ പ്രാജ്ഞനായി അനുഭവപ്പെടുന്നതും ഈ വൈശ്വാനരന്‍ തന്നെയാണ്. ഇവ മുന്നിനേയും അറിഞ്ഞു കഴിഞ്ഞവന്‍ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെ കടന്ന് തുരീയാവസ്ഥയെ പ്രാപിക്കുന്നു. വൈശ്വാനരന്‍, തൈജസന്‍, തുരീയന്‍ എന്നിങ്ങനെയാണ് അവസ്ഥകളില്‍ ആത്മാവ് അനുഭവപ്പെടുന്നത്. തുരീയാവസ്ഥയില്‍ എത്തിയ വ്യക്തി ആത്മസാക്ഷാത്ക്കരിച്ച് ഒരു ജ്ഞാനിയുടെ തലത്തിലേയ്ക്കുയരുന്നു. വൃഷ്ടിയായ ജീവാത്മാവും സമഷ്ടിയായ പരമാത്മാവും ഒന്നാണെന്ന് അറിയുവാന്‍ മരണത്തെ അതിജീവിക്കുന്നു. അവന് മരണമില്ല. മൃത്യുവിനെ അവന്‍ തോല്പിക്കുന്നു. ‍ജ്ഞാനികള്‍ മരണത്തെ ഭയക്കുന്നില്ല .

യാജ്ഞവല്ക്യന്റെ ഉപദേശാനുസരണം ഉപാസനകളും വിചാരവും അനുഷ്ഠിച്ച ജനകന്‍ ആത്മാവിനെ തന്നില്‍ തന്നെ സാക്ഷാത്ക്കരിച്ചു. മൃത്യുഭയം ജനത്തില്‍ നിന്ന് അകന്നുപോയി. ജനനം, മരണം എന്നീ ഭയങ്ങളില്ലാത്ത അവസ്ഥയില്‍ ജനകന്‍ എത്തിച്ചേര്‍ന്നു. പരമമായ ആനന്ദാനുഭൂതിയില്‍ ജനകന്‍ മുങ്ങിക്കുളിച്ചു.

“ജനകാ, നീ ഇതാ ഭയമില്ലാത്തതിനെ പ്രാപിച്ചിരിക്കുന്നു!” യാജ്ഞവല്ക്യന്‍ തന്റെ മഹാനായ ശിഷ്യന് കൈവന്നു ചേര്‍ന്ന പരമാവസ്ഥയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

ജനകമഹാരാജാവ് കൃതാര്‍ത്ഥനായി! യാജ്ഞവല്ക്യനുമുമ്പില്‍ തന്റെ രാജാധികാരം എത്ര നിസ്സാരമാണെന്ന് അദ്ദഹം വിചാരിച്ചു. തന്റെ ഗുരു എല്ലാം പരിത്യജിച്ച ഒരു സന്ന്യാസിയായിട്ടിരിക്കുമ്പോള്‍ താന്‍ സിംഹാസനത്തില്‍ രാജാവായിരിക്കുന്നത് എന്തിന് ? എങ്ങനെ?

ജനകരാജാവ് വേഗം ഗുരുപാദങ്ങളില്‍ നമിച്ചു.

“ഗുരുദേവാ! എനിക്ക് അഭയത്തെ അറിയിച്ചു തന്ന അങ്ങേയ്ക്കും അഭയം പ്രാപ്തമാകട്ടെ. അവിടുത്തെ പാദാരവിന്ദങ്ങളില്‍ കോടാനുകോടി പ്രണാമങ്ങള്‍‍ . അനുഗ്രഹിച്ചാലും. ഉപാധികൃതമായ അജ്ഞാനമറകള്‍ നീക്കി ആത്മാവിനെ അനുഭവിപ്പിച്ചു നല്‍കിയ അങ്ങേയ്ക്ക് പ്രതിഫലമായി ഞാന്‍ എന്താണ് നല്‍കേണ്ടത് എന്ന് എനിക്കറിയില്ല. എന്തെല്ലാം നല്‍കാന്‍ അടിയനു കഴിയുമോ അതെല്ലാം അല്പം മാത്രമായിരിക്കും അതിനാല്‍ ഞാന്‍ ചിലത് നിശ്ചയിച്ചു കഴിഞ്ഞു. ഈ നിമിഷം ഞാന്‍ എന്റെ ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുകയാണ്. ഈ വിദേഹ രാജ്യവും ഇവിടുത്തെ സര്‍വ്വ സമ്പത്തുകളും പ്രജകള്‍ സഹിതം ഞാന്‍ എന്റെ ഗുരുനാഥന്റെ പാദങ്ങളില്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു കൊള്ളുന്നു. ഈ വിദേഹരാജ്യം അങ്ങ് യഥേഷ്ടം അനുഭവിച്ചു കൊള്ളുക. എല്ലാം ഇഷ്ടംപോലെ ഭരിച്ചു കൊള്ളുക. ഇതാ ഞാന്‍ അങ്ങയുടെ ദാസനെന്ന നിലയില്‍ നിലകൊള്ളുന്നു. ഒരു ഭൃത്യനോ ആയി ഈ ശിഷ്യനെ അങ്ങയോടെപ്പം വസിക്കാന്‍ കനിവു കാട്ടിയാലും!” ജനകന്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാജ്ഞവല്ക്യന്റെ പാങ്ങളില്‍ തന്നെയും തന്റേതായിട്ടുള്ള സര്‍വ്വത്തെയും സമര്‍പ്പിച്ചു. ഗുരു പൂജ ചെയ്ത് ആരതി നടത്തി നമസ്ക്കരിച്ചു.

