Friday, December 22, 2017

പ്രപഞ്ചാധിപനുമായി ബന്ധിപ്പിക്കുന്ന ഭക്തി

പ്രിന്റ്‌ എഡിഷന്‍  ·  December 23, 2017
1974.മെയ്.5 (ശക്തിനഗരം.മംഗലാപുരം.) ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് കലാകുഞ്ജ് ഹാളിലാണ്. ഒരു വമ്പിച്ച സദസ്സ് അന്നും സന്നിഹിതമായിരുന്നു. വ്യാഖ്യാനാതീതമാംവണ്ണം അമ്മ അഗാധമായ മൗനത്തില്‍ ആമഗ്നയായി വര്‍ത്തിക്കുന്നതു കണ്ടു. ഭക്തിയുടെ മാതൃകാപരമായ അവസ്ഥയിലേക്ക് എത്തിച്ചേരുവാന്‍ അമ്മ ഭക്തജനങ്ങളെ ആഹ്വാനം ചെയ്തു. മാരുതിയുടെ ശ്രീരാമസവിധത്തിലുള്ള ഭാവപ്രകര്‍ഷത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അമ്മ പറഞ്ഞു,
”സാധാരണ ഹനുമാനെ ചിത്രീകരിക്കുന്നത് അനനുകരണീയമായ ഒരു ഭാവത്തിലാണ്.
രാമസേവാനിരതനായ ഹനുമാന്റെ ഈ പരാമര്‍ശിത ഭാവം,തന്റെ പ്രഭുവിന്റെ ആജ്ഞ ഉയരുന്ന നിമിഷത്തില്‍ തന്നെ കര്‍മ്മോദ്യുക്തനാവാന്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നു എന്നു സൂചിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കവിളിലൂടെ പതിക്കുന്ന പ്രേമബാഷ്പബിന്ദുക്കള്‍ രാമചന്ദ്രന്റെ പാദാരവിന്ദങ്ങളെ നന്‍മുത്തുമാലപോലെ അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ ഭക്തിഭാവവും ഏകാഗ്രമായ നോട്ടവും വടിവും ഏല്ലാം അര്‍ത്ഥഗര്‍ഭങ്ങളാണ്. ഈശ്വരനോടു നിഷ്‌കളങ്കഭക്തിയുള്ള ഒരുവനു മാത്രമേ മാരുതിയുടെ മേല്‍പറഞ്ഞ ഭാവത്തിന്റെ പൊരുളും സവിശേഷതയും ഗ്രഹിക്കാന്‍ കഴിയൂ.”
ഭക്തിയുടെ അനിഷേദ്ധ്യ മാഹാത്മ്യത്തെപ്പറ്റി അമ്മ പറഞ്ഞു,
” ഒരുവന്‍ തനിക്കു ലഭിക്കുന്ന ആനുകൂല്യത്തിനും സഹായത്തിനും സമസൃഷ്ടികളോട് നന്ദിയുള്ളവനായിരിക്കണം. അതാണ് മനുഷ്യത്വം. എന്നാല്‍ ഭക്തിയും ആരാധനയും സ്തുതിയും അര്‍ഹിക്കുന്ന ഏകപാത്രം ഈശ്വരന്‍ മാത്രമായിരിക്കണം. സകല ജീവികളും അജ്ഞതയില്‍ ഉഴലുന്നു. ഈശ്വരന്‍ മാത്രമാണ് രക്ഷകന്‍. ഈശ്വരജ്ഞാനം നിങ്ങളില്‍ സഹജമായിട്ടുണ്ട്.
നിങ്ങള്‍ അനുഭവിക്കേണ്ടത് ഈശ്വരപ്രേമത്തിന്റ വര്‍ണ്ണനാതീതമായ ആനന്ദ നിര്‍വൃതിയും അനവദ്യമാധുര്യവുമാണ്. ആ ആനന്ദം അതുല്യമാണ്. പ്രേമസാഗരത്തിന്റെ ആ അതുല്യതയും ആനന്ദവും അമ്മ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. നിങ്ങളും അമൃതഭക്തിയുടെ മാധുര്യം ആസ്വദിക്കണം. ഭക്തി ഈശ്വരനില്‍ നിന്നും ലഭിക്കുന്ന അമൂല്യമായ വരമാണ്. പ്രപഞ്ചാധിപനുമായി ബന്ധിപ്പിക്കുന്ന പരമശക്തമായ പ്രവാഹമാണ് ഭക്തി”.


ജന്മഭൂമി: http://www.janmabhumidaily.com/news757398#ixzz522AJKOhE

No comments:

Post a Comment