BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Tuesday, March 21, 2023
ദക്ഷിണാമൂർത്തി സ്തോത്രം-58
ശ്രീകൃഷ്ണൻ അവതരിച്ചപ്പോൾ തന്നെ ദേവകി പറയുന്നു
രൂപം യത് തത് പ്രാഹുരവ്യക്തമാദ്യം ബ്രഹ്മ ജ്യോതിർ നിർഗ്ഗുണം നിർവ്വികാരം സത്താമാത്രം നിർവ്വിശേഷം നിരീഹം സത്വം സാക്ഷാത് വിഷ്ണുഹു അദ്ധ്യാത്മ ദീപഃ
ഭഗവാനേ അവിടുന്ന് അദ്ധ്യാത്മ ദീപമാണ്. ജ്ഞാനമാകുന്ന വിളക്കാണ്. നമ്മുടെ സ്വരൂപമാണ്, അന്തർയാമിയാണ് ജ്ഞാനം. അകമേയ്ക്കുള്ള ആ ദീപം തെളിഞ്ഞാൽ.
ജ്യോതിഷാം അപിത ജ്യോതിഹി തമസ്സപര മുച്യതേ ജ്ഞാനം, ജ്ഞേയം, ജ്ഞാന ഗമ്യം ഹൃദിസർവ്വസ്യവിഷ്ടിതം
എല്ലാ ജ്യോതിസ്സുകൾക്കും അത് ജ്യോതിസ്സാണ്. എല്ലാവരുടേയും ഹൃദയത്തിൽ അതിരിക്കുന്നു. ഒരു ശങ്കരാചാര്യരുടേയോ, രാമകൃഷ്ണന്റെയോ ഹൃദയത്തിൽ മാത്രമല്ല. ബ്രഹ്മാദി വിപീലികാന്ത തനുഷു. ഒരു ബ്രഹ്മാവ് മുതൽ ഒരു അമീബയുടെ ഉള്ളിൽ വരെ ഹൃദയത്തിൽ ഈ ബോധ സത്യം പരമാർത്ഥ സത്യം സ്ഫുരിച്ചു കൊണ്ടേയിരിക്കുന്നു. പ്രകാശിച്ച് കൊണ്ടേയിരിക്കുന്നു. ആ പ്രകാശത്തിനെ ആശ്രയിച്ച് കൊണ്ടേ സത്യം കണ്ടെത്താനാവുകയുള്ളു. അകമേയ്ക്കുള്ള ആ ദീപം തെളിയണം. നമ്മുടെ സ്വരൂപം തന്നെ ആ ദീപം.
ബാല്യാദിഷ്വപി ജാഗ്രദാദിഷു തഥാ സര്വാസ്വവസ്ഥാസ്വപി
വ്യാവൃത്താ സ്വനുവര്തമാന മഹമിത്യംതഃ സ്ഫുരംതം സദാ |
സ്വാത്മാനം പ്രകടീകരോതി ഭജതാം യോ മുദ്രയാ ഭദ്രയാ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 7 ||
ആ ഗുരുകൃപ കൊണ്ട് തെളിയേണ്ടതാണ് ഈ തത്ത്വം അല്ലെങ്കിൽ ദീപം പുറമേയ്ക്കുള്ള ഗുരു ഈ ദീപം തെളിയിക്കാൻ ഒരു കാരണം മാത്രമാണ്. സത്യത്തിൽ അത് തെളിഞ്ഞ് തന്നെയാണ് നില്ക്കുന്നത്. സ്വയമേവ നമ്മൾ ആ വിളക്കാണ് അഥവാ പ്രകാശമാണ്. നാം സ്വയമേവ സൂര്യനാണ്.
ജഗദീശ ശാസ്ത്രി എന്നൊരു മഹാ പണ്ഡിതനുണ്ടായിരുന്നു. രമണ ഭഗവാന്റെ ശിഷ്യരിൽ വലിയ പണ്ഡിതരായിട്ടുള്ള രണ്ട് പേരിൽ ഒരാളായിരുന്നു അദ്ദേഹം. മറ്റൊരാൾ കാവ്യകണ്ഠ ഗണപതിയും. ഒരിക്കൽ രമണ ഭഗവാൻ മല മുകളിലുള്ള സ്കന്ദാശ്രമത്തിലേയ്ക്ക് പോകാനൊരുങ്ങി. നട്ടുച്ച വെയിൽ. ഭഗവാൻ ആരേയും പേര് പറഞ്ഞ് വിളിക്കില്ല. എല്ലാവരേയും വളരെ ബഹുമാനത്തോടെയാണ് സംബോധന ചെയ്തിരുന്നത്. മനുഷ്യരെന്നല്ല മൃഗങ്ങളെ പോലും അവ വന്താ, അന്ത അമ്മാ വന്താ (അമ്മ കുരങ്ങ്), ലക്ഷ്മി വന്താൾ (പശു) എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ഒരിക്കലും നീ, വാ, പോ എന്നൊന്നും വിളിച്ച് കേൾക്കില്ല. കുഞ്ഞുന്നാൾ മുതൽ രമണ ഭഗവാനറിയാവുന്ന T K സുന്ദരേശ്വരയ്യരേയും, ജഗദീശ ശാസ്ത്രിയേയും വളരെ പ്രിയത്തോടെ സുന്ദരേശാ എന്നും, ജഗദീശ എന്നും വിളിച്ചിരുന്നു.
