Wednesday, May 23, 2018

ശിവരാത്രി

മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയും തിരുവോണം നക്ഷത്രവും ചേര്‍ന്നുവരുന്ന പുണ്യ ദിനമാണ് മഹാശിവരാത്രി. ശിവശക്തിയുടെ സംയോഗമാണ് പ്രപഞ്ചഘടനയുടെ അടിസ്ഥാനമെന്നത് സര്‍വ്വസമ്മതമാണല്ലോ.
ശിവചൈതന്യത്തിന്റെ സൂക്ഷ്മസ്വഭാവം നിരന്തരമായ തപസ്സും അമൃതപ്രവാഹവുമാണ്. സാധനാനിഷ്ഠരായി ആധ്യാത്മികമായ അവബോധത്തോടെ മനുഷ്യത്വം വികസിപ്പിച്ചെടുക്കുക എന്നതാണ് ശിവപൂജയുടെ ലക്‌ഷ്യം.
വൃതങ്ങളെല്ലാം ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള ഏണിപ്പടികളാണങ്കിലും ശിവരാത്രി പോലെ മഹത്വല്‍ക്കരിച്ച മറ്റൊരു വൃതാനുഷ്ഠാനവും ഭാരതത്തിലില്ല.
കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസം പ്രകൃതി പുരുഷനില്‍ ലയിക്കുന്നു. ശിവനും പാര്‍വ്വതിയും ഒന്നാകുന്നു. പിന്നെ തപസ്സിന്റെ മുഹൂര്‍ത്തമാണ്. അമാവാസി ദിവസം പരമമായ മൌനത്തിന്റെതാണ്. അമാവാസിക്ക് ശേഷം അമൃതപ്രവാഹമുണ്ടാകുന്നു. അതാണ്‌ ചന്ദ്രദര്‍ശനം. ജീവാത്മാവ് ദുര്ബ്ബലമാകുമ്പോള്‍ അഹംകാരം ഇല്ലാതാകുന്നു. അതിനാല്‍ തപസ്സു (വൃതാനുഷ്ടാനങ്ങള്‍) സഫലമാകുന്നു. ഇതാണ് ശിവരാത്രിയുടെ ദാര്‍ശനീയ പക്ഷം.
ഭഗവാനു അനന്തകോടി തിരുനാമങ്ങള്‍ ഉണ്ടെങ്കിലും ശിവനാമം പ്രണവം ചേര്‍ത്ത് ഉച്ചരിക്കുമ്പോഴുള്ള അനുഭൂതി അനുഭവിച്ചറിയുകയും ആ അറിവില്‍നിന്ന്തന്നെ ആത്മജ്ഞാനവും ശേഷം മോക്ഷപ്രാപ്തിയും കൈവരിക്കാന്‍ സാധാരണക്കാരന് സാധിക്കുകയും ചെയ്യുന്ന ഒരു മഹാകാര്യത്തിന്‍റെ നിര്‍വ്വഹണപ്രക്രിയ ആണ് ശിവരാത്രി വൃതാചരണം.
വൃതം എന്ന് പറഞ്ഞാല്‍ നിഷ്ഠയാണ്. നിഷ്ഠ എന്നാല്‍ കണിശമായി പാലിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ചതുര്‍ദ്ദശിയുടെ തലേദിവസം തുടങ്ങി ചതുര്‍ദ്ദശി തീരുന്ന മുറയ്ക്ക് പാരണയോട് കൂടി വൃതം അവസാനിപ്പിക്കെണ്ടതാകുന്നു. ക്ഷേത്രദര്‍ശനം, നാമജപം, സത്സംഗം ഇവ മൂന്നും അത്യന്താപേക്ഷിതമാണ്.
ശുദ്ധമായ ആഹാരം ഒരുനേരം ഭുജിച്ചു ശേഷം ജീവശരീരത്തിന്റെ പ്രേരണയാലുണ്ടാവുന്ന വിശപ്പിനേയും ദാഹത്തിനെയും നിയന്ത്രിച്ചു കാമ-ക്രോധ-മദ-മോഹ-ലോഭാദികള്‍ വെടിഞ്ഞു നിദ്രാവിഹീനരായി പകലും രാത്രി മുഴുവന്‍ തിരുനാമജപങ്ങളും പ്രത്യേകിച്ച് പ്രണവം ചേര്‍ത്തുള്ള പഞ്ചാക്ഷരീ മന്ത്രജപവുമായി മനസ്സ് മുഴുവനും പരമേശ്വരനില്‍ അര്‍പ്പിച്ചു കഴിഞ്ഞു കൂടിയാല്‍ സ്വഗ്രഹത്തിലായാലും ക്ഷേത്രസന്നിധിയിലാണങ്കിലും പുണ്യ തീര്‍ത്ഥ സ്ഥലങ്ങളില്‍ ആണങ്കിലും ശ്രീ പരമേശ്വരന്‍ ഭക്തര്‍ക്ക്‌ ദര്‍ശനം തരുമെന്നുള്ളത് തീര്‍ച്ചയാണ്.
ശിവനോട് അടുത്തിരിക്കുക, ശിവമയമായി തീരുക, ശിവനില്‍ ലയിക്കുക, ശിവന്‍ തന്നെയായി മാറുക-- ഇതാണ് തപസ്സിന്റെ (വൃതാനുഷ്ടാനങ്ങള്‍) ലക്‌ഷ്യം. അതിനു സമുചിതമായ ദിവസം എന്നതാണ് ശിവരാത്രിയുടെ സവിശേഷത. ഒരു മഹാതപസ്സിന്റെ പുണ്യ പരിപാകതിന്റെ ഭാഗമാണ് ഓരോ ജീവകണവുമെന്ന തിരിച്ചറിവിലേക്ക് നമ്മെ അന്വയിക്കുക എന്നതത്രേ ശിവരാത്രിയുടെ ധന്യത. നിത്യമംഗളമൂര്‍ത്തിയും, കൈവല്യഫലദായകനുമായ കൈലാസനാഥന്റെ കൃപാകടാക്ഷത്തിനു പാത്രീഭൂതരാകുവാന്‍ ഏവര്‍ക്കും ഇടവരട്ടെ.

No comments:

Post a Comment