Friday, February 17, 2023

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് തൊഴിലാളികൾക്ക് കിട്ടുന്നത്, അവിടത്തെ ഭരണാധികാരികളായിരുന്ന കാകതീയ രാജാക്കന്മാർ തൊഴിലാളികളുടെ കൈയിൽനിന്നും ആദ്യം ഇത് കൈക്കലാക്കി. 1323-ൽ ദില്ലിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ വധിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ദില്ലിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു. ഈ രത്നം പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർ കൈമാറിക്കൊണ്ടിരിക്കുകയും, 1526 ൽ മുഗൾ വംശ സ്ഥാപകൻ ആയിരുന്ന ബാബർ ഡൽഹിയിലെ ഇബ്രാഹീം ലോഥിയെ പാനിപത്തുയുദ്ധത്തിൽ കീഴടക്കിയപ്പോൾ ബാബറിൻറെ പുത്രൻ ഹുമയൂൺ ഈ രത്നം കണ്ടെടുത്തു പിതാവിനെ ഏൽപ്പിക്കുന്നതോടെ രത്നം മുഗൾ രാജവംശത്തിൻറെ കൈകളിലായി. മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാൻ, ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി. ഷാജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു. 1739-ൽ പേർഷ്യൻ രാജാവായ നാദിർഷാ, ഡൽഹി ആക്രമിക്കുകയും നഗരത്തിൽ കൊലയും കൊള്ളിവയ്പ്പും നടത്തി കിട്ടാവുന്നതെല്ലാം കൈക്കലാക്കി ലാഹോർ വഴി തിരിച്ചു പേർഷ്യയിൽ എത്തിയപ്പോൾ കോഹിനൂർ രത്നവും, മയൂരസിംഹാസനവുമടക്കം ഇന്ത്യയിലെ അമൂല്യമായതെല്ലാം കൂടെ ഉണ്ടായിരുന്നു . ഈ രത്നം കണ്ടു അത്ഭുതപെട്ട നാദിർഷ “ കോഹ്-ഇ നൂർ” ( പ്രകാശത്തിൻറെ പർവ്വതം എന്ന് പാഴ്സി ഭാഷയിൽ അർഥം ) എന്ന പേര് രത്നത്തിന് നല്കിയതെന്ന് കരുതപ്പെടുന്നു..... 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്നത്തിനു നിലവിലുള്ളതായി രേഖകളില്ല. 1747-ൽ നാദിർഷായുടെ മരണ ശേഷം കുടുംബത്തിൽ ഓരോരുത്തരും ഇതരനെ വഞ്ചിച്ചും വധിച്ചും, ഒടുവിൽ നാദിർഷായുടെ പിൻഗാമിയും പ്രായപൂർത്തിയാകാത്ത ചെറുമകനുമായിരുന്ന ( മകൻ ആണെന്നും പറയപ്പെടുന്നു ) മിർസ ഷാരൂഖിന്റെ കൈകളിലെത്തി കോഹിനൂർ. ഇദ്ദേഹം മശ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു. 1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ മിർസ ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു. അഹ്മദ് ഷാ അബ്ദാലിയുടെ മരണശേഷവും അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കോഹിനൂറിനു വേണ്ടി അദ്ദേഹത്തിന്റെ സഹോദരൻമാരും പുത്രന്മാരും പരസ്പരം പോരാട്ടവും കൊലപാതകവും തുടർന്നു. 1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്തു. ലാഹോറിലെ സിഖ് രാജാവ് മഹാരാജ രൺജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷാ ഷൂജ, ഈ രത്നം അടക്കമുള്ള സമ്പത്തു മഹാരാജ രൺജിത് സിങ്ങിൻറെ സഹായത്തോടെ പഞ്ചാബിൽ എത്തിച്ചു . കുറച്ചുകാലം കഴിഞ്ഞു കാബൂൾ വീണ്ടും കീഴടക്കാൻ തന്നെ സഹായിക്കാമെങ്കിൽ കോഹിനൂർ രത്നം പകരം തരാം എന്നറിയിച്ച ഷൂജയിൽ നിന്നും രൺജിത് സിങ് സൂത്രത്തിൽ രത്നം കൈക്കലാക്കി അയാളെ തടവറയിൽ അടച്ചു . രത്നം കൈയിൽ വന്നതോടെ മുൻപെങ്ങുമില്ലാത്ത വിധം പലവിധ അസ്വസ്ഥതകൾ രൺജിത് സിങ്ങിന് നേരിടേണ്ടി വന്നു . കോഹിനൂരിന്റെ ചോരക്കറ പുരണ്ട മുൻകാല ചരിത്രം പലരിൽ നിന്നും മനസിലാക്കിയ അദ്ദേഹം ഒരു ശാപം കിട്ടിയ മുതലായി അതിനെ കണക്കാക്കി, ജ്യോതിഷിയുടെ നിർദേശപ്രകാരം ഈ ശപിക്കപ്പെട്ട രത്നം പുരി ജഗത്നാഥ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകാൻ തീരുമാനിച്ചു. ഈ നിർദേശം നടപ്പിലാക്കുന്നതിന് മുൻപായി അദ്ദേഹം അന്തരിച്ചു . 1849 ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാര് തോല്പ്പിച്ചതോടെ പഞ്ചാബ് ബ്രിട്ടീഷുകാരുടെ കീഴിലായി പഞ്ചാബിലെ അന്നത്തെ രാജാവായ ദുലീപ് സിംഗും ഡൽഹൗസി പ്രഭുവും 1849ൽ ഒപ്പുവച്ച ലാഹോർ ഉടമ്പടി പ്രകാരം പ്രതിവർഷം 5 ലക്ഷം രൂപ പെൻഷൻ വാങ്ങി കോഹിനൂർ അടക്കമുള്ള മുഴുവൻ വസ്തുക്കളും ബ്രിട്ടീഷുകാർക്കു വിട്ടു നൽകി 1850ൽ ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യ കമ്പനി ചെയർമാൻ ഡി. ജി മണ്ടേൽ കോഹിനൂർ വിക്ട്ടോറിയ രാജ്ഞിക്കു സമ്മാനിച്ചു. അങ്ങനെ ചരിത്രത്തിലുടനീളം ചെഞ്ചോരക്കഥകൾ മാത്രം പറയാനുണ്ടായിരുന്ന കോഹിനൂർ രത്നം, ഒരുതുള്ളി ചോരപൊടിയാതെ ബ്രിട്ടൻറെ കൈകളിൽ എത്തി 1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്ട്ടോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രത്നം ചെത്തിമിനുക്കി ഇന്നുകാണുന്ന രീതിയിൽ ആക്കിയത്. 1877-ൽ വിക്റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇന്ത്യയിൽ നിന്നു കണ്ടെടുക്കപ്പെട്ട രത്നമാണല്ലോ കോഹിനൂർ. അതുകൊണ്ട് ഇന്ത്യയ്ക്കാണ് അതിന്റെ അവകാശമെന്നാണ് കോഹിനൂർ രത്നത്തിന്റെ മേലുള്ള ഇന്ത്യയുടെ അവകാശ വാദം.... പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഇറാൻ എന്നീ രാജ്യങ്ങളും കോഹിനൂർ രത്നത്തിന്റെ മുകളിൽ അവകാശം ഉന്നയിക്കുന്നുണ്ട്. കോഹിനൂറിനെ ഒരു പൊതുസ്വത്ത് എന്ന നിലയിൽ സംരക്ഷണത്തിന് മാത്രമായാണ് ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്പ്പിച്ചതെന്നും ഇന്ത്യ സ്വതന്ത്രമായതോടു കൂടി ഇന്ത്യയ്ക്ക് അവകാശപ്പെട്ട പൊതു സ്വത്താണ് കോഹിനൂരെന്നും ഇന്ത്യ അവകാശപ്പെടുന്നു. 2017 ഏപ്രില് 22-ന് രത്നം തിരിച്ചെത്തിക്കാന് സര്ക്കാറിന് നിര്ദേശം നല്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് എൻ ജി ഒ സംഘടനകൾ സമർപ്പിച്ച ഹർജി ചീഫ് ജസ്റിസ് ജെ.എസ്. ഖെഹാറിന്റെ അദ്ധ്യക്ഷതയിലുള്ള സുപ്രീം കോടതി ബെഞ്ച് തള്ളിയിരുന്നു. ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട്, ഹെറിറ്റേജ് ബംഗാൾ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. കോഹിനൂർ രത്നം ബ്രിട്ടീഷുകാർ നിർബന്ധ പൂർവ്വമെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും ലാഹോർ രാജാവ് ദുലീപ് സിംഗ് ബ്രിട്ടീഷുകാർക്ക് ഉപഹാരമായി നൽകിയതാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ സുപ്രീം കോടതി മുമ്പാകെ അറിയിച്ചത് വൻ വിവാദമായിരുന്നു.

No comments:

Post a Comment