കൃഷ്ണോപനിഷത്തിലെ പ്രസ്താവന ഒന്ന് ശ്രദ്ധിക്കാം
അഷ്ടാവഷ്ട സഹസ്രേ ദ്വേ ശതാധിക്യ സ്ത്രിയസ്തഥാ
ഋചോപനിഷദസ്താ വൈ ബ്രഹ്മരൂപാ ഋചഃ സ്ത്രിയഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 13 ]
(ഭാഷാ അർത്ഥം ) ഭഗവാൻ കൃഷ്ണന്റെ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട് ഭാര്യമാർ വേദത്തിലെ പ്രധാനമായ പതിനാറായിരം ഋക്കുകളും , 108 ഉപനിഷത്തുക്കളുമാകുന്നു . ഗോപികമാർ ബ്രഹ്മസ്വരൂപിണികളായ (അപ്രധാനങ്ങളായ) വേദ ഋക്കുകളുമാകുന്നു.
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
ഗോലോകം വന വൈകുണ്ഠം താപസാസ്തത്ര തേ ദ്രുമാഃ
ലോഭ ക്രോധാദയോ ദൈത്യാ കലികാലസ്ഥിരസ്കൃതാഃ [കൃഷ്ണോപനിഷത്ത് ശ്ളോകം 9 ]
(ഭാഷാ അർത്ഥം ) ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വൈകുണ്ഠം തന്നെയാകുന്നു . വൃക്ഷങ്ങളുടെ രൂപത്തിൽ നിൽക്കുന്നത് താപസന്മാരാണ് . ലോഭ -ക്രോധാദികളായ ദുർവ്വികാരങ്ങളാണ് അസുരന്മാർ . ഈ ദോഷങ്ങളാകട്ടെ കലികാലത്തിൽ നാമജപത്താൽ നശിക്കുന്നു .
മറ്റൊരു ശ്ളോകം ഇങ്ങനെ പറയുന്നു .
നിഗമോ വസുദേവോയോ വേദാർത്ഥ കൃഷ്ണരാമയോ [കൃഷ്ണോപനിഷത്ത് ശ്ളോകം 6 ]
(ഭാഷാ അർത്ഥം )വേദങ്ങളാണ് വസുദേവനായത് . വേദങ്ങളുടെ പരമതത്വമായ പരബ്രഹ്മം കൃഷ്ണനും ബലരാമനായി ബ്രഹ്മജ്ഞാനവും ജനിച്ചു .
ഇതിൽ നിന്നും വേദങ്ങളാൽ പുകഴ്ത്തപ്പെടുന്ന ഈശ്വരനാണ് കൃഷ്ണനായി ജനിച്ചതെന്നും , ഈശ്വരനെ ആശ്രയിച്ചു നിൽക്കുന്ന വേദ ഋക്കുകളാണ് കൃഷ്ണന്റെ പത്നിമാരെന്നും കാണാം . ഉപനിഷത്തുക്കളിലെ ഭക്തിപ്രധാനങ്ങളായ 8 ഉപനിഷത്തുക്കളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാരായി വ്യാസമുനി പറയുന്നത് .
യോഗമത പ്രകാരം
യോഗികളുടെ അഭിപ്രായം പ്രകാരം മനുഷ്യരുടെ സഹസ്രാരത്തിൽ വസിക്കുന്ന ഈശ്വരനാണ് കൃഷ്ണൻ . സഹസ്രാരത്തിൽ നിന്നും പുറപ്പെടുന്ന 8 പ്രധാന നാഡികളാണ് ശ്രീകൃഷ്ണന്റെ എട്ടു പ്രധാന പത്നിമാർ . ഇവയിൽ ഒരു യോഗിക്കു വേണ്ടതായ അഷ്‌ടൈശ്വര്യം സ്ഥിതി ചെയ്യുന്നു . ഈ നാഡികളുടെ നാമങ്ങളും യോഗസിദ്ധാന്തം പ്രകാരം രുക്മിണി , സത്യ -എന്നിങ്ങനെയാണ് . കൃഷ്ണ പത്നിമാരുടെ നാമങ്ങളും യോഗനാഡികളുടെ പേരുകളും ഒന്നുതന്നെയാണ് .സഹസ്രാരത്തിലെ ആത്മസ്ഥാനമാണ് ദ്വാരക . സുഷുമ്നാ നാഡിയാണ് ബലരാമൻ . സുഷുമ്നയിൽ നിന്നും പുറപ്പെടുന്ന നാഡീവ്യൂഹങ്ങൾ പ്രധാനമായി പതിനാറായിരമുണ്ട് . പ്രധാന നാഡികൾ പതിനാറായിരത്തിൽ നിന്നും പുറപ്പെടുന്ന മൊത്തത്തിലുള്ള 172000 യോഗനാടികൾ കൃഷ്ണ പുത്രന്മാരായി സങ്കല്പിക്കപ്പെടുന്നു . പതിനാറായിരം യോഗനാടികൾ കഫം കയറി അടഞ്ഞിരിക്കുന്നു . ഈ കഫദോഷമാണ് നരകാസുരൻ . ഭൂമീഭൂതമാണ് കഫത്തിന്റെ അടിസ്ഥാനം . അതിനാൽ നരകൻ ഭൂമിപുത്രനായി . [യോഗസൂത്രം , സൗന്ദര്യ ലഹരി]
കൃഷ്ണപത്നിമാരുടെ എണ്ണം[തിരുത്തുക]
വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 31 ലായി , കൃഷ്ണൻ നരകാസുരന്റെ ബന്ധനത്തിലിരുന്ന പതിനാറായിരത്തി ഒരുന്നൂറിലധികം (16100+)കന്യകമാരെ വേളി കഴിച്ചതായി പറയുന്നുണ്ട് . ഭാഗവതം ദശമസ്കന്ധം , അദ്ധ്യായം 59 ലായി കൃഷ്ണന് പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108)ഭാര്യമാരുണ്ടായിരുന്നതായി വ്യക്തമായ സൂചനയുണ്ട് . അപ്പോൾ വിഷ്ണുപുരാണം പ്രകാരവും , ഭാഗവതം പ്രകാരവും , കൃഷ്ണോപനിഷത്തുപ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ മൊത്തം എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു (16108) തന്നെയാണ് .
എന്നാൽ വ്യാസഭാരതത്തിന്റെ അനുബന്ധമായ ഹരിവംശത്തിലാണ് കൃഷ്ണന് 16008 ഭാര്യമാരുണ്ടായിരുന്നതായി പറയുന്നത് . അതിനാൽ ഭൂരിപക്ഷ അഭിപ്രായം പ്രകാരവും , പ്രധാന ഗ്രന്ഥങ്ങളിലെ ആഖ്യാനം പ്രകാരവും കൃഷ്ണന്റെ ഭാര്യമാരുടെ എണ്ണം പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ് . കൂടാതെ കൃഷ്ണോപനിഷത്തു കൃഷ്ണന്റെ ഭാര്യമാർ വാസ്തവത്തിൽ പതിനാറായിരം പ്രധാന വേദ ഋക്കുകളും , 108 പ്രധാന ഉപനിഷത്തുക്കളുമാണെന്നു പറഞ്ഞട്ടുമുണ്ടല്ലോ . അപ്പോഴും സംഖ്യ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ടു(16108) തന്നെയാണ്.
കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങൾ[തിരുത്തുക]
ഭഗവാൻ കൃഷ്ണനെ സംബന്ധിക്കുന്ന പുരാണങ്ങളിൽ പ്രധാനമായവ
ഭാഗവതം ,
ബ്രഹ്മവൈവർത്ത പുരാണം,
വിഷ്ണുപുരാണം ,
ഹരിവംശംഎന്നിവയാണ് .
