Sunday, February 19, 2023

*🎼പഞ്ചദശി* (ഭാഗം 170) *ബ്രഹ്മാനന്ദത്തിൽ യോഗാനന്ദപ്രകരണം* *അദ്വൈതാനന്ദവിശകലനം* ബാഹ്യാഭ്യന്തരങ്ങളെ മറന്നുള്ള സുഖാനുഭവമാണ് ആനന്ദത്തിന്റെ പരമകാഷ്ഠ. വീട്ടിനുപുറത്ത് പട്ടണത്തിലോ ഗ്രാമത്തിലോ ചെന്നു ചെയ്യുന്ന ജോലികളാണ് ബാഹ്യ പ്രവർത്തികൾ. ഉള്ളിലുള്ള ഗൃഹകൃത്യങ്ങൾ നിർവ്വഹിക്കുന്നതാണ് ആന്തരകർമ്മങ്ങൾ അതുപോലെ പുറത്തുള്ള വിഷയങ്ങളിൽ ചുറ്റിതിരിയുന്ന ജാഗ്രത്താണ് മനസ്സിന്റെ ബാഹ്യവൃത്തി. ഉള്ളിൽതന്നെ വിഷയങ്ങളെ നിർമ്മിച്ചനുഭവിക്കുന്ന സ്വപ്നമോ മനോരാജ്യമോ ഒക്കെയാണ് മനസ്സിന്റെ ആന്തരവൃത്തി. ഈ രണ്ടു മനോവൃത്തികളും ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന സുഖമാണ് നേരിട്ടുള്ള ആത്മസുഖം. സുഷുപ്തിയിലുള്ള സുഖം അപ്രകാരമുള്ളതാണെന്നു തീർച്ചയാണല്ലോ. ഉറങ്ങികഴിഞ്ഞാൽ പിതാവ് പിതാവല്ലാതായിത്തീരുന്നു. പുത്രൻ പുത്രൻ അല്ലാതായിത്തീരുന്നു. ഇത് ജീവത്വം തല്ക്കാലത്തേയ്ക്ക് നഷ്ടമാകുന്നുവെന്നല്ലേ കാണിക്കുന്നത്? ഉറക്കത്തിൽ സകല സംസാരബന്ധങ്ങളും അസ്തമിക്കുന്നതു കൊണ്ട് ജീവൻ ബ്രഹ്മത്വം പ്രാപിക്കുന്നതായിത്തന്നെ കരുതേണ്ടിയിരിക്കുന്നു. ദേഹാഭിമാനത്തെ ആശ്രയിച്ചുണ്ടാകുന്നവയാണല്ലോ സകലസംസാര ബന്ധങ്ങളും. അങ്ങനെയുണ്ടാകുന്ന പിതൃപുത്രാദിമമതാബന്ധങ്ങളാണ് സകല ലൗകിക സുഖദുഃഖങ്ങൾക്കും കാരണം. അവയെല്ലാം മാറികിട്ടുന്നതോടെ എല്ലാശോകങ്ങളേയും തരണം ചെയ്യുന്നുവെന്നു സിദ്ധം. ഗാഢനിദ്രയിൽ എല്ലാകരണങ്ങളും വിലയിക്കുന്നതോടെ ജീവൻ തമോമയമായ ആവരണത്തിൽ ഒളിഞ്ഞിരുന്നുകൊണ്ട് ആനന്ദരൂപം പ്രാപിക്കുന്നുവെന്ന് കൈവല്യോപനിഷത്ത് പ്രഖ്യാപിക്കുന്നു. എല്ലാവർക്കും ഉണ്ടാകുന്ന അനുഭവവും ഈ ശ്രുതി പ്രഖ്യാപനത്തെ ഉറപ്പിക്കുന്നു. ഞാനിവിടെ സുഖമായി ഉറങ്ങി യാതൊന്നും അറിഞ്ഞില്ല എന്നിങ്ങനെ ഉറക്കത്തിൽ സുഖവും അജ്ഞാനവും അനുഭവിച്ചതായി ഉണർന്നെഴുനേൽക്കുന്ന സകലരും പറഞ്ഞതായി കേൾക്കുന്നുണ്ട്. അനുഭവിക്കാത്തത് അങ്ങനെ പറയാൻ പറ്റുന്നതല്ലല്ലോ. അനുഭവം മാത്രമേ ഓർത്തു പറയാൻ കഴിയുകയുള്ളൂ. അപ്പോൾ ഈ അനുഭവത്തിന്റെ സ്വഭാവമെന്തായിരിക്കും? ജീവൻ കൂടസ്ഥനിൽ ലയിച്ചതോടെ ആത്മസ്വരൂപമായ സുഖം സ്വയം പ്രകാശിക്കാൻ തുടങ്ങി. സ്വയം പ്രകാശിച്ച ആത്മസത്ത അതിനെ ആവരണം ചെയ്ത അജ്ഞാനത്തെയും പ്രകാശിപ്പിച്ചു. ശുദ്ധചിത്തായി ഇരുന്നപ്പോഴുണ്ടായ അനുഭവം ചിദാഭാസരൂപം കൈക്കൊണ്ടപ്പോഴും സ്മൃതിയായി അവശേഷിക്കുന്നതുകൊണ്ടാണ് ഉണരുന്നയാൾ ആദ്യം തന്നെ അത് ഓർമ്മിച്ചുപറയാൻ ഇടവരുന്നത്. സുഷുപ്തി സുഖം സ്വപ്രകാശമായ ആനന്ദമാണെന്നു സമ്മതിക്കാം. പക്ഷേ അത് ബ്രഹ്മസ്വരൂപമാണെന്ന് എങ്ങനെ പറയാൻ കഴിയും? പറയാം. പ്രൊഫസർ ബാലകൃഷ്ണൻ സാർ... തുടരും...

No comments:

Post a Comment