Saturday, October 22, 2022

 ഭഗവദ് ഗീതാ കർമ്മയോഗ

പ്രഭാഷണം - 83(നൊച്ചൂർ ജി)


അപ്പോൾ യജ്ഞത്തിൻ്റെ സ്വരൂപം തന്നെ ഭഗവദ് സ്വരൂപമാണ്, ജീവിതം തന്നെ യജ്ഞമയമാക്കാനാണ് ഋഷികൾ നമുക്ക് സനാതന ധർമ്മത്തിൽ ഒരു വഴി ഉണ്ടാക്കി തന്നിരിക്കുന്നത് . ജീവിതത്തിൽ നമ്മൾ ചെയ്യുന്ന യജ്ഞം ഒക്കെ തന്നെ പ്രകൃതിയെ രക്ഷിക്കുന്ന ഓരോ എലമെൻ്റിലും പോയി ചേരുന്നു. ആ എലമെൻ്റ്സ് ഒക്കെ തന്നെ ദേവതകളാണ്. സൂര്യൻ, ചന്ദ്രൻ , നക്ഷത്രങ്ങൾ ഇതൊക്കെ തന്നെ ദേവതകളാണ് . ദേവതകൾ എന്നു വച്ചാൽ ശംഖു ചക്രഗദാധാരിയായിട്ടോ കീരീടത്തോടു കൂടി ഒക്കെ അവരെ ഒന്നും കാണുന്നില്ലല്ലോ എന്നു ചോദിച്ചാൽ അങ്ങനെ ഒന്നും കാണില്ല അവരൊക്കെ ദേവതകളാണ് . നിങ്ങൾക്കും എനിക്കും ഒക്കെ എങ്ങിനെ അന്തർയാമി ഉണ്ടോ അതേപോലെ അവർക്ക് ഒക്കെ അന്തർയാമി ഉണ്ട്. അതുകൊണ്ടാണ് വേദമന്ത്രങ്ങൾ ഒക്കെ ഓരോ ദേവതകളെ ഉദ്ദേശിച്ച് സ്തുതിച്ചിരിക്കുന്നത്  അല്ലാതെ വെറുതെ പാടിയ പാട്ടുകളല്ല. അതൊന്നും യുക്തിവിചാരം ചെയ്താലൊന്നും പിടി കിട്ടില്ല. ഇതൊക്കെ ദേവതകളാണ് , പ്രകൃതിയിലുള്ള ഓരോന്നും ദേവതകളാണ്. ആ ദേവതകൾ ഒക്കെ എങ്ങിനെ പുഷ്ടിപ്പെടുന്നു? സാധാരണ പറയും യാഗ യജ്ഞങ്ങൾ ഒക്കെ ചെയ്താൽ പുഷ്ടിപ്പെടും എന്ന്, യാഗ യജ്ഞം സ്ഥൂലമായിട്ടല്ല പുഷ്ടിപ്പെടുത്തുന്നത് , നമുക്ക് ഇത് സയൻ്റിഫിക് ആയിട്ട് തേടിയിട്ട് ഒന്നും കാര്യം ഇല്ല the moment you extinquish your ego they get rejuvanated , അകമേക്ക് അഹങ്കാരം അടങ്ങുന്ന ഓരോ യജ്ഞത്തിലും ദേവതകളൊക്കെ പ്രസന്നമാകും, നമ്മള് ചെയ്യുന്ന ഓരോ കർമത്തിലും അവര് ഭുജിക്കുന്നത് അഹങ്കാര രഹിതമാകുമ്പോൾ നമ്മളിൽ നിന്നും ഒഴുകുന്ന ചൈതന്യ പ്രസരത്തിനെയാണ് ദേവതകളൊക്കെ ഭുജിക്കുന്നത്, അതാണ് നമ്മള് ദേവതകൾക്ക് കൊടുക്കേണ്ട യജ്ഞ ഹവിസ്സ്. ത്യാഗം ആണ് ദേവതകൾക്ക് കൊടുക്കേണ്ട യജ്ഞ ഹവിസ്സ് . അങ്ങനെ കൊടുക്കുമ്പോൾ ദേവതകൾ തരുന്നതൊക്കെ അമൃതമായിരിക്കും. നമുക്ക് പ്രകൃതിയിൽ ഓരോന്നും അമൃതമായിരിക്കും. ത്യാഗം ചെയ്യുന്ന  മനസ്സിന്  സൂര്യൻ ഉദിക്കുന്നത് കാണുന്നത് സമാധിയാണ്, ചന്ദ്രൻ ഉദിക്കുന്നതു കാണുന്നത് സമാധിയാണ്, വായുവീശുന്നതു കാണുന്നത് സമാധിയാണ്, നദി ഒഴുകുന്നതു കാണുന്നത് സമാധിയാണ്, വൃക്ഷം പൂത്ത് പുഷ്പിച്ച് ഫലിച്ച് നിൽക്കുന്നതു കാണുന്നതു സമാധിയാണ് , ഒരു