ഭാഗവത മഹാപുരാണത്തിൽ ഭഗവാൻ കൃഷ്ണന്റെ
ഭൂമിയിലെ ജീവിതതത്തിനു കൂടുതൽ പ്രാധാന്യം നൽകുമ്പോൾ
ബ്രഹ്മവൈവർത്ത പുരാണത്തിൽ അദ്ദേഹത്തിന്റെ അതീന്ദ്രിയ ലോകമായ
ഗോലോകത്തിനാണ് കൂടുതൽ പ്രാധാന്യം . ബ്രഹ്മവൈവർത്ത പുരാണത്തിൽ കൃഷ്ണനെ കൂടുതൽ തിളക്കമാർന്ന , വ്യത്യസ്തമായ ഭാവത്തിൽ വർണ്ണിച്ചിരിക്കുന്നു . ബ്രഹ്മവൈവർത്തപുരാണ പ്രകാരം എല്ലാ ദേവീദേവന്മാരും കൃഷ്ണനിൽ നിന്നുമുണ്ടായതാണ് . വിഷ്ണു പോലും ഗോലോകവാസിയായ കൃഷ്ണന്റെ അംശമായാണ് ഇതിൽ പറഞ്ഞിരിക്കുന്നത് . വിഷ്ണുവിന്റെ വൈകുണ്ഠലോകം കൃഷ്ണന്റെ ഗോലോകത്തിന്റെ ഒരു ഏകദേശം മാത്രമായാണ് ബ്രഹ്മവൈവർത്ത പുരാണത്തിൽ പറഞ്ഞിരിക്കുന്നത് .
കൽക്കിപുരാണത്തിൽ ,
ഭഗവാൻ കൽക്കി ഗോലോകവാസിയായ
കൃഷ്ണന്റെ അവതാരമായാണ് പറഞ്ഞിരിക്കുന്നത് . കൃഷ്ണൻ സർവ്വശക്തനും സകലതിനും ഈശ്വരനുമായ ദൈവമായാണ്
ബ്രഹ്മവൈവർത്തപുരാണം പറയുന്നത് .
വിഷ്ണുപുരാണം പ്രകാരം
വിഷ്ണുവിന്റെ ഒരു അംശമാണ് കൃഷ്ണൻ . ലോകനാഥനായ ഭഗവാൻ വിഷ്ണു ഭൂഭാരം ഹരിക്കുന്നതിനായി കൃഷ്ണനായി ഭൂമിയിൽ അവതരിച്ചുവെന്നു വിഷ്ണുപുരാണം പറയുന്നു . അതിൽ വിഷ്ണുവിനാണ് പ്രാധാന്യം .
ഗോലോകം അഥവാ കൃഷ്ണന്റെ വൃന്ദാവനം വിഷ്ണുവിന്റെ
വൈകുണ്ഠം ഭൂമിയിൽ അവതരിച്ചതാണെന്നും , വൈകുണ്ഠവാസികളായ വിഷ്ണുദൂതന്മാർ ഗോലോകവാസികളായ ഗോപന്മാരായി ജനിച്ചതായും വിഷ്ണുപുരാണം പറയുന്നു . ഭഗവാൻ വിഷ്ണു അദ്ദേഹത്തിൻറെ ശിരസ്സിൽ നിന്നും ഒരു കറുത്ത രോമവും വെളുത്ത രോമവും പറിച്ചെടുത്തതായും , കറുത്ത രോമം കൃഷ്ണനായും , വെളുത്ത രോമം ബലരാമനായും ഭൂമിയിൽ ജനിച്ചതായും
വിഷ്ണുപുരാണം പറയുന്നു .
[വിഷ്ണുപുരാണം അംശം 4 , അദ്ധ്യായം 15 ; വിഷ്ണുപുരാണം അംശം 5 , അദ്ധ്യായങ്ങൾ 1 ,2 ,3 ]. മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശവും ഇത് ശെരിവയ്ക്കുന്നു .
ഭഗവാൻ കൃഷ്ണന്റെ ലീലകളെപ്പറ്റി പറഞ്ഞാൽ അവസാനമില്ല . അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽനാമ്പു പോലും അദ്ദേഹത്തിന്റെ ദിവ്യത്വത്താൽ വശീകരിക്കപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ ജനനസമയം ലോകത്തിനു വളരെയേറെ സ്വസ്ഥതയുണ്ടാവുകയും , ഗ്രഹങ്ങളുടെ നില കൃത്യമാവുകയും ചെയ്തു . ആ സമയം അസുരന്മാരുടെ മനസ്സുകളിൽ വലുതായ ഭയവും ഉൽഭൂതമായി . അദ്ദേഹത്തിൻറെ ലീലകളെ ഗോപാലങ്ങൾ എന്ന് പണ്ഡിതന്മാർ സംബോധന ചെയ്തിരിക്കുന്നു . ഇതനുസരിച്ചു ,ദേവകീപുത്ര ഗോപാലം, ലീലാഗോപാലം , യശോദാ ഗോപാലം , നന്ദഗോപ ഗോപാലം , പൂതനാമോക്ഷ ഗോപാലം , ശകടഭഞ്ജക ഗോപാലം , തൃണാവർത്ത ഗോപാലം , വിദ്യാരാജഗോപാലം , ഗോവർദ്ധന ഗോപാലം , ദാമോദര ഗോപാലം , കാളിയമർദ്ദന ഗോപാലം , വിപ്രഗോപാലം , സന്താന ഗോപാലം , മദനഗോപാലം ,കംസാരി ഗോപാലം , കുചേല ഗോപാലം ,പാർത്ഥസാരഥി ഗോപാലം എന്നിങ്ങനെ 196 ലീലകളെപ്പറ്റി ഭഗവതത്തിലും , ഹരിവംശത്തിലും വർണ്ണിച്ചിരിക്കുന്നു .
ഇവയിൽ പ്രസക്തമായ ഒന്നുരണ്ടെണ്ണം താഴെ പറയുന്നു .
കംസവധ ശേഷം , സാന്ദീപനി മുനിയുടെ ആശ്രമത്തിൽ വിദ്യാഭ്യാസത്തിനെത്തിയ രാമകൃഷ്ണന്മാർ , നാല് വേദവും ആറു ശാസ്ത്രവും , പതിനെട്ടു പുരാണങ്ങളും , അറുപത്തിനാല് കലകളും , ധനുർവേദവും , ആയോധന വിദ്യകളും വെറും 64 ദിവസം കൊണ്ട് പഠിച്ചു തീർത്തു . ഓരോ ശാസ്ത്രങ്ങൾ മുനി ചൊല്ലിക്കൊടുക്കേണ്ട താമസമേയുണ്ടായുള്ളൂ . ഇതുകണ്ട് മുനി അത്ഭുതപ്പെടുകയും ഗുരുദക്ഷിണയായി തന്റെ മരിച്ച മകനെ തരുവാനായി കൃഷ്ണനോട് യാചിക്കുകയും ചെയ്തു . കൃഷ്ണൻ ദിവ്യശക്തിയാൽ മരിച്ച മകനെ ഗുരുവിനു നൽകി . ഇത്തരത്തിൽ സർവ്വതരം വിദ്യയുടെയും രാജനാകയാൽ കൃഷ്ണന് സിദ്ധിച്ച നാമമാണ് വിദ്യാരാജഗോപാലൻ . വിദ്യാരാജഗോപാലൻ പണ്ഡിതന്മാരുടെ ഉപാസനാമൂർത്തിയാണ് . ഗോപാലമന്ത്രങ്ങളിൽ രാജാവാണ് വിദ്യാരാജഗോപാലമന്ത്രം .
