Wednesday, March 22, 2023

നമ്മുടെ കൈകളിലുള്ളതൊന്നും ലാഭമല്ല. ഉള്ളിലുള്ള ശാന്തി മാത്രമാണ് ജന്മലാഭം. ശരീരം ഉപകരണമാണ്. എന്നാൽ ജീവിതത്തിൽ ഉടനീളം ഇതിൻറെ ഉപയോഗം നാം തിരിച്ചറിയാതെ പോയാലോ? ശരീരം നശിക്കുന്നതുവരെ നാം ലാഭനഷ്ടം കണക്കാക്കി ജീവിക്കുന്നു. ഒടുവിൽ ജന്മശിഷ്ടം എന്താണെന്നോ? ലാഭമായി കരുതിയിരുന്ന സമ്പത്തൊക്കെ നഷ്ടപ്പെടുന്നതായി കാണുന്നു. എല്ലാ കണക്കും പൂജ്യത്തിൽ അവസാനിക്കുന്നു. നിരാശയോടെ എല്ലാ കണക്കും വീണ്ടും കണക്കാക്കേണ്ടിവരുന്നു. ഈ ലാഭനഷ്ടങ്ങൾ ജീവൻറെ ബോധതലത്തിലെ അറിവാണ്. ഭൗതികമായ ലാഭം നോക്കിയാൽ ജന്മശിഷ്ടം എപ്പോഴും നഷ്ടം മാത്രമായിരിക്കും. ആന്തരികമായ ലാഭം നോക്കിയാൽ ശരീരമാകുന്ന ഈ ഉപകരണത്തിന് നമ്മെ സഹായിക്കാൻ സാധിക്കും. ആരെയും ദ്രോഹിക്കാതെ സ്വന്തം സുഖം കണ്ടെത്തുന്നുവെങ്കിൽ അതാണ് ആന്തരികമായ ലാഭം. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കുന്നവർക്ക് ജീവിച്ചിരിക്കുമ്പോഴും ശാന്തിയുണ്ട് മരണസമയത്തും ശാന്തിയുണ്ട്. അതുകൊണ്ടാണ് അത് ആന്തരിക ലാഭമായിവരുന്നത്. ഭൗതികലാഭമെല്ലാം പുറമേയ്ക്ക് കൊള്ളാമെങ്കിലും അകമേയ്ക്ക് അവ നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം. നാം വീട്ടുകാർക്കു വേണ്ടി മാത്രമല്ല സമൂഹത്തിനു വേണ്ടിക്കൂടിയാണ് അധ്വാനിക്കുന്നത് എന്നു കേൾക്കുമ്പോൾ അതെന്തിന് എന്നു തോന്നുമോ? അച്ഛനമ്മമാരെയോ മുത്തച്ഛനെയോ മുത്തശ്ശിയെയോ സഹോദരങ്ങളെയോ നാം പരിപാലിക്കുന്നു. അവർക്കു വേണ്ടി ചെലവാക്കാൻ സമയവും ധനവും ആരോഗ്യവും നമുക്കുണ്ട്. അതൊന്നും നഷ്ടമായി തോന്നുകയില്ല. എന്നാൽ സമൂഹത്തിനു വേണ്ടി അതേ ഭാവത്തിൽ സഹായം ചെയ്യാൻ കഴിയാത്തത്? സമൂഹം നമ്മെ ഇങ്ങോട്ട് സഹായിച്ചില്ല എന്നാണോ? സമൂഹത്തെ സഹായിക്കാനുള്ള ബാദ്ധ്യത നമുക്കില്ല എന്നാണോ? എങ്കിൽ നമ്മുടെ കണക്കുകൂട്ടൽ തെറ്റി. നാം ജന്മനാ തന്നെ പലരോടും കടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കടംവീട്ടലാണ് ഈ ജന്മം കൊണ്ട് നാം സാധിക്കുന്നത്. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ നാം വഴിയിലോ ഓഫീസിലോ തലചുറ്റി വീണാൽ ആരാണ് ആശുപത്രിയിൽ എത്തിക്കുന്നത്? സമൂഹമാണ്. നമ്മൾ കുഞ്ഞായിരുന്നപ്പോൾ മുതൽ ഇത്തരത്തിൽ സമൂഹത്തിൻറെ കൂടി സഹായം കൊണ്ടാണ് ജീവിച്ചുപോന്നത്. ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ പുറത്തേയ്ക്ക് പറഞ്ഞുവിടുമ്പോഴും അവരെ നാട്ടുകാരും വഴിയാത്രക്കാരും കൂട്ടുകാരും അദ്ധ്യാപകരും എല്ലാം സഹായിക്കുന്നുണ്ട്. ശുദ്ധവായു കൊടുത്ത് പ്രകൃതിയും ശുദ്ധജലം കൊടുത്ത് ഭൂമിയും സഹായിക്കുന്നുണ്ട്. ഇങ്ങനെ ജീവിക്കുന്ന നാം വളർന്ന് വലിയ ജോലിയും വലിയ വരുമാനവുമായി ജീവിക്കുമ്പോൾ കുടുംബത്തെ മാത്രം പരിപാലിച്ചാൽ മതിയോ? നമ്മെ നിലനിർത്തുന്ന മറ്റു ധർമ്മങ്ങളോ? നാം ഒറ്റയ്ക്കല്ല നിലനിന്നതും നിലനിൽക്കുന്നതും. ഈ തിരിച്ചറിവ് ധർമ്മബോധമാണ്. നമ്മെ ആരൊക്കെ പരിപാലിച്ചുവോ അവരെയെല്ലാം നമ്മൾ തിരിച്ചും പരിപാലിക്കണം. നമ്മുടെ അച്‌ഛനമ്മമാരോളം പ്രാധാന്യം സമൂഹത്തിനും പ്രകൃതിക്കും ജീവജാലങ്ങൾക്കും ഉണ്ട്. ഈ ജീവിതത്തിൽ നമുക്ക് ലാഭനഷ്ടം കണക്കാൻ കഴിയില്ല. എല്ലാം അങ്ങോട്ട് കൊടുക്കാനേയുള്ളൂ. അങ്ങനെ കരുതുന്നതാണ് ആന്തരികമായ ലാഭം. അത് ശാന്തിയാണ്. അധ്വാനത്തിൽ ഒരു പങ്ക് എടുത്ത് വീട്ടുകാരോടുള്ള കടം തീർക്കുന്നതുപോലെ ഒരു പങ്കെടുത്ത് സമൂഹത്തോടുള്ള കടവും നാം തീർക്കണം. പ്രകൃതിയെയും തീർത്ഥങ്ങളെയും ജീവജാലങ്ങളെയും പരിപാലിച്ചുകൊണ്ട് ആ കടവും വീട്ടണം. ഇത്തരമൊരു ധർമ്മബോധത്തോടെ ജീവിക്കുമ്പോൾ ഈ ശരീരം എന്നത് ധർമ്മസാധനമാണ് എന്ന് മനസ്സിലാകും. ഉപകരണത്തിൻറെ ഉപയോഗം മനസ്സിലാകുമ്പോഴാണ് അതുകൊണ്ടുള്ള സാദ്ധ്യം എന്താണെന്നത് മുന്നിൽ തെളിയുന്നത്. ധർമ്മത്തിനു വേണ്ടി ശരീരത്തെ ഉപയോഗിക്കുന്ന ജീവന് അന്തരംഗശുദ്ധിയുണ്ടാകുന്നു. അങ്ങനെ ഈശ്വരദർശനവും തുടർന്ന് ആത്മസാക്ഷാൽക്കാരവും സിദ്ധിക്കും. എന്തായാലും ഈ ശരീരംകൊണ്ട് ഈ ലോകത്തിൽ നിന്ന് നാം ലാഭമെന്നു കരുതി നേടുന്ന ധനാദികളോ ബന്ധങ്ങളോ കൊണ്ടു പോകാൻ സാധിക്കില്ലതന്നെ. കൊണ്ടു പോകാൻ കഴിയാത്തതൊന്നും വിവേകികൾ ലാഭമായി കണക്കാക്കാറില്ല. ഇത്രയും നാൾ ജീവിച്ചല്ലോ? ഉള്ളിൽ ശാന്തിയാണോ അശാന്തിയാണോ എന്നു നോക്കണം. ശാന്തിയാണെങ്കിൽ ഇതുവരെയുള്ള ജീവിതം പരപീഡ ചെയ്യാതെ കഴിച്ചു എന്നു സാരം. അത് ലാഭമാണ്. അശാന്തിയാണെങ്കിൽ ആരോടൊക്കെയോ പകയും വിദ്വേഷവും ഉണ്ടെന്നും എന്തിനോടൊക്കെയോ നിരാശയുണ്ടെന്നുമാണ് അർത്ഥം. അത് നഷ്ടബോധമാണ്. മരണശേഷമല്ല ശാന്തി സിദ്ധിക്കേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അത് അനുഭവത്തിൽ വരേണ്ടതുണ്ട്. ബാക്കിയെല്ലാം എണ്ണിത്തിട്ടപ്പെടുത്തുന്ന ഭൗതിക ലാഭങ്ങളായിരിക്കുന്നു. മുന്നിലെന്തൊക്കെ ഉണ്ട് എന്ന എണ്ണത്തിൽപ്പെടാത്ത ലാഭനഷ്ടങ്ങളാണ് ഉള്ളിലെ ശാന്തിക്കും അശാന്തിക്കും കാരണമായ കണക്ക്. നമുക്ക് എത്ര ഭൗതികസമ്പത്ത് ഉണ്ട് എന്നതേ ലോകം കാണുന്നുള്ളൂ. അത് നാം എങ്ങനെ സമ്പാദിച്ചു