Friday, October 12, 2018

മനസ്സിനെയോ ശരീരത്തെയോ ബാധിക്കുന്ന ഒരു ദുഃഖം വരുമ്പോള് നാം എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ സ്വന്തം വാസനകള് അനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ഒരാള് ദുഃഖത്തില് നിന്നും വിരക്തിയിലേയ്ക്കും അതു വഴി ഭക്തയിലേയ്ക്കും സന്ന്യാസത്തിലേയ്ക്കും തിരിയാറുണ്ട്. അത് ദോഷകരമായ മാറ്റം അല്ല, ശരിയായ മാറ്റമാണ്. ചിലര് മദ്യത്തിനും കുത്തഴിഞ്ഞ ജീവിതത്തിലും തിരിയുന്നു. അതാകട്ടെ നാശത്തിലേയ്ക്കു നയിക്കുന്ന മാറ്റവും ആകുന്നു. എന്നാല് നാം നമ്മുടെ ചഞ്ചലമായ മനസ്സിനെ അറിഞ്ഞിരിക്കേണ്ടതുണ്ട്. ‍ കാരണം നല്ലൊരു ലക്ഷ്യത്തെ അനുകരിക്കുന്നത് ശ്രേഷ്ഠമാണ്. പക്ഷേ പെട്ടെന്നുള്ള മാനസ്സികാവസ്ഥയാല്‍ പ്രേരിതമായി മറ്റൊരാളുടെ മാര്ഗ്ഗത്തെ നാം അനുകരിക്കാന് പാടില്ലല്ലോ! ഒരാളുടെ മാര്ഗ്ഗമാകില്ലല്ലോ മറ്റൊരാള്ക്ക്!‍‍‍‍
നമ്മുടെ മനസ്സ് കാലത്തിനനുസരിച്ച് മാറുന്നതും വാസനയ്ക്ക് അനുസരിച്ചു മാറുന്നതും മനസ്സിലാക്കിയില്ലെങ്കില് ചഞ്ചലമായ തീരുമാനങ്ങളില്പ്പെ‍‍‍‍‍‍‍ട്ട് സ്വയം കബളിപ്പിക്കപ്പെടും. ഉദാഹരണത്തിന് ഇപ്പോള് വ്യാഴഗ്രഹം രാശി മാറിയ സമയമാണ്. അത് ചിലരുടെ മനസ്സിനെയും ജീവിതത്തെയും അനുകൂലമായി ബാധിക്കും. ചിലര്‍ക്ക് പ്രതികൂലമായും ബാധിക്കും. എന്നാല്‍ വ്യാഴം ഒരു രാശിയില്‍ ഒരു വര്‍ഷമേ സ്ഥിതി ചെയ്യുന്നുള്ളു എന്നുള്ളതിനാല്‍ ഫലവും ഒരു വര്‍ഷത്തേയ്ക്കാണ്. ജനങ്ങളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്നതില്‍ വ്യാഴത്തിന്‍റെ സ്ഥിതി ഒരു പ്രധാന സൂചകമാണ്. അതു പോലെ തന്നെ നമ്മുടെ ഓരോരുത്തരുടെയും ജാതകവശാല്‍ ജീവിതകാലഘട്ടത്തെ ഓരോ ദശാകാലങ്ങളായി വിഭജിച്ചു പറയുന്നുണ്ട്. ദശ മാറുന്നതിനനുസരിച്ച് നമ്മുടെ സ്വഭാവവും സമീപനങ്ങളും മാറാറുണ്ട്. അങ്ങനെയാണ് നാം ചിലപ്പോള്‍ ചിലരെ കുറിച്ച് പറയാറില്ലേ നീ ഇപ്പോള്‍ പെട്ടെന്ന് മാറിപ്പോയി്രിക്കുന്നു നേരത്തെപ്പോലെ അല്ല എന്നൊക്കെ. അങ്ങനെ സ്വഭാവം മാറുന്നതിനനുസരിച്ച് പല ബന്ധങ്ങളും വിട്ടകലുകയും ചെയ്യുന്നു. അതായത് ദശമാറുമ്പോള്‍ ദശാനാഥന്‍റെ സ്വഭാവവും നമ്മില്‍ നിന്നും മാറുന്നു. പറഞ്ഞു വരുന്നത് ഇതാണ്. ഇങ്ങനെ പ്രകൃതിസ്വരൂപിണിയുടെ നിയമവലയത്തിനുള്ളില്‍ അകപ്പെട്ടാണ് നാം ഓരോ സമയവും ഓരോ സ്വാഭാവത്തെ കൈക്കൊണ്ട് ഓരോന്നു പ്രവര്‍ത്തിക്കുന്നത്. ഇവിടെ നമുക്ക് സ്വാതന്ത്ര്യം എവിടെ? മാറിക്കൊണ്ടിരിക്കുന്ന നാമരൂപങ്ങളിലെ അറിവിനെ ആശ്രയിച്ച് അത് സാദ്ധ്യമല്ല. മാറാതിരിക്കുന്നതെന്താണോ അതിലാണ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മാര്ഗ്ഗം!‍
