ഉപാസിക്കപ്പെടേണ്ട വസ്തുവിന്റെ സമീപം ശാസ്ത്രവിധിയനുസരിച്ച് ചെല്ലുകയും അവിടെത്തന്നെ, ദീര്‍ഘകാലം ആ വസ്തുവിന്റെ ചിന്താധാരയില്‍തന്നെ, ഇടവിടാതെ, തൈലധാര പോലെ ഇരിക്കുകതന്നെ എന്ന് ശങ്കരാചാര്യര്‍ പറയുന്നു. അതിന് മൂന്ന് സാധനകള്‍ അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്-
(1) ഇന്ദ്രിയഗ്രാമം സന്നിയമ്യ-
'ഇന്ദ്രിയ ഗ്രാമം'- എന്നാല്‍ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കര്‍മ്മേന്ദ്രിയങ്ങളുമാണ്. ഭൗതികസുഖത്തിലേക്കു ഒാടിപ്പോകുന്ന ഇന്ദ്രിയങ്ങളെ തടഞ്ഞുനിര്‍ത്തി, ബ്രഹ്മത്തിലേക്ക് മാത്രമായി പ്രവര്‍ത്തിപ്പിക്കണം. ഇങ്ങനെ പറയാന്‍ എളുപ്പമാണ്; പക്ഷേ, അനുഷ്ഠിക്കാനുള്ള പ്രയാസം മുമ്പ് വിവരിച്ചതാണ്.
(2) സര്‍വ്വത്ര സമബുദ്ധയഃ
എല്ലാ വസ്തുക്കളിലും ദേവന്‍, മനുഷ്യന്‍, മൃഗം ഇങ്ങിനെ വ്യത്യസ്തങ്ങളായ രൂപഭേദങ്ങളില്‍ എല്ലാം ബ്രഹ്മമാണ് എന്ന ജ്ഞാനംകൊണ്ട് സമബുദ്ധി നിലനിര്‍ത്തുന്നവരാവണം. നാം ഇച്ഛിക്കുന്നതു കിട്ടുമ്പോള്‍ സന്തോഷമോ, ഇച്ഛിക്കാത്തതു കിട്ടുമ്പോള്‍ ദുഃഖമോ ഉണ്ടാവരുത്.
(3) സര്‍വ്വഭൂതഹിതേ രതാഃ
എല്ലാത്തിലും ബ്രഹ്മത്തെ ദര്‍ശിക്കുകയാല്‍, ഹിംസയ്ക്കു കാരണമായ ദ്വേഷം അവര്‍ക്കില്ല. അതിനാല്‍ എല്ലാവര്‍ക്കും- സകല പ്രാണികള്‍ക്കും ഹിതമായ പ്രവൃത്തി ചെയ്യുന്നതില്‍ എപ്പോഴും മുഴുകിയിരിക്കും. സര്‍വ്വഭൂതങ്ങള്‍ക്കും ഹിതമായ പ്രവൃത്തിയാണ് അവര്‍ ചെയ്യുക. ഇഷ്ടമായ പ്രവൃത്തിയല്ല. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയാണ് ഭൗതികതലത്തില്‍ ജീവിക്കുന്നവരുടെ ഇഷ്ടം. സാത്വികഗുണമുള്ളവരും ധര്‍മ്മിഷ്ഠന്മാരുമായ നല്ല മനുഷ്യര്‍ മറ്റുള്ളവര്‍ക്കു അത്തരം ഇഷ്ടകാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ തല്‍പരരായിരിക്കും. അതു നല്ല കാര്യംതന്നെ. പക്ഷേ, അതു അവരെ ഭൗതികജീവിതത്തില്‍ ആസക്തരാക്കിത്തീര്‍ക്കുയാണ് െചയ്യുക. അതിനാല്‍ ആധാ്യാത്മിക ജീവിതം നയിക്കുവാന്‍ അവര്‍ക്കു തോന്നുകയേ ഇല്ല. പരമപദപ്രാപ്തിക്കു സഹായകമായ കാര്യങ്ങളാണ് വാസ്തവത്തില്‍ അവര്‍ക്കു ഹിതകരമായ പ്രവൃത്തി. ബ്രഹ്‌മോപാസകന്മാര്‍ അത്തരം ഹിതകരങ്ങളായ കാര്യങ്ങള്‍- പ്രവൃത്തികള്‍- മാത്രമേ ചെയ്യുകയുള്ളൂ.
