BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, January 31, 2023
ഹരേ കൃഷ്ണ
*ജയ ഏകാദശി( ഭൈമി ഏകാദശി )*
*മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ജയ ( ഭൈമി ) ഏകാദശിയുടെ മാഹാത്മ്യങ്ങൾ ഭവിഷ്യോത്തരപുരാണത്തിൽ വിവരിച്ചിരിക്കുന്നു*
*ഒരിക്കൽ യുധിഷ്ഠിര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് ഇപ്രകാരം ആരാഞ്ഞു . "അല്ലയോ ഭഗവാനേ , അല്ലയോ ആദിമപുരുഷാ , ജഗന്നാഥാ , അങ്ങ് വിയർപ്പിൽ നിന്ന് ഉൽഭവിക്കുന്നവയും വിത്തിൽ നിന്ന് ഉത്ഭവിക്കുന്നവയും , മുട്ടയിൽ നിന്ന് ഉത്ഭവിക്കുന്നവയും , ഭ്രൂണത്തിൽ നിന്ന് ഉത്ഭവിക്കുന്നവയുമായ നാല് വിധത്തിലുള്ള ജീവി വിഭാഗങ്ങളുടെയും ആദിമ കാരണഭൂതനാണ്. സ്രഷ്ടാവും സംരക്ഷകനും സംഹാരകനും അങ്ങ് തന്നെയാണ്. മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഏകാദശിയുടെ മാഹാത്മ്യങ്ങൾ വിവരിച്ചാലും. ഈ ഏകാദശി എപ്രകാരമാണ് അനുഷ്ഠിക്കേണ്ടത് എന്നും മംഗളകരമായ ഈ ഏകാദശിയുടെ ആരാധനാമൂർത്തി ആരെന്നും പറഞ്ഞുതന്നാലും*"
*ഭഗവാൻ കൃഷ്ണൻ മറുപടിയോതി*
*അല്ലയോ നൃപോത്തമാ , ഈ ഏകാദശി ജയ ഏകാദശി എന്ന് അറിയപ്പെടുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ഒരുവന്റെ എല്ലാ പാപങ്ങളും അപ്രത്യക്ഷമാകുന്നു. ഈ ഏകാദശി അനുഷ്ഠിക്കുന്ന ഒരുവന് ഒരിക്കലും പ്രേത ശരീരം സ്വീകരിക്കേണ്ടി വരികയില്ല. അല്ലയോ രാജൻ , മുക്തി പ്രദാനം ചെയ്യുന്നതിലും പാപങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും ഈ ഏകാദശിക്ക് തുല്യമായി മറ്റൊന്നില്ല . അല്ലയോ സിംഹ തുല്യനായ രാജാവേ, മുൻപ് ഞാൻ പത്മപുരാണത്തിൽ വിവരിച്ചിട്ടുള്ള ഈ ഏകാദശിയുടെ മഹാത്മ്യം വീണ്ടും വിവരിക്കാം . ഈ ഏകാദശി ശ്രദ്ധയോടും ശുഷ്കാന്തിയോടെ കൂടി അനുഷ്ഠിക്കേണ്ടതാണ്. അല്ലയോ പാണ്ഡവാ , ഈ ഏകാദശിയുമായി ബന്ധപ്പെട്ട അദ്ഭുതകരമായ ഒരു പൗരാണിക സംഭവം ഞാൻ വിവരിക്കാം. അങ്ങ് ശ്രദ്ധിച്ചുകേൾക്കുക*
*ഒരുപാട് കാലത്തിന് മുമ്പ് ദേവേന്ദ്രൻ സ്വർഗ്ഗലോകം ആണ്ട് കൊണ്ടിരിക്കെ ദേവന്മാരെല്ലാം എല്ലാവിധത്തിലും സന്തുഷ്ടരും സംതൃപ്തരുമായി ജീവിച്ചു കൊണ്ടിരുന്നു. വിടർന്ന പാരിജാത പുഷ്പങ്ങളുടെ നറും സുഗന്ധം നിറഞ്ഞൊഴുകിരുന്ന നന്ദനവനത്തിൽ, ഇന്ദ്രൻ അമൃതപാനം ചെയ്തുകൊണ്ട് അൻപത് ദശലക്ഷത്തോളം അപ്സരസ്സുകളുമായി ഗാനാലാപനവും നൃത്തവും ആസ്വദിച്ചു കൊണ്ടിരുന്നു*