വേദാന്തത്തിന്‍റെ കണ്ണുകളിലൂടെ നോക്കിയാലും ജ്യോതിഷത്തിന്‍റെ കണ്ണുകളിലൂടെ നോക്കിയാലും കിട്ടുന്നത് ഒരേ ദര്‍ശനമാണ്! ജീവിതത്തില്‍ നമ്മുടെ മനസ്സിന്‍റെയോ ശരീരത്തിന്‍റെയോ ഭൗതിക സാഹചര്യങ്ങളുടെയോ അവസ്ഥയ്ക്ക് സ്ഥിരത ഇല്ല എന്ന സത്യം! സ്ഥിരതയില്ലാതെ താല്ക്കാലികമായി ഞാന് ഇപ്പോള് ഇങ്ങനെയാണെന്ന് നമ്മെ ഭ്രമിപ്പിപ്പിച്ചു പോകുന്നതിനാല്‍‍‍‍ ഈ കാലത്തിന്‍റെ അനുഭവങ്ങള്‍ മായയാണ് എന്നു പറയുന്നതില് യുക്തിയുണ്ട്. ‍ ഈ നിസ്സഹായതയെ കുറിച്ചാണ് ആത്മോപദേശശതകത്തില് ഗുരു ഇപ്രകാരം പറഞ്ഞിരിക്കുന്നത്.‍‍
"പ്രകൃതിപിടിച്ചു ചുഴറ്റിടുംപ്രകാരം
സുകൃതികള് പോലുംമഹോ! ചുഴന്നിടുന്നു!"
ഈ ജീവിതം കര്‍മ്മപാശത്താല് ചുറ്റപ്പെട്ട ഒരു വലയമാണ്. ഈ ചക്രത്തില് നിന്ന് പുറത്തുകടക്കുക എളുപ്പമല്ല. ഗുരപാദങ്ങള് തന്നെ ശരണാഗതി!‍‍‍
രാശിചക്രത്തില് ഓരോരോ സ്ഥാനങ്ങളില് വന്നു നിന്ന് ജീവിതത്തിന്റെ കര്‍മ്മഗതിയെ വരച്ചുകാട്ടുന്നതും ദേവിയാണെന്നു തോന്നും! ‍‍‍ഓരോരോ ഭാവപ്പകര്ച്ചയിലൂടെ ദേവിയുടെ നടനം!
ഈ മായാനാടകത്തെ 'കാളിനാടക'ത്തില് ശ്രീനാരായണഗുരു പറഞ്ഞിരിക്കുന്നത് കാണാം!‍‍
''സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തർക്കു നിത്യം
വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീടുമാറാവിരാതങ്കബീജം
കുറഞ്ഞോരു നേരം നിനയ്ക്കുന്ന ഭക്തർ-
ക്കറിഞ്ഞീല മറ്റുള്ള കൈവല്യരൂപം!''
അതിനാല് ശാസ്ത്രങ്ങളിലൂടെ ദേവി നമുക്ക് സ്വന്തം മായാസ്വരൂപത്തെയാണ് കാട്ടിത്തരുന്നത്. മാറ്റത്തിനുവിധേയമായ ഉണ്ടായിമാറുന്ന ഈ അവിദ്യസ്വരൂപം ബോധിക്കുമ്പോഴാണ് നാം വിദ്യാസ്വരൂപത്തെ ആശ്രയിക്കുന്നത്. നമ്മുടെ ഈ മാറ്റങ്ങളെല്ലാം നാം അറിയുന്നുണ്ടല്ലോ? എന്നാല്‍ നാം അറിയുന്നതെല്ലാം അടുത്ത നിമിഷം മറ്റൊന്നായ് മാറുന്നുണ്ട്! സ്വന്തം മനോഭാവം പോലും നമ്മുടെ സ്വന്തം അറിവാണ്. അതും കാലഗതിയില്‍ മറ്റൊന്നായി പരിണമിക്കുന്നു! എന്നതിനാല്‍ ഈ അറിവിലും ഏറി അറിയുന്ന ആറിവിനെയാണ് ആശ്രയിക്കേണ്ടത്. അതാണല്ലോ ആത്മജ്ഞാനം! ബ്രഹ്മവിദ്യ!.
krishnakumar kp

No comments:

Post a Comment