Saturday, April 15, 2023

സഹൃദയരായ എല്ലാ സജ്ജനങ്ങൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ അർപ്പിച്ചുകൊള്ളുന്നു. മലയാളികളുടെ ഗൃഹാതരത്വം ഉണർത്തുന്ന ഒരു പ്രധാനപ്പെട്ട വിശേഷ ആഘോഷമാണ് മേടം ഒന്നിന് ആചരിക്കുന്ന വിഷു. വിഷു എന്ന സംസ്‌കൃത പദത്തിനർത്ഥം സമം അഥവാ തുല്യം എന്നാണ്. അതായത് രാത്രിയും പകലും തുല്യമായി വരുന്ന ദിവസം.സാധാരണ ഇതു മേടത്തിലും തുലാത്തിലും ആണ് വരുന്നത്. ഈ സമയത്തു സൂര്യൻ നേരേ ഭൂമദ്ധ്യ രേഖയിൽ ഉദിക്കും. വിഷ്ണുവിന് പ്രാധാന്യം ഉള്ളതുകൊണ്ട് വിഷു എന്നും പറയുന്നുണ്ട് . കേരളത്തിൽ ഈ വര്ഷം വിഷു വരുന്നത് മേടം ഒന്ന് അഥവാ ഏപ്രിൽ 15 നാണ് .സൂര്യൻ മീന രാശിയിൽ നിന്നും മേട രാശിയിലേക്ക് മാറുന്ന ദിവസം.ഈ ദിവസം എലാ നല്ല കാര്യങ്ങളും തുടങ്ങാൻ ഉത്തമ സമയമാണ്. കാരണം സൂര്യ ഭഗവാന്റെ അനുഗ്രഹം ധാരാളം ഉണ്ടാകും. സൂര്യൻ തന്റെ പ്രകാശം തന്നു അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. സൂര്യൻ ബുദ്ധിയുടെ ദേവനായിട്ടാണ് നമ്മൾ സങ്കല്പിച്ചിരിക്കുന്നതു. സന്ധ്യാവന്ദനത്തിൽ ഗായത്രീ മന്ത്രത്തിൽ കൂടി നമ്മൾ സൂര്യനോട് പ്രാർത്ഥിക്കുന്നത് അല്ലയോ സൂര്യ ഭഗവാനെ അങ്ങയുടെ പ്രകാശം ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നാണ്. ഈ പ്രപഞ്ചം നിലനില്കുന്നതു തന്നെ സൂര്യന്റെ പ്രഭാവം കൊണ്ടാണല്ലോ. മഴ പെയ്യുന്നതും സസ്യങ്ങൾ വളരുന്നതും സൂര്യന്റെ ശക്തി കൊണ്ടാണല്ലോ.വിഷു ദിവസം പഴം, പച്ചക്കറി, എന്നിവയുടെ വിളവെടുപ്പ് മഹോത്സവം കൂടിയാണ് . പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി വിഷു ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ കാർഷിക വൃത്തിയുടേയും തുടക്കം ഈ സമയത്തു ആരംഭിക്കാൻ നല്ലതാണു. ഭൂമിയുടെ പിറന്നാളാണ് വിഷു ദിവസം എന്നും സങ്കൽപം ഉണ്ട്. വിഷു എന്ന് കേൾക്കുമ്പോൾ നമ്മുടെ ഒക്കെ മനസ്സിൽ ആദ്യം ഓർമ്മ വരുന്നത് അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും മറ്റു മുതിർന്നവരും ഒക്കെ തരുന്ന കൈ നീട്ടമായി കിട്ടുന്ന പണത്തെ കുറിച്ചുള്ള മധുര സ്മരണകളാണ് .