Monday, February 06, 2023

വിശ്വമഹാക്ഷേത്രം ശബരിമല മകരവിളക്ക് കാലത്ത് കൃത്യമായി പ്രകൃതി ഒരുക്കുന്ന ‘മകരജ്യോതി’, പ്രകൃതിയുടെ കുണ്ഡലിനീ ഉദ്ധാരണമാണ്. മകരവിളക്കും (പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നത്) മകരജ്യോതിയും വ്യക്തമായും രണ്ടുതന്നെയാണ്. അതും ദൃശ്യമാകുന്നത് ശബരിമല പ്രാന്തപ്രദേശങ്ങളില്‍ മാത്രം. കോടാനുകോടി അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷരീ മന്ത്രത്തിന്റെ വൈഖരി, കേരളത്തിന്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നുവെന്നത് ശാസ്ത്രസത്യമാണ്. പന്തളത്തു രാജാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് സന്നദ്ധനായി, വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും, പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹ നിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ. കിഴക്കന്‍ മലയോര പ്രദേശത്ത് ഭഗവാന്റെ അഞ്ച് ക്ഷേത്രങ്ങളുണ്ട്. ബാലനായി കുളത്തൂപ്പുഴയിലും യുവാവായി ആര്യങ്കാവിലും ധ്യാനനിരതനായി ശബരിമലയിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കാന്തമല ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ പൊന്നമ്പലമേട്ടിലേതാണോ എന്നു സംശയമുണ്ട്. പുരാണങ്ങളിലെ പ്രതിപാദ്യ അദ്ഭുത സിദ്ധികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതൊക്കെ സാധ്യമാണോയെന്ന സംശയം ഉണ്ടാകാനിടയുണ്ട്. യോഗസിദ്ധികള്‍ നേടിയ മഹായോഗികള്‍ക്ക് അഷ്ടസിദ്ധികള്‍ (അണിമ, ലഘിമ, ഗിരിമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രാകാശ്യം) കൈവരികയും ഇച്ഛാനുസരണം പര്‍വതമാകാം, അണുവായി ചുരുങ്ങാം, പരകായ പ്രവേശമാകാം, മറ്റൊരാളായിത്തീരാം, എവിടെയും സഞ്ചരിക്കാം ഇങ്ങനെയുള്ള അദ്ഭുത കാര്യങ്ങള്‍ ചെയ്യാനാകും. ഇതില്‍ പ്രാപ്യമെന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായത്. സൃഷ്ടികര്‍ത്താക്കളായ ഈശ്വരന്‍മാര്‍ക്ക് എന്താണ് സാധ്യമല്ലാത്തത്. നമ്മള്‍ മനുഷ്യരെ ആധാരമാക്കി ചിന്തിക്കുമ്പോഴാണ് പലതും ശരിയല്ല എന്നുതോന്നുന്നത്. ഈശ്വരന്മാരില്‍ ‘പരമേശ്വരനും പരാശക്തിയും’ ഒരിക്കലും മനുഷ്യഗര്‍ഭത്തില്‍ ജനിക്കുകയില്ല. അവര്‍ ‘സ്വയംഭൂ’വായി അവതരിക്കുകയേയുള്ളൂ. ആധുനിക ശാസ്ത്രം ക്ലോണിങ് എന്ന പ്രക്രിയയിലൂടെ, അതായത് ഒരു ജന്തുവിന്റെ ഏതാനും സെല്ലുകളില്‍നിന്ന് അതേതരത്തിലുള്ള ജന്തുക്കളെ സൃഷ്ടിച്ചു തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുരുഷ-സ്ത്രീ സംയോഗം ആവശ്യമല്ല തന്നെ. പല കുംഭോത്ഭവന്മാരെ പുരാണങ്ങളില്‍ കാണാം. അതൊക്കെയും ആധുനിക ഭാഷയില്‍ ടെസ്റ്റ്യൂബ് ശിശുക്കളാണ്. ധര്‍മശാസ്താവിനെപ്പറ്റി പ്രതിപാദിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ഭൂതനാഥോപാഖ്യാനത്തിലെ പല പോരായ്മകളും മേല്‍പ്രസ്താവിച്ച ചിന്തയിലൂടെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.