Friday, December 22, 2017

ചതുരാകൃതിയിലുള്ള രംഗവേദിയുടെ നാലുവശവും കാണികള്‍ക്കിരിക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ഗോപുരകവാടത്തിന്റെ എതിര്‍വശത്ത് അല്‍പ്പമൊന്നുയര്‍ന്ന വേദിയിലാണ് രാജാവും അതിഥികളും ഇരുന്നിരുന്നത്. നടുവിലായി മത്സരക്കളം-വൃത്താകൃതിയില്‍. മത്സരക്കളത്തിനു ചുറ്റും നടവഴി-മത്സരക്കാര്‍ക്കും അനുയാത്രികര്‍ക്കും പകിട്ടു യാത്ര നടത്താന്‍ വേണ്ടി.
സിംഹാസനാരൂഢനായ കംസന്‍ ഒരു വിഹഗ വീക്ഷണം നടത്തി. അതിഥികള്‍ വലതുവശത്തെ ഇരിപ്പിടങ്ങളിലായിരുന്നു. ഇടതുവശത്തായി യാദവമുഖ്യര്‍ ആസനസ്ഥരായിരുന്നു; അവരുടെ മുന്‍നിരയില്‍ അക്രൂരനുണ്ട്. അതിഥികളുടെ മുന്‍നിരയില്‍ കൃഷ്ണന്‍, ബലരാമന്‍…
അതിഥിതാരങ്ങള്‍ മല്ലവീരന്മാരുമായി ഏറ്റുമുട്ടിലിന് ഒരുങ്ങുകയാണ്. ചാണൂരനും മുഷ്ടികനും തോശലനും അതിഥികളുടെ മുന്‍നിരയിലൂടെ നടന്നു. താല്‍പ്പര്യമുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്താനും മത്സരത്തിന് ക്ഷണിക്കാനും. കൃഷ്ണനും ബലരാമനും ഇരിക്കുന്നയിടത്തുകൂടി കടന്നുപോകവേ, ചാണൂരന്‍ പെട്ടെന്നുനിന്നു; നന്ദാത്മജരോടായി പറഞ്ഞു: ഹേ നന്ദപുത്രന്മാരേ, വീരന്മാര്‍ക്ക് സമ്മതരായ നിങ്ങള്‍ മല്ലയുദ്ധത്തില്‍ സമര്‍ത്ഥരെന്നുകേട്ട്, നിങ്ങളുടെ യുദ്ധകൗശലം നേരില്‍ കാണാനായി രാജാവ് നിങ്ങളെ ക്ഷണിച്ചുവരുത്തിയിരിക്കയല്ലേ?
ഹേ നന്ദസൂനോ, ഹേ രാമാ, ഭവന്തൗ വീരസമ്മതൗ
നിയുദ്ധകൗശലൗ ശ്രുത്വാ രാജ്ഞാളഹൂതൗ
ദിദൃക്ഷുണാ
അതുകൊണ്ട്, നമുക്ക് രാജാവിന് പ്രിയം ചെയ്യാം. അപ്പോള്‍ സര്‍വഭൂതങ്ങളും നമ്മില്‍ പ്രസാദിക്കും…
അതിനു മറുപടി പറഞ്ഞത് കൃഷ്ണനാണ്. ഗാഥയിലെങ്ങനെയെന്നു കേള്‍ക്കട്ടെ-
മല്ലിനെക്കാട്ടുവാന്‍ നമ്മിലിന്നോര്‍ക്കുമ്പോള്‍
തുല്യതയില്ലല്ലോ ഒന്നുകൊണ്ടും
കല്യന്മാരായുള്ള മല്ലന്മാരിന്നിങ്ങള്‍
വല്ലാത്ത ബാലന്മാരല്ലോ ഞങ്ങള്‍
ഞങ്ങള്‍ക്കു നേരൊത്തു നിന്നോരുമായിട്ടേ
ഞങ്ങള്‍ക്കു ലീലകള്‍ വന്നുകൂടു
എന്നതുകേട്ടൊരു മല്ലനും ചൊല്ലിനാന്‍
നന്ദകുമാരകന്‍ തന്നെ നോക്കി
കേവലം പോരുന്ന ബാലകനല്ല നീ
കേശിയെ കൊന്നതു നീയല്ലയോ?
