സിംഹാസനം
ഗുല്‍ഫൗ ച വൃഷണസ്യാധഃ
സീവന്യാഃ പാര്‍ശ്വയോഃ ക്ഷിപേത്
ദക്ഷിണേ സവ്യഗുല്‍ഫം തു
ദക്ഷഗുല്‍ഫം തു സവ്യകേ (1-50)
കാലിന്റെ ഞെരിയാണികള്‍ വൃഷണങ്ങള്‍ക്കടിയിലായിരിക്കും. സീവനിയുടെ ഇടതു വശത്തു വലതു ഞെരിയാണിയും വലതു വശത്ത് ഇടതു ഞെരിയാണിയും ചേരും.
ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യത്തിലാണ് സീവനി എന്ന സ്ഥാനം. ഇത് ഒരു മര്‍മസ്ഥാനമാണ്. ഞെരിയാണി സീവനിയില്‍ ചേരണമെങ്കില്‍ കാലിന്റെ അടിഭാഗം പൃഷ്ഠത്തിന്റെ അടിയില്‍ വരണം. അതായത് വലതുകാല്‍ മടക്കി ഞെരിയാണി സീവനിയില്‍ ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായി ഉപ്പൂറ്റി ഇടതു പൃഷ്ഠത്തിന്റെ അടിയിലേക്കു കയറിപ്പോകും. ഇടതു കാലിന്റേത് വലതിനടിയിലും. ഉപ്പൂറ്റിയും ഞെരിയാണിയും നല്ല വഴക്കമുള്ളതായാലേ ഇതു സാധ്യമാവൂ.
ഹസ്തൗ തു ജാന്വോഃ സംസ്ഥാപ്യ
സ്വാംഗുലീഃ സംപ്രസാര്യ ച
വ്യാത്തവക്ത്രോ നിരീക്ഷേത
നാസാഗ്രം സുസമാഹിതഃ (1-51)
കൈകള്‍ കാല്‍മുട്ടിന്മേല്‍ വിരലുകള്‍ നിവര്‍ത്തി പരത്തി വെക്കണം. വായ മലര്‍ക്കെ തുറന്ന് ഏകാഗ്രചിത്തനായി നാസാഗ്ര ദൃഷ്ടിയായി ഇരിക്കണം.
വായ മലര്‍ക്കെ തുറക്കുമ്പോള്‍ നാക്കിന്റെ സ്ഥാനമെന്ത്? നാക്ക് നീട്ടിയിരിക്കും. (കാലിന്റെയും കയ്യിന്റെയും സ്ഥിതിയില്‍ മാറ്റങ്ങളോടെ ശക്തമായി അലറുന്ന, സിംഹഗര്‍ജ്ജനം ചെയ്യുന്ന ആസനവും നടപ്പിലുണ്ട്. അതിന് സിംഹ ഗര്‍ജനാസനമെന്നും പേരു പറയും.) ദൃഷ്ടി മൂക്കിന്റെ അറ്റത്തായിരിക്കും. ദൃഷ്ടി മറ്റെവിടേക്കും തിരിയരുതെന്നര്‍ഥം.
ദൃഷ്ടി തിരിഞ്ഞാല്‍ മനസ്സും അതോടൊപ്പം പോകും. അപ്പോള്‍ മനസ്സിന്റെ ഏകാഗ്രതയും നഷ്ടപ്പെടും. 'സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവലോകയന്‍' എന്ന് ഭഗവദ്ഗീതയും പറയുന്നുണ്ട്. സമാഹിത മനസ്സ് എന്നാല്‍ ലീനമായ മനസ്സു തന്നെ. സുസമാഹിതമെന്നാല്‍ നല്ലവണ്ണം സമാഹിതമെന്നാണ്.
വൈദിക കര്‍മങ്ങള്‍ ആരംഭിക്കുമ്പോള്‍ ഉള്ള ഒരു നിര്‍ദേശവും ഉത്തരവും ശ്രദ്ധിക്കുക.
നിര്‍ദേശം കര്‍മം ചെയ്യുന്നയാള്‍ അതില്‍ പങ്കെടുക്കുന്നയാളോടു മനഃസമാധീയതാം (മനസ്സ് സമാധിലീനമാവട്ടെ).
ഉത്തരം: സമാഹിതമനസഃ സ്മഃ(ഞങ്ങള്‍ സമാഹിത മനസ്സുള്ളവരാണ്). സമാഹിത ചിത്തവും സമാധിയും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക.