ഇന്ദ്രന്റെ ദർപ്പം ശമിപ്പിക്കാനായി ഭഗവാൻ കൃഷ്ണൻ ഒരിക്കൽ ഗോവർദ്ധന പർവതത്തെ ഉയർത്തിപ്പിടിക്കുകയുണ്ടായി . അതുകൊണ്ടു അദ്ദേഹത്തെ ഗോവർദ്ധന ഗോപാലൻ എന്ന് വിളിക്കുന്നു . വെറും ഇടതുകയ്യിന്റെ ചെറുവിരൽ കൊണ്ട് പർവതത്തെ എടുത്തുയർത്തിയ കൃഷ്ണൻ ഏഴു ദിവസം പർവ്വതത്തേയും താങ്ങി നിൽക്കുകയുണ്ടായി . ഇന്ദ്രൻ സംവർത്തക മേഘങ്ങളെയയയ്ച്ചു കൊടും മഴ പെയ്യിച്ചെങ്കിലും ഗോപന്മാർക്കു യാതൊരു കുഴപ്പവുമുണ്ടായില്ല . ഒടുവിൽ ഇന്ദ്രൻ തോൽക്കുകയും കൃഷ്ണനോട് മാപ്പു ചോദിക്കുകയും ചെയ്തു . ഗോവർദ്ധനഗോപാലൻ കർഷകരുടെ ഉപാസനാമൂർത്തിയാണ്.
ഗോപസ്ത്രീകളുമായി രാസലീലകളാടിയതിനാൽ കൃഷ്ണനെ മദനഗോപാലൻ എന്ന് വിളിക്കുന്നു . വാസ്തവത്തിൽ അതൊരു ആത്‌മീയ ലീലയായിരുന്നു . ഗോപസ്ത്രീകൾ കൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ശരീരബോധം വിടുകയും , ആത്മഭാവത്തിൽ കൃഷ്ണനുമായി നൃത്തം ചെയ്യുകയുമാണുണ്ടായത് . തന്റെ സമീപമെത്തിയ സാധാരണക്കാരായ ഗോപാലനാരികൾക്ക് , നിമിഷാർദ്ധം കൊണ്ട് യോഗികൾ അനുഭവിക്കുന്ന സമാധിസുഖം നൽകുവാൻ കൃഷ്ണന്റെ ദിവ്യശക്തിക്കു സാധിച്ചു . ദൂരെ നിന്ന് നോക്കിയവർക്ക് ഓരോ ഗോപസ്ത്രീയും കൃഷ്ണനെ ധ്യാനിക്കുന്നതായി മാത്രം കാണുവാനേ സാധിച്ചുള്ളൂ .മദനഗോപാലൻ ഗൃഹസ്ഥന്മാരുടെ ഉപാസനാമൂർത്തിയാണ്.
ദേവകീദേവിയുടെ ഗർഭത്തിൽ പുത്രനായി ജന്മമെടുത്തതിനാലും , ദേവകിയുടെ പുത്രനാവുകയാലും ദേവകീപുത്രൻ എന്ന് കൃഷ്ണന് പേരുണ്ടായതായി പറയുന്നു . ദേവകീപുത്രഗോപാലൻ കുടുംബഭദ്രതയുടെ ദേവനാണ് .
കംസന്റെ ശത്രുവാകയാലും കംസനെ വധിച്ചതുകൊണ്ടും കംസാരിഗോപാലനായി . കംസാരിഗോപാലൻ ശതുസംഹാര മൂർത്തിയാണ് .
മക്കൾ നഷ്ടപ്പെട്ട വിപ്രൻറെ കുഞ്ഞുങ്ങളെ വൈകുണ്ഠത്തിൽ പോയി തിരികെ കൊണ്ട് വന്നതിനാൽ സന്താനഗോപാലനായി . സന്തതി ലാഭത്തിനും കുടുംബക്ഷേമത്തിനുമുള്ള മൂർത്തിയായി ഹിന്ദുക്കൾ സന്താനഗോപാലനെ കാണുന്നു .
ഇത്തരത്തിൽ വൈഷ്ണവ സമ്പ്രദായത്തിലുള്ള ഓരോ ഉപാസനാമൂർത്തിയും കൃഷ്ണന്റെ ഓരോരോ ലീലകളെയാണ് സൂചിപ്പിക്കുന്നത് . കൃഷ്ണനന്റെ വായ്മൊഴിയായും വരമൊഴിയായും പറഞ്ഞുകേൾക്കുന്ന ലീലകളെപ്പറ്റി മാത്രം ഒരു ഗ്രന്ഥമെഴുതിയാൽ അത് തന്നെ മഹാഭാരതത്തേക്കാൾ വലിപ്പമുണ്ടാകും .
കൃഷ്ണനും കുരുപാണ്ഡവരും[തിരുത്തുക]
ഭഗവാൻ കൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു കുന്തി . ഈ കുന്തിയാണ് പാണ്ഡവരുടെ മാതാവ് . അപ്പോൾ പാണ്ഡവരുടെ മാതൃപക്ഷത്താണ് യാദവർ വരിക . യാദവരിൽ ശ്രേഷ്ഠനായ വസുദേവർ കശ്യപ മുനിയുടെ അംശമായിരുന്നു . യാദവരിൽ വൃഷ്ണികൾ എന്ന പ്രബലവിഭാഗത്തിലാണ് കൃഷ്ണൻ ജനിച്ചത് . കൃഷ്ണന്റെ പുത്രനായിരുന്ന സാംബൻ ദുര്യോധനന്റെ പുത്രിയായ ലക്ഷ്മണയെ ആണ് വിവാഹം ചെയ്തിരുന്നത് . അത്തരത്തിൽ നോക്കുമ്പോൾ ദുര്യോധനൻ കൃഷ്ണന്റെ പുത്രനായ സാംബന്റെ അമ്മാവനായി വരും . അത്തരത്തിൽ കുരുക്കളുമായും പാണ്ഡവരുമായും കൃഷ്ണന് അത്യധികം ബന്ധമുണ്ട് . അതുകൊണ്ടാണ് അദ്ദേഹം യുദ്ധത്തിന് മുൻപ് ഇരുകൂട്ടരേയും സഹായിക്കാമെന്ന് വാക്കു കൊടുത്തത് . ഒരു അക്ഷൗഹിണിയോളം വരുന്ന തന്റെ നാരായണീയ സേനയെ അദ്ദേഹം ദുര്യോധനന് വിട്ടു കൊടുത്തു . സ്വയം ഒരു തേരാളിയായി അർജ്ജുനനോടൊപ്പം നിൽക്കുകയും ചെയ്തു . യുദ്ധത്തിൽ താൻ ആയുധമെടുക്കില്ല എന്ന് കൃഷ്ണൻ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു . അതുകൊണ്ട് ദുര്യോധനൻ അതീവ സന്തുഷ്ടനായി കിട്ടിയ സഹായവും വാങ്ങി തിരികെപ്പോന്നു .
