Monday, April 24, 2023

🌸ഭാരതത്തിലെ മഹർഷിമാർ -63 🌸പതഞ്ജലി മഹർഷി ഐതീഹ്യം അനുസരിച്ച്‌ അത്രി എന്ന് പേരായ മഹർഷിക്ക്‌ പത്നിയായ അനസൂയയിൽ ഉണ്ടായ പുത്രനാണ്‌ പതഞ്ജലി. പുരാതന അയോദ്ധ്യയുടെ അടുത്തുള്ള "ഗൊണാർദ" ഇപ്പോഴത്തെ "ഗോണ്ട" എന്ന സ്ഥലത്ത്‌ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു. പതഞ്ജലിയുടെ യോഗസൂത്രത്തിന്‌ ഭാഷ്യം രചിച്ച മാർത്താണ്ടന്റെ വാക്കുക്കൾ ഇങ്ങനെ "യോഗയിലൂടെ മനസിനെയും, വ്യാകരണത്തിലൂടെ ഭാഷയെയും, ആയുർവേദത്തിലൂടെ ശരീരത്തെയും, ശുദ്ധീകരിച്ച മഹർഷേ അങ്ങേക്ക്‌ എന്റെ നമസ്കാരം" പതഞ്ജലിയുടെ യോഗസൂത്രം, സംസ്കൃത ഭാഷയുടെ വ്യാകരണം വിവരിക്കുന്ന മഹാഭാഷ്യം, ആയുർവേദത്തെകുറിച്ച്‌ വിവരിക്കുന്ന "ചരകപ്രതിസംകൃത" തുടങ്ങിയ നിർമിതികൾ വിവിധ തലങ്ങളിലുള്ള അദ്ദേഹത്തിന്റെ പാണ്ടിത്യം സൂചിപിക്കുന്നു. പാണിനി, ചരകൻ തുടങ്ങിവരെ പിൻപറ്റി 2200 വർഷങ്ങൾക്ക്‌ മുൻപ്‌ ആണ്‌ പതഞ്ജലി ജീവിച്ചിരുന്നത്‌. ആദിശേഷൻ/ അനന്തൻ എന്ന നാഗരാജാവിന്റെ അവതാരമായും പതഞ്ജലി മഹർഷിയെ കാണുന്നവരുണ്ട്‌. പതഞ്ജലി യോഗസൂത്രം. ആദിയോഗിയായ ശിവനിൽനിന്നും സപ്തർഷിമാർ കാന്തിസരോവർ തീരത്ത്‌ ഗുരുപൂർണ്ണിമാ ദിനത്തിൽ യോഗം അഭ്യസിക്കാൻ തുടങ്ങി എന്നും പിന്നീട്‌ 7 തരത്തിലുള്ള യോഗാരീതികളായി ഇത്‌ പരിണമിച്ചു എന്നും വിശ്വസിക്കുന്നു. നാലുഭാഗങ്ങിളിലായി തരംതിരിച്ച്‌ 196 തത്വങ്ങൾ/രീതികൾ മനോഹരമായി ചിട്ടപെടുത്തിയിരിക്കുന്നു പതഞ്ജലീ യോഗസൂത്രത്തിൽ. 1) സമാദി പദ - 51 സൂത്രങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ മനസിന്റെ ആഴത്തിലേക്കിറങ്ങി സമാധി അവസ്ഥയിൽ എത്തുന്നതിനെ കുറിച്ചുപറയുന്നു. 2) സാധനാ പദ - 55 സൂത്രങ്ങളുള്ള ഈ വിഭാഗം പ്രയോഗിക യോഗായെ രണ്ട്‌ ഉപവിഭാഗങ്ങളായി ക്രിയാ യോഗ , അഷ്ടാംഗയോഗ എന്ന രീതിയിൽ വിവരിക്കുന്നു. 