കൈനീട്ടം തരുന്നതിന്റെ മുൻപേ കണി കാണൽ എന്നൊരു ചടങ്ങുണ്ട്. തലേ ദിവസം വൈകിട്ടോ വിഷു ദിവസം രാവിലേയോ അച്ഛനമ്മമാർ ദേഹശുദ്ധി വരുത്തി പൂജാമുറിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെയോ പടത്തിന്റെയോ മുമ്പിൽ വിളക്ക് കൊളുത്തി ഒരു ഓട്ടു ഉരുളിയിൽ പച്ചക്കറികളും , പഴങ്ങളും കൊന്നപ്പൂക്കളും കൊണ്ട് അലങ്കരിച്ചു വച്ചിരിക്കും. വിഷു ദിവസം രാവിലെ കുട്ടികളെ എല്ലാം വിളിച്ചുണർത്തി കണ്ണ് തുറക്കരുതെന്ന് പറഞ്ഞു കണ്ണ് അടച്ചു പിടിച്ചു കൈ പിടിച്ചു കൂട്ടിക്കൊണ്ടു വന്നു പൂജാമുറിയിൽ വരുമ്പോൾ കണ്ണ് തുറന്നു കണി കാണാൻ പറയും. അതിന് ശേഷം ധനവും വസ്ത്രങ്ങളും തന്ന് കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഈ കണി കാണുമ്പോൾ മനസ്സിന് സന്തോഷവും ഉന്മേഷവും സമാധാനവും സംപ്ത്രിപ്തിയും ഉണ്ടായി നമുക്ക് ഒരു പ്രത്യേക അനുഭൂതിയിൽ എത്താൻ സാധിക്കും. പിന്നെ ആ ദിവസം വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. അച്ഛന്റെ കൈയിൽ നിന്ന് കിട്ടുന്ന വിഷു കൈനീട്ടത്തിനു ഒരു പ്രത്യേക ഐശ്യര്യമുണ്ട് . കുടുംബത്തിലെ മുതിർന്ന എല്ലാ പേരുടെ കൈയിൽ നിന്നും കൈനീട്ടം കിട്ടും. ധാരാള പണം കൈയിൽ കിട്ടുമ്പോൾ സന്തോഷത്തോടു കൂടി കുട്ടികൾ പല പദ്ധതികളും തയാറാക്കും. കളികളിൽ താല്പര്യം ഉള്ളവരാണെങ്കിൽ കളിക്കോപ്പുകൾ വാങ്ങുക സംഗീതത്തിൽ താല്പര്യം ഉള്ളവരാണെങ്കിൽ സംഗീതോപകരണങ്ങൾ വാങ്ങുക, സിനിമ കാണാൻ ഇഷ്ടമുള്ളവർ സിനിമ കാണുക ഇങ്ങനെ പലതും. പ്രായമായ പലരുടെയും മനസ്സിൽ ഈ മധുര സ്മരണകൾ ഉണ്ടാകുമല്ലോ . ഇനിയും എങ്ങനെ കണി ഒരുക്കാം എന്ന് കൂടി പറയാം. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയാണ് കണി ഒരുക്കുന്നത്. ആദ്യം ശ്രീകൃഷ്ണ വിഗ്രഹമോ പടമോ വൃത്തിയാക്കി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്ശനമാക്കി വക്കുക. .മുന്നിൽ ഒരു നിലവിളക്ക് അഞ്ചു തിരിയിട്ടു കത്തിച്ചു വക്കുക. .തേച്ചു കഴുകി തുടച്ചു വൃത്തിയാക്കിയ ഒട്ടു ഉരുളിയിൽ അരി, നെല്ല്, കോടിമുണ്ട് , സ്വർണം, വെള്ളി, വാൽക്കണ്ണാടി, ഗ്രന്ഥം, കണിവെള്ളരി, പഴുത്ത അടക്ക, വെറ്റില, കൺ മഷി , ചാന്ത് , സിന്ദൂരം, നാരങ്ങാ, ചക്ക, കൈതച്ചക്ക, മാങ്ങാ, തേങ്ങാ, കദളി പഴം, വിത്തുകൾ മുതലായവ വക്കുക. കണിക്കൊന്ന പൂവ് കൊണ്ട് ഇതെല്ലാം അലങ്കരിക്കണം. കദളിപ്പഴം