അതിനു ശേഷം നടന്ന കുരുക്ഷേത്രയുദ്ധത്തിൽ അർജ്ജുനന്റെ തേരാളിയായി അദ്ദേഹം നിലകൊണ്ടു . കൗരവർ ഒന്നടങ്കം ചത്തൊടുങ്ങി . തുടർന്ന് യുദ്ധശേഷം മക്കൾ മരിച്ച ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും പോയിക്കണ്ട് ആശ്വസിപ്പിച്ചു . ആയിടയ്ക്കാണ് ഗാന്ധാരി യുദ്ധഭൂമി സന്ദർശിക്കുന്നതും ദുഃഖിതയായ അവർ കൃഷ്ണനെ ശപിക്കുന്നതും . എന്തായാലും ഭഗവാൻ അതൊന്നും അത്ര ഗൗരവമായി കണ്ടില്ല . കാരണം ഗാന്ധാരിയുടെ ശാപവും അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചത് തന്നെയായിരുന്നു . അതിനു ശേഷം അദ്ദേഹം ഗര്ഭസ്ഥനായ പരീക്ഷിത്തിനെ ജീവിപ്പിച്ചു . തുടർന്ന് യുധിഷ്ഠിരന്റെ കിരീടധാരണത്തിനു ശേഷം ദ്വാരകയിലേക്കു തിരികെപ്പോയി . ദ്വാരകയിലെത്തിയ അദ്ദേഹം അഭിമന്യുവിന്റെ മരണവാർത്ത വസുദേവരെ അറിയിച്ചു . തുടർന്ന് വസുദേവർക്കും , ഉദ്ധവർക്കും , അക്രൂരനും മറ്റും ജ്ഞാനമുപദേശിച്ചു . മഹർഷിമാർ നിരന്തരം അദ്ദേഹത്തെ വന്നുകണ്ട് ജ്ഞാനോപദേശം തേടിക്കൊണ്ടിരുന്നു . ഈ സന്ദർഭത്തിൽ അദ്ദേഹം ധർമ്മരക്ഷയ്ക്കായി തുടർച്ചയായി ചില യജ്ഞങ്ങൾ ചെയ്യുകയും കാലോചിതമായ കർമ്മങ്ങൾ ആചരിക്കുകയും ചെയ്തു പോന്നു . അപ്പോഴായിരുന്നു കണ്വൻ , വിശ്വാമിത്രൻ തുടങ്ങിയ മുനിമാർ കൃഷ്ണനെ കാണുവാനായി എത്തിയത് . കൃഷ്ണന്റെ പുത്രനായ സാംബന്റെയും കൂട്ടരുടെയും അവഹേളനപരമായ ചില പ്രവർത്തികളിൽ ക്രുദ്ധരായ മുനിമാർ യദുക്കൾ നശിക്കുമെന്നു ശപിച്ചു . അതനുസരിച്ചു യാദവർ തമ്മിലടിച്ചു നശിച്ചു . വാസ്തവത്തിൽ അതും കൃഷ്ണന്റെ സങ്കല്പമായിരുന്നെന്ന് മഹാഭാരതത്തിലും ഭാഗവതത്തിലും പറയുന്നുണ്ട് . യാദവകുലം നശിച്ചശേഷം ലീല അവസാനിപ്പിച്ച കൃഷ്ണൻ കുണ്ഡലിനി ഉണർത്തി യോഗം കൈക്കൊണ്ട് വനത്തിൽ ശയിച്ചു . ആ സമയം അവിടെയെത്തിയ ജര എന്ന വേടന്റെ അമ്പേറ്റ് അദ്ദേഹം സ്വദേഹം ഉപേക്ഷിച്ചു . കൃഷ്ണൻ ഭൂമിയുപേക്ഷിച്ചതറിഞ്ഞ പാണ്ഡവർ രാജ്യം യുയുത്സുവിനെ ഏൽപ്പിക്കുകയും പരീക്ഷിത്തിനെ അടുത്ത രാജാവായി അവരോധിക്കുകയും ചെയ്തിട്ട് മഹാപ്രസ്ഥാനം ചെയ്തു .
യുധിഷ്ഠിരന്റെ രാജസൂയത്തിൽ[തിരുത്തുക]
യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ട എല്ലാ ഒത്താശകളും അനുഗ്രഹങ്ങളും നൽകി ആ യജ്ഞത്തെ ഒരു വന്പിച്ച വിജയമാക്കിയത് സാക്ഷാൽ കൃഷ്ണനായിരുന്നു . കൃഷ്ണന്റെ അനുഗ്രഹം കൂടാതെ യുധിഷ്ഠിരനോ പാണ്ഡവർക്കോ യജ്ഞം മുഴുമിപ്പിക്കാനാകുമായിരുന്നില്ല . നാരദമുനി പാണ്ഡുവിന്റെ സന്ദേശം യുധിഷ്ഠിരനെ അറിയിച്ചതിനു ശേഷം പാണ്ഡവർ രാജസൂയത്തിന്റെ നടത്തിപ്പിനെക്കുറിച്ചു ആലോചിക്കാനായി കൃഷ്ണനെ ക്ഷണിച്ചു . കൃഷ്ണൻ അത് സമ്മതിക്കുകയും അതിനു വേണ്ടതായ ധനം മുതലായവ നൽകുകയും ചെയ്തു . രാജയസൂയത്തിനു പ്രാരംഭമായി ജരാസന്ധൻ എന്ന ദുഷ്ടരാജാവിനെ വകവരുത്തുവാനാണ് കൃഷ്ണൻ യുധിഷ്ഠിരനെ ഉപദേശിച്ചത് . യുധിഷ്ഠിരന്റെ അനുമതി പ്രകാരം കൃഷ്ണൻ അർജ്ജുനനേയും ഭീമനേയും കൂട്ടിക്കൊണ്ടു ബ്രാഹ്മണ വേഷത്തിൽ ജരാസന്ധന്റെ കൊട്ടാരത്തിലെത്തുകയും തുടർന്ന് തങ്ങളുടെ യഥാരൂപം വെളിപ്പെടുത്തിയിട്ടു ഭീമനുമായി ദ്വന്ദ്വയുദ്ധത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു . കൃഷ്ണന്റെ അനുഗ്രഹത്താൽ ഭീമന് ജരാസന്ധനെ വധിക്കുവാൻ സാധിച്ചു . തുടർന്ന് ജരാസന്ധന്റെ പുത്രനായ സഹദേവനെ മഗധയുടെ രാജാവായി വാഴിക്കുകയും , അദ്ദേഹം നൽകിയ കപ്പം മുതലായവ സ്വീകരിക്കുകയും ചെയ്തിട്ട് , കൃഷ്ണനും ഭീമാർജ്ജുനന്മാരും യജ്ഞത്തിന്റെ അടുത്ത പടികൾ ആലോചിക്കുകയുണ്ടായി . യുധിഷ്ടിരനൊഴിച്ച് മറ്റു നാല് പാണ്ഡവരും ദിഗ്‌വിജയത്തിനായി ഇറങ്ങിത്തിരിച്ചു . അതിനു ശേഷം കപ്പമായി കിട്ടിയ വലിയ സമ്പത്തുപയോഗിച്ച് രാജസൂയം ആരംഭിച്ചു . ആ യജ്ഞത്തിൽ കൗരവർ പോലും സംബന്ധിച്ചു . യാഗത്തിന്റെ അവസാനം നൽകേണ്ടതായ അഗ്രപൂജ ആർക്കു നൽകണമെന്ന കാര്യത്തിൽ വലിയ തർക്കമുണ്ടായി . അപ്പോൾ ഭീഷ്മ പിതാമഹൻ അത് കൃഷ്ണന് നൽകുവാനാണ് പറഞ്ഞത് . പാണ്ഡവർ അഗ്രപൂജ കൃഷ്ണന് തന്നെ നൽകി . തുടർന്നാണ് യജ്ഞത്തിൽ വച്ച് ശിശുപാലൻ എന്ന കൃഷ്ണന്റെ പിതൃസഹോദരി പുത്രൻ കൃഷ്ണനെ ക്രൂരമായി നിന്ദിക്കുകയും ഭർസിക്കുകയും ചെയ്തത് . കൃഷ്ണന് അഗ്രപൂജ നൽകിയതൊന്നും അവിടെയിരുന്ന അസുരപക്ഷക്കാർക്കു സുഖിച്ചില്ല . അവരുടെ വക്താവായി നിന്നുകൊണ്ട് ശിശുപാലൻ കൃഷ്ണനെ നിന്ദിക്കുകയും തെറി പറയുകയും വരെ ചെയ്തു . പാണ്ഡവർ വിഷമിക്കുന്നത് കണ്ടപ്പോൾ കൃഷ്ണൻ ശിശുപാലനെ സുദർശനചക്രം കൊണ്ട് വധിച്ചു . അവന്റെ ആത്മാവ് കൃഷ്ണനിൽ ലയിച്ചു . തുടർന്ന് ദുർന്നിമിത്തങ്ങൾ ഒഴിയുകയും യാഗം ശുഭമായി പര്യവസാനിക്കുകയും ചെയ്തു .