സിംഹാസനം ഭവേദേതത്
പൂജിതം യോഗിപുംഗവൈഃ
ബന്ധത്രിതയ സംധാനം
കുരുതേ ചാസനോത്തമം. (1-52)
ഇതാണ് യോഗിവര്യന്മാരാല്‍ പൂജിതമായ സിംഹാസനം. ഇത് ബന്ധത്രയങ്ങളെ സാധിക്കുകയും ചെയ്യുന്നു. സിംഹാസനത്തിന്റെ പ്രാധാന്യം കാണിക്കാനാണ് 'യോഗി പുംഗവൈഃ പൂജിതം' എന്നു പറഞ്ഞത്.
നാലു പ്രധാന ആസനങ്ങളിലൊന്നായാണ് സ്വാത്മാരാമന്‍ സിംഹാസനത്തെ കാണുന്നത്. താടി നെഞ്ചിനടുത്തേക്കുവരുന്നതിനാല്‍ ജാലന്ധര ബന്ധവും സീവനിയുടെ പാര്‍ശ്വങ്ങളില്‍ മര്‍ദ്ദം വരുമ്പോള്‍ മൂലബന്ധവും കൈകള്‍ നിവര്‍ത്തി കൈപ്പത്തി മുട്ടില്‍ ചേര്‍ത്ത് നട്ടെല്ലു നിവര്‍ന്ന് ശരീരം അല്പം മുന്നോട്ടായുമ്പോള്‍ ഉഡ്യാണ ബന്ധവും ഭാഗികമായി ലഭിക്കും. അതാണ് ബന്ധത്രയസന്ധാനം എന്നു പറഞ്ഞത്.
തൊണ്ടയ്ക്കും മൂക്കിനും ചെവിക്കും (ഋചഠ ) ഒരുപോലെ ഗുണകരമാണ് സിംഹാസനം. ഇത് സൂര്യോദയത്തില്‍ തുറന്ന സ്ഥലത്തു ചെയ്യുന്നത് കൂടുതല്‍ ഗുണകരമെന്ന പക്ഷവുമുണ്ട്.
ഭദ്രാസനം
ഗുല്ഫൗ ച വൃഷണസ്യാധഃ
സീവന്യാഃ പാര്‍ശ്വയോഃ
ക്ഷിപേത്
സവ്യ ഗുല്‍ഫം തഥാ സവ്യേ
ദക്ഷഗുല്‍ഫം തു ദക്ഷിണേ (1-53)
വൃഷണങ്ങളുടെ താഴെ സീവനിയുടെ പാര്‍ശ്വങ്ങളില്‍ ഞെരിയാണികള്‍ ചേര്‍ക്കണം. വലത്തേത് വലത്തേതിലും ഇടത്തേത് ഇടത്തേതിലും.
പാര്‍ശ്വപാദൗ ച പാണിഭ്യാം
ദൃഢം ബദ്ധ്വാ സുനിശ്ചലം
ഭദ്രാസനം ഭവേദേതത്
സര്‍വ്വവ്യാധി വിനാശനം.
ഗോരക്ഷാസനമിത്യാഹു
രിദം വൈ സിദ്ധയോഗിനഃ (1 -54)
ഓരോ വശത്തുമുള്ള കാലിനെ അതാതു കൈ കൊണ്ടു മുറുകെ പിടിച്ചു കൊണ്ട് അനങ്ങാതിരിക്കുന്നത് സര്‍വരോഗ വിനാശകമായ ഭദ്രാസനം. സിദ്ധന്മാരായ യോഗിമാര്‍ ഇതിനെ ഗോരക്ഷാസനമെന്നും വിളിക്കും.
ഗോരക്ഷമുനി സ്ഥിരമായി ചെയ്യുന്ന ആസനമായതിനാലാണ് ആ പേരു വന്നത്. ഭദ്രമെന്നാല്‍ നന്മ നിറഞ്ഞത്, അനുഗൃഹീതം എന്നൊക്കെ അര്‍ഥമെടുക്കാം. 'ഭദ്രം കര്‍ണേഭി' എന്ന് വേദം. വേദങ്ങള്‍ക്കിഷ്ടപ്പെട്ട വാക്കാണ് ഭദ്രം. കാലുകള്‍ക്ക് നല്ല വഴക്കമുള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന ആസനമാണിത്.
മുലബന്ധം ഇതില്‍ സ്വാഭാവികമായും വരും. ജനനേന്ദ്രിയങ്ങള്‍ക്കും ഗര്‍ഭപാത്രത്തിനും ആയാസവും വഴക്കവും നില്‍കുന്നതാണീയാസനം. പത്മാസനവും സിദ്ധാസനവും വജ്രാസനവും പോലെയുള്ള ഗുണങ്ങള്‍ ഇതിലും കിട്ടും.
No comments:
Post a Comment