Wednesday, October 10, 2018

കര്‍മ്മം എന്ന വാക്കിന്റെ അര്‍ത്ഥം പ്രവൃത്തി എന്നാണ്. പ്രാരബ്ധം, സഞ്ചിതം, ആഗാമി എന്ന് കര്‍മ്മം മൂന്നുവിധമുണ്ട്. ചില കര്‍മ്മങ്ങള്‍ മാറ്റാന്‍ സാധിക്കും. ചിലവ മാറ്റാന്‍ സാധിക്കുകയില്ല. പ്രാരബ്ധം എന്നതിന് തുടങ്ങിയത് എന്നര്‍ത്ഥം. ഇപ്പോള്‍ കാണുന്ന കര്‍മ്മം, ഇപ്പോള്‍ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന കര്‍മ്മമാണ് പ്രാരബ്ധകര്‍മ്മം. അത് ഒഴിവാക്കാനോ മാറ്റാനോ നിങ്ങള്‍ക്ക് സാധിക്കുകയില്ല. കാരണം, അതനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ചിത കര്‍മ്മമമെന്നാല്‍ ശേഖരിക്കപ്പെട്ടവ, കൂട്ടിവച്ച കര്‍മ്മം എന്നാണര്‍ത്ഥം. അത് വാസനാ രൂപത്തില്‍ അന്തര്‍ലീനമായിരിക്കുന്നു. മനസ്സിലുള്ള വാസന സൂക്ഷ്മമാണ് എന്നുമാത്രം. അത് ഓര്‍മ്മപോലെയാണ്. ഓര്‍മ്മ പ്രവൃത്തിരൂപത്തില്‍ വരാം. അല്ലെങ്കില്‍ സൂക്ഷ്മമായിരിക്കാം. പ്രവൃത്തിരൂപത്തില്‍ വരുന്നതിന് മുമ്പ് സഞ്ചിതകര്‍മ്മങ്ങളെ ആധ്യാത്മിക സാധനകള്‍കൊണ്ട് കത്തിച്ചാമ്പലാക്കുവാനോ, മാറ്റാനോ സാധിക്കും. അതിശക്തമായ, കട്ടികൂടിയ വാസനകള്‍ നിലനില്‍ക്കും. അവ പിന്നീട് കര്‍മ്മമായിത്തീരുന്നു. ആഗാമി എന്നതിന് ഇതുവരെ സംഭവിക്കാത്തത് എന്നാണര്‍ത്ഥം. ഇപ്പോള്‍ സംഭവിക്കാത്തും, എന്നാല്‍ ഇനി വരാന്‍ പോകുന്നത് അഥവാ അനുഭവിക്കാന്‍ പോകുന്നതുമായ ഫലത്തോടുകൂടിയ കര്‍മ്മമാണ് ആഗാമി കര്‍മ്മം. നിങ്ങള്‍ ഇന്നൊരു കുറ്റം ചെയ്യുകയാണെങ്കില്‍, ചിലപ്പോള്‍ ഇന്നുതന്നെ പിടിക്കപ്പെട്ടെന്നുവരില്ല. പക്ഷേ, ഭാവിയിലെന്നെങ്കിലും പിടിക്കപ്പെടുമെന്നു കരുതിതന്നെ ജീവിക്കേണ്ടിവരും. ഇതാണ് ആഗാമികര്‍മ്മം-ഭാവിയില്‍ ഫലം അനുഭവിക്കേണ്ടിവരുന്ന കര്‍മ്മം. മൃഗങ്ങള്‍ക്ക് പ്രാരബ്ധകര്‍മ്മങ്ങളേ ഉള്ളൂ. കര്‍മ്മത്തില്‍ അവയ്ക്ക് യാതൊരു നിയന്ത്രണവുമില്ല. പ്രകൃതിയ്ക്കനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. അവര്‍ ഭാവികര്‍മ്മങ്ങളെ കൂട്ടി വയ്ക്കുന്നില്ല. മനുഷ്യന് അത് അസാധ്യമാണ്. കാരണം അവന്റെ വാസനകളില്‍പ്പെട്ടിരിക്കുന്നു. ഓരോ ശീലവും ഓരോ കര്‍മ്മമാണ്. ഒരു ശീലത്തെ മനസ്സിലാക്കിയാല്‍ അതിനെ അതിജീവിക്കാനും നമുക്കുക കഴിയും. അല്ലെങ്കില്‍ ഒരു ശീലം അനുഭവിച്ചുകൊണ്ട് നാം അവയെ അതിജീവിക്കുന്നു. ഇവിടെയാണ് ജ്ഞാനത്തിന്റെ അറിവിന്റെ, അവബോധത്തിന്റെ കളി. അറിവ് സ്ഥിതിവിവരക്കണക്കുകള്‍ അല്ല. അത് ബോധമാണ്, അറിയലാണ്. ബോധമണ്ഡലം വികസിക്കുമ്പോള്‍ കര്‍മ്മം ശുഷ്‌കമാകുന്നു. അതുപോലെ നാം അമിതമായ ആസക്തി എന്നുപറയുന്നത് മനസ്സിലുള്ള ശക്തമായ വാസനകളല്ലാതെ മറ്റൊന്നുമല്ല. അത് മദ്യമോ മയക്കുമരുന്നോ ലൈംഗികവാസനയോ മറ്റെന്തായിരുന്നാലും ശരി, ഓരോ അമിതാസക്തിയും അഡിക്ഷനും ഒരു നിര്‍ബന്ധിതമായ പെരുമാറ്റരീതിയാണ്. അതും ഒരു കര്‍മ്മമാണ്. കര്‍മ്മം പലവിധമുണ്ട്. വ്യക്തിയുടെ കര്‍മ്മം, കുടുംബത്തിന്റെ കര്‍മ്മം, സമൂഹത്തിന്റെ കര്‍മ്മം എന്നിവ കൂടാതെ ഓരോ സമയത്തിനും അതിന്റേതായ കര്‍മ്മമുണ്ട്. ഒരു വിമാനാപകടം സംഭവിക്കുമ്പോള്‍ ഒരേ കര്‍മ്മമുള്ള വ്യക്തികളെല്ലാവരും അന്നേദിവസം ആ വിമാനത്തിലുണ്ടായിരിക്കും. അതില്‍ ചിലര്‍ക്ക് ആ കര്‍മ്മമില്ലെങ്കില്‍, വിമാനം മുഴുവനും കത്തിനശിച്ചാലും അവര്‍ രക്ഷപ്പെട്ട് പുറത്തേക്കുവരുന്നു. ആളുകള്‍ അങ്ങനെ രക്ഷപ്പെട്ടതായ നിരവധി കഥകളുണ്ട്. അപകടത്തിന്റെ കര്‍മ്മം അവര്‍ക്കുണ്ടായിരുന്നുവെങ്കിലും അതോടെ അവരുടെ ആയുസ്സ് അവസാനിച്ചില്ല. അതുകൊണ്ടവര്‍ രക്ഷപ്പെട്ടു. ഇന്ന കര്‍മ്മത്തിന് ഇന്ന ഫലം എന്ന് കര്‍മ്മത്തെ കൃത്യമായി ചൂണ്ടിക്കാണിക്കാനെന്നും നിങ്ങള്‍ക്ക് സാധ്യമല്ല. അത് അസാധ്യംതന്നെയാണ്. കാരണം, കര്‍മ്മം വളരെ ബൃഹത്താണ്. സമയബന്ധിതവുമാണ് കര്‍മ്മം. ഓരോ കര്‍മ്മത്തിന്റെയും പ്രതിക്രിയ ക്ലിപ്തമാണ്. നിശ്ചിതമാണ്, അനന്തമല്ല. ഒരാള്‍ ഒരു കുറ്റം ചെയ്തുവെന്നു കരുതുക. അയാള്‍ ജയില്‍വാസത്തിന് ശിക്ഷിക്കപ്പെടുന്നു. ജയില്‍വാസത്തിന് അഞ്ചോ പത്തോ ഇരുപത്തഞ്ചോ വര്‍ഷങ്ങള്‍ ഒരു നിശ്ചിത കാലയളവുണ്ട്. അതുപോലെ നല്ലതായാലും ചീത്തയായാലും പരിമിതമായ മണ്ഡലത്തിലേ ഒരു കര്‍മ്മം അതിന്റെ ഫലം ഉണ്ടാക്കുന്നുള്ളൂ. നിങ്ങള്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുമ്പോള്‍ അവര്‍ വന്ന് നിങ്ങളോട് നന്ദി പ്രകടിപ്പിക്കുന്നു. നിങ്ങള്‍ ചെയ്ത സത്കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുന്നിടത്തോളം കാലം അവര്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. പുനര്‍ജ്ജന്മത്തിന് അല്ലെങ്കില്‍ പ്രേരകമാണ് കര്‍മ്മം. വാസന അല്ലെങ്കില്‍ സംസ്‌കാരം പ്രബലമാകുന്നതനുസരിച്ച് അടുത്ത് ജന്മവും നിശ്ചയിക്കപ്പെടുന്നു. കര്‍മ്മത്തെ മുഴുവന്‍ ഇല്ലാതാക്കുന്ന വാസന ഒന്നുണ്ട്. അതാണ് ജ്ഞാനം, ആത്മജ്ഞാനം. നിങ്ങള്‍ക്ക് പൂര്‍ണമായ പ്രേമം, ജ്ഞാനം, ബോധം ഉണ്ടെങ്കില്‍ നിങ്ങള്‍ കര്‍മ്മത്തില്‍ നിന്നു മുക്തനാണ്. ബുദ്ധനും, പണ്ടത്തെ ഋഷിമാരും ഇതു പറഞ്ഞിട്ടുണ്ട്. ജനനമരണ ചക്രത്തില്‍നിന്ന് പുറത്തുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ കുറച്ചുകാലം അവിടെ പോകാനും തമാശയായി കളിക്കാനും പിന്നീട് തിരിച്ചുവരാനും സാധിക്കും. അപ്പോള്‍ നിങ്ങള്‍ ഒരു കര്‍മ്മത്താലും ബന്ധിതനല്ല, പൂര്‍ണസ്വതന്ത്രനാണ്. ജയിലറും തടവുകാരനും അതിനുള്ള ഉത്തമ ദൃഷ്ടാന്തങ്ങളാണ്. തടവുകാരനും ജയിലിലാണ്. ജയിലറും ജയിലിലാണ്. ജയിലര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അകത്തുപോകാനും പുറത്തുവരാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തടവുകാരന് അതില്ല. നിങ്ങളുടെ അവബോധമാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നത്. കര്‍മ്മം അനന്തമാണ്. കാരണം, സൃഷ്ടി തിരശ്ചീനമല്ല. പല മാനങ്ങളോടുകൂടിയാണത്. സത്യം തിരശ്ചീനമല്ല. അതിനു പല മാനങ്ങളുമുണ്ട്. സത്യം ഗോളരൂപമാണ്. ഒരു ഗോളത്തില്‍ ഓരോ ബിന്ദുവും മറ്റെല്ലാ ബിന്ദുക്കളോടും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു നേര്‍രേഖയാണെങ്കില്‍ ഒരു ബിന്ദുവിന് മറ്റു രണ്ടു ബിന്ദുക്കളിലേക്കു മാത്രമേ ബന്ധമുണ്ടാകൂ. ഒന്ന് മുമ്പിലും മറ്റൊന്ന് പിന്നിലും ഒരു വൃത്തത്തിലാണെങ്കില്‍ ഒരു ബിന്ദുവില്‍നിന്ന് 360 ഡിഗ്രി ചുറ്റിലും എല്ലാ ഭാഗത്തേയ്ക്കും ബന്ധമുണ്ട്. അതുകൊണ്ടാണ് ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്, ''കര്‍മസ്യ ഗഹനാ ഗതിഃ ''അല്ലെങ്കിലും കര്‍മത്തിന്റെ ഗതി ഗഹനമാണ്!

No comments:

Post a Comment