പാണ്ഡവരുടെ ഐശ്വര്യം കണ്ടു സഹിക്കാതെ അസൂയമൂത്ത ദുര്യോധനനും ശകുനിയും ഒരു ചതിച്ചൂതു സംഘടിപ്പിക്കുകയുണ്ടായി . പാണ്ഡവരിൽ രാജാവായ യുധിഷ്ഠിരനെ അതിൽ ക്ഷണിച്ചു . ചൂതിനു പാണ്ഡവരെ ക്ഷണിക്കുന്ന സമയത്തു കൃഷ്ണൻ അവിടെയുണ്ടായിരുന്നില്ല . ദ്വാരകയെ ആക്രമിച്ച സാൽവനെ നേരിടാനായി അദ്ദേഹത്തിന് അത്യാവശ്യമായി ദ്വാരകയിലെത്തണമായിരുന്നു . സാൽവനെ വധിക്കാൻ കൃഷ്ണനല്ലാതെ ആർക്കും സാധ്യമല്ല . സാൽവനുമായി കൃഷ്ണൻ കൊടിയ യുദ്ധം ചെയ്യുമ്പോഴായിരുന്നു ചൂത് അരങ്ങേറിയത് .കൃഷ്ണൻ അവിടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹം ചൂത് തടയുമായിരുന്നെന്നു അദ്ദേഹം തന്നെ യുധിഷ്ഠിരനോട് പറയുന്നുമുണ്ട് . എന്തായാലും തുടർന്ന് , ധർമ്മം നിലനിറുത്താനായി യുധിഷ്ഠിരൻ ചൂതിൽ പങ്കെടുക്കുകയും ശകുനിയുടെ ചതിപ്രയോഗത്താൽ തോൽപ്പിക്കപ്പെടുകയും ചെയ്തു . അവസാന പണയമായി യുധിഷ്ഠിരൻ ദ്രൗപദിയെ തിരഞ്ഞെടുത്തു കളിച്ചു . യുധിഷ്ഠിരൻ അതിലും തോറ്റുപോയി .അതിനു ശേഷം പാണ്ഡവരേയു ദ്രൗപദിയേയും അപമാനിക്കാനായി ദുര്യോധനന്റെ ശ്രമം . അതിനായി ആദ്യം അയാൾ പാണ്ഡവരോട് വസ്ത്രങ്ങൾ അഴിച്ചു വയ്ക്കുവാൻ കൽപ്പിച്ചു . പാണ്ഡവർ മേല്മുണ്ടുകൾ അഴിച്ചെടുത്തു നിലത്തു വച്ചു . തുടർന്ന് ദ്രൗപദിയെ സഭയിലെത്തിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനെ ചുമതലപ്പെടുത്തി . സഭയിൽ പാഞ്ചാല രാജപുത്രിയായ ദ്രൗപദിയെ ദുശ്ശാസ്സനൻ വലിച്ചിഴച്ചുകൊണ്ടു വന്നു . അവളുടുത്തിരുന്ന ഒറ്റമുണ്ട് വലിച്ചഴിക്കുവാൻ ദുര്യോധനൻ ദുശ്ശാസ്സനനു നിർദ്ദേശം കൊടുത്തു .യാതൊരു പാപചിന്തയുമില്ലാതെ ദുശ്ശാസ്സനൻ അത് ചെയ്യുവാൻ തുടങ്ങി . ആ സമയത്ത് ധർമ്മത്തെയോർത്ത് യുധിഷ്ഠിരൻ മിണ്ടാതെ നിന്നതേയുള്ളൂ . അദ്ദേഹം അനുമതി നൽകാത്തതിനാൽ ഭീമനും ഒന്നും ചെയ്യാനായില്ല . തുടർന്ന് അർജ്ജുനനും നകുലനും സഹദേവനും മൗനം പാലിച്ചു . ഭീഷ്മർക്കോ ദ്രോണർക്കോ സഭയിലെ മറ്റാർക്കുമോ ഒന്നും ചെയ്യാനായില്ല . ധൃതരാഷ്ട്രരുടെ ബുദ്ധിമാനായ ഒരു പുത്രൻ വികർണ്ണൻ മാത്രം ദുര്യോധനന്റെ ദുർനയങ്ങളെ എതിർത്തു . ആ സമയത്താണ് ദുശ്ശാസ്സനൻ ദ്രൗപദിയുടെ വസ്ത്രം പിടിച്ചു വലിക്കുന്നത് . ആരോരുമില്ലാത്ത ദ്രൗപദി ഭഗവാൻ കൃഷ്ണനെ വിളിച്ചു കരഞ്ഞു . തന്റെ മാനം സഭയിലിട്ടു പിച്ചി ചീന്തുവാൻ പോകുന്നത് കണ്ടു ഭീതിയോടെ അവൾ നാരായണനായ കൃഷ്ണനെ വിളിച്ചു കരഞ്ഞു . അവളുടെ ഈ കരച്ചിൽ ദ്വാരകയിലിരുന്ന കൃഷ്ണൻ കേൾക്കുകയും അതീവ വ്യഗ്രനായി - അചിന്തിതമായ വേഗതയിൽ - അദ്ദേഹം ചൂതുസഭയിലെത്തുകയും ചെയ്തു . തുടർന്ന് കൃഷ്ണന്റെ പ്രഭാവത്താൽ ദ്രൗപദിയുടെ വസ്ത്രങ്ങൾ ഇരട്ടിക്കുവാൻ തുടങ്ങി . ദുശ്ശാസ്സനൻ വസ്ത്രം അഴിക്കുന്തോറും വീണ്ടും വീണ്ടും പുതിയ പുതിയ വസ്ത്രങ്ങളാൽ ദ്രൗപദി ചുറ്റപ്പെട്ടതായി കാണപ്പെട്ടു . ദുശ്ശാസ്സനൻ അഴിച്ച വസ്ത്രങ്ങൾ കൂമ്പാരമായി കൂടി . എന്നിട്ടും ദ്രൗപദി പൂർണ്ണ വസ്ത്രധാരിണിയായി കാണപ്പെട്ടു . ദുശ്ശാസ്സനൻ ലജ്ജയോടെ പിന്തിരിഞ്ഞു . ചൂതുസഭയിലെത്തിയ മായാരൂപിയായ കൃഷ്ണനെ ആർക്കും കാണുവാൻ സാധിച്ചില്ല . എന്നാൽ ഭക്തനായ വിദുരർ മാത്രം അത് കണ്ടതായി വ്യാസൻ പറയുന്നുണ്ട് .