കൊച്ചു കുട്ടി ജനിക്കുന്നതു കാണുന്നത് സമാധിയാണ് , കുട്ടി ഉറങ്ങി എണീക്കുന്നതു സമാധി , കുട്ടി ഉറങ്ങുന്നതു സമാധി , സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധം അടക്കം സമാധി , വാത്മീകിക്ക് മിഥുനം ഇരിക്കുന്നതു കണ്ട് സമാധിയാണ് , ഇത് എങ്ങനെ സാധിച്ചു ? തൻ്റെ ഉള്ളിൽ വ്യക്തിത്വം ഇല്ലെങ്കിൽ പ്രകൃതി മുഴുവൻ അയാൾക്ക് ബ്രഹ്മസ്വരൂപമാണ് . യത്ര യത്ര മനോ യാതി തത്ര തത്ര സമാധയ: എന്നാണ് " മനസ്സ് ഏതൊക്കെ വസ്തുവിൽ പോയി വീഴുന്നുവോ അവിടെയൊക്കെ സമാധിയാണ് അനുഭവം വിഷയാനുഭവമേ ഇല്ല . ആ ത്യാഗം അകമെക്ക് ഉണ്ടെങ്കിൽ നമ്മളുടെ daily life itself will become spiritual life, സഹജസ്ഥിതി , പ്രകൃതിയിൽ കാണപ്പെടുന്നതൊക്കെ ഭഗവദ് അനുഭവമായിട്ട് തീരും. വിഭൂതി ദർശനമായിട്ടു തീരും , വിഭൂതി ദർശനത്തിൻ്റെ ഈ  രഹസ്യം തന്നെ അഹങ്കാര രഹിതമായ യജ്ഞ സ്ഥിതിയാണ് .ഇങ്ങനെ നിരന്തരം യജ്ഞം ചെയ്യൂ യജ്ഞം ചെയ്യാ എന്നു വച്ചാൽ നിങ്ങളുടെ സ്വാർത്ഥത്തിനെ വിട്ടിട്ട് എന്തെങ്കിലും ഒക്കെ ചെയ്യാ " മാതൃദേവോ ഭവ പിതൃദേവോ ഭവ ആചാര്യ ദേവോ ഭവ അഥിതി ദേവോ ഭവ "  ആരൊക്കെ അടുത്തുണ്ടോ അവിടുന്നു യജ്ഞം തുടങ്ങുക അമ്മ അടുത്തു ഉണ്ട് , അച്ഛൻ അടുത്തു ഉണ്ട് , ആചാര്യൻ ഉണ്ട് , അഥിതി ആരോ വിളിക്കാതെ വരുന്നു , അഥിതി എന്നു പറഞ്ഞാൽ തന്നെ പറയാതെ വരുന്നവരാണ് , തിഥി പറയാതെ വരുന്നവൻ അഥിതി. ഞാൻ ഇന്ന തീയ്യതിയിൽ വരുന്നു എന്നു പറഞ്ഞാൽ അഥിതി ആവില്ല. തീയ്യതി പറയാതെ ഒരാൾ പ്രത്യക്ഷപ്പെട്ടു നമ്മൾക്ക് എടുത്ത് വച്ചിരിക്കുന്നത് എടുത്തു കൊടുത്താൽ അഥിതി യജ്ഞമായി . അമ്മയുണ്ട് അച്ഛൻ ഉണ്ട് ബന്ധുക്കൾ ഉണ്ട് ആരൊക്കെ എവിടെ ഒക്കെ ചാൻസ് കിട്ടുന്നുവോ ഒരു ചാൻസും വെറുതെ കളയാൻ പാടില്ല എന്നാണ് . ചാൻസ് എന്തിനാ പൂജ, ആരാധനക്ക് . ആരാധന എങ്ങനെ? രാവിലെ എണീറ്റിട്ട് അമ്മക്ക് പാവം നല്ല തണുപ്പ് നേരത്തെ എണീറ്റ് അമ്മക്ക് ഒരു അഭിഷേകം , തലയില് പച്ചവെള്ളം ഒഴിച്ച് ഇത്തിരി പൂവ് എടുത്ത് അർച്ചിച്ച് ദീപം ആരാധന കാണിച്ചാൽ അമ്മക്ക് പൂജയാവുമോ? പാവം അമ്മമാരുടെ കാര്യം പിന്നെ കഷ്ടമാവും. അമ്മയെ പൂജ ചെയ്യണം അച്ഛനെ പൂജ ചെയ്യണം എന്നു പറഞ്ഞ് വയസ്സുകാലത്ത് അച്ഛനെയും അമ്മയെയും ഒക്കെ രാവിലെ നല്ല ഇളനീരുകൊണ്ട് അഭിഷേകം അതാണോ പൂജ, അതല്ല പൂജ പിന്നെ എന്താ "യയാ തുഷ്യതി " അതാണ് പൂജയുടെ സീക്രട്ട് എന്തു ചെയ്താൽ ആ ജീവൻ സന്തോഷപ്പെടുമോ , എന്തു ചെയ്താൽ ആ ജീവന് ഒരു നിർവൃതി ഉണ്ടാകുമോ അത് പൂജ ഇതൊക്കെ കപില ഭഗവാൻ ഭാഗവതത്തിൽ പറയുന്ന മാർഗ്ഗം . ആ നിർവൃതി ഉണ്ടാകുന്നതു തന്നെ നമുക്ക് പ്രസന്നതയാണ് . നമുക്ക് വേറെ ഒന്നും വേണ്ട അവര് നമ്മളെ പുകഴ്ത്തുകയോ ഒന്നും വേണ്ട , എന്തോ ഒന്നു ചെയ്യുന്നതു കൊണ്ട് എന്തോ ഒരു റിലീഫ് ഉണ്ടാകുന്നുണ്ടല്ലോ ആ ജീവനിൽ അതു തന്നെ ആരാധന, പൂജ. അവർക്ക് ഏതോ വിധത്തിൽ നമുക്ക് ഒന്ന് ചെയ്യാൻ കഴിഞ്ഞാൽ അവരല്ല ബെനിഫിറ്റഡ് ആവുന്നത് നമ്മളാണ് , ചെയ്യുന്ന ആള്, എന്നാൽ ഞാൻ ബെനിഫിറ്റഡ് ആവുന്നു എന്നുള്ള ഭാവം ഉള്ളിൽ വരാനും പാടില്ല .നോക്കണം തപസ്സ് ഈ ജപം മാത്രം ഒന്നും അല്ല , ഗീത പഠിക്കലോ ഭാഗവതം പഠിക്കലോ ഒന്നു മല്ല അതൊക്കെ ടേപ്പ് റെക്കാർഡറും പഠിക്കും, നമ്മളേക്കാളും ഭംഗിയായി ചൊല്ലിയാൽ അത് റെക്കോഡ് ചെയ്ത് കാസറ്റ് ഇട്ടാൽ ചൊല്ലും, എന്തു കാര്യം? ദൈനംദിന ജീവിതം യജ്ഞമായാൽ യജ്ഞം തപസ്സായി. തപസ്സായാൽ ഭഗവാൻ നമ്മളുടെ പുറകെ നടക്കും. അതാണ് ശ്രാദ്ധം, ശ്രാദ്ധം മരിച്ച് പോയിട്ട് ചെയ്യുന്നത് മാത്രമല്ല , മരിച്ച് പോയിട്ട് എല്ലാവരും ചെയ്യുന്നുണ്ട് ജീവിച്ചിരിക്കുമ്പോൾ പലപ്പോഴും ചെയ്യില്ല . മരിച്ച് പോയിട്ട് ഇപ്പോൾ എന്താ ചോദിച്ചാൽ മരിച്ചു പോയിട്ട് ആളുകളെ എല്ലാവർക്കും പേടിയാണ്, പിന്നെ എന്തു വന്നാലും അവരാണോ ചെയ്തത് എന്നു സംശയം ആകും, വേറെ എന്തെങ്കിലും കാരണത്താൽ വന്നാലും അവരാണോ ചെയ്തത് എന്നു സംശയം തോന്നും. ജീവിച്ചിരിക്കുമ്പോൾ you have a precious chance for spiritual development, ജീവിച്ചിരിക്കുന്ന സമയത്ത് നമുക്ക് വലിയ ഒരു അവസരമാണ് . അച്ഛനും അമ്മയും മാത്രമല്ല ആരുമായിട്ടു ബന്ധപ്പെടുന്നുവോ അവരുമായിട്ടൊക്കെ, ബന്ധപ്പെടുന്നവരൊക്കെ തന്നെ , എങ്ങനെയൊക്കെ ബന്ധപ്പെടുന്നു അവരൊക്കെ തന്നെ. നമുക്ക് ആദ്യം അടുത്തുള്ളവരിൽ നിന്നും തുടങ്ങാം, അതു കൊണ്ടാണ് വേദം മാതൃദേവോ ഭവ പിതൃദേവോ ഭവ എന്നൊക്കെ പറഞ്ഞത് ഏററവും അടുത്തിരിക്കുന്നത് ആ രണ്ടു പേരുണ്ടല്ലോ അവിടെ തൊട്ട് തുടങ്ങാ അതൊന്നും obsess ആവാനൊന്നും പാടില്ല  അമ്മക്ക് ചെയ്യണം എന്ന് പറഞ്ഞ് emotional ആവാനല്ല നിസ്വാർത്ഥയായിട്ട് ആ ജീവന് ഹിതം എന്താണ് എന്നു കണ്ട് കണ്ട് ചെയ്യണം.

No comments:

Post a Comment