Tuesday, March 21, 2023

ആശ്രമത്തില്‍ ജാതിഭേദം പുലര്‍ത്തുന്നു എന്ന് ഒരാര്യസമാജക്കാരന്‍ ഉദ്വേഗത്തോടുകൂടി പരാതിപ്പെട്ടു. രമണ മഹര്‍ഷി: ഭേദം കണ്ടതാരാണ് ചോദ്യം: ഞാന്‍ തന്നെ കണ്ടതാണ്. പക്ഷേ ഭഗവാനറിഞ്ഞിട്ടായിരിക്കുയില്ല. മറ്റുള്ളവര്‍ അതു പുലര്‍ത്തിവരികയാണ്. മഹര്‍ഷി: ശരി നിങ്ങള്‍ കണ്ടു. നിങ്ങള്‍ ഉറക്കത്തിലായിരുന്നപ്പോള്‍ മറ്റുള്ളവരെക്കണ്ടോ? എപ്പോഴും അതുപോലെ ഇരിക്കൂ. ചോദ്യം: അതെങ്ങനെ സാധിക്കും. ഉറക്കത്തില്‍ കണ്ടിട്ടില്ലെങ്കിലും ഇപ്പോഴുമുണ്ടല്ലോ. മഹര്‍ഷി: അതവയെപ്പറ്റിയുള്ള നിങ്ങളുടെ അറിവാണ്, അവയുടെ നിലനില്പ് പരമസത്യമല്ല. ചോദ്യം: ഞാനറിഞ്ഞില്ലെങ്കിലും അവ നിലനിന്നുവരുന്നു. മഹര്‍ഷി: നിങ്ങള്‍ അവയെ അറിയുന്നതിനുമുമ്പ് അവ ഉണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുകയാണോ? (എല്ലാവരും ചിരിക്കുന്നു) ജാതിവ്യത്യാസം മൂലമുള്ള വിഷമം ആര്‍ക്കാണ്. ചോദ്യം: ജനസമൂഹത്തിന്. മഹര്‍ഷി: ജാതിവ്യത്യാസമില്ലാത്ത രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ കുഴപ്പങ്ങളൊന്നുമില്ലേ. അവിടെയും ഉണ്ട് ആഭ്യന്തരയുദ്ധങ്ങള്‍. നിങ്ങള്‍ അതെല്ലാം ശരിപ്പെടുത്താത്തതെന്ത്? മാത്രമല്ല മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷലാതാദികളും മറ്റുമുണ്ട്. ആ ഭേദങ്ങളും മാറേണ്ടതല്ലേ? ചോദ്യം: അതെല്ലാം ഈശ്വരന്‍റെ കാര്യങ്ങളാണ്. ഇതു മനുഷ്യന്‍ ചെയ്യുന്നതാണ്. മഹര്‍ഷി: നിങ്ങളതൊന്നും ശ്രദ്ധിക്കണ്ട. നാനാത്വം ലോകത്തുള്ളതാണ്. ഏകത്വം അതിന്‍റെ ഉള്ളില്‍ക്കൂടി സഞ്ചരിക്കുന്നു. ആത്മാവു എല്ലാത്തിലും ഒന്നുപോലെ ഇരിക്കുന്നു. ജീവന് ജീവന്‍ ഭേദമില്ല. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം. നിങ്ങള്‍ ഈ എകത്വത്തെക്കണ്ടറിഞ്ഞു സന്തോഷമായിരിക്കൂ. ചോദ്യം: ആയിത്തത്തില്‍ ഞങ്ങള്‍ അസ്ന്തുഷ്ടരാണ്. അതു മാറേണ്ടതാണ്. മഹര്‍ഷി: ശരി നിങ്ങള്‍ ഉറങ്ങി നോക്കൂ. അവിടെ എന്തെങ്കിലും അയിത്തം കാണുന്നുണ്ടോ എന്നറിയാമല്ലോ. (എല്ലാവരും ചിരിക്കുന്നു) കടപ്പാട് : *രമണധ്യാനം*

No comments:

Post a Comment