BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Wednesday, April 19, 2023
നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!
നമോ നാരദാദീഢ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ, നമസ്തേ!" (കാളീനാടകം)
കേൾക്കുമ്പോൾ അത് നാദമാണ്. കാണുമ്പോൾ അത് രൂപമാണ്. ആരാണ് നാദത്തിനും രൂപത്തിനും ഒരുപോലെ ആത്മാവായിരിക്കുന്നത്? വ്യക്തതയും അവ്യക്തതയുമാകുന്ന രണ്ടവസ്ഥകൾ നമ്മുടെ അറിവിനുണ്ട്. പൂർവ്വജന്മം എന്നത് ജീവൻറെ അവ്യക്തമായ അറിവാണ്. ഈ ജന്മം എന്നത് വ്യക്തമായ അറിവാണ്. ഈ വ്യക്തതയും അവ്യക്തതയും ജീവൻറെ അജ്ഞാനദശയുടെ ഫലമായ അറിവിൻറെ തലങ്ങളാണ്. ഈശ്വരനോ ആത്മാവിനോ അല്ല വ്യക്തതയും അവ്യക്തതയും സംഭവിക്കുന്നത്. അറിയുന്നവൻറെ ഉപാധിയുടെ തടസ്സം മാത്രമാണവ.
ഒരു കല്ലെടുത്ത് ജലാശയത്തിൽ എറിഞ്ഞാൽ അത് വീഴുന്നിടത്ത് ഒരു ബിന്ദു കാണപ്പെടുന്നു. അങ്ങനെ നാദവും രൂപവും ഒരുമിച്ചു സംഭവിക്കുന്നു. ഉള്ളിൽ ഒരു ചിന്തയുണ്ടാകുമ്പോൾ അവിടെയും ഇതുതന്നെയാണ് സംഭവിക്കുന്നത്. ചിന്ത എന്നത് അന്തരംഗത്തിൽ വ്യക്തമായ നാദമാണ്. എന്നാലത് അവ്യക്തപ്രകൃതിയിൽ നിന്നാണ് വ്യക്തമായിരിക്കുന്നത്. ഇല്ലാത്ത ഒന്നല്ല ചിന്തയായി ഉണ്ടാകുന്നത്. അവ്യക്തമായ ഒന്നിന് നാമരൂപാത്മകമായ വ്യക്തത വേണ്ടി വരുമ്പോഴാണ് സ്ഥൂലോപാധികളായ നാവാദികളായ ഇന്ദ്രിയങ്ങളുടെ ആവശ്യം വേണ്ടിവരുന്നത്.
നാദം സൂക്ഷ്മലോകത്തിലേയ്ക്കുള്ള വഴി. രൂപം സ്ഥൂലലോകത്തിലേയ്ക്കുള്ള വഴി. മന്ത്രവിദ്യയെന്നും തന്ത്രവിദ്യയെന്നും അവ പ്രകാശിതമായിരിക്കുന്നു. സംഗീതജ്ഞൻ ആ നാദത്തെ ഉപാസിക്കുന്നു. ചിത്രകാരൻ ഈ രൂപത്തെ ഉപാസിക്കുന്നു. നാദരൂപാത്മകമാണ് ഈ പ്രപഞ്ചം.
ഭക്തൻ ഈ പ്രപഞ്ചം ശിവശക്തിസ്വരൂപമാണെന്നു കാണുന്നു. അമ്പലനടയിൽ നിന്നു ക്ഷേത്രഗോപുരത്തിനു മേലെ ആകാശത്തിൽ കാണുന്ന ചന്ദ്രക്കല! പ്രപഞ്ചമാകുന്ന ശിവശക്തിസ്വരൂപത്തിൻറെ മൗലിയിലാണ് ആചന്ദ്രക്കല എന്ന ദൃശ്യാനുഭൂതി ഭക്തന് സാധിക്കുന്നു. ഇങ്ങനെ കാണപ്പെടുന്ന രൂപമഹിമകളെ കടന്ന് നാദഭൂമിയിലേയ്ക്ക് എത്തിച്ചേരുന്നു.
രൂപമഹിമയും നാദമഹിമയും പ്രപഞ്ചത്തിൻറെ സ്ഥൂലവും സൂക്ഷ്മവുമായ തന്ത്രവിദ്യകളാണ്. കാണപ്പെടുന്നത് വ്യക്തവും കാണപ്പെടാത്തത് അവ്യക്തവും. എന്നാൽ വ്യക്തമാകണമെങ്കിലും അവ്യക്തമാകണമെങ്കിലും പൂർവ്വകാരണം വേണ്ടിയിരിക്കുന്നു. എങ്ങനെയെന്നാൽ ബോധംകെട്ടു വീഴുന്നയാളിന് ഉണരുമ്പോൾ അല്പനേരം എല്ലാം അവ്യക്തമായിരിക്കും. കുറച്ച് കഴിഞ്ഞ് എല്ലാം വ്യക്തമാകുന്നു. അതായ് അവ്യക്തമായിരിക്കുന്നു എന്നതൊന്നും ഇല്ലാതായിരിക്കുന്ന അവസ്ഥ എന്നർത്ഥമില്ല. ഈ ലോകത്തിന് വ്യക്താവസ്ഥയും അവ്യക്താവസ്ഥയും ഉണ്ടായിക്കൊണ്ടിരിക്കുന്നു. നമുക്ക് എന്താണോ ഇപ്പോൾ വ്യക്തമായിരിക്കുന്നത് ആ നാമരൂപങ്ങളുടെ ഉല്പത്തി നാശങ്ങളെ കുറിച്ചുള്ള പഠനമാണ് നാം ശാസ്ത്രമെന്നും ചരിത്രമെന്നും പേരിട്ട് പഠിക്കുന്നത്.
