Saturday, February 03, 2018

മുണ്ഡകോപനിഷത്ത്-10
സഗുണബ്രഹ്മത്തെയും വിരാട് രൂപത്തേയും വിവരിക്കുന്നു-
അഗ്നിമൂര്‍ദ്ധാ ചക്ഷുഷീ ചന്ദ്രസൂര്യൗ
ദിശഃ ശ്രോത്രേ വാഗ്‌വിവൃതാശ്ച വേദാഃ
വായുഃ പ്രാണോ ഹൃദയം വിധ്വമസ്യ
പദ്ഭ്യാം പൃഥിവീ ഹ്യേഷസര്‍വ്വഭൂതാന്തരാത്മാ
ആരുടെ ശിരസ്സ് ദ്യുലോകവും കണ്ണുകള്‍ സൂര്യചന്ദ്രന്മാരും ചെവികള്‍ ദിക്കുകളും വാക്ക് വെളിവാക്കപ്പെട്ട വേദങ്ങളും പ്രാണന്‍ വായുവും ഹൃദയം വിശ്വവും പാദങ്ങള്‍ ഭൂമിയുമായത് അദ്ദേഹം എല്ലാ ഭൂതങ്ങളുടെയും അന്തരാത്മാവാകുന്നു.
അപരവിദ്യാ വിഷയമായ സഗുണബ്രഹ്മമാണ് വിരാട് രൂപത്തില്‍ പ്രകാശിക്കുന്നത്. വിരാട് പുരുഷന്റെ ശരീരമാണ് ഈ കാണുന്നതെല്ലാം. വിരാട് പുരുഷന്റെ തലയായി വിശേഷിപ്പിച്ചിരിക്കുന്ന അഗ്നി ദ്യുലോകമാണ്. സൂര്യനേയും ചന്ദ്രനേയുമാണ് കണ്ണുകളായി പറയുക. എല്ലാ ദിക്കുകളുമാണ് ചെവികള്‍. ഋഷിമാരിലൂടെ വെളിവാക്കപ്പെട്ട വേദങ്ങളാണ് വാക്കുകള്‍. പ്രാണനായിരിക്കുന്നത് വായുവാണ്. ഈ ലോകമാണ് ഹൃദയം അഥവാ അന്തഃകരണമായിരിക്കുന്നത്. വിരാട്പുരുഷന്റെ പാദങ്ങളില്‍ നിന്നാണ് ഭൂമിയുണ്ടായത്. ത്രിലോകങ്ങളാകുന്ന ശരീരത്തോടുകൂടിയവനും എങ്ങും നിറഞ്ഞവനും ആദ്യത്തെ ശരീരിയും ആയ ഈ ദേവന്‍ എല്ലാ ജീവജാലങ്ങളുടേയും അന്തരാത്മാവാണ്. എല്ലാറ്റിനും ഉള്ളില്‍ വിളങ്ങിക്കൊണ്ടിരിക്കുന്നവനാണ്.
വിരാട് പുരുഷനില്‍ നിന്ന് അഥവാ പുരുഷനില്‍ നിന്ന് ഉണ്ടായവയെ പറയുന്നു-
തസ്മാദഗ്നിഃ സമിധോ യസ്യസൂര്യഃ
സോമാത് പര്‍ജ്ജന്യ ഔഷധയ പൃഥിവാം
പുമാന്‍ രേതഃ സിഞ്ചതിയോഷിതായാം
ബഹ്വീഃ പ്രജാഃ പുരുഷാത് സംപ്രസൂതാഃ
പുരുഷനില്‍ നിന്ന് സൂര്യനാകുന്ന വിറകോടുകൂടിയ ദ്യുലോകമുണ്ടാകുന്നു. അതില്‍നിന്ന് ചന്ദ്രനും ചന്ദ്രനില്‍ നിന്ന് മേഘവും (മഴയും) ആ മഴയെത്തുടര്‍ന്ന് ഭൂമിയില്‍ ധാന്യങ്ങളും ഉണ്ടാകുന്നു. പുരുഷബീജത്തെ സ്ത്രീയിലേക്ക് സേചനം ചെയ്യുന്നു. അങ്ങനെ പുരുഷനില്‍ നിന്ന് ധാരാളം പ്രജകള്‍ ഉണ്ടാകുന്നു.
ഛാന്ദോഗ്യോപനിഷത്തിലെ പഞ്ചാഗ്നി വിദ്യയില്‍ വിവരിക്കുന്ന അഞ്ചുതരത്തിലുള്ള അഗ്നികളെയാണ് ഇവിടെ പറയുന്നത്. ഒന്നാമത്തെ അഗ്നി ദ്യുലോകം അഥവാ സ്വര്‍ലോകം. ആകാശം എന്നും പറയാം. രണ്ടാമത്തേത് പര്‍ജ്ജന്യം; എന്നാല്‍ മേഘം അഥവാ മഴ. മൂന്നാം അഗ്നി ഭൂമിയിലെ ഔഷധികളും. വിവിധ ധാന്യങ്ങളാണ് ഔഷധികള്‍. നാലാം അഗ്നി പുരുഷന്‍ (ആണ്‍). അഞ്ചാം അഗ്നി യോഷിത് അഥവാ സ്ത്രീ. ആകാശമാകുന്ന ദ്യുലോക അഗ്നിക്ക് വിറകായാണ് സൂര്യനെ പറഞ്ഞിരിക്കുന്നത്. ചന്ദ്രന്‍ മേഘത്തിന്റെയും മഴയുടെയും കാരണവും ഔഷധികളുടെ അധിപനുമാണ്. പുരുഷന്റെ ബീജമായി മാറുന്നത് ധാന്യരൂപത്തിലുള്ള അരി, ഗോതമ്പ് തുടങ്ങിയ ഈ ഔഷധികള്‍ കഴിക്കുമ്പോഴാണ്. പുരുഷബീജം സ്ത്രീ ഗര്‍ഭത്തിലേക്ക് പ്രവേശിച്ച് പിന്നീട് സന്തതിയായി പിറക്കുന്നു. ഇങ്ങനെയുള്ള സൃഷ്ടിപ്രക്രിയയ്ക്ക് കാരണമായിത്തീരുന്നത് സഗുണബ്രഹ്മമായ ഈ പുരുഷനാണ്. കര്‍മവുമായി ബന്ധപ്പെട്ടവയും പുരുഷനില്‍നിന്ന് ഉദ്ഭവിക്കുന്നത്
