Friday, December 30, 2022

🌸നാമജപം മാനവചരിത്രത്തിലെ ഏറ്റവും വിഷാദകരമായ ഒരു സന്ദർഭത്തിൽ കൂടിയാണ് മനുഷ്യർ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അക്രമവും അധർമ്മവും അനീതിയും അരാജകത്വവും പ്രകൃതിക്ഷോഭവും  മാറാരോഗങ്ങളും മാരകരോഗങ്ങളും അശാന്തിയും അതിൻ്റെ പാരമ്യത്തിൽ എത്തിയിരിക്കുന്നു.  കാമം, ക്രോധം, ലോഭം, മോഹം, അഹംങ്കാരം, എന്നി പഞ്ചവികാരങ്ങൾക്ക് അടിമപ്പെട്ട് മനുഷ്യൻ തമോഗുണ തരംഗങ്ങളിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്നു.  ദ്രവ്യത്തെ ദൈവമായി കാണുന്ന ആധുനിക തലമുറക്ക് മാത പിതാ ഗുരു ദൈവ ഭക്തി കുറഞ്ഞു വരുന്നു.  ഉള്ള് പൊള്ളയായും ഭള്ള് നിറഞ്ഞതും ആയി ഇരിക്കുന്നതിനാൽ മുഷ്ക്കും അഹന്തയും വർദ്ധിക്കുന്നു.  നാല് കാശിന് ഉടമയാൽ  വന്ന വഴി മറക്കുകയും  തനിക്ക് വേണ്ടി  സമൂഹത്തെയും സമുദായത്തെയും തിരസ്ക്കരിക്കുകയും ചെയ്യുന്ന ഇവരെ നോക്കി വിവേകമതികൾ ഓർക്കുന്നത് ശ്രീ ശങ്കരചാര്യരുടെ ഒരു ശ്ലോകമായിരിക്കും അതിൻ്റെ  അർത്ഥം ഇങ്ങനെ.. യൗവനാവസ്ഥയിൽ വിഷയസുഖങ്ങളിൽ ലയിച്ച് വിവേകം നഷ്ട്പ്പെടുത്തി മക്കളെയും ധനത്തെയും ഭാര്യയേയും മാത്രം ചിന്തിച്ച് അവരുടെ കാര്യങ്ങളിൽ മുഴുകിയും ഈശ്വരനിൽ നിന്ന് അകന്ന് ദുരാഭിമാനഗർവ്വങ്ങളിൽ കഴിഞ്ഞുകൂടുന്ന കൂട്ടരാണ് ഇന്ന് ഏറിയപങ്കും. മനസ്സിൽ പകയും വിദ്വേഷവും  ധനാസക്തിയും  മദ്യാസക്തിയും കാമാസക്തിയും നിറഞ്ഞു  പുളിച്ച് നിൽക്കുമ്പോൾ നഷ്ട്പ്പെടുന്നത് കാരുണ്യവും സ്നേഹവും സഹകരണവും ഉൾപ്പെടെയുള്ള മാനവീയ ഗുണങ്ങൾ ആയിരിക്കും ഇന്ന് സമ്പത്ത് കൂടിയപ്പോൾ സാംസ്‌കാരിക സമ്പത്ത് കുറയുകയാണ്. ധനവാൻ എന്ന മൂഢതയിൽ സ്വയം അധഃപതിക്കുകയും കലഹ പ്രിയരാകുകയും ചെയ്യുന്നു.  തന്മൂലം വീടുകളിൽ  സ്വസ്ഥതയും ശാന്തിയും ഐക്യവും ജീവിതമൂല്യങ്ങളും നഷ്ട്പ്പെടുന്നു.  അവയെ വീണ്ടെടുക്കാൻ ഈശ്വരസേവകൊണ്ട് മനസ്സിന് കരുത്ത് സൃഷ്ടിക്കാം . " പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ തിരുനാമ കീർത്തനമിതതിനായ് വരേണമിഹ   കാലിയായ കാലമിതിലതു കൊണ്ട് മോക്ഷഗതി എളുതെന്നു കേൾപ്പു ഹരി നാരായണായ  നമഃ" എന്ന് എഴുത്തച്ഛൻ  ഹരിനാമകീർത്തനത്തിലൂടെ നമ്മെ ഉപദേശിക്കുന്നു. 'ജ' കാരം ജന്മ വിച്യുത്തി 'പ' കാരം പാപനാശനം ജന്മജന്മാന്ത്രങ്ങളിൽ ചെയ്ത പാപത്തെ നശിപ്പിക്കുവാൻ  നാമജപത്തിന് കഴിയും. ഒരു ആൽവൃക്ഷത്തിൽ അനേകം കിളികളിരിക്കുമ്പോൾ ഒരു കല്ല് അറിഞ്ഞാൽ എല്ലാ പക്ഷികളും ഒന്നിച്ച് പറന്നുപോകുമല്ലോ. അതുപോലെ ഒരു നാരായണ മന്ത്രം കൊണ്ട് സർവ്വ പാപവും കെടും പശി കെടും, പാപം തീരും. ഹരി നാമങ്ങളില്ലാതെ പോകുകയോ? നരകങ്ങളിൽ പേടി കുറയുകയോ? നാവുകൂടാതെ ജന്മമതാകയോ?   നമുക്കിന്നിവിനാശമില്ലായ്കയോ? ഇതുകൊണ്ടാണോ നാം നാമം ജപിക്കാത്തതെന്നാണ്  പല കാവ്യം കണ്ണന് നിവേദിച്ച പൂന്താനം ചോദിക്കുന്നത്. ഏഴര കോടിയിലധികം തിരുനാമമുണ്ട്. നല്ല ഒന്നാംതരം  നാക്കും മരണഭീതിയും നമുക്കുണ്ട് . നരകപേടി ഒരു പക്ഷേ  ഇല്ലാത്തതു കൊണ്ടാവാം നാമം ജപിക്കുവാൻ നമ്മെകൊണ്ട് കഴിയാത്തത്. നരൻ എവിടെക്കിടന്ന്  വിലപിക്കുന്നുവോ അവിടമാണ് നരകം. മനുഷ്യനായി മന്നിൽ വന്ന് പിറന്നതിനാൽ മനഃപ്രസാദമില്ലാത്തതും നാമജപന്യൂനതകൊണ്ടാണ്. ഒരു തരത്തിൽ നരകഭീതി നല്ലതു തന്നെയാണ്. തെറ്റുകൾ ചെയ്യാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഘടകമാണ് നരകഭീതി. ബന്ധുക്കളുണ്ട് ധനമുണ്ട് കുടുംബമെന്നും ചിന്തിച്ചു ജന്മമധുനാ കളയുന്നു കഷ്ടം ! ഇക്കണ്ടതൊന്നുമൊരു ശാശ്വതമല്ല ഹൃത്തേ  ഭക്ത്യാ ഭജിക്ക പുരുഷോത്തമ പാദപത്മം! കലികാലത്തിലെ മനുഷ്യാ!    എന്തെല്ലാം ഭൗതീക സുഖമുണ്ടായാലും മാനസിക സുഖമുണ്ടോ? താപതപ്തമായ മനസ്സോട്കൂടിക്കഴിയുമ്പോൾ  സുഖമനസ്സിനുവേണ്ടി ഭഗവാനെ ഒന്നു വിളിക്കരുതോ?.. പണചെലവില്ലാതെ നേടാൻ കഴിയുന്ന സമ്പത്താണ് നാമജപസമ്പത്ത്.   ഭഗവാൻ്റെ നാമം ജപിക്കണമെങ്കിൽ ആത്മാർത്ഥമായ ഭക്തി വേണം, ഭക്തിയുണ്ടാവാൻ  ചിത്തശുദ്ധി വേണം, ചിത്തശുദ്ധിയുണ്ടാവാൻ കർമ്മവും ചിന്തയും നന്നാകണം, അതിന് നാമം ജപിക്കണം, നാമം ജപിക്കുവാൻ മോഹമുണ്ടാകണം, അതിന് യോഗം വേണം, യോഗമുണ്ടാകാൻ ജന്മജന്മാന്തര ഭാഗ്യം വേണം,  അതിന് സുകൃതം ചെയ്യണം, സുകൃതമുണ്ടാകാൻ  അകൃത്യങ്ങൾ ചെയ്യാതിരിക്കണം, അതിന് സജ്ജന സംസർഗ്ഗം നടത്തണം,  ആരാണ് സജ്ജനം?   സൽക്കർമ്മം ചെയ്യുന്നവരാണ് സജ്ജനം. അതിന് ഭഗവാൻ്റെ അനുഗ്രഹം വേണം, ഭഗവാൻ്റെ അളവറ്റ അനുഗ്രഹം നേടുവാൻ ശ്രേഷ്ഠമായ "നാരയണ" മന്ത്രം ജപിക്കണം. നരനെ നാരായണനാക്കുന്ന  മന്ത്രം തന്നെയാണ് "നാരായണ" മന്ത്രം... 🙏    നാരായണ, നാരായണ, നാരായണ, നാരായണ🌸🙏

No comments:

Post a Comment