Wednesday, April 17, 2024

*ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ഏഴു വൈരാഗ്യ ശ്ലോകങ്ങൾ*! 🌹🌺🌸🌹🌼🌹 ആചാര്യരുടെ അന്തർമുഖ വ്യക്തിത്വം തുളുമ്പി നിൽക്കുന്ന, അദ്വിതീയവും അനുപമേയവുമായ ആ ഗ്രന്ഥങ്ങൾ, ആർഷഭാരതത്തിന്റെ പവിത്രമായ സംസ്കാരം വിളിച്ചു പറയുന്നു. അവയിൽ വളരെ പ്രശസ്തവും, മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രസക്തവും എല്ലാവരും ഓർമ്മിച്ചിരിയ്‌ക്കേണ്ടതുമായ ഒന്നാണു്, ശങ്കരാചാര്യരുടെ 7 വൈരാഗ്യ ശ്ലോകങ്ങൾ. ആ ശ്ലോകങ്ങൾ, വൈരാഗ്യ ശ്ലോകങ്ങളെന്നു പറയുന്നു . 'വൈരാഗ്യ' മെന്നു പറഞ്ഞാൽ, ബാഹ്യ പ്രേരണ കൂടാതെ, സ്വയം ഒരു കാര്യത്തിൽ വരുത്തുന്ന വിലക്ക്. ഇനി വേണ്ട, പാടില്ല, എന്നുള്ള തീരുമാനം. ഭക്ഷണത്തിലോ ജീവിതരീതിയിലോ വരുത്തുന്ന മാറ്റം. വിവേകം വരുമ്പോൾ വൈരാഗ്യവും വരും. അതു പക്വതയുടെ ലക്ഷണമാണു്. ഭക്തി, ജ്ഞാനം, വൈരാഗ്യം ഇവ മൂന്നും ആത്മ നിഷ്ഠയുള്ള ജീവിതത്തിന്‌ അത്യന്താപേക്ഷിതമാണു്. ഇനി ആ സപ്ത ശ്ലോകങ്ങൾ ഏതെല്ലമെന്നു നോക്കാം: വൈരാഗ്യ ശ്ലോകങ്ങൾ:- വാചാമ ഗോചരവും, തത്വ ചിന്താ സ്ഫുലിംഗങ്ങൾ കൊണ്ടു് സുദീപ്തവുമായ ആ ശ്ലോകങ്ങൾ അനുസന്ധാനം ചെയ്താൽ, ഓർമ്മിച്ചിരുന്നാൽ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല മാനസിക ക്ലേശങ്ങളും നേരിടാനുള്ള മനശ്ശക്തി/ആർജ്ജവം സമാർജ്ജിക്കാനാകും! അവ എന്താണെന്നു നോക്കാം: 🌹ശ്ലോകങ്ങൾ: 1🌹 മാതാ നാസ്തി, പിതാ നാസ്തി, നാസ്തി ബന്ധു സഹോദരാ: അർത്ഥം നാസ്തി, ഗൃഹം നാസ്തി, തസ്മാത് ജാഗ്രത! ജാഗ്രത! 🌹അർത്ഥം: നാം പ്രത്യക്ഷമായി, കാണുന്ന അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും സ്വത്തുക്കളും ആരും/ഒന്നും തന്നെ ശാശ്വതമല്ല, ചുരുക്കത്തിൽ നാം നമ്മുടേതെന്നു അഹങ്കരിക്കുന്ന ഒന്നും തന്നെ സ്ഥിരമല്ല, എല്ലാം ഒരു ദിവസം ഇല്ലാതാകും! അതു കൊണ്ടു്, ഏതു സ്ഥിതിഗതിയും നേരിടാൻ മനസ്സ് കൊണ്ടു്, എല്ലായ്പ്പോഴും ജാഗ്രതയോടെ ഇരിക്കുക! ജന്മ ദുഃഖം ജരാ ദുഃഖം ജായാദുഃഖം പുനഃ പുനഃ സംസാര സാഗരം ദുഃഖം, തസ്മാത് ജാഗ്രത! ജാഗ്രത! (2) 🌹അർത്ഥം: ഈ സംസാര സാഗരത്തിൽ മനുഷ്യ ജന്മം എന്നത് ദുഃഖമാണ്‌. വാർദ്ധക്യം ദുഃഖം, ധർമ്മ പത്നി, മക്കൾ എന്തിന്, ഈ സംസാരം തന്നെ ദുഃഖമാണ്‌. എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്കു് ദുഃഖം മാത്രം കാലക്രമേണ പ്രദാനം ചെയ്യുന്നു. ഒന്നും ആർക്കും ഒഴിവാക്കാൻ സാദ്ധ്യമല്ല, അനുഭവിച്ചേ തീരു. തീരാത്തതു അടുത്ത ജന്മത്തിൽ പ്രാരബ്ധ കർമ്മമായി അനുഭവിക്കേണ്ടി