Friday, April 12, 2024

🪔യാഗസംസ്‌കൃതിയുടെ അഗ്നിജ്വാലകള്‍ വീണ്ടും🔥 🕉️🔥⚜️🪔⚜️🔥🕉️ ഒരു നൂറ്റാണ്ടിനിപ്പുറം ഉത്തര കേരളം വീണ്ടുമൊരിക്കല്‍ക്കൂടി സോമാഹുതിക്ക് വേദിയാവുകയാണ്. ഒരു കാലത്ത് കേരളത്തിലേറ്റവും കൂടുതല്‍ സോമയാഗങ്ങള്‍ക്ക് വേദിയായിരുന്നു കണ്ണൂര്‍ ജില്ലയിലെ പെരുഞ്ചെല്ലൂര്‍ എന്ന പേരിലറിയപ്പെടുന്ന തളിപ്പറമ്പ് പ്രദേശം. തമിഴ് സംഘം കൃതി അകനാനൂറില്‍ ലോകത്തിലെ ഏറ്റവും ശക്തരായ ദേവതകള്‍ ബലി/ആഹുതി സ്വീകരിക്കുന്ന സ്ഥലം എന്ന് ഇവിടുത്തെ യാഗസംസ്‌കൃതിയെ പ്രകീര്‍ത്തിച്ച് പരാമര്‍ശമുണ്ട്. (Ref: 1. അകനാനൂറിലെ 220 പാട്ട് (നെയ്തല്‍ ), 2. ഡോ. കേശവന്‍ വെളുത്താട്ട് രചിച്ച Brahmin settlements in kerala) പിന്നീട് രണ്ട് സഹസ്രാബ്ദക്കാലത്തിലേറെ ത്രേതാഗ്നി കെടാത്ത ഒരു നാടായിരുന്നു ഇവിടം. എന്നാല്‍ 1917 ല്‍ തളിപ്പറമ്പിനടുത്ത് ചെറിയൂര്‍ മുല്ലപ്പള്ളി ഇല്ലം, 1921 ല്‍ മോറാഴ കൊളത്താറ്റില്‍ പെരുന്തേട്ടം ഇല്ലം എന്നിവിടങ്ങളില്‍ നടന്ന സോമയാഗത്തിനു ശേഷം ഈ ദേശത്ത് ത്രേതാഗ്നി ജ്വലിച്ചിട്ടില്ല. എന്നാല്‍ ഒരു നൂറ്റാണ്ടിനിപ്പുറം, പഴയ പെരുഞ്ചെല്ലൂരിന്റെ പ്രാന്ത്രപ്രദേശമായ കൈതപ്രത്ത് യാഗസംസ്‌കൃതിയുടെ അഗ്നി ജ്വാലകള്‍ ഉയരുകയാണ്. അഗ്ന്യാധാനങ്ങള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി അഗ്നി കെടാതെ നിത്യ അഗ്നിഹോത്രവും, മാസിക ഇഷ്ടികളും അനുഷ്ഠിച്ച് യജ്ഞസംസ്‌ക്കൃതിയുടെ മഹത്തായ സോമാഹുതിയിലേക്ക് ഉപാസന കൊണ്ട് ഉയര്‍ന്നു കഴിഞ്ഞ ഡോ. കൊമ്പങ്കുളം വിഷ്ണു അടിതിരിയും, അദ്ദേഹത്തിന്റെ ധര്‍മ്മപത്‌നി ഡോ. ഉഷ പത്തനാടിയുമാണ് കൈതപ്പുറത്തെ സോമയാഗത്തിന്റെ യജമാനര്‍. ഈമാസം 30 മുതല്‍ മെയ് 5 വരെയാണ് കൈതപ്രം ഗ്രാമത്തില്‍ യാഗാഗ്നി ജ്വലിക്കുക. വൈദിക സംസ്‌കൃതിയിലേക്ക് പ്രവേശിക്കുന്ന ഘട്ടത്തില്‍ ഉപനയന സമയത്ത് ഏതൊരു ബ്രഹ്മചാരിയും ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. തന്നെ സോമാഹുതിക്ക് അര്‍ഹനാക്കണേ എന്നര്‍ത്ഥത്തിലാണ് ആ പ്രാര്‍ത്ഥന. ജീവിതത്തിലെ പരമമായ ലക്ഷ്യത്തിലേക്ക് നയിക്കുന്ന ഒരു ഉയര്‍ച്ചയാണ് സോമാഹുതി. വൈദിക