Tuesday, March 28, 2023

ഇത് സാധകരായ ജനത്തിനു വേണ്ടിയുള്ള അനുഭവസൂചനയാണ്! ബുദ്ധിയെയും മനസ്സിനെയും ചിന്തയെയും ആത്മവിഷയത്തിൽ ഏകാഗ്രപ്പെടുത്തുക. ഫലം അത്രയും വേഗം സിദ്ധിക്കുന്നു. ലോകവിവാദവിഷയങ്ങളിൽ നമുക്ക് ഏതെങ്കിലും ഒരുവിഭാഗം പറയുന്നത് പ്രമാണം ആയിരിക്കുന്നത് അത് സത്യമായതുകൊണ്ടല്ല, അങ്ങനെ വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം എന്നുള്ളതുകൊണ്ടാണ്. സത്യാന്വേഷിയായ ഒരു സാധകനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അപകടം ഇതാണ്- ഇത്തരം ലോകവിവാദങ്ങളിലെ ഏതെങ്കിലും ഒരു പക്ഷം പിടിച്ച് വാദിക്കുന്ന ജന്മസംസ്ക്കാരമാകുന്ന മമതയ്ക്ക് കീഴ്പ്പെട്ടുപോകാതിരിക്കുക. ഒരു സാധകൻ നിത്യാനിത്യവിവേകവിചാരം ചെയ്യുന്നയാളായിരിക്കണം. ലോകവിവാദങ്ങളെല്ലാം അനിത്യമായ ജഡവിഷയസംബന്ധിയാണ്. അതിനാൽ ലോകവിവാദങ്ങളെന്താണെന്നും ആത്മവിചാരം എന്താണെന്നും വേർതിരിച്ച് അറിഞ്ഞ് ആത്മചൈതന്യത്തിൽ ധാരണയുറപ്പിക്കുവാനാണ് സാധകൻ ശ്രദ്ധിക്കേണ്ടത്. അനാത്മവിഷയങ്ങളിലേയ്ക്ക് പോകുന്ന ബുദ്ധിയുടെ പൂർവ്വ സംസ്കാരത്തെ ആത്മവിചാരത്തിലേയ്ക്ക് തിരികെ എത്തിക്കുവാൻ സഹായിക്കുന്നത് ആരാണോ അവരാണ് നമുക്ക് ഗുരുവായിരുന്നരുളുന്നത്. ലോകവിവാദങ്ങൾ ജഡസംബന്ധിയായ മമതയിൽ നിന്ന് ഉടലെടുക്കുന്നതാകയാൽ അതൊരുകാലത്തും തീർപ്പു കല്പിക്കപ്പെടുകയില്ല. അത് പരമ്പരാസിദ്ധമായി ജഡവിഷയസംബന്ധിയായി തുടരുന്നു. ലോകവിവാദങ്ങളിൽ ഒരു പക്ഷംപിടിച്ച് വാദിക്കാൻ തുനിയുമ്പോൾ നാം ഇത്തരം ജഡസംസ്കാരത്തിലെ കാലചക്രഭ്രമത്തിൽപ്പെട്ടുപോകുന്നു. ചിന്ത എന്നത് സംസ്കാരത്തിൽ നിന്നുടലെടുക്കുന്നതാണ്. നമ്മുടെ ചിന്തയ്ക്ക് വിഷയമായത് നമ്മുടെ പ്രാരബ്ധവിഷയമായിരിക്കും. പ്രാരബ്ധങ്ങൾ ഒടുങ്ങുന്നതുവരെ ആത്മവിചാരത്തിൽ ശ്രദ്ധ ഉറയ്ക്കുകയുമില്ല. മന്ത്രങ്ങളും ഉപാസനയും തീർത്ഥയാത്രകളുമെല്ലാം അനാത്മവിഷയങ്ങളിൽപ്പെട്ട് ചിന്തിച്ചുവലയുന്ന ബുദ്ധിക്ക് ആത്മവിഷയത്തിൽ ധാരണ ഉറയ്ക്കുവാനാണ് സഹായിക്കേണ്ടത്. മറ്റൊന്നുമല്ല മന്ത്രസിദ്ധികൊണ്ട് ഉദ്ദേശിക്കുന്നത്. മന്ത്രത്തിനോ ദേവതയ്ക്കോ ഗുരുവിനോ സത്യം കാണിച്ചു തരാൻ സാധിക്കില്ല. എന്നാൽ അസത്യമായതിൽ നിന്ന് നമ്മുടെ ശ്രദ്ധയെ മാറ്റുവാൻ സഹായിക്കും. നാം രണ്ടിലൊരു പരമ്പരയിൽപ്പെട്ടിരിക്കുന്നു. ഒന്നുകിൽ ജഡവിഷയമായ ഈ ലോകവിവാദങ്ങളിൽ ബുദ്ധി ഭ്രമിച്ചിരിക്കുന്ന സംസ്ക്കാരത്തിൽ. അല്ലെങ്കിൽ അനാത്മവിഷയങ്ങളുടെ പരമ്പരാസിദ്ധമായ വിവാദങ്ങളിൽ നിന്നകന്ന് ആത്മവിഷയത്തിൽ ഏകാഗ്രപ്പെടുന്ന ഗുരുപരമ്പരയിൽ. ആത്മാന്വേഷിയായ സാധകൻ ഈ രണ്ടു പരമ്പരകളെ കുറിച്ചും വിവേകവിചാരം ചെയ്തറിഞ്ഞിരിക്കേണ്ടതുണ്ട്. അനാത്മവിഷയങ്ങളുടെ ചർച്ചയും വിചാരവും നടക്കുന്നിടത്ത് ഗുരുപരമ്പരാസിദ്ധമായ സത്സംഗമുണ്ടാകില്ല, കലഹവും ഭിന്നതയുമേ ഉണ്ടാകുകയുള്ളൂ. അഖണ്ഡമായ ആത്മവിചാരം ഉള്ളിടത്ത് സത്സംഗം ചെയ്യുന്നതിൽ ശ്രദ്ധയുണ്ടാകണം. krishnakumar

No comments:

Post a Comment