3) വിഭൂതി പദ - 56 സൂത്രങ്ങളിലൂടെ സിദ്ധി/അതിന്ദ്രീയ ശക്തികൾ പ്രാപിക്കുന്നതിനായി യോഗയെ ഉപയോഗിക്കുന്ന വിവരണങ്ങൾ. 4) കൈവല്യ പദ - 34 സൂത്രങ്ങളിലൂടെ പരമമായ മോക്ഷം പ്രാപിക്കുന്ന വിദ്യയെകുറിച്ച്‌ പറയുന്നു. സമീപകാലത്ത്‌ കണ്ടുവരുന്ന ആസന, പ്രണായാമ, സുദർശ്ശനക്രീയകളെല്ലാം ഈ യോഗസൂത്രത്തെ അടിസ്ഥാനപെടുത്തി രൂപീകരിച്ചതാണ്‌. ആസ്ഥിക പ്രമാണരീതിയായ സാഖ്യ സബ്രദായം ആണ്‌ പതഞ്ജലീ യോഗസൂത്രത്തിൽ കാണാൻ കഴിയുന്നത്‌. മഹാഭാഷ്യം സംസ്കൃത ഭാഷയെകുറിച്ച്‌ അതിന്റെ വ്യാകണത്തെകുറിച്ചും ഉച്ചാരണത്തെകുറിച്ചും, ശബ്ദവും അക്ഷരരൂപീകരണവും തമ്മിലുള്ള ബന്ധത്തെപറ്റിയും ആഴത്തിൽ പരാമർശ്ശിക്കുന്ന ഈ ഗ്രന്ഥം പാണിനി, കത്യായൻ തുടങ്ങിയ സംസ്കൃത പണ്ടിതന്മാരുടെ രചനകളുടെ വെളിച്ചത്തിൽ ആണ്‌ നിർമ്മിച്ചിരിക്കുന്നത്‌. ആയുർവേദത്തെകുറിച്ച്‌ പതഞ്ജലി എഴുതിയ ചരകപ്രതിസംകൃത എന്ന ഗ്രന്ഥത്തെകുറിച്ച്‌ മറ്റുഗ്രന്ഥങ്ങളിൽ പരാമർശ്ശം ഉണ്ടെങ്കിലും ഇത്‌ നഷ്ടപെട്ടുപോയി. പതഞ്ജലിയെ മഹര്‍ഷി ആദിശേഷന്റെ (മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പം) അവതാരമായാണ് പറയപ്പെടുന്നത്. അദ്ദേഹമാണ് യോഗസൂത്രം രചിച്ചത്. പതഞ്ജലി മഹര്‍ഷിയുടെ ചരിത്രം ഇതിഹാസങ്ങള്‍ പോലെ അതിശയം നിറഞ്ഞതാണ്. ഒരിക്കല്‍ ശിവന്റെ നൃത്തം കണ്ടുകൊണ്ടിരുന്ന ആദിശേഷന് മഹാവിഷ്ണുവിന്റെ ഭാരം താങ്ങുന്നതിന് വളരെയധികം പ്രയാസം തോന്നി. അത്ഭുതത്തോടുകൂടി ആദിശേഷന്‍ മഹാവിഷ്ണുവിനോട് ഇതിന്റെ കാരണം അന്വേഷിച്ചു. മഹാവിഷ്ണു പറഞ്ഞു ശിവന്റെ യോഗശക്തിയുമായി തന്റ ലയനമാണ് ഇതിന്റെ കാരണമെന്ന് പറഞ്ഞു. അങ്ങനെ യോഗ പരിശീലിക്കുന്നതിന്റെ പ്രയോജനങ്ങളും പ്രാധാന്യവും മനസിലാക്കിയ ആദിശേഷൻ മനുഷ്യരെ യോഗ പഠിപ്പിക്കുന്നതിനായി പതഞ്ജലി എന്ന പേരില്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രമാണ് യോഗയുടെ അടിസ്ഥാനം. യോഗയുടെ പിതാവ് ആയി അറിയപ്പെടുന്നത് പതഞ്ജലി മഹര്‍ഷിയാണ്, യോഗസൂത്രം 195 സൂത്രങ്ങളായാണ് രചിച്ചിരിക്കുന്നത്. ആരോഗ്യപൂര്‍ണ്ണമായ ധാര്‍മ്മികജീവിതം നയിക്കണമെങ്കില്‍ നിത്യവും യോഗ അഭ്യസിക്കേണ്ടത് അത്യാവശ്യമാണ്. പതഞ്ജലിയുടെ യോഗസൂത്രത്തില്‍ എട്ട് ശാഖകളാണുള്ളത്. ഇതിനെ അഷ്ടാംഗയോഗം എന്നും പറയുന്നു. വളരെ പണ്ട്‌ ധന്വന്തരി എന്നൊരു മഹര്‍ഷി വര്യനുണ്ടായിരുന്നു. അദ്ദേഹമാണ്‌ ആയൂര്‍വ്വേദത്തിന്റെ ആചാര്യന്‍. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ രോഗങ്ങള്‍ക്ക്‌ ശാന്തി ലഭിച്ചിരുന്നു. അതുപോലെ ഔഷധ ചെടികളും സുലഭമായിരുന്നു. കാലങ്ങള്‍ കടന്നുപോയി. ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസീക രോഗങ്ങള്‍ വന്നു തുടങ്ങി. കൂടാതെ ശാരീരിക രോഗങ്ങളും വര്‍ദ്ധിച്ചു. ഔഷധ ചെടികളുടെ ലഭ്യതയും വളരെ കുറഞ്ഞു. അങ്ങിനെ കാലാകാലങ്ങളില്‍ ഔഷധ ചെടികള്‍ ലഭിക്കാതെയായി. അപ്പോള്‍ ഭൂമിയിലെ ശ്രേഷ്‌ഠ മഹര്‍ഷിമാര്‍ ഒന്നടക്കം വിഷ്‌ണു ഭഗവാനെ ചെന്നു കണ്ടു ഇക്കാര്യം ഉണര്‍ത്തിച്ചു. ഭഗവാന്‍ വിഷ്‌ണു ആദിശേഷനെ ഒന്നു നോക്കി പുഞ്ചിരിച്ചു. ആയിരം തലയുള്ള ഒരു സര്‍പ്പമാണ്‌ ആദിശേഷന്‍. ജാഗ്രതയുടെ പ്രതീകമായീട്ടാണ്‌ ആയിരം തല സങ്കല്‍പ്പിച്ചിട്ടുള്ളത്‌. അങ്ങിനെ ആദിശേഷന്‍ പതഞ്‌ജലി മഹര്‍ഷി ആയി ഭൂമിയില്‍ ജന്മമെടുത്തു. പത എന്നാല്‍ തുള്ളി എന്നും, അഞ്‌ജലി എന്നാല്‍ സമര്‍പ്പിക്കപ്പെട്ട എന്നും അര്‍ത്ഥമാകുന്നു. അങ്ങിനെ മഹര്‍ഷി തന്റെ വിദ്യ ശിഷ്യന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ തീരുമാനിച്ച്‌ ശിഷ്യന്മാരെ അന്വേഷിച്ച്‌ ഇറങ്ങി. അദ്ദേഹത്തിന്‌ ഒരു നിര്‍ബന്ധം ഉണ്ടായിരുന്നു. ആയിരം പേരില്ലാതെ തന്റെ വിദ്യ ആര്‍ക്കും പകര്‍ന്നു കൊടുക്കുകയില്ലാ എന്നായിരുന്നു. ആയിരം ശിഷ്യന്മാരോടു കൂടി അദ്ദേഹം വിന്ധ്യാ പര്‍വ്വത നിരയില്‍ എത്തി. വിദ്യാ പകര്‍ന്നു കൊടുക്കുന്നതിനു മുമ്പ്‌ തനിക്കും ശിഷ്യന്മാര്‍ക്കും ഇടയിലായി ഒരു തിരശ്ശീല കൊണ്ടു മറച്ചിരുന്നു. ഗുരുവിനും ശിഷ്യന്മാര്‍ക്കും തമ്മില്‍ പരസ്‌പരം കാണുവാന്‍ സധിക്കാതെയായി. മഹര്‍ഷി