കൃഷ്ണനും, ചക്ക ഗണപതിക്കും, മാങ്ങ സുബ്രഹ്മണ്യനും ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും. ഗ്രന്ഥം വിദ്യാ സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകൾ വയ്‌ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവു ചിലയിടങ്ങളിൽ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവയ്‌ക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്. കേരളത്തിന് വെളിയിൽ താമസിക്കുന്നവർ അവിടെ കിട്ടുന്ന കാർഷിക വിഭവങ്ങൾ വച്ചാൽ മതി. ഇങ്ങനെ കണി കാണുമ്പോൾ ഒരു പ്രത്യേക അനുഭൂതി ഉണ്ടാകും. പണ്ട് സ്വർണം വെള്ളി നാണയങ്ങൾ കൈനീട്ടം ആയി കൊടുക്കാറുണ്ടായിരുന്നു.ഇപ്പോൾ നാണയമായും രൂപയായും ആണ് കൊടുക്കുന്നത്. അയൽവക്കത്തു വരുന്ന കുട്ടികൾക്കും കൈനീട്ടം കൊടുക്കാറുണ്ട്. ഇതൊക്കെ നമ്മുടെ കുട്ടികൾ കാണുമ്പോൾ അവരിൽ ദയ, ദാനം, സ്നേഹം, സഹാനുഭൂതി, ഇനീ സദ്ഗുണങ്ങൾ ഉണ്ടാകും. അങ്ങനെ കുട്ടികളുടെ സ്വഭാവം നല്ലതായി തീരുന്നു, ഞാൻ എന്റെ എനിക്ക് എന്നുള്ള വിചാരം മാറി ഉള്ളതെല്ലാം നമുക്ക് എല്ലാപേർക്കും കൂടി ഉള്ളതാണെന്ന ഒരു മനോഭാവം കുട്ടികളിൽ വളർത്തി എടുക്കാനും കഴിയും. കാർഷിക കലണ്ടറിലെ വര്ഷാരംഭമായി വിഷു ദിവസം അറിയപ്പെടുന്നു. .ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിഷു. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഈ ദിവസം പല പേരിൽ ആചരിക്കുന്നു. തമിഴ് നാട്ടിൽ പുത്താണ്ടെന്നും, ആന്ധ്രായിലും കർണാടകയിലും ഉഗാദി എന്നും , ബീഹാറിലും ബംഗാളിലും ത്രിപുരയിലും ബൈശാഖി എന്നും ആസാമിൽ ബിഹു എന്ന പേരിലും ആഘോഷിക്കുന്നു. പ്രാദേശിക സമയവും കാലവും അനുസരിച്ചു മാസത്തിനും ദിവസത്തിനും ചില മാറ്റങ്ങൾ വരും. വീണ്ടുമൊരു വിഷു വരുമ്പോൾ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.ഇന്ന് ലോകം മുഴുവൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് വിഷ വാതകങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രകൃതി മലിനീകരണം. അത് കാരണം അനവധി രോഗങ്ങളും ഉണ്ടാകുന്നു. ഇതിന്റെ ഒക്കെ ദുരിതങ്ങൾ നമ്മൾ അനുഭവിക്കുക ആണല്ലോ. നമ്മുടെ ഋഷിമാരെല്ലാം പ്രകൃതിയുമായി ഇണങ്ങി വനത്തിലാണ് ജീവിച്ചത്. വേദവ്യാസനും