*പുഷ്പദന്തൻ എന്ന ഗന്ധർവ്വനാൽ നേതൃത്വം നൽകപ്പെട്ട ആ സംഗീത സഭയിൽ അനേകം ഗന്ധർവന്മാർ ഗാനങ്ങൾ ആലപിച്ചു കൊണ്ടിരുന്നു. ഇന്ദ്ര ദേവന്റെ സദസ്സിലെ ആസ്ഥാന ഗായകനായ ചിത്രസേനൻ എന്ന ഗന്ധർവ്വൻ തന്റെ പത്നി മാലിനിയോടും പുത്രൻ മാല്യവാനോടുമൊപ്പം അവിടെ സന്നിഹിതനായിരുന്നു . പുഷ്പാവതി എന്ന് പേരായ ഒരു അപ്സരസ് മാല്യവാന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായി . മാര ശരങ്ങളാൽ പീഡിതയായ അവൾ തന്റെ അംഗവിക്ഷേപങ്ങളാലും കടക്കൺകടാക്ഷങ്ങളാലും മാല്യവാനെ വശപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. മാല്യവാനും അവളുടെ ആകാര സൗകുമാര്യത്തിലും പുരികക്കൊടികളുടെ ചലനത്തിലും ആകൃഷ്ടനായി*
*അല്ലയോ രാജാവേ , പുഷ്പാവതിയുടെ അനിതരസാധാരണവും വിശിഷ്ടവുമായ സൗന്ദര്യത്തെപ്പറ്റി കേൾക്കുക. അവളുടെ മനോഹരമായ കരങ്ങൾ പട്ടുപോലെ മൃദുലമായിരുന്നു.അവളുടെ വദനം മുഴുതിങ്കൾ മാനത്തുദിച്ചത് പോലെ മനോഹരമായിരുന്നു. പത്മദളങ്ങൾക്ക് സമാനമായ അവളുടെ നീണ്ട നയനങ്ങൾ മനോഹരമായ കാതുകൾ വരേക്കും നീണ്ടതായിരുന്നു. കർണ്ണങ്ങൾ ഭംഗിയുള്ള ലോലാക്കുകളാൽ അലംകൃതമായിരുന്നു . മൂന്ന് രേഖകളുള്ള അവളുടെ കണ്ഠം വെൺശംഖിന്റെ ഭംഗിയെ വെല്ലുന്നതായിരുന്നു.അരക്കെട്ട് ഒതുങ്ങിയതും, ഇടുപ്പ് വിടർന്നതുമായിരുന്നു. തുടകൾ വാഴത്തടിക്കൊത്തതായിരുന്നു. ഉയർന്ന മാറിടം അവൾ നവ യൗവ്വനത്തിന്റെ തുടക്കത്തിലാണെന്ന് വിളിച്ചോതിയിരുന്നു.പുതുതായി വിടർന്ന ചെന്താമര പോലെ മനോഹരമായിരുന്നു അവളുടെ പാദങ്ങൾ . ഈ ആകാരഭംഗി ആഡംബരങ്ങളായ വസ്ത്രങ്ങളാലും ആഭരണങ്ങളാലും അലങ്കരിക്കപ്പെട്ടിരുന്നു.മാല്യവാൻ അവളുടെ അഭൗമ സൗന്ദര്യത്തിൽ മയങ്ങിപ്പോയി*
*ഇന്ദ്രനെ പ്രീതിപ്പെടുത്തുവാനായി മാല്യവാനും പുഷ്പാവതിയും ഗാനമാലപിക്കാനും നൃത്തമാടാനും ആരംഭിച്ചു . എന്നാൽ പരസ്പരം ആകൃഷ്ടരായതിനാൽ അവർക്ക് അത് ഭംഗിയായി നിർവഹിക്കാൻ സാധിച്ചില്ല. അതിനാൽ സംഗീത സദസ്സിന്റെ ഒഴുക്കിനെ അത് സാരമായി ബാധിച്ചു. സംഗീത സദസ്സിലെ ഈ താളപ്പിഴകൾ ശ്രദ്ധിച്ച ഇന്ദ്രൻ ഇരുവരുടെയും മാനസികാവസ്ഥ മനസ്സിലാക്കി . സംഗീത നൃത്തങ്ങളിലുള്ള തുടർച്ചയായ താളപ്പിഴകൾ തന്നെ അവഹേളിക്കുന്നതിന് തുല്യമായി കണക്കാക്കിയ ഇന്ദ്രൻ അവരെ ഇപ്രകാരം ശപിച്ചു. " വിഡ്ഢികളെ !! കാമത്തിന് വശപ്പെട്ടുകൊണ്ട് സ്വന്തമായ സ്വപ്നലോകത്തിൽ വിഹരിക്കുന്ന നിങ്ങൾ എനിക്കായി ഗാനമാലപിക്കുന്ന തായി അഭിനയിക്കുകയാണ്. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാൽ ഞാൻ ശപിക്കുന്നു.നിങ്ങൾ പിശാചുകളായിത്തീരട്ടെ . ഭൂമിയിൽ പിറന്ന് പിശാചിന്റെ ശരീരത്തിൽ പതി പത്നിമാർ ആയിത്തീർന്ന് നിങ്ങൾ ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കുക*
