Saturday, November 29, 2025

സ്വയം പുഞ്ചിരിക്കാനും മറ്റുള്ളവരുടെ മുഖത്തു പുഞ്ചരി വരുത്താനും കഴിഞ്ഞാൽ ജീവിതം ധന്യമായി. ജീവിതത്തില്‍ ചില അനുഭവങ്ങള്‍ നമ്മളില്‍ ദുഃഖമോ ദേഷ്യമോ ഉളവാക്കുന്നവയായിരിക്കും. എന്നാല്‍ വിവേകപൂര്‍വം സമീപിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്ക്കുള്ള പടികളാക്കി മാറ്റാന്‍ കഴിയും. പലപ്പോഴും അനുഭവങ്ങള്‍ നല്‍കുന്ന സന്ദേശം നമ്മള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാറില്ല. എന്നിരുന്നാലും കയ്പുള്ള കഷായം രോഗിക്കു ഗുണംചെയ്യുന്നതുപോലെ തിക്താനുഭവങ്ങള്‍പോലും പിന്നീട് നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഒരു കഥ ഓര്‍ക്കുന്നു. ഒരു ബിസിനസ്സുകാരന്‍ രാവിലെ ഓഫീസില്‍ പോകുന്നതിനായി ബസ്സില്‍ കയറുകയായിരുന്നു. പിന്നാലെ മറ്റൊരാളും തിരക്കുപിടിച്ച് ആ ബസ്സില്‍ കയറാന്‍ തുടങ്ങി. അപ്പോഴേയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. കാലിടറി ബസ്സില്‍നിന്ന് താഴെ വീഴാതിരിക്കാന്‍ ശ്രമിക്കുന്നുന്നതിനിടയില്‍ വെപ്രാളം പൂണ്ട് രണ്ടാമന്‍ ബിസിനസ്സുകാരനെ കടന്നുപിടിച്ചു. അങ്ങനെ അയാള്‍ അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ബിസിനസ്സുകാരന് ഒരു പ്രധാനപ്പെട്ട മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് അയാള്‍ വിലകൂടിയ ഉടുപ്പാണ് ധരിച്ചിരുന്നത്. മറ്റേയാള്‍ ഉടുപ്പില്‍ കയറിപ്പിടിച്ചപ്പോള്‍ അതില്‍ ചുളിവുണ്ടായി. ബിസിനസ്സുകാരന്‍ ദേഷ്യത്തോടെ ആ യാത്രക്കാരനോടു ചോദിച്ചു, എന്താണ് നിങ്ങളീ കാണിച്ചത്? നിങ്ങള്‍ കാരണം എന്റെ ഉടുപ്പാകെ ചുളിഞ്ഞു. ഇതിട്ട് ഇനി എങ്ങനെ മീറ്റിങ്ങില്‍ പോകും? പാവം യാത്രക്കാരന്‍ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നീട് അയാള്‍ പറഞ്ഞു, ക്ഷമിക്കണം. അന്നേരം നിങ്ങളെ പിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ ബസ്സില്‍നിന്ന് വീഴുമായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടുമാത്രമാണ് നിങ്ങളുടെ ഉടുപ്പില്‍ കയറിപ്പിടിച്ചത്. അപകടത്തില്‍നിന്ന് എന്നെ രക്ഷിച്ചതിന് നിങ്ങളോട് എനിക്ക് വളരെ നന്ദിയുണ്ട്. അതു കേട്ടിട്ടും ബിസിനസ്സുകാരന്റെ ദേഷ്യം പൂര്‍ണമായും അടങ്ങിയില്ല. കുറച്ചു കഴിഞ്ഞ്, തനിക്ക് ഇറങ്ങേണ്ട സ്‌റ്റോപ്പിലെത്തിയപ്പോള്‍ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടയില്‍ ബിസിനസ്സുകാരന്‍ കാലുതെറ്റി വീണു. ആ വീഴ്ചയില്‍ കാലിന് ഒന്നിലധികം സ്ഥലത്ത് ഒടിവുണ്ടായി. ആരൊക്കെയോ ചേര്‍ന്ന് അയാളെ ആശുപത്രിയിലെത്തിച്ചു. ഒടിവ് ഗുരുതരമായതുകൊണ്ട് ഓപ്പറേഷന്‍ വേണ്ടിവന്നു. മാസങ്ങളോളം വീല്‍ചെയറില്‍ കഴിയേണ്ടതായും വന്നു. മറ്റുള്ളവരോട് തീരെ ക്ഷമ കാണിക്കാതിരുന്ന തനിക്ക് ക്ഷമ പഠിക്കാന്‍ ഈശ്വരനൊരുക്കിയ ഒരു അവസരമായിരുന്നു അതെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അത് അയാളുടെ ജീവിതത്തിനുതന്നെ ഒരു വഴിത്തിരിവായി. ജീവിതത്തിലെ പ്രതിസന്ധികള്‍ ഈശ്വരന്‍ നമുക്കായി ഒരുക്കിയ അവസരങ്ങളാണെന്നു കാണാന്‍ നമ്മള്‍ ശ്രമിക്കണം. അപ്പോള്‍ അവിടുത്തോടുള്ള നന്ദി നമ്മുടെ മനസ്സില്‍ നിറയും. നമ്മുടെ ഓരോ വാക്കും ചിന്തയും പ്രവൃത്തിയും നമുക്കും മറ്റുള്ളവര്‍ക്കും ഗുണകരമാകും. സ്വയം പുഞ്ചിരിക്കാനും മറ്റുള്ളവരുടെ മുഖത്തു പുഞ്ചിരി വരുത്താനും കഴിഞ്ഞാല്‍ ജീവിതം ധന്യമായി. അതിനു നമ്മെ പ്രാപ്തരാക്കുന്ന ഗുരുക്കന്മാരാണ് ജീവിതാനുഭവങ്ങള്‍. 🙏

No comments:

Post a Comment