ഭൂമിയില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു കിടക്കുന്ന ജനകന്റെ ചുമലില്‍ യാജ്ഞവല്ക്യന്‍ സാവധാനം തലോടി. ജനകനു സമീപം ഇരുന്നിട്ട് പിടിച്ചെഴുന്നേല്പിച്ചു. ജനകന്‍ ഉടനെതന്നെ തന്റെ തീരുമാനം വിളംബരമായി പ്രഖ്യാപിച്ചു മന്ത്രിമാരോടും മറ്റെല്ലാവരോടുമായി അദ്ദേഹം നിര്‍ദ്ദേശിച്ചു.

“ബഹുമാന്യരേ, ചക്രവര്‍ത്തിയെന്ന ചക്രവര്‍ത്തിയെന്ന “നിലയില്‍ നമ്മുടെ അവസാനത്തെ ആജ്ഞ കേട്ടാലും ! നാം നിങ്ങളിലൊരുവനായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യം ഇനി ഗുരുനാഥനായ യാജ്ഞവല്ക്യമഹര്‍ഷിയുടെ സ്വന്തമാണ്. അവിടുത്തെ യഥേഷ്ടം പോലെ വിദേഹരാജ്യം എല്ലാ വിധത്തിലും അനുഭവിക്കപ്പെടും. നാം ഗുരുവിന്റെ ദാസനായി ആജ്ഞാനുവര്‍ത്തിയായി നില കൊള്ളുന്നു ! വാര്‍ത്ത നാടൊട്ടുക്കും വിളംബരം ചെയ്യുക!!”

ജനകന്റെ പ്രഖ്യാപനം എങ്ങും വിളംബരം ചെയ്യപ്പെട്ടു. കൊട്ടാരത്തിനുമുമ്പിലും തലസ്ഥാന നഗരിയിലുമായി വന്‍ ജനപ്രവാഹം ഉണ്ടായി. എല്ലാവരും യാജ്ഞവല്ക്യനും ഒരുപോലെ സ്തുതിഗീതങ്ങള്‍ പാടി. ജയജയശബ്ദങ്ങളും ഭേരീനാദവും കൊണ്ട് വിദേഹരാജ്യം ശബ്ദമുഖരിതമായി. അനേകം നാടുകളില്‍നിന്ന് രാജാക്കന്‍മാരും പണ്ഡിതന്മാരും മഹര്‍ഷിമാരും വാര്‍ത്തയറിഞ്ഞ് വിദേഹരാജ്യത്ത് എത്തിച്ചേര്‍ന്നു. സഭാമണ്ഡപത്തിലാകെ വിശിഷ്ടവ്യക്തികളെക്കൊണ്ട് നിറഞ്ഞു.

ജനകനാല്‍ പരിത്യജിക്കപ്പെട്ട വിദേഹരാജ്യത്തിന്റെ ഭാവിയില്‍ സര്‍വ്വര്‍ക്കും ജിജ്ഞാസയായി. എന്താണ് ഇനി സംഭവിക്കുന്നത് എന്നറിയാന്‍ സര്‍വ്വരും കാത്തിരുന്നു. ജനകനാകട്ടെ എല്ലാവിധ രാജാധികാര ചിഹ്നങ്ങളും ഉപേക്ഷിച്ച് ശുഭ്രവസ്ത്രധാരിയായി ശിഷ്യഭാവത്തില്‍ യാജ്ഞവല്‌ക്യന്റെ പിന്നില്‍ നിന്നു.

ജനകനോടൊപ്പം രാജസഭയില്‍ സിംഹാസനത്തിനരികിലെത്തിയ യാജ്ഞവല്‌ക്യന്റെ മാസ്മരികശബ്ദം എല്ലാവരും കേട്ടു.

