Friday, July 14, 2023

ഈശ്വരനിലേക്ക് എത്തിച്ചേരുക എന്നത് നിഷ്പ്രയാസം നടക്കുന്ന ഒരു കാര്യമല്ല...മഹത് ഗ്രന്ഥങ്ങൾ പാരായണം ചെയ്തത് കൊണ്ടോ.. മഹൽസ്തോത്രങ്ങൾ ഉരുവിട്ടതുകൊണ്ടോ.. ദിവസവും ക്ഷേത്രദർശനം നടത്തിയതുകൊണ്ടോ ഒരിക്കലും ഈശ്വരനിലേക്ക് അടുക്കാനാവുമെന്ന് കരുതേണ്ടതില്ല... ജന്മജന്മാന്തരങ്ങളിൽ ചെയ്തതായ പുണ്യ കർമ്മഫലമായാണ് ഈശ്വരനെ പ്രാർത്ഥിക്കാൻ കഴിയുന്നത് തന്നെ... ഒരിക്കലും ഒരു ദുർമാർഗ്ഗിക്ക് ഈശ്വര സ്മരണ ഉണ്ടാവുകതന്നെയില്ല.. തിന്മയിൽ സഞ്ചരിക്കുന്ന പലരെയും നോക്കിയാൽ തന്നെ അത് മനസ്സിലാക്കാം.. ഇവർ ഈശ്വരപാതയിൽ സഞ്ചരിക്കുന്നവരെപോലും പരിഹസിക്കാനാണ് ഉത്സാഹം കാണിക്കുക... ഈശ്വര സ്മരണ നിലനിർത്തിയത് കൊണ്ട് മാത്രമോ.. ക്ഷേത്രങ്ങൾ തോറും വഴിപാടുകൾ നടത്തിയത് കൊണ്ടോ ഈശ്വര സവിധത്തിൽ എത്തിച്ചേരുകയില്ല.. ഈശ്വര തത്വങ്ങൾ എന്തോ അതിനെ പിന്തുടർന്നുള്ള ജീവിതം ആണ് ആചരിക്കേണ്ടത്.. സത്യധർമ്മങ്ങൾ പാലിച്ചുകൊണ്ട് ഈശ്വരനിൽ തികഞ്ഞ ഭക്തിയും വിശ്വാസവും പുലർത്തി മോഹങ്ങളോ മോഹഭംഗങ്ങളോ ഇല്ലാതെ എന്താണ് നമുക്ക് വിധിച്ചിട്ടുള്ളത്... എന്താണ് നമുക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.. അതിൽ സന്തോഷം കണ്ടെത്തി ആത്മസംതൃപ്തി അടയുന്നവനെ ഈശ്വരനിലേക്ക് എത്തിച്ചേരുവാൻ കഴിയുകയുള്ളൂ..ജീവിതത്തിൽ ഈശ്വരനിൽ നിന്നും അകന്ന് നിന്നുകൊണ്ട് ഭൗതീക സുഖങ്ങളിലേക്ക് കൂടുതൽ പ്രാമുഖ്യം ചെലുത്തി ജീവിതം നയിക്കുന്നവർക്കേ ദുഖങ്ങളും ദുരിതങ്ങളും വേട്ടയാടുകയുള്ളൂ.. ഒന്നിലും ഏതിലും സംതൃപ്തി അടയാത്തവന് ജീവിതം തന്നെ വിരക്തി നിറഞ്ഞതായിരിക്കും.. അതിമോഹങ്ങളും അഹങ്കാരവും ഇവരെ ഭരിക്കും.. പാപകർമ്മങ്ങൾ അനുഷ്ടിച്ചുകൊണ്ട് അതിനെല്ലാം സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താനായി പലപല ന്യായീകരണങ്ങളും കണ്ടെത്തും.. ദുർമാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് പാപങ്ങളുടെ മാറാപ്പും ചുമുന്നുകൊണ്ട് വീണ്ടുമൊരു ദുരിത ജീവിതത്തിനായി കാത്തിരിക്കും... ഈശ്വരപാതയിലൂടെ സഞ്ചരിച്ചുകൊണ്ട് സത്യധർമ്മങ്ങൾ പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ എത്ര തന്നെ ജന്മം എടുത്താലും ഈശ്വര സന്നിധിയിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ... ഈശ്വര ചൈതന്യത്തിൽ നിന്നും ഉറവായ ആത്മാവ് പരിശുദ്ധി വരുത്തിയശേഷം മാത്രമേ ഈശ്വരനിലേക്ക് തന്നെ ചേർന്നലിയുകയുള്ളൂ.. എല്ലാവർക്കും നന്മകൾ നിറഞ്ഞ ഈശ്വര പാതയിലൂടെ ജീവിതം നയിക്കാൻ ഈശ്വരൻ തന്നെ അനുഗ്രഹം നൽകട്ടേ... നല്ലൊരു പ്രഭാതം ആശംസിച്ചുകൊണ്ട്. 🙏

No comments:

Post a Comment