വാല്മീകിയും എല്ലാം വനാന്തരീക്ഷത്തിൽ ഇരുന്നു തപസ്സ് ചെയ്താണ് എഴുതാനുള്ള പ്രചോദനം കിട്ടിയത്. ലോകത്തിലെ ആദ്യത്തെ കാവ്യമായ രാമായണത്തിലെ ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം മുഴുവൻ വനത്തെ പറ്റിയുള്ള സുന്ദര വിവരണമാണ്. മഹാഭാരതത്തിൽ വനപർവം ഭൂഗോളവർണന കൈലാസവര്ണന ഇവയിൽ എല്ലാം പൃകൃതിയെ മനോഹരമായി വിവരിക്കുന്നു. കൈ കൊണ്ട് കൊടുക്കുകയും കൈനീട്ടി വാങ്ങിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കൈനീട്ടം എന്ന പേര് വരാൻ കാരണം. പൊതുവെ വിഷു സദ്യക്ക് ചക്ക വിഭവങ്ങളാണ് പ്രധാനം. ചക്ക എരിശ്ശേരി, ചക്ക തോരൻ ചക്ക ഉപ്പേരി ചക്ക പായസം എന്നിങ്ങനെ. കണിപ്പൂവ് ഉണ്ടാകുന്ന കൊന്നക്ക് ആ പേര് വരൻ കാരണമായി പറയുന്നതു ശ്രീരാമൻ ബാലിയെ കൊന്നത് ഒരു മരത്തിന്റെ പുറകിൽ നിന്നാണ്. ആ മരത്തെ ബാലിവധത്തിനു ശേഷം എല്ലാപേരും കൊന്നമരം എന്ന് വിളിക്കാൻ തുടങ്ങി. ഇതു മരത്തിന് വലിയ വിഷമമായി. മരം വന്നു രാമനോട് സങ്കടം പറഞ്ഞു. രാമൻ പറഞ്ഞു വിഷമിക്കേണ്ട വിഷുക്കാലത്തു ധാരാളം മഞ്ഞ പൂക്കളുണ്ടാകുന്ന നല്ല മരമായി നിന്നെ എല്ലാപേരും സ്നേഹിക്കും എന്ന് അനുഗ്രഹിച്ചതായും ഒരു ഐതിഹ്യം ഉണ്ട്. ഗുരുവായൂരപ്പനും വിഷുവുമായി ഒരു കഥ ഉണ്ട്. ആദ്യം പൂന്താനം നമ്പൂതിരിഎഴുതിയ ഒരു ശ്ലോകം ചൊല്ലാം . എല്ലാവര്ക്കും അറിയാവുന്ന ശ്ലോകമാണ്. കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിര- മണിഞ്ഞുകാണേണം... ഭഗവാനേ! ഗുരുവായൂർ അമ്പലത്തിനു അടുത്തുള്ള ഒരു സാധു കുടുംബത്തിലെ കുട്ടിയുമായി ഭഗവാൻ സമയം കിട്ടുമ്പോഴൊക്കെ കളിക്കുമായിരുന്നു. ഒരു വിഷു ദിവസം കുട്ടി വിഷു കൈനീട്ടം കിട്ടാതെ വിഷമിക്കന്നത് കണ്ടപ്പോൾ ഭഗവാൻ തന്റെ അരഞ്ഞാണം കൂട്ടുകാരന് കൈനീട്ടം ആയി സമ്മാനിച്ചു സമാധാനിപ്പിച്ചു. കുട്ടി സന്തോഷമായി അരഞ്ഞാണവുമായി വീട്ടിലേക്കു പോയി. ശാന്തിക്കാരൻ അമ്പല നട തുറന്നപ്പോൾ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ അരഞ്ഞാണം കാണാനില്ല. കുട്ടി അമ്മയുടെ അടുത്തു വന്നു അരഞ്ഞാണം ഗുരുവായൂരപ്പൻ തന്നതാണെന്നു പറഞ്ഞു.അമ്മക്ക് അദ്‌ഭുതവും ഭയവും ഉണ്ടായി.'