~ പുരാണ രചനാകാലത്തിനുശേഷമാണ് ധര്‍മശാസ്താവിന്റെ അവതാരം എന്നും അതിനാലാണ് പുരാണങ്ങളില്‍ പ്രതിപാദ്യമില്ലാത്തതെന്നും കണ്ടുകഴിഞ്ഞു. ശബരിമല ക്ഷേത്രം അഖില ഭാരത അടിസ്ഥാനത്തിലും ആഗോളതലത്തിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറമാണ്. ഭാരതത്തിന്റെ തെക്കേയറ്റത്ത് നടന്ന ഒരു അവതാരത്തെപ്പറ്റി ഉത്തരഭാരതത്തിലേക്ക് വിവരം സിദ്ധിച്ചതോ പ്രചാരത്തിലായതോ അടുത്തകാലത്തു മാത്രമാണ്. മറ്റൊരു കാര്യം, ഭാരതത്തില്‍ ശൈവ-വൈഷ്ണവ ഭക്തന്മാര്‍ തമ്മിലുള്ള വൈരം അതിരുകടക്കുന്ന സന്ദര്‍ഭത്തില്‍ സമവായത്തിനുള്ള ഒരന്വേഷണത്തില്‍ ശങ്കരനാരായണ സങ്കല്‍പ്പംപോലെ ധര്‍മശാസ്താവിനും പ്രാമുഖ്യം ലഭിച്ചതുമാകാം. ധര്‍മശാസ്താവ്, കലിയുഗവരദനും, ഭൂതനാഥനും, ശനികാരകനും, താരകബ്രഹ്മവും ആണ്. കലിയുഗത്തിലെ ജനങ്ങള്‍ക്ക് കലികല്‍മഷങ്ങളില്‍നിന്ന് മോചനം നല്‍കുവാന്‍ അവതരിച്ച ഈശ്വരനാണ്. ഏതൊരു പരമാത്മാവില്‍നിന്നാണോ ജീവാത്മാക്കള്‍ പിറന്നത്, അതേ പരമാത്മാവ് ജീവാത്മാവിനെ വിലയം പ്രാപിക്കുകയാണ് ജീവിതലക്ഷ്യം. പ്രതീകാത്മകമായി മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന 17 ഘടകങ്ങളെ (അഷ്ടരാഗങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, സത്വ-രജ-തമോഗുണങ്ങള്‍, അവിദ്യ) തരണംചെയ്ത്, വിദ്യ (ജ്ഞാനം) നേടി ആത്മാവാകുന്ന സ്‌നേഹത്തെ (നെയ്യ്) ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം നടത്തി ഭക്തന്‍, ഭഗവാനില്‍ വിലയംപ്രാപിച്ച് (മോക്ഷം നേടി)നശ്വരമാകുന്ന ഉടഞ്ഞ നാളികേരത്തെ അഗ്നി (ആഴി) യില്‍ ഹോമി(ദഹിപ്പിക്കുന്ന)ക്കുന്ന തത്വമാണല്ലോ ശബരിമല ദര്‍ശനത്തിലടങ്ങിയിരിക്കുന്നത്. ഈയൊരു സങ്കല്‍പ്പ വിശേഷം ലോകത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്തതിനാലാണ്, ശബരിമല ക്ഷേത്രം, വിശ്വ (ആഗോള) ക്ഷേത്രമാകുന്നത്. ഭഗവാനും ഭക്തനും മുദ്രധരിക്കുന്ന നാള്‍മുതല്‍ ഒന്നാകുന്ന-തത്വമസി-സങ്കല്‍പ വിശേഷം ശബരിമലയുടെ മുഖമുദ്രയാണ്. മഹാതത്വങ്ങളെ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടാനുകോടി ഭക്തന്മാര്‍, എത്ര കഷ്ടതകള്‍ സഹിച്ചും, ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. ലോകത്ത് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതില്ല. സ്വതേസുഖിമാന്മാരായ ഇക്കാലത്തെ ജനങ്ങള്‍, ഇന്ന് ശബരിമലയില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ബോധ്യപ്പെട്ടാല്‍, ഇനി ഇങ്ങോട്ടില്ല എന്നു പറയേണ്ടതാണ്. പക്ഷേ അനുഭവം നേരെ മറിച്ചാണല്ലോ. ഇത് ഭഗവാന്‍ കലിയുഗവരദനായതുകൊണ്ടുതന്നെ. സി.പി. ഗോപാലകൃഷ്ണന്‍ ജന്മഭൂമി: http://www.janmabhumidaily.com/news542349#ixzz4VVP5ohCM

No comments:

Post a Comment