ബന്ധുരനായൊരു ദന്തിയെത്തന്നെയും
അന്തകന്‍ കോയിക്കലാക്കിനാന്‍ നീ
വീരന്മാരായുള്ള ഞങ്ങളോടേശുവാന്‍
നേരായിനിന്നതു നിങ്ങളിപ്പോള്‍
ഖിന്നത കൈവിട്ടു മന്നവന്‍ മുന്നലേ
സന്നദ്ധരായാലുമെന്നേ വേണ്ടൂ
അതൊരു വെല്ലുവിളിയായി സ്വീകരിച്ച കൃഷ്ണന്‍ ചാണൂരനോടും ബലരാമന്‍ മുഷ്ടികനോടും ദ്വന്ദയുദ്ധ മാരംഭിച്ചു. മുറയനുസരിച്ച് പോര് തുടര്‍ന്നു.
കാണുന്ന ലോകര്‍ക്കു വിസ്മയമാക്കിനാന്‍
ചാണൂരമല്ലനും കാര്‍വര്‍ണനും
യുദ്ധവിലോചനന്മാരിടം തന്നിലേ
മുഷ്ടികള്‍ വന്നുടനേല്‍ക്കുന്നേരം
ദേവകിതന്നുടെ മാനസം തന്നുള്ളില്‍
നോവുതുടങ്ങീതു പാരമപ്പോള്‍
ചീറ്റം തിരണ്ടൊരു കംസനുമാനസം
ഏറ്റം കുളുര്‍ത്തു തുടങ്ങീതപ്പോള്‍
രുഷ്ടനായുള്ളൊരു മുഷ്ടികമല്ലെന്നും
മുഷ്ടി ചുരുട്ടിപ്പിടിച്ചു നന്നായ്
രോഹിണീ നന്ദനന്മേനിയില്‍ മേന്മേല-
ങ്ങാഹനിച്ചീടിനാനായവണ്ണം
താഴാതവണ്ണമക്കാര്‍മുകില്‍ വര്‍ണനെ
ത്താഡിച്ചുനിന്നൊരു മല്ലനപ്പോള്‍
പല്ലവംപോലെ പതുത്തൊരു പൂമേനി
കല്ലെന്നു തോന്നിത്തുടങ്ങി ചെമ്മേ
തന്നുടെ ക്കൈകളന്മേനിയിലേല്‍ക്കുമ്പോള്‍
ഖിന്നങ്ങളായ് വന്നു പിന്നെപ്പിന്നെ
കാര്‍വര്‍ണങ്കൈകളെത്തന്മെയ്യിലേല്‍ക്കുമ്പോള്‍
കാരിരുമ്പെന്നതും തോന്നി ചെമ്മേ
ശ്രദ്ധനോറ്റു പൊരുതുന്ന കൃഷ്ണന്റെ മുഖത്ത് വേര്‍പ്പുതുള്ളികള്‍ പൊടിഞ്ഞപ്പോള്‍, മഞ്ഞുതുള്ളികള്‍ പറ്റി നില്‍ക്കുന്ന നീലത്താമരപ്പൂപോലെ തോന്നി. രാമന്റെ മുഖത്തുനിന്നു തൊട്ടെടുക്കാവുന്ന ശൗര്യത്തിനു തീത്തുള്ളികളുടെ ദാഹശക്തിയുണ്ടെന്ന് തോന്നി.
കൃഷ്ണനെ വീഴ്ത്താനായിരുന്നു ചാണൂരന്റെ ശ്രമം. വീണുകിട്ടിയാല്‍ നേടി- ദേഹത്തില്‍ ചാടി വീഴാം; തന്റെ ശരീരഭാരംകൊണ്ടു ശ്വാസംമുട്ടിച്ചു കഥ കഴിയ്ക്കാം…
പലവട്ടം ചാണൂരന്‍ കൃഷ്ണനെ വീഴ്ത്താന്‍ നോക്കി. പക്ഷേ, ഫലിച്ചില്ല. അപ്പോള്‍പ്പിന്നെ, കഴുത്ത് ഞെരിച്ച് കൊല്ലാനായി ശ്രമം. ചാണൂരന്റെ മനസ്സ് കൃഷ്ണനു പിടികിട്ടി; തന്റെ കഴുത്തിലേക്ക് നീളുന്ന ചാണൂരന്റെ കയ്യില്‍ കൃഷ്ണന്‍ പിടിമുറുക്കി; പിന്നെ, പിരിച്ചു. കൈപിരിയാന്‍ തുടങ്ങിയപ്പോള്‍, ചാണൂരന്‍ കവണംകുത്തി മറിഞ്ഞു. പിടഞ്ഞെണീറ്റ ചാണൂരന്റെ മേല്‍ പുലിയെപ്പോലെ കൃഷ്ണന്‍ ചാടി വീണു. കൃഷ്ണന്റെ ചാട്ടം ചാണൂരനെ വീഴ്ത്തി. ഇടിവെട്ടേറ്റ അരയാല്‍പോലെ മലര്‍ന്നടിച്ചു വീണ ചാണൂരന്റെ നെഞ്ചില്‍, കൃഷ്ണന്‍ ചാടിക്കയറിയിരുന്നു; തന്നെ തുറിച്ചുനോക്കുന്ന ആ ചോരക്കണ്ണുകളില്‍ തറച്ചുനോക്കി.
