Monday, February 04, 2019

*ശ്രീമദ് ഭാഗവതം 52*

ഈ പ്രജാപതികളിൽ കശ്യപ പ്രജാപതി ണ്ട്.  അദ്ദേഹത്തിന്റെ വീട്ടില് ഒരു ഭാര്യ അദിതി, ഒരു ഭാര്യ ദിതി. അദിതിയുടെ മക്കൾ ദേവന്മാർ, ദിതിയുടെ മക്കൾ അസുരന്മാർ. ആ വീട് എങ്ങനെ ണ്ടാവും?  ഒന്നാലോചിച്ച് നോക്കൂ. രണ്ടു കൂട്ടരും എപ്പഴും തല്ല് അടി ബഹളം.

അദിതി വന്നു പറയും എന്റെ മക്കൾക്ക് ജയിക്കാൻ വരം തരണം. 'തഥാസ്തു' എന്ന് പറയും അത്രേ കശ്യപൻ. ദിതിയും വന്നു പറയും ദേവന്മാരെ തോല്പിക്കാൻ എന്റെ മക്കൾക്കും വരം തരണം.  അപ്പോഴും കശ്യപൻ 'തഥാസ്തു' എന്ന് പറയും. എന്നിട്ടോ രണ്ട് കൂട്ടരും തല്ലും. അദ്ദേഹം നോക്കി ക്കൊണ്ടിരിക്കും അത്രേ.

പശ്യക കശ്യപോ ഭവത്. കശ്യപന് ആ പേര് വന്നത് അങ്ങനെയാ. നോക്കിയിരിക്കുന്ന ആള്. അദ്ദേഹത്തിന് അറിയാം ഈ പ്രകൃതി ഇങ്ങനേ ണ്ടാവുള്ളൂ. നമ്മള് പറയും നമ്മളുടെ മക്കളാണെന്ന്. അവരോ, ഏതോ ഒരു സ്വതന്ത്ര ജീവൻ, ഈ ശരീരത്തിനെ ഒക്കെ ആശ്രയിച്ചു കൊണ്ട് വരണു. അത് എന്റെ കുട്ടിയാണ്. ഞാനുണ്ടാക്കിയ കുട്ടി ആണ് എന്നൊക്കെ നമ്മള്  വിചാരിക്കാണേ.  അത് നമ്മുടെ കുട്ടി ഒന്നും അല്ല   ഏതോ ഒരു ജീവൻ ഒരു ശരീരത്തിനെ ആശ്രയിച്ചു വരണു. അത് സ്വതന്ത്രം.  ഇങ്ങട് വരൂ എന്ന് പറഞ്ഞാൽ എന്തിനാ എന്ന് ചോദിക്കും. എനിക്ക് ഇഷ്ടല്ല്യ മനസ്സില്ല്യ എന്ന് പറയും. പ്രകൃതി ആണത്. അത് സ്വതന്ത്ര ജീവൻ. 

ലോകം നന്നാക്കാനല്ല വേദാന്തം. നമ്മുടെ ഉള്ളിൽ ശാന്തി ണ്ടാവാനാണ്. പിന്നെ നന്നാക്കാനിവിടെ ലോകം ഒന്നൂല്ല്യ. ലോകം ഒക്കെ തനിയെ നന്നാവും.  ഏകനാഥീഭാഗവതത്തിൽ പറയണു. ഇരുപത്തിനാല് ഗുരുക്കന്മാരുടെ കഥ പറയുമ്പോ പറയണു. ആ അവധൂതൻ നടന്നു വരുമ്പോ ഓരോ നോട്ടത്തിലും നോക്കുന്നയിടത്തൊക്കെ അദ്ദേഹം ലോകത്തിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കയാണെന്നാ. കാണുന്നതൊക്കെ അദ്ദേഹം ബ്രഹ്മത്തിനെ ആണേ. ലോകത്തിനെ കാണുന്നില്ല്യ. ഓരോ വസ്തുക്കളേയും നാമരൂപത്തിനെ മാറ്റി പൂർണമായി കണ്ടു കൊണ്ട് നടക്കണു അത്രേ അദ്ദേഹം. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ ലോകമേ ഇല്ല്യ.