തസ്മാദൃച സാമ യജൂംഷി ദീക്ഷാ
യജ്ഞാശ്ച സര്‍വ്വേക്രതവോ ദക്ഷിണാശ്ച
സംവത്‌സരാശ്ച യജമാനശ്ച ലോകാഃ
സോമോ യത്ര പവതേ യത്ര സൂര്യഃ
അക്ഷരപുരുഷനില്‍നിന്ന് ഋക്കുകളും സാമവും യജുസ്സുകളും ദീക്ഷയും എല്ലാ യജ്ഞങ്ങളും ക്രതുക്കളും ദക്ഷിണകളും സംവത്സരവും യജമാനനും സൂര്യചന്ദ്രന്മാര്‍ പ്രകാശിച്ച് ശുദ്ധീകരിക്കുന്ന ലോകങ്ങളും ഉണ്ടായി. 
ഋഗ്വേദം, യുജുര്‍വേദം, സാമവേദം തുടങ്ങിയ വേദങ്ങളുടേയും ആരംഭം  പുരുഷനില്‍ നിന്നാണ്. മഞ്ജീബന്ധനം മുതലായ ദീക്ഷയും അഗ്നിഹോത്രമുള്‍പ്പെടെയുള്ള യജ്ഞങ്ങളും ക്രതുക്കള്‍ എന്നുപറയുന്ന ബലിമൃഗങ്ങളെ കെട്ടുന്ന യൂപങ്ങളോടുകൂടിയ യാഗങ്ങളും ഉണ്ടായതും ഇവിടെനിന്നുതന്നെ. ദക്ഷിണയും കര്‍മ്മാംഗമായ സംവത്സരവും കര്‍മ്മം ചെയ്യുന്ന യജമാനന്മാരും ഉദ്ഭവിച്ചത് പുരുഷനില്‍ നിന്നാണ്. കര്‍മ്മങ്ങളുടെ ഫലമായി ചന്ദ്രനും സൂര്യനും ശുദ്ധീകരിക്കുന്ന ലോകങ്ങളും ഉണ്ടായത് പുരുഷനില്‍ നിന്നുതന്നെ. ദക്ഷിണായനം വഴി എത്തുന്ന ചന്ദ്രലോകവും ഉത്തരായണം വഴിയുള്ള സൂര്യലോകവുമാണ് ഇവ. കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ കുഞ്ജം എന്ന പുല്ലുകൊണ്ട് ഉണ്ടാക്കുന്ന ചരട് കെട്ടുന്നതാണ് മൗഞ്ജീ ബന്ധനം എന്ന ദീക്ഷ. ഇതുപോലെയുള്ള വ്രതങ്ങളെല്ലാം ഉണ്ടായതും അവിടെനിന്നാണ്.
ഋക്ക് എന്നാല്‍ ഗായത്രി മുതലായ ഛന്ദസ്സുകളില്‍ അക്ഷരങ്ങള്‍ക്കും പാദ അവസാനത്തിനും നിയമത്തോടെ നിബന്ധിച്ചിരിക്കുന്ന മന്ത്രങ്ങളാണ്. സാമം എന്നത് പാഞ്ചഭക്തികം, സാപ്തഭക്തികം എന്നിങ്ങനെയുള്ള ഗീതങ്ങളോടുകൂടിയ മന്ത്രങ്ങളാണ്. ഹിംകാരം, പ്രസ്താവം, ഉദ്ഗീതം, പ്രതിഹാരം, നിധനം എന്നിവയാണ് പാഞ്ചഭക്തികം. ഇതോടൊപ്പം ആദി, ഉപദ്രവം എന്നിവ കൂടിച്ചേര്‍ന്നാല്‍ സാപ്തഭക്തികമായി. അക്ഷരങ്ങള്‍ക്കും പാദാവസാനത്തിനും നിയമമില്ലാതെ വാക്യരൂപത്തില്‍ ഉപയോഗിക്കുന്ന മന്ത്രങ്ങളാണ് യജുസ്സുകള്‍. ഋക്കുകള്‍ ഋഗ്‌വേദമായും സാമം സാമവേദവുമായും യജുസ്സ് യജുര്‍വേദവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം ഉണ്ടായത് പുരുഷനില്‍ നിന്നാണ്.
ഒരു പശുവിനെ മുതല്‍ സര്‍വ്വസ്വവും നല്‍കുന്നതുള്‍പ്പെടെ എല്ലാം ദക്ഷിണയായാണ് കണക്കാക്കിയിട്ടുള്ളത്. കര്‍മ്മത്തിന്റെ അംഗമാണ് കാലമാകുന്ന സംവത്സരം. ഇപ്രകാരം സകലതും ഉണ്ടായതും ആ പുരുഷനില്‍നിന്നുതന്നെയാണ്.

No comments:

Post a Comment