മാം ഏവ പ്രാപ്‌നുവന്തി
അര്‍ജുനാ, ബ്രഹ്‌മോപാസകന്മാര്‍ എന്നെത്തന്നെയാണ്- എന്റെ ബ്രഹ്മതേജസ്സിനെതന്നെയാണ്- പ്രാ പിക്കുന്നത്. എന്റെ തേജസ്സിനെയാണ് ബ്രഹ്‌മോപാസകന്മാര്‍ ബ്രഹ്മം എന്നു പറയുന്നത്. നീതന്നെ മുമ്പ് പറഞ്ഞുവല്ലോ-
''പരം ബ്രഹ്മപരംധാമ
പവിത്രം പരമം ഭവാന്‍''- (10-12)
(= ഭഗവാന്‍- അങ്ങുതന്നെ പരബ്രഹ്മം; ഉത്കൃഷ്ടമായ പദവും പവിത്രീകരണശക്തിയും അങ്ങുതന്നെ) അത് ശരിയാണ്. ഞാന്‍- ഈ കൃഷ്ണന്‍ സൂര്യനെപ്പോലെയാണ്. സൂര്യന്‍ എന്നു പറയുമ്പോള്‍ സൂര്യഗോളം. അതില്‍നിന്ന് പ്രവഹിക്കുന്ന രശ്മി സമൂഹം, വെയില്‍ ഇവ മൂന്നും ഉള്‍പ്പെടുന്നു. രശ്മികളുടെ സ്ഥാനമാണ്, എന്നില്‍നിന്ന് പുറപ്പെടുന്ന ബ്രഹ്മതേജസ്സിനുള്ളത്. വെയിലിന്റെ സ്ഥാനമാണ്, രശ്മികളില്‍നിന്ന് ബ്രഹ്മതേജസ്സില്‍നിന്ന് ലോകം മുഴുവന്‍ വ്യാപിച്ചുനില്‍ക്കുന്ന പരമാത്മാവിനുള്ളത്. പരമാത്മാവ് സകല ശരീരികളിലും ആത്മാവായി നിലകൊള്ളുന്നു. വെയില്‍ ഓരോ ഗൃഹത്തിന്റെയും ജനാല, കവാടം മുതലായവ വഴിയായി അകത്ത് പ്രവേശിക്കുന്നതുപോലെ എന്നു പറയാം-
''അഹമാത്മാ ഗുഡാകേശ,
സര്‍വ്വഭൂതാശയ സ്ഥിതഃ (10-20)
(= ഞാന്‍ ആത്മാവായിട്ട്, സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു) എന്ന് ഞാന്‍ മുമ്പ് റഞ്ഞിട്ടുള്ളത് നീ ഓര്‍ക്കുന്നുണ്ടല്ലോ.
' ബ്രഹ്‌മോപാസകന്മാര്‍ എന്റെ ബ്രഹ്മഭാവത്തില്‍ എന്റെ തേജസ്സില്‍ ഒരു കണമായി ശോഭിക്കുന്നു എന്നു മനസ്സിലാക്കൂ!
''ബ്രഹ്‌മൈവസന്‍ ബ്രഹ്മാഭ്യേതി''-
(= ബ്രഹ്മമായി തീര്‍ന്നിട്ട്, ബ്രഹ്മത്തെ പ്രാപിക്കുന്നു)
''ബ്രഹ്മവേദ ബ്രഹ്‌മൈവ ഭവതി''-
(= ബ്രഹ്മത്തെ അറിയുന്നു; ബ്രഹ്മമായിത്തീരുന്നു.) എന്നീ ശ്രുതിവാക്യങ്ങളും ഈ അര്‍ത്ഥം തന്നെയാണ് പ്രതിപാദിക്കുന്നത്.)...kanapram
No comments:
Post a Comment