കൃഷ്ണന്റെ ജീവിതസായാഹ്നം[തിരുത്തുക]
കുരുക്ഷേത്രയുദ്ധത്തിൽ അനേകം ക്ഷത്രിയർ സൽഗതി പ്രാപിച്ചു . അവരിൽ കൂടുതൽ പേരും അസുരാത്മാക്കളുടെ അവതാരങ്ങളായിരുന്നതിനാൽ ഭൂഭാരം ഹരിക്കപ്പെടുകയും അധർമ്മം നശിക്കുകയും ചെയ്തു . കുരുക്ഷേത്രയുദ്ധത്തിനു ശേഷം ഭഗവാൻ കൃഷ്ണൻ ദ്വാരകയിൽ വസിക്കുന്ന കാലത്ത് അനേകം ശാന്തിയജ്ഞങ്ങൾ നടത്തുകയുണ്ടായി . യാദവന്മാരുടെയും സ്വർഗ്ഗാരോഹണകാലമെടുത്തിരുന്ന സമയമായിരുന്നു അത് . ആ സമയത്താണ് പരീക്ഷിത്ത് ഗർഭാവസ്ഥയിൽ വച്ചു തന്നെ അശ്വത്ഥാമാവിന്റെ ബ്രഹ്മശിരസ്സെന്ന അസ്ത്രമേറ്റു കൊല്ലപ്പെട്ടത് .പാണ്ഡവരുടെ വംശനാശം വരുത്തുവാനായി അശ്വത്ഥാമാവ് പ്രയോഗിച്ചതായ ആ അസ്ത്രത്തെ തടഞ്ഞതും പരീക്ഷിത്തിനെ ജീവനോടെ കാത്തതും കൃഷ്ണനായിരുന്നു . അതികഠിനമായ ഒരു കർമ്മമായിരുന്നു അത് . എങ്കിലും അദ്ദേഹം അത് ചെയ്തു . ഈ ദുഷ്കൃത്യം ചെയ്ത അശ്വത്ഥാമാവിനെ ഭഗവാൻ ശപിച്ചു . തുടർന്ന് ദ്വാരകയിൽ വസിക്കവേ , അദ്ദേഹം ഒരിക്കൽ യാദവരോട് അവരുടെ കുലനാശം ഉടൻ സംഭവിക്കുമെന്ന് പ്രവചിക്കുകയുണ്ടായി . യാദവർ അത് അത്ര കാര്യമായെടുത്തില്ല . ലോകനാഥനായ കൃഷ്ണൻ തങ്ങളുടെ രക്ഷയ്ക്കുള്ളപ്പോൾ തങ്ങൾക്കു ഒന്നും സംഭവിക്കില്ലെന്ന് യാദവർ ധരിച്ചു . അഹന്ത നിറഞ്ഞ സ്വന്തം വംശത്തെ സംഹരിക്കുവാൻ കൃഷ്ണൻ ഉള്ളാലെ നിനച്ചു . വിഷ്ണുപുരാണം അംശം 5 അദ്ധ്യായം 37 ലായി ഇങ്ങനെയൊരു വിവരണം കാണുന്നുണ്ട് .
ഒരു ദിവസം ദേവന്മാർ ദൂതനായി അയച്ച വായുദേവൻ കൃഷ്ണനെ വന്നു കണ്ടു . അദ്ദേഹം പറഞ്ഞു . " ദേവാ ,ഞാൻ ദേവദൂതനായ വായുവാണ്. അങ്ങ് ഭൂമിയിൽ ജനിച്ചിട്ട് നൂറിലേറെ വർഷം കഴിഞ്ഞു . ഇനി അങ്ങ് സ്വർഗത്തിലേക്ക് എഴുന്നെള്ളിയാലും . ദേവന്മാർ അതാഗ്രഹിക്കുന്നു . സ്വർഗ്ഗത്തെ സനാഥമാക്കി അനുഗ്രഹിക്കേണമേ . എങ്കിലും അങ്ങയുടെ ഇഷ്ടംപോലെ തന്നെയാകട്ടെ . "
തുടർന്ന് കൃഷ്ണൻ ഇങ്ങനെ പറയുന്നു . " ഹേ ദേവദൂതാ , താങ്കൾ പറഞ്ഞതെല്ലാം എനിക്കറിയാം . യാദവന്മാരുടെ നാശത്തെ ഞാൻ തുടങ്ങി വച്ചിട്ടുണ്ട് . യാദവന്മാർ ജീവിച്ചിരിക്കെ ഭൂഭാരം കുറയ്ക്കുക സാധ്യമല്ല . ഏഴു രാത്രികൾ കൊണ്ട് ഭൂഭാരം കുറയ്ക്കപ്പെടും . ഈ ദ്വാരക ഞാൻ സമുദ്രത്തോട് വാങ്ങിയതാണ് . അതിനെ അതുപോലെ തന്നെ തിരികെ കൊടുത്തിട്ട് ഞാനും ബലരാമ ജ്യേഷ്ഠനും ഉടനെ സ്വർഗ്ഗത്തിലെത്തുന്നതാണ് . ഭൂമിഭാരത്തിനു കാരണക്കാരായിരുന്ന ജരാസന്ധനും മറ്റുള്ള അസുരന്മാരും കൊല്ലപ്പെട്ടു . ഇപ്പോഴുള്ള യാദവ കുമാരന്മാർ അവരിലൊട്ടും കുറഞ്ഞവരല്ല . അതിനാൽ ഭൂമിയുടെ ഈ അന്തിമഭാരവും കുറിച്ചിട്ടു ഞാൻ സ്വർഗ്ഗത്തിലെത്തുന്നുണ്ടെന്നു ദേവന്മാരെ അറിയിച്ചാലും ".
ഇതുകേട്ട് വായു തിരികെപ്പോയി . ഭഗവാൻ ഇത് പറഞ്ഞതിന് പിന്നാലെ ദിവ്യവും ഭൗമികവും അന്തരീക്ഷജന്യങ്ങളുമായ ദുർന്നിമിത്തങ്ങൾ ദ്വാരകയിൽ ഒന്നിന് പുറകെ മറ്റൊന്നായി കാണപ്പെട്ടു തുടങ്ങി . അതിനെ തുടർന്നാണ് മഹർഷിമാർ ദ്വാരകയിലെത്തിയതും , അവർ കൃഷ്‌ണപുത്രനായ സാംബനെയും മറ്റുള്ള യാദവരെയും ശപിക്കുന്നതും . ഇതിനൊക്കെ മുൻപ് തന്നെ ഗാന്ധാരീ ദേവി കൃഷ്ണനെ ശപിച്ചിട്ടുണ്ടായിരുന്നു . എന്നാൽ അപ്പോഴും ഭഗവാൻ കൃഷ്ണൻ അത് തന്റെ തന്നെ നിശ്ചയമാണെന്നാണ് ഗാന്ധാരിയെ അറിയിച്ചത് . ഇതിൽ നിന്നും യദുവംശം നശിച്ചത് ഭഗവാന്റെ തന്നെ തീരുമാനമായിരുന്നുവെന്നും അതിൽ ഗാന്ധാരിയുടെ ശാപത്തിനോ , മുനിശാപത്തിനോ യാതൊരു കയ്യുമില്ലെന്നും നമുക്ക് കാണാം . തുടർന്നുള്ള വിഷ്ണു പുരാണം അംശം 5 അദ്ധ്യായം 38 ലായി വ്യസമുനി അർജ്ജുനനോട് പറയുന്നത് ഇങ്ങനെയാണ് .
"അർജ്ജുനാ , ഭഗവാൻ കൃഷ്ണൻ സ്വയം കാലസ്വരൂപനാകുന്നു . അദ്ദേഹം ഭൂഭാരം തീർക്കുവാനായി മാത്രം അവതരിച്ചതായിരുന്നു . അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയിൽ അവതാരമെടുത്തു . അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി . അതിനു ശേഷം വൃഷ്ണി - അന്ധക കുലങ്ങളേയും ഉപസംഹരിച്ചു . ശേഷം തന്റെ ഇച്ഛയാൽ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു . അതിനാൽ നീ ദുഃഖിക്കരുത് . "
ഇത്തരത്തിൽ സ്വയം കാലസ്വരൂപനായ ഈശ്വരൻ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാൽ ലീലയെ ഉപസംഹരിക്കുന്നു .
കൃഷ്ണനെ സംബന്ധിക്കുന്ന ഉപനിഷത്തുക്കളിൽ പ്രധാനമായവ കൃഷ്ണോപനിഷത്ത് , ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് എന്നവയാണ് . 108 ഉപനിഷത്തുക്കളിൽ വച്ച് വലിപ്പം കുറഞ്ഞ രണ്ടു ഉപനിഷത്തുക്കളാണ് ഇവയെങ്കിലും ഇവയുൾക്കൊള്ളുന്ന സാരാംശം വളരെ വലുതാണ് . ഗോപാലപൂർവ്വതാപിന്യൂപനിഷത്തിൽ ബ്രഹ്‌മാവ് കൃഷ്ണനെക്കുറിച്ചു മുനിമാരോട് വർണ്ണിക്കുന്നത് ഇങ്ങനെയാണ് .