“അല്ലയോ ജനകാ! വിദ്യാദാനത്തിനു പകരമായി ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണയെ നിരസിക്കുവാന്‍ പാടില്ലാത്തതിനാല്‍ നിന്റെ ഈ ദക്ഷിണ ഞാന്‍ സ്വീകരിക്കുന്നു. ശിഷ്യന്റെ ദക്ഷിണ സ്വീകരിക്കാതെ വിദ്യാദാനം ഒരിടത്തും പൂര്‍ണമാകുകയില്ല.”

“അടിയന്‍ സംതൃപ്തനായി പ്രഭോ!”

“ആത്മസമര്‍പ്പണത്തിലൂടെ നമ്മുടെ ദാസനായി സ്വയം മാറിയ നീ എക്കാലവും മഹാജ്ഞാനികള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും കൂടി ഉത്തമ മാതൃകയായി ഭവിക്കുന്നതാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്റെ നാമവും പ്രവൃത്തിയും കീര്‍ത്തിക്കപ്പെടും. മൃത്യുവിനെ അതിക്രമിച്ച നീ മരണമില്ലാത്തവനായി ഭവിക്കും. ലോകത്തിനു മാതൃകയും ശാസ്ത്രത്തിനു ദൃഷ്ടാന്തവും ആകുന്നതിനു വേണ്ടി നിസ്സംഗനായി നീ തുടര്‍ന്നും വിദേഹ രാജാവായിത്തന്നെ അറിയപ്പെടും. കര്‍ത്തൃത്വമോ ഭോക്തൃത്വമോ, കര്‍മത്തില്‍ ഫലാസക്തിയോ തീരെ ഇല്ലാത്തവനായിത്തീര്‍ന്ന നിന്നെ കര്‍മങ്ങള്‍ ഒരുകാലത്തും ബാധിക്കുകയില്ല. വാസനാബീജങ്ങളുടെ നേര്‍ത്ത വേരുകള്‍ കൂടി കത്തിയെരിഞ്ഞു പോയ നീ ജ്ഞാനികളില്‍ വെച്ച് മഹാജ്ഞാനിയായിരിക്കുന്നതാണ്. നമ്മുടെ ദാസരിലും ശിഷ്യ ഗണങ്ങളിലും പ്രമുഖനും പ്രഥമനുമായി നിന്നെ നാം നിശ്ചയിക്കുന്നു. ഗുരുപദേശത്തിനും വിദ്യാ ദാനത്തിനുമുള്ള അധികാരവും നല്‍കുന്നു. ഏവര്‍ക്കും നീ ആശ്രയമായിരിക്കട്ടെ. മഹാജ്ഞാനികള്‍ക്കും വിരക്തന്മാര്‍ക്കും കൂടി ഗുരുവായി ഭവിക്കട്ടെ. ഇതാണ് നമ്മുടെ ഇഷ്ടം. ഇത് ഗുരുകല്പനയാണ്. ശിഷ്യധര്‍മ്മം നിറവേറ്റിയാലും.”

യാജ്ഞവല്‌ക്യന്റെ കല്പനയ്ക്ക് മുന്നില്‍ ജനകന്‍ വിഷണ്ണനായി.

“പ്രഭോ! എല്ലാം അറിയുന്ന മഹാഗുരോ! ഈ ലോകഭാരം ഇനിയും അടിയന്റെ ശിരസ്സില്‍ തിരികെ വയ്ക്കുകയാണോ ?” ജനകന്‍ പൊട്ടിക്കരഞ്ഞുപോയി.

“ഭരിക്കുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലോകത്തിനു മാതൃകയും ദൃഷ്ടാന്തവുമായിരിക്കാന്‍ ജനകമാഹാരാജാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറിവിനാല്‍ നീ അനുഭൂതനായിരിക്കുക. വിചാരത്താല്‍ വിവേകനായിട്ടിരിക്കുക.”

യാജ്ഞവല്‍ക്യന്‍, ജനകന്റെ കരം പിടിച്ച് സിംഹാസനത്തിലിരുത്തി. ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് രാജകിരീടമെടുത്തു തലയില്‍ വെച്ച് കൊടുത്തു.

സഭാവാസികള്‍ അത് കണ്ടും കേട്ടും ആഹ്ലാദചിത്തരായി. അവര്‍ ജയഭേരി മുഴക്കി. സ്തുതിഗീതങ്ങള്‍ പാടി. മംഗളഗാനങ്ങള്‍ ആലപിച്ചു.

_അവലംബം : ബൃഹദാരണ്യകോപനിഷത്ത്._

No comments:

Post a Comment