ആ കിടപ്പില്‍ ചാണൂരന്‍ ശ്വാസമെടുത്തു. കൃഷ്ണനു മനസ്സിലായി-തന്നെ കുടഞ്ഞെറിയാനുള്ള ഒരുക്കമാണത്. തീര്‍ത്തും ഓര്‍ക്കാപ്പുറത്ത് കൃഷ്ണന്റെ കൈത്തലം ചാണൂരന്റെ കഴുത്തിലമര്‍ന്നു. സപ്തനാഡികളും തളരുന്നതായി ചാണൂരന് തോന്നി. തളര്‍ച്ചയേറ്റ ചാണൂരന്റെ മുഖത്തും മര്‍മഭാഗങ്ങളിലും ചറുപിറുന്നനെ കൃഷ്ണന്റെ മുഷ്ടി ആഞ്ഞുപതിച്ചു.
ഭഗവദ്ഗാത്ര നിഷ്പാതൈര്‍ വജ്രനിഷ്‌പേഷ നിഷ്ഠൂരൈഃ
ചാണൂരോ ഭജ്യമാനാംഗോ മുഹുര്‍ഗ്ലാനിമവാപ ഹ…
വജ്രപാതംപോലെ നിഷ്ഠുരമായ മുഷ്ടി പ്രയോഗംകൊണ്ട് സന്ധിബന്ധങ്ങളൊക്കെ ശിഥിലമായി ചാണൂരന്‍ അങ്ങേയറ്റം പരവശനായി; ബോധം മറഞ്ഞ നിലയിലായി. പാതി മരിച്ച മല്ലന്റെ ശരീരം കൃഷ്ണന്‍ വാരിയെടുത്ത് നിലത്തടിച്ചു. എല്ലാം ചിന്നിച്ചിതറി. കിളിപ്പാട്ടില്‍ ആചാര്യന്‍ വിവരിക്കുന്നത് കേള്‍ക്കട്ടെ.
മുത്തശ്ശി ചൊല്ലി-
മാധവന്‍ തന്നംഗഘട്ടനം കൊണ്ടിട്ടു
ബാധിച്ചു ഭൂമിയില്‍ വീണു ചാണൂരനും
കൂടവേ വീണു മുകുന്ദനും തങ്ങളില്‍
കൂടിപ്പിടിച്ചു ചാണൂരന്‍ മുകുന്ദന്റെ
മാറില്‍ക്കരേറിയാര്‍ത്തീടിനാന്‍, കേശവന്‍
ചീറാതെ മെല്ലെക്കിടന്നു മായാമയന്‍
ചാണൂരസിംഹനാദംകേട്ടു കംസനും
ചാണൂരമല്ലനു നല്‍കുവാന്‍ സമ്മാനം
ഏതേതു വേണ്ടതെന്നോര്‍ത്തു മോദാന്വിതം
പാതകാരാതി ജഗന്മയനീശ്വരന്‍
പാദങ്ങള്‍ രണ്ടും പിടിച്ചുചാണൂരനെ
വേദാന്തസാരന്‍ മറിച്ചുവീഴ്ത്തീടിനാന്‍
കാലുരണ്ടും പിടിച്ചാശു മുകുന്ദനും
ബാലകന്മാര്‍ വടി വീശുന്നതുപോലെ
വട്ടംചുഴറ്റിയടിച്ചതു ഭൂമിയില്‍
ദുഷ്ടനാം ചാണൂരനേറ്റം ശിഥിലമായ്


ജന്മഭൂമി: http://www.janmabhumidaily.com/news757382#ixzz522AWmmbO

No comments:

Post a Comment