ശ്രീകൃഷ്ണോ വൈ പരമം ദൈവതം ഗോവിന്ദാൻ മൃത്യുർ ബിഭേതി
ഗോപീജനവല്ലഭജ്ഞാനേന തജ്‌ജാതം ഭവതി സ്വാഹേദം സംസരതീതി
തദു ഹോചു കഃ കൃഷ്ണോ ഗോവിന്ദശ്ച കോ(അ)സാവിതി ഗോപീജനവല്ലഭ കഃ കാ സ്വാഹേതി
തനുവാച ബ്രാഹ്മണഃ പാപകർഷണോ ഗോഭൂമി വേദ വിദിതോ വേദിതാ ഗോപീജന വിദ്യാകലാ പ്രേരകഃ
തന്മായാ ചേതി സകലം പരം ബ്രഹ്മൈ തദ് യോ ധ്യായതി
രസതി ഭജതി സോ(അ )മൃതോ ഭവതി സോ(അ )മൃതോ ഭവേതീതി [ഗോപാലപൂർവ്വതാപിന്യൂപനിഷത്ത് പദ്യം 2]
(ഭാഷാ അർത്ഥം)
(ബ്രഹ്‌മാവ് മുനിമാരോട് പറയുന്നതാണ് സന്ദർഭം). ശ്രീകൃഷ്ണനാണ് പരമനായ ഈശ്വരൻ . ഇദ്ദേഹത്തിന് ഗോവിന്ദനെന്നും പേരുണ്ട് . ഗോവ് , വേദം , ഭൂമി , വേദവാണി എന്നിവയുടെ ജ്ഞാനവും ഇദ്ദേഹമാണ് . ഇദ്ദേഹത്തെ മരണം പോലും ഭയക്കുന്നു . ഗോപീജനവല്ലഭനായ ഇദ്ദേഹം അവിദ്യയെ ഇല്ലാതാക്കുന്നു . സകല ജ്ഞാനവും , വിദ്യയാകുന്ന അമൃത് നൽകുന്നവനും ഇദ്ദേഹമത്രേ . ഈ ദിവ്യപുരുഷന്റെ മായാശക്തിയെ സ്വാഹാ എന്ന് പറയുന്നു . ഇതൊക്കെയും പരമേശ്വരനായ ഇദ്ദേഹത്തിന്റെ രൂപങ്ങൾ തന്നെയാണ് . ശ്രീകൃഷ്ണൻ എന്ന നാമത്തിൽ വിഖ്യാതനായിരിക്കുന്നത് പരബ്രഹ്മം തന്നെയാണ് . പാപനാശകനാണ് ഇദ്ദേഹം . ആരാണോ ഇദ്ദേഹത്തെ ധ്യാനിക്കുന്നത് , ആരാണോ ഇദ്ദേഹത്തിന്റെ നാമങ്ങൾ ജപിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ ഭജിക്കുന്നത് , ആരാണോ ഇദ്ദേഹത്തെ സ്തുതിക്കുന്നത് , അവർ തീർച്ചയായും മരണമില്ലായ്മയെ പ്രാപിക്കും (സോ(അ )മൃതോ ഭവേതീതി) .
കൃഷ്ണോപനിഷത്തിൽ കൃഷ്ണനെ വിഷ്ണുവിന്റെ അംശമായും , സാക്ഷാൽ ശ്രീരാമദേവന്റെ പുനരവതാരമായും വർണ്ണിച്ചിരിക്കുന്നു .
കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണ്ടുകൊണ്ട് വൈഷ്ണവർ ആരാധിക്കാറുണ്ട്. കൃഷ്ണൻ വിഷ്ണുവിന്റെ പൂർണ്ണാവതാരമാണ്.
[25] എന്നിരുന്നാലും വിഷ്ണുവും കൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ വ്യക്തമായ വ്യാഖ്യാനം ഇതുവരെ ലഭിച്ചിട്ടില്ല.
[26] ചിലയിടങ്ങളിൽ വിഷ്ണുവിന്റെ വലതു ഭാഗത്തായി കുടികൊള്ളുന്ന സ്വതന്ത്രസ്വഭാവമുള്ള ദൈവമായും കൃഷ്ണനെ കണക്കാക്കാറുണ്ട്.
[27] വൈഷ്ണവമതം പ്രധാനമായും കൃഷ്ണന്റേയും വിഷ്ണുവിന്റേയും പരമോന്നതയെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മിക്ക വൈഷ്ണവഭേദങ്ങളും കൃഷ്ണനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുകയാണെങ്കിലും ഗൗഡീയ വൈഷ്ണവം
[28] [29] ,വല്ലഭ സമ്പ്രദായം, നിമ്പാർക്ക സമ്പ്രദായം എന്നീ ഗണത്തിൽപ്പെട്ടവർ കൃഷ്ണനെ ഒരു സ്വതന്ത്ര ദൈവഭാവത്തിൽ അഥവാ സ്വയംഭഗവാനായാണ് കണക്കാക്കുന്നത്.
[30] [31][32] [33][34] സ്വാമിനാരായണ സമ്പ്രദായത്തിന്റെ സ്ഥാപകനായ സ്വാമിനാരായണൻ സ്വതന്ത്രരൂപത്തിലാണ് ആരാധിക്കുന്നത്. വൈഷ്ണവമതത്തിലെ പ്രമുഖ ശാഖയായ മഹാകൃഷ്ണവം വേദകാലത്തിലെ വസുദേവർ, ഗോപാലർ, കൃഷ്ണസങ്കല്പം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
[35]
കൃഷ്ണ-വാസുദേവ (
kṛṣṇa vāsudeva വസുദേവരുടെ പുത്രനായ കൃഷ്ണൻ) എന്നത് വൈഷ്ണവമതത്തിലേയും കൃഷ്ണസങ്കല്പത്തിലേയും പ്രാചീനമായ ആരാധനാരീതിയാണ്.
[36] കൃഷ്ണാരാധാരയിലെ വളരെ പൗരാണികമായ ഒരു രീതിയാണിതെന്ന് വിശ്വസിക്കുന്നു.
[37]ഈ രീതി മറ്റ് ആരാധനാരീതികളേക്കാൾ പ്രാചീനമാണെന്നും ഇതുമൂലമാണ് പിന്നീട് വൈഷ്ണവമതത്തിന്റെ ഏകീകരണം നടന്നതെന്നും വിശ്വസിച്ചു പോരുന്നു. ഭാഗവതരീതിയും ബാല കൃഷ്ണ സമ്പ്രദായത്തോടൊപ്പം ഗോപാല സമ്പ്രദായം കൂടി ചേർന്നപ്പോൾ കൃഷ്ണാരാധന ഒരുമ നേടി ഇന്നത്തെ രീതിയിലേക്ക് വളർന്നു.
[38] [39] ഈ രീതിയ്ക്ക് പുറത്തുള്ള പലയിടത്തും ഭക്തരെ
വാസുദേവകർ(
Vāsudevaka) എന്ന പേരിൽ അറിയപ്പെടാറുണ്ട്.
[40]വൈഷ്ണവത്തിൽ പിന്നീട് ചതുർ-അവതാരാഖ്യാനമായി മാറിയ കൃഷ്ണ-വാസുദേവൻ, പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഹരിവംശത്തിൽ വിശദമാക്കുന്നുണ്ട്.
[41]
പ്രാർത്ഥനാ ശ്ലോകങ്ങൾ[തിരുത്തുക]
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ
[42]
ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.