*ഇന്ദ്ര ശാപത്താൽ പിശാചിന്റെ ശരീരം ലഭിച്ച മാല്യവാനും പുഷ്പാവതിയും ഹിമാലയത്തിലെ ഒരു ഗുഹയിൽ യാതനാഭരിതമായ ജീവിതം കഴിച്ചുകൂട്ടി. പിശാചിന്റെ ശരീരം ലഭിച്ചതിനാൽ അവർ അതീവ ദുഖിതരായിത്തീർന്നു. ഗന്ധം , സ്പർശം, നിദ്ര എന്നിവയിൽ നിന്നും അവർക്ക് സുഖം ലഭിച്ചിരുന്നില്ല. ഹിമാലയത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും അലഞ്ഞിരുന്ന അവരുടെ ദുരിതങ്ങൾ അനുനിമിഷം വർദ്ധിച്ചുകൊണ്ടേയിരുന്നു . തുടർച്ചയായ ഹിമപാതത്തിലും തീവ്രമായ തണുപ്പിലും അവരുടെ പല്ലുകൾ നിരന്തരം കൂട്ടിയിടിച്ചു കൊണ്ടിരുന്നു. അതികഠിനമായ ആ തണുപ്പിൽ നിദ്രാ സുഖവും അവർക്ക് ലഭിച്ചിരുന്നില്ല . ഇപ്രകാരം അലഞ്ഞു കൊണ്ടിരുന്ന അവർ ഒരിടത്തിരുന്ന് കൊണ്ട് ആത്മാവലോകനം ചെയ്യുവാൻ തുടങ്ങി.പിശാചിന്റെ രൂപത്തിലുള്ള മാല്യവാൻ പിശാചിനിയുടെ രൂപത്തിലുള്ള പുഷ്പാവതിയോട് ഇപ്രകാരം പറഞ്ഞു. " കഷ്ടം !!! എന്ത് നീച പ്രവർത്തിയുടെ ഫലമായാണ് യാതനാപൂർണ്ണമായ പിശാചിൻറെ ശരീരം നമുക്ക് ലഭിച്ചത് . അതീവ ദുഃഖിതരായ അവർ പശ്ചാത്താപത്താൽ നീറി കൊണ്ടിരുന്നു. ആ ദിവസം മുഴുവനും പിശാചിന്റേയും പിശാചിനിയുടെയും രൂപത്തിലുള്ള മാല്യവാനും പുഷ്പാവതിയും ആഹാരമൊന്നും കഴിക്കാതെ തങ്ങൾ ചെയ്ത പ്രവർത്തികൾ ഓർത്തു നിരന്തരം പശ്ചാത്തപിച്ചു കൊണ്ടിരുന്നു. യദൃച്ഛയാ ആ ദിവസം മാഘമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന മംഗള ദായകമായ ജയ ഏകാദശിയായിരുന്നു. വിശപ്പിനാലും ദാഹത്തിനാലും പരീക്ഷണരായിരുന്നെങ്കിലും ഒരു ജീവിയെ പോലും അവർ അന്നേദിവസം വധിച്ചില്ല .കിഴങ്ങുകളോ, പഴങ്ങളോ , ജലമോ പോലും അവർ അന്നേദിവസം ആഹരിച്ചില്ല. അല്ലയോ രാജാവേ ഇപ്രകാരം ആ ദമ്പതികൾ ഒരാൽ വൃക്ഷത്തിന്റെ താഴെ അതീവ ദുഃഖിതരായിരിക്കവേ, സൂര്യൻ അസ്തമിക്കാൻ തുടങ്ങി . മരം കോച്ചുന്ന തണുപ്പിനാലും മനസ്സിനെ ദുഃഖകരമായ ചിന്തകൾ അലട്ടുന്ന തിനാലും ഇരുവരും ആ രാത്രി ഉറങ്ങിയതുമില്ല .മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ ഇന്ദ്രിയ ആസ്വാദനത്തിനുള്ള ഒരു ചിന്തപോലും അവരുടെ ഹൃദയത്തിൽ ഉദിച്ചില്ല*
*അല്ലയോ പുരുഷകേസരി , ഇപ്രകാരം അവരറിയാതെത്തന്നെ ജയ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ നേടിയ പുണ്യഫലത്താൽ അടുത്ത ദിവസം സൂര്യനുദിച്ചപ്പോൾ അവർക്ക് പിശാചിന്റെ രൂപത്തിൽ നിന്നും മോചനം ലഭിച്ചു. വീണ്ടും പൂർവ്വ രൂപം അവർക്ക് പ്രാപ്തമായി.ആശ്ചര്യത്താൽ പരസ്പരം നോക്കിനിൽക്കെ , ഒരു സ്വർഗ്ഗീയ വിമാനം അവിടെ ആഗതമാവുകയും , സ്വർഗ്ഗവാസികൾ പാടിപ്പുകഴ്ത്തി കൊണ്ടിരിക്കെ, ആ വിമാനത്തിൽ കയറി അവർ സ്വർഗ്ഗത്തിലേക്ക് യാത്രയാവുകയും ചെയ്തു*