രമണഭഗവാനോട് ധാരാളം ആളുകൾ വന്നു പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുണു. ഭഗവാൻ പറഞ്ഞു ഞാൻ ഇവിടെ ഒന്നും കാണണില്ല്യ. ഏതുലോകത്തിൽ യുദ്ധം? എവിടെ ഇനിയിപ്പോ ലോകം ന്ന് കാണുകയാണെങ്കിൽ തന്നെ യുദ്ധം ഇല്ലാത്ത സ്ഥലം കാലം എപ്പഴാ ഉള്ളത്?
ശാന്തി ഉള്ളില് നേടി നമ്മള്  എവിടെ ഇരിക്കണുവോ ഏത് കർമ്മമോ ആ കർമ്മരംഗത്ത് പ്രവർത്തിച്ചു കൊണ്ട് കർതൃത്വവും ഭോക്തൃത്വവും ഇല്ലാതെ ഒന്നും പുറമേക്ക് മാറ്റി മറിക്കാതെ ഉപാധിക്ക് എന്ത് ധർമ്മമോ, എന്ത് പ്രവൃത്തി മണ്ഡലമോ, ആ ധർമ്മത്തിലും ആ പ്രവൃത്തി മണ്ഡലത്തിലും ഉപാധി ഇരിക്കട്ടെ, ഞാൻ, ഞാനിരിക്കേണ്ടയിടത്ത് ഇരിക്കട്ടെ. അങ്ങനെ ഇരിക്കണതാണ് ഭാഗവതധർമ്മം. 

ഭഗവാൻ നമ്മളെ ഏത് സ്ഥലത്താണോ വെച്ചിരിക്കുന്നത്, ആ സ്ഥലം തന്നെയാണ് നമുക്ക് മുക്തിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. അതുകൊണ്ടാണ് ഭഗവാൻ നമ്മളെ ഒരു പ്രത്യേക സ്ഥലത്ത് ജനിപ്പിച്ചിരിക്കണതും ഒരു പ്രത്യേക ചുറ്റുപാടിൽ ജീവിപ്പിക്കണതും ഒക്കെ. ആ ഭഗവദ് ശക്തിക്ക് അടങ്ങി കൊടുത്ത് ശരീരം അങ്ങനെ പ്രവർത്തിക്കട്ടെ, മനസ്സ് അങ്ങനെ പ്രവർത്തിക്കട്ടെ, ഞാൻ ശാന്തിയോടെ ഇരിക്കട്ടെ. എന്റെ ശാന്തി ഇതുകൊണ്ടൊന്നും ബാധിക്കപ്പെടാതെ ഇരിക്കാണെങ്കിൽ ഭാഗവതധർമ്മം ആയി.

അതാണ് ഭഗവാൻ ബ്രഹ്മാവിന് തത്വോപദേശം ചെയ്തത്. ഹേ ബ്രഹ്മാവേ, സൃഷ്ടി ഒന്നും ചെയ്യേണ്ട സന്യാസം എടുക്കൂ എന്ന് ബ്രഹ്മാവിനോട് ഭഗവാൻ പറഞ്ഞില്ല്യ. സൃഷ്ടി ചെയ്യൂ എന്ത് ഏടാകൂടം വേണേലും ചെയ്യൂ. അർജുനനോട് ഭഗവാൻ പറഞ്ഞു. ഈ തത്വം അറിയൂ. എന്നിട്ട് യുദ്ധ്യസ്വ ഭാരത. ഭഗവാന് പറയാല്ലോ യുദ്ധം ചെയ്യാൻ പാടില്ല്യ. ഞാൻ കമണ്ഡലൂ ഒക്കെ തരാം.  കൃഷ്ണൻ പറയേണ്ടതല്ലേ. പറഞ്ഞില്ല്യ. യുദ്ധം ചെയ്യൂ ന്നാണ് പറഞ്ഞത്.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi Prasad 

No comments:

Post a Comment