സംസ്‌കൃതിക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് ഡോ: വിഷ്ണു അടിതിരിപ്പാട്. കാലടി ശ്രീ ശങ്കര സര്‍വകലാശാല പ്രൊഫസറും, സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയറക്ടറുമാണ് അദ്ദേഹം. ത്യാഗം എന്നര്‍ത്ഥം വരുന്ന 'യജ്' ധാതുവില്‍ നിന്നാണ് യജ്ഞം എന്ന പദം ഉദ്ഭവിച്ചത്. ഒരു യജ്ഞത്തെ സാധാരണ പ്രവര്‍ത്തികളില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത് അതിലുള്ള ഉദ്ദേശത്യാഗമാണ്. 'ഇദം ന മമ', അതായത് ഇതെനിക്കു വേണ്ടിയല്ല എന്ന ബോധം, 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന ബോധം. അതോടെ പൂജകന്‍ പോലും പൂജ്യന്റെ അംശമായിത്തീരുന്നു. യജ്ഞം എല്ലാവരുടെയും ഐശ്വര്യത്തിനാണ്, ലോക നന്മക്കായാണ്, സര്‍വചരാചരങ്ങളുടെയും ശാന്തിക്കായാണ്. അപ്പോള്‍, സംസ്‌ക്കാരത്തിലും സമ്മേളനത്തിലുമെല്ലാം ഈ ഫലേച്ഛാരഹിതമായ കര്‍മ്മ, ധര്‍മ്മ സങ്കല്‍പ്പം ഉണ്ടായിത്തീരുന്നു. 'യജ്ഞേന യജ്ഞമയജന്ത ദേവാസ്താനി ധര്‍മാണി പ്രഥമാ ന്യാസന്‍' മനുഷ്യന്‍ ചെയ്യുന്നതെന്തും യജ്ഞമായിത്തീരുക അല്ലെങ്കില്‍ ഈശ്വരാര്‍പ്പണ ബുദ്ധിയോടെ ആയിത്തീരുക. അതാണ് ധര്‍മം. ആ ധര്‍മബോധത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കാന്‍ യജ്ഞങ്ങള്‍ക്കു കഴിഞ്ഞാല്‍ അതിലും വലുതായി ഈ ലോകത്ത് ഒന്നുമില്ല. ലോകം സ്വസ്ഥമാകും. 🔥അഗ്നിയും ശ്രൗതയജ്ഞങ്ങളും🔔 ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. ഇതില്‍ അഗ്നി ഒഴിച്ച് ബാക്കിയെല്ലാം അശുദ്ധമാകും, എന്നാല്‍ അഗ്നി ഒരിക്കലും അശുദ്ധമാവുകയില്ല. മാത്രവുമല്ല അശുദ്ധമായതിനെ ശുദ്ധീകരിക്കാന്‍ അഗ്നിക്ക് കഴിവുമുണ്ട്. അശുദ്ധമാകുന്നവ ശുദ്ധമായാലേ സമസ്ത പ്രപഞ്ചവും സമതുലനത്തിലെത്തുകയുള്ളൂ. അതിവൃഷ്ടിയും അനാവൃഷ്ടിയും, ഋതുക്കളുടെ താളം തെറ്റലുകളും എന്ന് വേണ്ട പ്രാകൃതിയുടെ എല്ലാ വികൃതികള്‍ക്കും ഇവ കാരണമാകുന്നു. അത്തരം താളം തെറ്റലുകള്‍ പ്രകോത്പന്നങ്ങളുടെയും വിഭവങ്ങളുടെയും ലഭ്യതയിലും ഏറ്റക്കുറവ് ഉണ്ടാക്കുകയും ചെയ്യുന്നു. അശുദ്ധി പറ്റാത്ത അഗ്നിക്ക് മാത്രമാണ് ഈ പ്രകൃതിയുടെ സമതുലതയെ തിരികെ കൊണ്ടുവരാനാവുക എന്ന സങ്കല്‍പ്പത്തിനെ അടിസ്ഥാനമാക്കിയാണ് അഗ്നി യജ്ഞങ്ങള്‍ വൈദിക സംസ്‌കൃതിയുടെ പ്രധാന ഉപാസനാ പദ്ധതിയായി പരിണമിച്ചത്. പ്രകൃതിയിലെ വിഭവങ്ങള്‍ തന്നെ ഉപയോഗിച്ച്, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പ്രകൃതിയുടെ സ്വസ്ഥത നിലനിര്‍ത്താനും, പ്രകൃതി വിഭവങ്ങള്‍ കൂടുതലായി ലഭിക്കുകയും, അത് വഴി മുഴുവന്‍ ജീവജാലങ്ങള്‍ക്കും, സ്വസ്ഥ ജീവിതം സാധ്യമാകുന്നതിനും വേണ്ടി ചെയ്യുന്ന ഈശ്വരാര്‍പ്പിത വിശേഷ കര്‍മ്മങ്ങളാണ് അഗ്നികൊണ്ടനുഷ്ഠിക്കുന്ന അഗ്നിഹോത്രാദികളായ യജ്ഞങ്ങള്‍. യജ്ഞങ്ങള്‍ രണ്ട് വിധമുണ്ട്. ശ്രൗതവും സ്മാര്‍ത്തവും. സംഹിതകളിലും ബ്രാഹ്മണങ്ങളിലും പരാമര്‍ശമില്ലാത്തവയാണ് സ്മാര്‍ത്ത യജ്ഞങ്ങള്‍. അവ സ്മൃതിയില്‍ നിന്നുരുത്തിരിഞ്ഞതാണ്. അവതീര്‍ത്തും വൈയക്തിക യജ്ഞങ്ങളുമാണ്. എന്നാല്‍ ശ്രൗത യജ്ഞങ്ങളാകട്ടെ. നൂറു ശതമാനവും സാമൂഹികമാണ്. പൊതുവായ പ്രയോജനമാണ് അവയുടെ ലക്ഷ്യം. അതു നടത്തുന്ന യജമാനന് അടിതിരിപ്പാട്, സോമയാജിപ്പാട്, അക്കിത്തിരിപ്പാട് എന്നെല്ലാമുള്ള വിശേഷണങ്ങള്‍ നല്കുന്നത് സമൂഹത്തിന് വേണ്ടി അദ്ദേഹം ഏറ്റെടുത്ത മഹത്തായ ചുമതലയെ, സേവനത്തെ സമൂഹം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ്. ഇവിടെ വൈദിക സംസ്‌കാരത്തിന്റെ അടിസ്ഥാന സങ്കല്‍പ്പം പോലും 'ഇദം ന മമ' എന്നാണ്. ഇതൊന്നും എന്റേതല്ല, ഇവയൊന്നും എനിക്ക് വേണ്ടിയല്ല എന്ന ഭാവം. ലോകാനുഗ്രഹത്തിന്നായി ഞാന്‍ എന്റെ ജീവിതത്തെ സമര്‍പ്പിക്കുന്നു എന്നതാണ് ഇവിടെ ഉണ്ടാകുന്ന തലം. സ്വാര്‍ത്ഥതയുടെ ഈ ലോകത്ത് 'ഇദം ന മമ' എന്ന ഒരു ഭാവനയോടെ ചെയ്യപ്പെടുന്ന ഏതൊരു കര്‍മ്മവും മഹത്തരമാണ്. അത് കൊണ്ട് തന്നെ ഈ മഹത്തായ സന്ദേശത്തെ ഉള്‍ക്കൊണ്ടു കൊണ്ട് വിശ്വ ശാന്തിക്കായുള്ള സോമയാഗത്തെ വിജയിപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ധര്‍മ്മമാണ്. കാരണം ഇത് നടത്തുന്നത് യാഗയജമാനന് പുണ്യ സമ്പാദനത്തിന്നായിട്ടല്ല. സമസ്ത ചരാചരങ്ങളുമാണ് ഈ യജ്ഞത്തിന്റെ ഗുണഭോക്താക്കള്‍. 🕉️'ഇദം ന മമ'🔥 🔥ഓം നമോ ഭഗവതേ വാസുദേവായ🙏

No comments:

Post a Comment