അമ്മ കുഞ്ഞിനെ അരഞ്ഞാണവുമായി അമ്പലത്തിൽ കൊണ്ട് വന്നു ക്ഷമിയ്ക്കണമെന്നു അപേക്ഷിച്ചു. കുട്ടി മോഷ്ടിച്ചതാണെന്ന് പലരും പറയാൻ തുടങ്ങി. കുട്ടി കൃഷ്ണാ എന്നെ രക്ഷിക്കണേ എന്ന് വിളിച്ചു പറഞ്ഞു കരഞ്ഞു. കൂട്ടുകാരൻ മാത്രം കേൾക്കത്തക്ക രീതിയിൽ കൃഷ്ണൻ പറഞ്ഞു അരഞ്ഞാണം അടുത്തു നിൽക്കുന്ന മരത്തിൽ കൊണ്ട് പോയി ഇടുക. കുട്ടി അതുപോലെ ചെയ്തു. ഉടനെ മരത്തിൽ നിറയെ മഞ്ഞ പൂക്കൾ ഉണ്ടായി. ശ്രീകോവിലിൽ നിന്ന് അശരീരിയും ഉണ്ടായി. കുട്ടി നിഷ്കളങ്കനാണ്. അരഞ്ഞാണം ഞാൻ കൊടുത്ത് തന്നെ.കുട്ടിക്കും അമ്മയ്ക്കും വളരെ സന്തോഷമായി.ഈ മരം കൊന്നമരമായും പൂക്കൾ കണിപ്പൂക്കളുമായി അറിയപ്പെട്ടു.. പണ്ട് വിഷു ദിവസത്തിൽ സൂര്യൻ ഉദിക്കുമ്പോൾ സൂര്യ രശ്മികൾ ഗുരുവായൂരപ്പന്റെ വിഗ്രഹത്തിൽ പതിക്കുമായിരുന്നു. ഇപ്പോൾ നടപ്പന്തലും, കെട്ടിടങ്ങളും ഒക്കെ വന്നത് കൊണ്ട് ഇത് കാണാറില്ല. മറ്റൊരു ഐതിഹ്യം പറയുന്നത് ശ്രീകൃഷ്ണൻ സത്യഭാമാ സഹിതനായി വന്നു നരകാസുരനെ വധിച്ചു തടവിൽ കഴിഞ്ഞ 16000 സ്ത്രീകളെ മോചിപ്പിച്ചു സ്വതന്ത്രരാക്കി വിവാഹം ചെയ്ത ദിവസവും വിഷുവായി ആഘോഷിക്കുന്നു. വേറൊരു ഐതിഹ്യം പറയുന്നത് ശ്രീരാമൻ സൂര്യനെ അനുഗ്രഹിച്ച കഥയാണ്. മേടമാസത്തിൽ ചൂട് വളരെ കൂടുത ആയിരിക്കുമല്ലോ. ശ്രീലങ്കയിൽ രാജാവായിരുന്ന രാവണൻ ദേവന്മാരെയെല്ലാം യുദ്ധത്തിൽ തോൽപ്പിച്ച് സർവ ലോകങ്ങളുടേയും രാജാവായി അഹങ്കാരത്തോടെ വിലസുന്ന കാലം . സൂര്യന്റെ ചൂട് കൂടി വന്നത് കൊണ്ട് രാവണന് സഹിച്ചില്ല . രാവണൻ സൂര്യനെ ശപിച്ചു.നിന്റെ പ്രകാശത്തിനു ശക്തി ഇല്ലാതായി പോകട്ടെ എന്ന്. സൂര്യനും സൂര്യനെ ആശ്രയിച്ചു കഴിയുന്ന മറ്റു ജീവ ജാലങ്ങൾക്കും എല്ലാം വളരെ സങ്കടമായി. ശ്രീരാമൻ ആദിത്യഹൃദയ മന്ത്രം ജപിച്ചു രാവണനെ വധിച്ച ശേഷമാണ് സൂര്യന് ശാപമോക്ഷം കൊടുക്കുന്നത്. അങ്ങനെ സൂര്യന്റെ പഴയ പ്രഭാവം എല്ലാം തിരിച്ചുകിട്ടി. വൃക്ഷങ്ങൾക്കും മറ്റു സസ്യ ജാലങ്ങൾക്കും വളരെ സന്തോഷമായി. എല്ലാവരും ശ്രീരാമനെ സ്തുതിച്ചു. ഈ ദിവസം വിഷു ആയി ആഘോഷിക്കുന്നു. ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിഷു . ഓണത്തെ പറ്റി ചില തെറ്റിദ്ധാരണകൾ നമ്മളുടെ ഇടയിൽ ഉണ്ട്. വാമന മൂർത്തിയും മഹാബലിയും കേരളത്തിൽ അല്ല ജനിച്ചത് .അത് നമ്മൾ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.