[43] കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ(
lila-'divine play) അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു. വൈഷ്ണവഭക്തിപ്രസ്ഥാനത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കൃതി ഭാഗവതമാണ് . ഭാഗവതം സാക്ഷാൽ കൃഷ്ണൻ തന്നെയാണെന്ന് വിശ്വസിക്കുന്നു . അതിനാൽ ഇതിനെയൊരു ദിവ്യഗ്രന്ഥമായി വൈഷ്ണവർ കരുതുന്നു . ഭാഗവതം പാരായണം ചെയ്യുന്നതും , കൃഷ്ണന്റെ ലീലകളെ കീർത്തിക്കുന്നതും മുക്തിപ്രദമാണെന്നു വൈഷ്ണവർ വിശ്വസിക്കുന്നു . ബംഗാളിലെ ഭക്തികവികൾ ഭഗവതത്തിന്റെ ചുവടുപിടിച്ചു ധാരാളം കീർത്തനങ്ങളും സ്തോത്രങ്ങളും രചിക്കുകയുണ്ടായി .കൃഷ്ണ ഭക്തന്മാരായ വൈഷ്ണവരെ പൊതുവിൽ
ഭാഗവതന്മാർ എന്നും ,
ഭഗവൽ പാദർ എന്നും സംബോധന ചെയ്യുന്നു . 5 ,6 ശതകങ്ങളിൽ ബംഗാളിൽ ഭക്തിപ്രസ്ഥാനം വളരെയേറെ പോഷിക്കപ്പെട്ടു .
ചൈതന്യ മഹാപ്രഭു , ശ്രീരാമകൃഷ്ണ പരമഹംസർ , മീരാദേവി തുടങ്ങിയവർ ഭക്തിപ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ വിശിഷ്ടങ്ങളാണ് .
കൃഷ്ണാരാധനാ സമ്പ്രദായത്തിലെ മൂർത്തികൾ[തിരുത്തുക]
കൃഷ്ണാരാധനാ സമ്പ്രദായത്തിലെ പ്രധാന മൂർത്തി ജനാർദ്ദനനാകുന്നു .ഗുരുവായൂരിലെ മൂർത്തിയും ഇതാണ് . ഇതുകൂടാതെ ബലരാമമൂർത്തി , മഹാസുദര്ശനമൂർത്തി, രാധാമാധവമൂർത്തി , രാമകൃഷ്ണമൂർത്തി , രുക്മിണീഗോപാലമൂർത്തി , വിനായകഗോപാലമൂർത്തി , പാർത്ഥസാരഥി , നർത്തനഗോപാലൻ , കാളിയമർദ്ദനമൂർത്തി എന്നിവയുമുണ്ട് . കൃഷ്ണാരാധനാസമ്പ്രദായത്തിലെ 196 മൂർത്തികൾ കൃഷ്ണന്റെ ഓരോ ലീലകളാണ് . ഇത്തരത്തിൽ 196 ഗോപാലമന്ത്രങ്ങളുമുണ്ട് . രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ കുറെയേറെ തന്മയത്വമാർന്ന മൂർത്തീഭേദങ്ങളെ കാണുവാൻ സാധിക്കും . ഇതുകൂടാതെ ചതുരക്ഷരീ ഗോപാലം , അഷ്ടാക്ഷരീ ഗോപാലം , ദശാക്ഷരീ ഗോപാലം , അഷ്ടാദശാക്ഷരീ ഗോപാലം , വിംശത്യക്ഷര ഗോപാലം , രാജഗോപാലം , സമ്മോഹന ഗോപാലം തുടങ്ങിയ പ്രധാന മന്ത്രങ്ങളാൽ ഗോപാലമൂർത്തികളെ പൂജിക്കുന്നു . മഹാസുദര്ശനമൂർത്തി വിഷ്ണുവിന്റെ പൂർണ്ണരൂപമാണ് . ഇതിൽ പ്രധാനമായ മന്ത്രം മഹാസുദര്ശന മന്ത്രമാണ് . സുദർശനമൂർത്തികൾ തന്നെ 12 എണ്ണമുണ്ട് .
ഒരു കഥകളി നടൻ കൃഷ്ണരൂപത്തിൽ
ഇന്ത്യൻ രംഗകലകളെപ്പറ്റിപ്പറയുമ്പോൾ ഹോറിറ്റ്സ് (
Horwitz) പതഞ്ജലിയുടെ മഹാഭാഷ്യത്തെക്കുറിച്ചും(
Mahabhashya - ക്രി.മു 150)അതിൽ പറഞ്ഞിരിക്കുന്ന കംസവധത്തെക്കുറിച്ചും ബാലിബന്ധത്തെക്കുറിച്ചും പരാമർശിച്ചുകാണുന്നു.
[44] ഭാസന്റെ
ബാലചരിത്രവും ദൂതവാക്യവും (ക്രി. മു 400 ) മാത്രമാണ് കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ച പ്രമുഖ സംസ്കൃത നാടകങ്ങൾ. ആദ്യത്തേത് കൃഷ്ണന്റെ കുട്ടിക്കാലത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ രണ്ടാമത്തേത് മഹാഭാരതയുദ്ധത്തെ അടിസ്ഥാനപ്പെടുത്തിയ ഏകാംഗനാടകമാണ്.
[45]
ഭക്തിപ്രസ്ഥാനത്തിന്റെ വളർച്ചയോടു കൂടി പത്താം നൂറ്റാണ്ടോടെ കൃഷ്ണകഥ വൻതോതിൽ കലാരൂപങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. ഗീതഗോവിന്ദം ഭാരതം മുഴുവൻ പ്രശസ്തി ആർജ്ജിച്ചു. ഇതിന് ധാരാളം അനുകരണങ്ങളും ഉണ്ടാകാൻ തുടങ്ങി. ഭക്തി കവികൾ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ നാടോടി-ശാസ്ത്രീയ സംഗീത മേഖലകളിൽ നിരവധി പിറന്നു.
ഭാരതീയ ശാസ്ത്രീയ കലാരൂപങ്ങളായ ഒഡീസിയും മണിപ്പൂരിയും കൃഷ്ണകഥയെ അടിസ്ഥാനപ്പെടുത്തി നൃത്തങ്ങൾ രൂപവൽകരിച്ചു വൃന്ദാവനത്തിൽ അവതരിപ്പിച്ചിരുന്ന രാസലീല നൃത്തരൂപം കഥക്, കൃഷ്ണനാട്ടം എന്നിവയുമായി ആശയങ്ങൾ പങ്കിട്ടു. കഥകളിയുടെ മുൻഗാമിയായ കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിലാണ് അവതരിപ്പിച്ച് വന്നത്.
[46] മധ്യകാല മഹാരാഷ്ട്രയിൽ രൂപപ്പെട്ടുവന്ന ഹരികഥ എന്ന കലാരൂപത്തിൽ കൃഷ്ണകഥ നൃത്തം, സംഗീതം എന്നിവയുടെ സഹായത്തോടെ വിശദീകരിക്കുകയായിരുന്നു. ഇത് തമിഴ്‌നാട്, കേരളം മുതലായ തെക്കൻ സംസ്ഥാനത്തേക്ക് വ്യാപിച്ചു. ഈ കലാരൂപത്തിൽ നിന്നാണ് കഥാപ്രസംഗം വികസിച്ചുവന്നത്. കർണ്ണാടകയുടെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന യക്ഷഗാനം എന്ന കലാരൂപം പുരാണത്തിലെ കൃഷ്ണകഥയെ അവലംബിച്ചാണ് രൂപപ്പെട്ടത്. പല ഇന്ത്യൻ ഭാഷകളിലേയും ചലച്ചിത്രങ്ങളെ കൃഷ്ണകഥ സ്വാധീനിച്ചിട്ടുണ്ട്..wiki