Tuesday, February 19, 2019

സ്വരൂപാനുസന്ധാഷ്ടകം -2

പരിത്യജ്യസർവ്വംയദാപ്നോതി
 
   ബ്രഹ്മസാക്ഷാത്കാരത്തിനുള്ള  വഴിയെന്താണ്? സർവ്വത്യാഗം. അതായത് എല്ലാം ഉപേക്ഷിക്കുക.  എല്ലാ വേദാന്തകൃതികളും ഏകകണ്ഠമായി നിർദേശിക്കുന്ന മാർഗ്ഗമിതാണ്. ഭഗവദ്ഗീത പോലും ഒടുവിൽ അർജ്ജുനനോടു പറയുന്നതെന്താണ്? സർവധർമ്മാൻപരിത്യജ്യ മാമേകം ശരണം വ്രജ എന്നാണ്; എല്ലാം ഉപേക്ഷിച്ച് എന്നെ മാത്രം ശരണം പ്രാപിക്കൂ എന്നാണ്. എന്താണ് സർവ്വ ത്യാഗം? പുറമേ കാണുന്ന കാഴ്ചകളെയെല്ലാം ഉപേക്ഷിക്കലാണോ? അതാർക്കെങ്കിലും സാദ്ധ്യമാണോ? സങ്കല്പത്യാഗം കൊണ്ടു ചിലർക്കതു സാധിച്ചേയ്ക്കും. അനുഭവത്തെ വിശകലനം ചെയ്താൽ ഒരുകാര്യം സ്പഷ്ടമായി തെളിയും. ശരീരമുൾപ്പെടെ എല്ലാ പ്രപഞ്ച ദൃശ്യങ്ങളും ബോധത്തിൽ സങ്കല്പം വഴി അനുഭവപ്പെടുന്നതാണ്. സങ്കല്പത്തിലൂടെയല്ലാതെ ഒന്നും അനുഭവിക്കാൻ കഴിയുകയില്ല. സങ്കല്പമോ ഞാൻ എന്ന ബോധത്തിൽ അംഗീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാവുന്ന ഒരു പ്രതിഭാസം മാത്രം. അങ്ങനെയാണെങ്കിൽ സങ്കല്പങ്ങളെല്ലാമുപേക്ഷിച്ചാൽ പുറമേനിന്നുള്ള എല്ലാ അനുഭവങ്ങളും വിട്ടുപോകും. എന്തിന് സങ്കല്പങ്ങളെല്ലാം പോയാൽ ജഗത്തില്ലാതാകും. പിന്നെ ആരു ശേഷിക്കും. സങ്കല്പങ്ങളെ കൈവെടിഞ്ഞ ബോധം ശേഷിക്കും. സങ്കല്പങ്ങളെ കൈവെടിയുന്ന  ബോധത്തിന് സ്വയം തന്നെ കൈവെടിയാൻ സാദ്ധ്യമല്ലല്ലോ. ബോധം ഏതു രൂപത്തിൽ ശേഷിക്കും? അഖണ്ഡാദ്വയാനന്ദ രൂപത്തിൽ ശേഷിക്കും. അതുതന്നെയാണ് പരബ്രഹ്മം. പ്രപഞ്ചാരംഭം മുതലേ പരീക്ഷിച്ചുറപ്പിക്കപ്പെട്ടു പോരുന്ന സത്യസ്ഥിതിയാണിത്. ഇതാണ് യോഗമാർഗ്ഗം.
   
    സർവ്വത്യാഗത്തിന് എളുപ്പമായ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. അതാണ് ജ്ഞാനമാർഗ്ഗം. സങ്കല്പ നിരോധമെന്ന യോഗമാർഗ്ഗം എല്ലാവർക്കും എളുപ്പമല്ല. വിശേഷിച്ചും സദാ ലോകകാര്യങ്ങളിൽ ഏർപ്പെട്ടു കഴിയുന്ന ഗൃഹസ്ഥന്മാർക്കും മറ്റും അതത്ര എളുപ്പമേയല്ല. അവർക്കൊക്കെ ഏറ്റവും എളുപ്പമായ മാർഗ്ഗം ആണ് ജ്ഞാന മാർഗം. എന്താണു ജ്ഞാനമാർഗം?
അഖണ്ഡബോധരൂപമായ ബ്രഹ്മം ജഗത്തിന്റെ പരമ കാരണമാണ്. പരമകാരണം അറിയപ്പെട്ടാൽ പിന്നെ അതല്ലാതെ മറ്റൊന്നും ഉണ്ടായിരിക്കാൻ സാദ്ധ്യമല്ല. അപ്പോൾ പലതു കാണുന്നതൊക്കെ അതിലെ വെറും ഭ്രമാനുഭവങ്ങൾ. മരുഭൂമിയിലെ കാനൽജലം  പോലെ. അറിവുള്ള ഒരാൾക്ക് മരുഭൂമിയിലെ കാനൽജലം മരുഭൂമി തന്നെയാണ്. അതുപോലെ ബ്രഹ്മത്തിൽ കാണപ്പെടുന്ന പലത് ബ്രഹ്മം തന്നെയാണ്. അൽപംപോലും മറ്റൊന്നുമില്ല എന്നതാണ് സത്യം. ആരംഭത്തിൽ ഒരു ഗൃഹസ്ഥൻ വേദാന്തശാസ്ത്രം അല്പമൊന്നു പഠിച്ച് ഈ തത്വം ശാസ്ത്രീയമായി ബുദ്ധിക്ക് ഉറപ്പുവരുത്തണം. തുടർന്ന് ഈ തത്വം സദാ ബുദ്ധിയെ ഓർമ്മിപ്പിച്ചുകൊണ്ട് ജീവിതം തുടരണം. മറന്നു പോകുമ്പോഴൊക്കെ വീണ്ടും ഓർമ്മിപ്പിച്ചുറപ്പിക്കണം. ഈ അഭ്യാസം തുടരുന്നതോടെ ഏകത്വബോധം അനുഭവത്തിൽ ഉറച്ചുറച്ചുവരും. ഉള്ളിൽനിന്നും രാഗദ്വേഷങ്ങൾ വിട്ടുപോകും. ശാന്തശീതളമായ അഖണ്ഡ ബോധം ഉള്ളിൽ തെളിഞ്ഞു തെളിഞ്ഞനുഭവിക്കാറാകും. ഒന്നേയുള്ളൂ എന്ന ബുദ്ധി ഉറപ്പു വരുന്നതാണു സർവ്വ ത്യാഗം. ഒന്നേയുള്ളുവെങ്കിൽ എന്തു ത്യജിക്കാൻ, ആരു ത്യജിക്കാൻ?

ഓം. വ്യാഖ്യാതാ - പ്രൊഫസർ ബാലകൃഷ്ണൻനായർ സർ അവർകൾ.
തുടരും.

No comments:

Post a Comment