വരും. അതോടൊപ്പം സഞ്ചിത കർമ്മവും ആഗാമി കർമ്മവുമെല്ലാം സംയോജിക്കുമ്പോൾ, ദുഖങ്ങളുടെ വ്യാപ്തിയും വർദ്ധിക്കുന്നു. എപ്പോൾ കർമ്മങ്ങളും, വാസനകളും അവസാനിക്കുന്നുവോ അതുവരെ ജന്മം തുടർന്നുകൊണ്ടേയിരിക്കും. വാസ്തവത്തിൽ, വാസനകളാണു് തുടർന്നുള്ള ജന്മത്തിനു ഹേതുവായി ഭവിക്കുന്നത്. ചുരുക്കത്തിൽ എല്ലാം ദുഃഖം തന്നെ. അതുകൊണ്ടു്, എല്ലായ്പ്പോഴും മനസ്സുകൊണ്ടു് തയ്യാറായി ജാഗരൂകനായിരിക്കുക! കാമശ്ച, ക്രോധശ്ച, ലോഭശ്ച ദേഹേ തിഷ്ടന്തി തസ്കരാ: ജ്ഞാന രത്‌നാപഹാരായ തസ്മാത് ജാഗ്രത! ജാഗ്രത! (3) 🌹അർത്ഥം: കാമം( ആശകൾ) ക്രോധം(ദേഷ്യം) ലോഭം(അത്യാഗ്രഹം) ഇവയെല്ലാം നമ്മുടെ ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന തസ്കരന്മാരാണു്. അവർ സമയാ സമയങ്ങളിൽ തല പൊക്കി നാമറിയാതെ നമ്മുടെയുള്ളിൽ നിക്ഷിപ്തമായിരിക്കുന്ന ജ്ഞാനമാകുന്ന രത്‌നം അപഹരിക്കുന്നു. ക്ഷണനേരം കൊണ്ടുണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽ നാം അവിവേകം മൂലം രാഗ, ദ്വേഷാദികൾ പ്രകടിപ്പിയ്ക്കുമ്പോൾ, നമ്മുടെ അമൂല്യ നിധിയായ ജ്ഞാനം മോഷ്ടിക്കപ്പെട്ടുന്നു. അതുകൊണ്ടു്, ഏതു നേരവും ശുഷ്കാന്തിയോടെ ഉണർന്നിരിക്കുക! ആശായാ ബന്ധ്യതെ ജന്തു കർമണാ ബഹു ചിന്തയാ. ആയുർക്ഷീണം ന ജാനാതി തസ്മാത് ജാഗ്രത! ജാഗ്രത! (4) 🌹അർത്ഥം: മനുഷ്യനും മറ്റൊരു വിധത്തിൽ മൃഗം തന്നെ. ഇവിടെ ആചാര്യർ മനുഷ്യനെയും മൃഗമെന്നു വിശേഷിപ്പിച്ചിരിക്കുന്നു. അമിതമായ മോഹാവേശത്താൽ ബന്ധിതരായ മനുഷ്യ മൃഗങ്ങൾ അങ്ങനെ, വേണ്ടാത്ത ആശകളുടെ പിന്നാലെയുള്ള പരക്കം പാച്ചിലിൽ ഈ ക്ഷണികമായ ജീവിതത്തിലെ വിലയേറിയ നിമിഷങ്ങൾ കൊഴിഞ്ഞു പോകുന്നതു് ശ്രദ്ധിക്കാൻ വിട്ടുപോകുന്നു. ശ്രദ്ധിക്കുമ്പോൾ വളരെ വൈകിപ്പോയതായി മനസ്സിലാകും. അത്‌ ദുഖത്തിനും പശ്ചാത്താപത്തിനും ഹേതുവായി തീരുന്നു. അത് കൊണ്ടു്, സമയം വിനിയോഗം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. എപ്പൊഴും, ഫലപ്രദമായ ജീവിതം നയിക്കുന്ന കാര്യത്തിൽ ഉണർന്നിരിക്കുക. എങ്കിൽ ദുഖിയ്ക്കേണ്ടി വരില്ല! സമ്പത് സ്വപ്ന സാംകാരാ യൗവ്വനം കുസുമോപമം. വിദ്യു ചഞ്ചലം ആയുഷം തസ്മാത് ജാഗ്രത! ജാഗ്രത! (5) 🌹അർത്ഥം: നമ്മുടെ എല്ലാ സമ്പത്തുകളും ഒരു സ്വപ്നം കാണുന്നതു പോലെ, അസ്ഥിരവും, നൈമിഷികവുമാണു്. യൗവ്വനം അൽപ കാലത്തേക്കുള്ള ഒരു ജീവിത ദശ മാത്രം. വരുന്നതും പോകുന്നതും നാം ശ്രദ്ധിയ്ക്കപ്പെടാതെ തന്നെ നമ്മിൽ നിന്നും ഒരു പൂവിന്റെ ജീവിത കാലം പോലെ, കടന്നു പോകുന്നു. കൃത്യമായി പറഞ്ഞാൽ, ജീവിതം ഒരു മിന്നൽ പിണറുപോലെ, കണ്മുന്നിലൂടെ മിന്നി മറയുന്നു. അതു കൊണ്ട് ഈ ലോകത്തിൽ ഒന്നും സ്ഥിരമല്ല എന്ന ഉണർവ്വോടെ ജീവിച്ചാൽ പിൽക്കാലത്തു ദുഖിയ്ക്കേണ്ടി വരില്ല! ക്ഷണം വിത്തം ക്ഷണം ചിത്തം ക്ഷണം ജീവിത മാവയോ: യമസ്യ കരുണാ നാസ്തി തസ്മാത് ജാഗ്രത! ജാഗ്രത! (6) 🌹അർത്ഥം: ധനം, സ്മൃതി, ജീവിതം, എല്ലാമേ ക്ഷരമാണ്. അതുപോലെ തന്നെ, ഓർമ്മിക്കേണ്ട ഒരു കാര്യമാണു്, മരണ ദേവൻ‌ അൽപ്പം പോലും കരുണ കാട്ടുകയില്ല, എന്ന വസ്തുത. നമ്മുടെ ജീവിതത്തിൽ പലതും നാം അവഗണിക്കുന്നു, ഓർമ്മിക്കാതിരിക്കുന്നു. അതിന്റെ ഭവിഷ്യത്തും കാലാന്തരത്തിൽ അനുഭവിക്കുന്നു. യാവത് കാലം ഭവേത്, കർമ്മ താവത് തിഷ്‌ടന്തി ജന്തവഃ തസ്മിൻ ക്ഷീണേ വിനശ്യന്തി തത്ര കാ പരിദേവനാ! (7) 🌹അർത്ഥം: കർമ്മം നിലനിൽക്കുന്ന കാലം വരെ മാത്രമേ, മനുഷ്യനെന്ന ജന്തു ഈ ഭൂമുഖത്തു് ഉണ്ടായിരിയ്ക്കുകയുള്ളു. കർമ്മത്തിൽ നിന്നും നിവൃത്തി ആയിക്കഴിഞ്ഞാൽ, ആ നിമിഷത്തിൽത്തന്നെ മനുഷ്യ ജന്തു അപ്രത്യക്ഷമാകുന്നു. അതു കൊണ്ടു്, ഇതെല്ലം ആലോചിച്ചു മനസ്സു് പുണ്ണാക്കുന്നതിൽ അർത്ഥമില്ല, ഫലവുമില്ല! എല്ലാ പ്രക്രിയകളും അതിന്റെ നിയമ മനുസരിച്ചു നടന്നുകൊണ്ടിരിക്കും. നാം മറ്റൊരിടത്തു ഏതെങ്കിലും ഒരു കാര്യത്തിനു പോയാൽ നിശ്ചയിച്ച കാര്യം കഴിഞ്ഞ ഉടനെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതു പോലെ, ഭൂലോകത്തിൽ ജന്മമെടുത്താൽ, ഉദ്ദിഷ്ട കർമ്മ പൂർത്തിയ്ക്കു ശേഷം ഇഹലോകവാസം തീർത്തു ഒരു ദിവസം അപ്രതീക്ഷിതമായി അപ്രത്യക്ഷമാകുന്നു. ചെയ്ത കർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു, വാസനകളുടെ, ഗൗരവമനുസരിച്ചു തുടർന്നുള്ള ജന്മം നിശ്ചയിക്കപ്പെടുന്നു. എല്ലാം നിഗൂഢമാണ്. ആർക്കും ഒന്നും മുൻകൂട്ടി അറിയില്ല. അതാണു് ഈശ്വരന്റെ വൈഭവവും മാഹാത്മ്യവും!. ഉപസംഹാരം: അതു കൊണ്ടു്, അഭിമാനം വെടിഞ്ഞു രാഗദ്വേഷാദികളോടെല്ലാം വിട വാങ്ങി, പരസ്പര സ്നേഹത്തോടെ ഇനിയുള്ള കാലം തുറന്ന മനസ്സോടെ ജീവിക്കാൻ ശ്രമിയ്ക്കണം! ഈ മനുഷ്യ ജീവിതം ക്ഷണികമാണെന്ന ബോധത്തോടെ, ജീവിതം അർത്ഥവത്തായും, ഫലപ്രദമായും ഉപയോഗിക്കാനും, ജന്മസാക്ഷാത്കാരം നേടുവാനും എല്ലാവരും എല്ലായ്‌പ്പോഴും ഓർമ്മിച്ചിരിയ്ക്കണം! ഭക്തി, ജ്ഞാനം, വൈരാഗ്യം എന്നിവയും കൂടാതെ സത്‌സംഗം, ശരണാഗതി, നാമസങ്കീർത്തനം, ഇവയെല്ലാം ജന്മസാക്ഷാത്ക്കാരത്തിനു സഹായിക്കുന്ന ധാർമ്മിക മാർഗ്ഗങ്ങളാണ്. ഇതാണ് ശങ്കരാചാര്യർ ഇതിലൂടെ ഉദ്ദേശിക്കുന്നതു്. എല്ലാവർക്കും നന്മ വരട്ടെ!🙏 --കടപ്പാട്:

No comments:

Post a Comment