എന്നത് നമ്മുടെ ഉള്ളിലെ അറിവാണ്. ആ അറിവിനനുസരിച്ചാണ് ഉള്ളിലെ ശാന്തിയും അശാന്തിയും!!! യഥാർത്ഥ ജന്മസമ്പത്ത് അതാണല്ലോ? അതിനാൽ നഷ്ടബോധം കൂടാതെ സമൂഹത്തെയും പ്രകൃതിയെയും ജീവജാലങ്ങളെയും സഹായിക്കേണ്ടതുണ്ട്. നാം നട്ടുവളർത്തിയ മരത്തിനു കീഴെ അടുത്തൊരു ജന്മം നാംതന്നെ വന്നു തണൽകൊണ്ടെന്നു വരും. നാം സഹായിക്കുന്ന നാട്ടുകാർ നമ്മുടെ കുഞ്ഞിനെ സഹായിച്ചെന്നു വരും. നാം സഹായിക്കുന്ന സമൂഹം കുട്ടിക്കാലത്ത് നമ്മെ സഹായിച്ചിട്ടുണ്ട്. ആരുടെയും മുഖം ഓർമ്മിക്കേണ്ടതില്ല. ആർക്കാണോ നമ്മുടെ സഹായം ആവശ്യമുള്ളത് അത് നമുക്ക് കഴിയുന്നതാണെങ്കിൽ കൊടുക്കുക. ഒന്നും നഷ്ടമാകുന്നില്ല. എല്ലാം കടംവീട്ടൽതന്നെയാണ്. നമ്മെ സഹായിക്കേണ്ടവർ നമ്മെയും സഹായിക്കും. കണക്കുനോക്കി സമൂഹത്തിന് അല്പമാത്രം കൊടുക്കുന്നത് ലോഭം കൊണ്ടാണ്. കണക്കു നോക്കി സമൂഹത്തിൽ നിന്ന് കൂടുതൽ ലാഭം ഇങ്ങോട്ട് എടുക്കുന്നതും ലോഭം. കണക്കില്ലാതെ കൊടുക്കുന്നത് ത്യാഗം. അത് സ്നേഹംകൊണ്ടോ ഭക്തികൊണ്ടോ ജ്ഞാനംകൊണ്ടോ അല്ലാതെ സാധിക്കുകയുമില്ല. ശാന്തി തേടിയുള്ള എല്ലാ ദുഃഖ പരിഹാരക്രിയകളും ഇത്തരത്തിലുള്ള പരോപകാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോഭം കൂടാതെ കൊടുക്കുന്നത് ഒരിക്കലും ഒരു കുറവല്ല. ലോഭത്തോടെ എടുക്കുന്നതും ലോഭത്തോടെ കൊടുത്താതെ വയ്ക്കുന്നതും ആണ് കുറവ്. ആ കുറവിൽ നിന്നാണ് നമ്മുടെ ഉള്ളിൽ അശാന്തി പടരുന്നത്. ഇത് മനുഷ്യശരീരത്തിൻറെ ഉപകരണധർമ്മം എന്ന നിലയ്ക്കുള്ള കാര്യങ്ങളാണ്. ഈ ശരീരത്തിൻറെ ധർമ്മം ഇതാണ്. അഗ്നിയുടെ ധർമ്മം ചൂടും പ്രകാശവുമാണ്. എന്നതുപോലെ ശരീരത്തിൻറെ ധർമ്മം ഇതാണ്. നാം ശരീരംകൊണ്ട് സമൂഹത്തെയും ഗുരുജനങ്ങളെയും പ്രകൃതിയെയും ജീവജാലങ്ങളെയും സഹായിക്കുമ്പോൾ ഉള്ളിൽ ശാന്തിയുണ്ടാകും. അല്ലെങ്കിൽ ഇല്ല. എന്തെന്നാൽ ഈ ഉപകരണധർമ്മം അനുസരിച്ച് അന്തക്കരണത്തിന് ശക്തി കൂടുതലാണ്. അതിനാൽ ഉള്ളിലെ അറിവിനനുസരിച്ചാണ് ശാന്തിയും അശാന്തിയും അനുഭവത്തിൽ വരുന്നത്. ശരീരം കൊണ്ട് എത്ര നേടി എന്നതിൽ കാര്യമില്ല. ഉള്ളിൽ എന്ത് ചിന്തിക്കുന്നു എന്ന അന്തക്കരണധർമ്മത്തിലാണ് മനുഷ്യരുടെ സുഖത്തിനും ദുഃഖത്തിനും കാരണം ഇരിക്കുന്നത്. ഉപകരണധർമ്മം അറിഞ്ഞ് ഉപയോഗിക്കുമ്പോൾ ജീവിതം ധർമ്മമാർഗ്ഗവും ശരീരം ധർമ്മസാധനവും ആണെന്നു വരുന്നു. ഫലമാകട്ടെ അന്തരംഗശുദ്ധിയും ശാന്തിയും!!! കൈകളിലുള്ളതൊന്നും ലാഭമല്ല. ഉള്ളിലുള്ള ശാന്തി മാത്രമാണ് ജന്മലാഭം. ഓം

No comments:

Post a Comment