വിദ്യാ പകര്‍ന്നു കൊടുക്കുവാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ ഒരു ശിഷ്യന്‍ പുറത്തേക്കു പോയി. എന്നാല്‍ മറ്റു ശിഷ്യന്മാരകട്ടെ ഗുരു തിരശ്ശീലക്കപ്പുറത്ത്‌ എന്താണ്‌ ചെയ്യുന്നത്‌ എന്നറിയുവാനായി തിരശ്ശീല ഉയര്‍ത്തി നോക്കി. ഇതു കണ്ട ഗുരു 999 ശിഷ്യന്മാരേയും ഭസ്‌മമാകട്ടെ എന്ന്‌ ശപിച്ചു. അപ്രകാരം സംഭവിക്കുകയും ചെയ്‌തു. കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു പോയ ശിഷ്യന്‍ തിരിച്ചു വന്നു. അപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ശിഷ്യന്‍ ഭയന്നു. അയാള്‍ ഗുരുവിനെ കണ്ട്‌ മാപ്പു പറഞ്ഞു. കോപാകുലനായ ഗുരു ശിഷ്യനെ ഒരു വേതാളമായി ഭവിക്കട്ടെ എന്ന്‌ ശപിച്ചു. വേതാളത്തിന്റെ മൂന്നു ചോദ്യങ്ങള്‍ക്ക്‌ ആര്‌, എന്ന്‌ ശരിയായ ഉത്തരം പറയുന്നുവോ അന്ന്‌ ശിഷ്യന്‌ ശാപമോക്ഷം ലഭിക്കും എന്ന്‌ പറഞ്ഞു. കാലങ്ങള്‍ കടന്നു പോയി. മരത്തില്‍ തൂങ്ങി കിടക്കുന്ന വേതാളത്തിന്റെ ചോദ്യങ്ങള്‍ക്ക്‌ ആരും ഉത്തരം പറഞ്ഞില്ല. ശിഷ്യന്റെ ഈ ദയനീയ അവസ്ഥ കണ്ട്‌ ഗുരുവിന്റെ മനസ്സലിഞ്ഞു. അദ്ദേഹം ഒരു ബ്രാഹ്മണനായി വേതാളത്തിന്റെ അടുത്തു വന്നു അയാളുടെ ചോദ്യത്തിനു മറുപടി നല്‍കി ശാപമോക്ഷം കൊടുത്തു. അവസാനം മഹര്‍ഷി ഏഴ്‌ രാവും ഏഴ്‌ പകലും ഉറക്കമിളച്ചിരുന്ന്‌ തന്റെ വിദ്യ മുഴുവനും ഇലകളിലായി എഴുതി തീര്‍ത്തു. ക്ഷീണിതാനായ അദ്ദേഹം കുളിക്കുവാനായി പുഴയിലേക്കു പോയി. ആപ്പോള്‍ താനെഴുതിയ ഇലകളെല്ലാം ഒരു ഭാണ്‌ഡ കെട്ടിലാക്കി പുഴയോരത്തു വെച്ചു. കുളിക്കുവാനായി അദ്ദേഹം പുഴയിലേക്ക്‌ ഇറങ്ങി. ഈ സമയത്ത്‌ ഒരു ആട്‌ വന്ന്‌ ഇലകള്‍ ഭക്ഷിക്കുവാന്‍ തുടങ്ങി. കുളി കഴിഞ്ഞ്‌ മടങ്ങി വന്ന മഹര്‍ഷി അവശേഷിച്ച ഇലകള്‍ കെട്ടി പെറുക്കി സ്ഥലം വിട്ടു. ഈ അവശേഷിച്ച ഇലകളിലെ കാര്യങ്ങളാണ്‌ ഇന്ന്‌ നമുക്ക്‌ ലഭ്യമായിട്ടുള്ള അഷ്‌ടാംഗ യോഗം.🌸🙏🏻 ശാന്തിസുരേഷ് 🙏🏻

No comments:

Post a Comment