അങ്ങനെ സ്‌കന്ദാശ്രമത്തിൽ പോകാൻ ഭഗവാൻ ജഗദീശനെ വിളിച്ചു. ചെരുപ്പിടാതെയാണ് സാധാരണ എല്ലാവരും മല കയറാറുള്ളത്. ഭഗവാനേ ഈ ചൂടത്ത് എങ്ങനെ നടക്കും കാല് പൊള്ളില്ലേ എന്ന് ചോദിച്ചു ശാസ്ത്രികൾ. ഞാൻ നടക്കുന്നില്ലേ? ഭഗവാൻ പറഞ്ഞു. ഭഗവാനെ പോലെയാണോ ഞാൻ. എന്താ എന്നെ പോലെ രണ്ട് കാലല്ലേ നിനക്കുമുള്ളു. ശാസ്ത്രികൾ എന്തൊക്കെ പറഞ്ഞിട്ടും രമണ ഭഗവാൻ സമ്മതിച്ചില്ല. പാറയെല്ലാം ചുട്ട് പൊള്ളി നിൽക്കുന്നു. കാല് പൊള്ളിയിട്ട് സഹിക്ക വയ്യാതെ ശാസ്ത്രികൾ പറഞ്ഞു ഭഗവാനേ എനിക്ക് ഇനി നടക്കാൻ വയ്യ. ചൂട് കൊണ്ട് എന്റെ തലയിപ്പോൾ വിണ്ട് കീറുമെന്ന് തോന്നുന്നു. രമണ ഭഗവാൻ ജഗദീശനെ ഉപദേശിച്ചു സൂര്യന്റെ ചൂട് സൂര്യനിൽ നിന്ന് ഞാൻ വേറെയാണെന്ന് ധരിക്കുമ്പോൾ നമ്മെ ചുടുന്നു. സ്വയമേവ നമ്മൾ സൂര്യനായാൽ ചുടുമോ? സൂര്യനേ സൂര്യൻ ചുടില്ലല്ലോ അതിനാൽ സൂര്യോസ്മി എന്ന് ധ്യാനിക്കുക. ഭാവത്തോട് കൂടെ ഞാനും സ്വയമേവ സൂര്യനാണ് എന്ന് ധ്യാനിച്ചുറപ്പിക്കുക. ജഗദീശ ശാസ്ത്രികൾക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു. കാരണം സ്കന്ദാശ്രമത്തിലേയ്ക്കുള്ള വഴിയിൽ പാതി ദൂരം താണ്ടി മലയുടെ മുകളിലാണ് നിൽക്കുന്നത്. ഇനി ആശ്രമത്തിൽ എത്താതെ വഴിയില്ല. സ്വയമേവ ഞാനേ സൂര്യനാണ്, സൂര്യോസ്മി എന്ന് ധ്യാനിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ചൂടറിയുന്നില്ല, കാല് പൊള്ളുന്നില്ല എന്ന് മാത്രമല്ല ഉള്ളിൽ ഒരു കുളിർമ അനുഭവപ്പെടാൻ തുടങ്ങി. എപ്പോൾ സ്കന്ദാശ്രമം എത്തിയെന്ന് പോലും അറിഞ്ഞില്ല. ആ ഒരു അനുഭവത്തോടെ പിന്നീടൊരിക്കലും സൂര്യന്റെ താപം ഒരു പ്രശ്നമേയല്ലാതായി ശാസ്ത്രികൾക്ക്. That experience was assimilated in his system.
നല്ല ചൂടത്ത് വിയർത്തൊലിച്ചാലും, മഴയായാലും ഒരിക്കലും അതിനെ കുറിച്ച് നല്ല ചൂടെന്നോ, നല്ല മഴയെന്നോ ഉള്ള വാക്കുകൾ രമണ ഭഗവാൻ ഉരിയാടിയിട്ടേയില്ല, എന്ന് കൂടെ എപ്പോഴും ഉണ്ടായിരുന്ന കുഞ്ചു സ്വാമി പറയും. വെയിലേൽക്കുമ്പോൾ സ്വയമേവ ഞാൻ സൂര്യനായിട്ടു നിന്നാൽ എന്ത് ചൂട്, മഴ പെയ്യുമ്പോൾ സ്വയമേവ മഴയായാൽ മഴയെ കുറിച്ച് എന്ത് പറയാൻ, കുളിരുള്ളപ്പോൾ താനേ സ്വയം കുളിരായാൽ കുളിരിനെ കുറിച്ച് എന്ത് പറയും. അദ്വൈതം എന്നുള്ളത് ഒരു സിദ്ധാന്തമല്ല ഒരു അനുഭവമാണ്. ജ്ഞാനികളുടെ കൂടെയിരിക്കുമ്പോഴാണ് ഇതിന്റെ മർമ്മം അറിയുക.
Nochurji🙏🙏
No comments:
Post a Comment