*ഇന്ദ്ര ലോകത്തിന്റെ തലസ്ഥാനനഗരിയായ അമരാവതിയിൽ എത്തിയ ഉടൻ തന്നെ അവർ ഇരുവരും തങ്ങളുടെ യജമാനനായ ഇന്ദ്രദേവന്റെ സമീപം ചെന്നു സാദരം പ്രണാമങ്ങൾ അർപ്പിച്ചു. പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം കൈക്കൊണ്ട മാല്യവാനേയും പുഷ്പാവതിയേയും കണ്ട ഇന്ദ്രൻ അത്ഭുതപരതന്ത്രനായി. ഇന്ദ്രദേവൻ അവരോട് ആരാഞ്ഞു . " എന്ത് അതിശയകരമായ പുണ്യപ്രവർത്തി മൂലമാണ് ഇത്രയും വേഗം ഈ പിശാചിന്റെ രൂപം വെടിഞ്ഞ് യഥാർത്ഥ രൂപം പ്രാപ്തമാക്കാൻ നിങ്ങളെ സഹായിച്ചത്? എൻറെ ഘോരമായ ഈ ശാപത്തിൽ നിന്ന് നിങ്ങളെ മോചിപ്പിച്ചതാരാണ് ?" മാല്യവാൻ മറുപടിയോതി "അല്ലയോ പ്രഭോ, പരമ പുരുഷനായ ഭഗവാൻ ശ്രീകൃഷ്ണന്റെ കാരുണ്യത്താലും ജയ ഏകാദശി വ്രതത്തിന്റെ പ്രഭാവത്താലും ഞങ്ങൾ യാതനാ പൂർണമായ ഈ പിശാചിന്റെ ശരീരത്തിൽ നിന്നും മുക്തരായി. അല്ലയോ പ്രഭോ , അജ്ഞാത സുകൃതിയാൽ , അറിയാതെയാണെങ്കിൽ പോലും ഞങ്ങൾ ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയങ്കരമായ ഏകാദശി വ്രതമനുഷ്ഠിച്ചു. അതിനാൽ പൂർവ രൂപവും സ്ഥാനവും ഞങ്ങൾക്ക് തിരികെ ലഭിച്ചു ." മാല്യവാന്റെ മറുപടി ശ്രവിച്ച ഇന്ദ്രദേവൻ പറഞ്ഞു . "ഏകാദശി അനുഷ്ഠിച്ചതിലൂടെ ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനം ചെയ്തതിനാൽ നിങ്ങൾ പരിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എനിക്കും ആരാധ്യരാണ്. ഭഗവാൻ വിഷ്ണുവിന് ഭക്തിയുത സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ ആരായാലും, അവരെ ഞാൻ ബഹുമാനിക്കുന്നു*
*അതിനാൽ അല്ലയോ യുധിഷ്ഠിരാ , ഒരുവൻ തീർച്ചയായും ഏകാദശീവ്രതം അനുഷ്ഠിക്കേണ്ടതാണ്. ജയ ഏകാദശിയുടെ വ്രതാനുഷ്ഠാനം ഒരുവന്റെ ബ്രഹ്മഹത്യാപാപം പോലും ദൂരീകരിക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നതിലൂടെയും യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിലൂടെയും തീർഥ സ്ഥലങ്ങൾ ദർശിക്കുന്നതിലൂടെയും ലഭിക്കുന്ന പുണ്യം, ഒരുവന് ഈ ഏകാദശി അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്നു. വിശ്വാസത്തോടെയും ഭക്തിയോടെയും ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഒരുവൻ സദാ വൈകുണ്ഠത്തിൽ വസിക്കുന്നു*
*ഏകാദശിയുടെ മഹാത്മ്യത്തെ ശ്രവിക്കുന്ന ഒരുവൻ അഗ്നി സോമ യജ്ഞം അനുഷ്ഠിച്ചതിന്റെ ഫലം നേടുന്നു*
*ഹരേ കൃഷ്ണ*🙏🙇♂️
No comments:
Post a Comment