Friday, December 30, 2022

*സ്വർഗ്ഗവാതിൽ ഏകാദശി* *2023 ജനുവരി 2 തിങ്കളാഴ്ച* 🌻🌿🌼🌻🌿🌼🌻🌿🌼 ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിക്കുന്നത്. സ്വർഗ്ഗ വാതിൽ തുറക്കുന്ന ദിവസമാണിതെന്നും, അതിനാൽ അന്ന് മരണമടയുന്നവർക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നും വിശ്വസിക്കുന്നു. മിക്ക വൈഷ്ണവ ക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ആയുരാരോഗ്യ സൗഖ്യം ഐശ്വര്യലബ്ധി, രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. 🦚 തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം ശ്രീരംഗം, തിരുപ്പതി , ഗുരുവായൂർ ക്ഷേത്രം തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു. സ്വർഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വർഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുക എന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അന്ന് വെളുപ്പിന് 2:30 ന് നിർമ്മാല്യ ദർശനം നടക്കും. രാവിലെ 5:00 മുതൽ 6:15, വരെയും 9:30 മുതൽ 12:30 വരെയും വൈകുന്നേരം 3:00 മുതൽ 6:15 വരെയും രാത്രി 9:15 ന് ശ്രീബലി കഴിഞ്ഞ ശേഷവും ദർശനം ഉണ്ടായിരിക്കും. രാത്രി 8:15 നാണ് ഏകാദശി ശ്രീബലി. ഒരു മാസത്തിൽ കറുത്തവാവ് കഴിഞ്ഞ് വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വർഷത്തിൽ 24 ഏകാദശികളുണ്ട്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തിൽ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തിൽ വ്രതവും പ്രാർത്ഥനയും മറ്റു പുണ്യകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഉത്തമമാണ്. എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്നാണ് പ്രമാണം. ചാന്ദ്ര മാസ കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാം തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി, കൃഷ്ണപക്ഷ ഏകാദശി എന്നിങ്ങനെ പറയും. ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും. 25 എണ്ണവും ആകാം. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശി ഭൂരിപക്ഷ ഏകാദശിയും ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശിയുമാണ്. മഹാവിഷ്ണു വർഷത്തിൽ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതൽ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിൽ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തിൽ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയനഏകാദശി. ഇതിനെ പത്മ ഏകാദശി എന്നും പറയും. മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. ഏകാദശി വ്രതാനുഷ്ഠാനം കൊണ്ട് അഭീഷ്ടസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണുപ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങൾ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നു. ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവർക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ, പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും കഴിക്കാം. ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം. പകലുറക്കവും പാടില്ല. ഈ പുണ്യദിനത്തിൽ രാത്രിയിലും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനവ്രതം പാലിക്കുന്നതും വളരെ ഉത്തമമാണ്. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ ദിവസം തുളസീതീർത്ഥം മാത്രം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നവരുണ്ട്. അതിന് കഴിയ്ക്കാത്തവർക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുൻപ് തുളസീതീർത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് ചിട്ട. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂർത്തത്തിൽ ഒന്നും തന്നെ കഴിക്കാതെ ഇരിക്കുന്നത് അത്യുത്തമം. ഈ സമയത്ത് വിഷ്ണു സാന്നിദ്ധ്യം വളരെ കൂടുതലായി ഭൂമിയിൽ അനുഭവപ്പെടും എന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ്ണഫലസിദ്ധി നൽകും.🙏

No comments:

Post a Comment