ഭാഗവതത്തിലും വാമനപുരാണത്തിലും ഇതു ഭംഗിയായി വിവരിക്കുന്നുണ്ട്.. ഒരു വിഷ്ണു ഭക്തനായ അസുര ചക്രവർത്തിയാണ് മഹാബലി. അധികാരത്തിന്റെ അഹങ്കാരം കൊണ്ട് മഹാബലി ദേവന്മാരെ ഉപദ്രവിച്ചു .ദേവന്മാർ മഹാവിഷ്ണുവിന്റെ അടുത്ത് സങ്കടം പറഞ്ഞു; . ആ സമയം മഹാബലി മധ്യപ്രദേശിനെയും ഗുജറാത്തിനേയും പരിപോഷിപ്പിയ്ക്കുന്ന നദിയായ നര്‍മ്മദയുടെ തീരത്ത് സിദ്ധാശ്രമം എന്ന് പറയുന്ന വിശിഷ്ടമായ തപോഭൂമിയില്‍ ഒരു യാഗം നടത്തുകയായിരുന്നു. . അവിടേക്ക് വാമനാവതാരം സ്വീകരിച്ച് ഒരു ബാലന്റെ രൂപത്തില്‍ മഹാവിഷ്ണു ബലിയെ സമീപിച്ച് തനിയ്ക്ക് മൂന്നടി മണ്ണ് വേണമെന്ന് ആവശ്യപ്പെടുന്നു. വെറും മൂന്നടി മണ്ണല്ലേ അത് എവിടെ നിന്ന് വേണമെങ്കിലും അളന്നെടുക്കാമെന്നു അഹങ്കാരത്തോടെ നിസ്സംശയം ബലി വാഗ്ദാനം നല്‍കുന്നു. വാമനന്‍ തന്റെ വിശ്വ രൂപം സ്വീകരിയ്ക്കുകയും രണ്ടടികൊണ്ടുതന്നെ സകലലോകങ്ങളും അളന്നെടുത്തു. മൂന്നാമത്തെ അടി എവിടെ എന്ന ചോദ്യമുയര്‍ന്നപ്പോഴേയ്ക്കും ബലി വാമന മൂർത്തിയുടെ തിരിച്ചറിയുകയും തന്നിലുണ്ടായ അഹങ്കാരത്തെ വെടിയുകയും മഹാവിഷ്ണുവിന്റെ കാല്‍പാദങ്ങളില്‍ വീണു മാപ്പപേക്ഷിയ്ക്കുകയും ചെയ്യുന്നു. മഹാബലിയുടെ തികഞ്ഞ ഭക്തിയിലും, തിരിച്ചറിവിലും സംതൃപ്തനായ മഹാവിഷ്ണു ബലിയെ അനുഗ്രഹിയ്ക്കുകയും സുതലത്തിലേക്കു കൊണ്ടുപോകുകയും , അടുത്ത ഇന്ദ്രപദവി മഹാബലിയ്ക്ക് എന്ന വാഗ്ദാനം നല്‍കി സുതലത്തിനു കാവല്‍ നില്‍ക്കുകയും ചെയ്യുന്നു. വാമനമൂർത്തിയുടെ അവതാരം കഴിഞ്ഞാണ് കേരളം സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന പരുശുരാമൻ അവതരിച്ചത്.ഇതാണ് യഥാർത്ഥ വസ്തുത . മഹാബലിയും വാമനനും കേരളത്തിൽ ജനിച്ചിട്ടും ഇല്ല വന്നിട്ടും ഇല്ല . ഒരു കാര്യം കൂടി പറയാം. അനേക ജന്മങ്ങൾക്കു ശേഷം ആണ് നമുക്ക് മനുഷ്യജന്മം കിട്ടുന്നത് എന്ന് വേദങ്ങളും പുരാണങ്ങളും പറയുന്നു.. അതുകൊണ്ടു നമ്മുടെ സംസ്കാരം കാത്ത് സൂക്ഷിച്ചു ജീവിച്ചാൽ അടുത്ത ജന്മം നമുക്ക് മനുഷ്യ ജന്മത്തിൽ നിന്ന് താഴോട്ട് പോകേണ്ടി വരില്ല. സഹൃദയരും സജ്ജനങ്ങളൂം ആയ സഹോദരീ സഹോദരന്മാർക്കും ഒന്ന് കൂടി നല്ല ഐശ്വര്യ പൂർണമായ വിഷു ആശംസകൾ അർപ്പിച്ചു കൊണ്ട് നിര്ത്തുന്നു.

No comments:

Post a Comment