എല്ലാം അവ്യക്തതയിൽ നിന്നാണ് വ്യക്തമായിരിക്കുന്നത്. ഇനി ഇതെല്ലാം അവ്യക്തപ്രകൃതി ആകുകയും ചെയ്യും. വ്യക്തമായ ലോകത്തെ മാത്രം സത്യമെന്നു കരുതി നാം പഠിക്കാൻ ശ്രമിക്കുമ്പോൾ അറിവ് അപൂർണ്ണമായിപ്പോകുന്നതിന് കാരണം ഇതാണ്. അതുകൊണ്ടാണ് വ്യക്താവ്യക്തസ്വരൂപിണിയായ ഈ പ്രപഞ്ചശക്തിയെ മായയെന്നു പറയുന്നത്.
ഇങ്ങനെ സ്ഥൂലരൂപത്തിൽ വ്യക്തമായിരിക്കുന്നതും സൂക്ഷ്മപ്രകൃതിയായി അവ്യക്തമായിരിക്കുന്നതും ഏതൊരു അധിഷ്ഠാനത്തിലാണ്? എന്ന അന്വേഷണം ആത്മാവിനെ സംബന്ധിക്കുന്നതാണ്. അതുവരെയുള്ളതെല്ലാം അപരപ്രകൃതിയെ കുറിച്ചുള്ള അറിവുകളാണ്. മന്ത്രമായാലും തന്ത്രമായാലും ജ്യോതിഷമായാലും വ്യാകരണമായാലും നിരുക്തമായാലും ഭൗതികശാസ്ത്രമായാലും ജീവശാസ്ത്രമായാലും രസതന്ത്രമായാലും രാഷ്ട്രതന്ത്രമായാലും എല്ലാം ആത്മാവിനെ ഒഴിച്ചുള്ള അപരപ്രകൃതിയെ കുറിച്ചുള്ള അന്വേഷണവിഷയങ്ങളാണ്.
ആത്മവിദ്യയെയും അപരവിദ്യയെയും വിഷയബന്ധം അനുസരിച്ച് ഇങ്ങനെ രണ്ടായി വേർതിരിച്ചു നോക്കുകയാണെങ്കിൽ നമ്മുടെ പല സംശയങ്ങളും മാറിക്കിട്ടും. ആത്മാവിനെയും അനാത്മാവിനെയും കൂട്ടിക്കുഴച്ച് പഠിക്കുന്നതുകൊണ്ടാണ് സംശയങ്ങളും വികല്പങ്ങളും അടങ്ങാതിരിക്കുന്നത്. ആത്മതത്ത്വത്തെ ആത്മദർശനമായും അപരതത്ത്വത്തെ ധർമ്മലക്ഷണങ്ങളായും വേർതിരിച്ചുതന്നെ അറിയേണ്ടതുണ്ട്. ഈ ജന്മം ഈ ശരീരത്തെ നോക്കി സ്വയം ആരാണെന്നു ഭാവിച്ച് നാം എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഈ ജന്മത്തിനു കാരണമായ ധർമ്മത്തിൻറെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അതൊന്നും ആത്മതത്ത്വസംബന്ധിയല്ല. നാം സത്യമെന്ന പോലെ ഈ ഇന്ദ്രിയപ്രത്യക്ഷമായി അറിയുന്നതെല്ലാം ധർമ്മമാണ്. ഇന്ദ്രിയങ്ങളുടെ സഹായം ഇല്ലാതെ എപ്പോഴും അനുഭവത്തിലുള്ള "ഞാൻ" എന്നൊരു ആത്മബോധവും നമ്മിലുണ്ട്. മറ്റു ചിന്തകളുടെ നാദങ്ങളും മറ്റ് രൂപങ്ങളുടെ വലയങ്ങളും അതിന് കീഴ്പ്പെട്ടിരിക്കുന്നു.
"അറിവതു ധർമ്മിയെയല്ല, ധർമ്മമാമീ-
യരുളിയ ധർമ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോർത്തിടേണം."
.........................................................................................................
"പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവർന്നു സാമ്യമേലും
കലയിലലിഞ്ഞു കലർന്നിരുന്നിടേണം." (ആത്മോപദേശശതകം)
ഓം
copy
No comments:
Post a Comment