Thursday, February 14, 2019

പഴവങ്ങാടിഗണപതിക്ഷേത്രം

പഴവങ്ങാടി ഗണപതിഭഗവാൻ

ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു:

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം. പഴവങ്ങാടി ഗണപതി ഭഗവാനെ തൊഴുതു തേങ്ങയടിച്ചു തങ്ങളുടെ ഓരോ ദിവസവും തുടങ്ങുന്നത് ആയിരക്കണക്കിനു ഭക്തരാണ്.

ക്ഷേത്രപെരുമ:

അനന്തപുരി രാജ വീഥിയ്ക്ക് അരുകില്‍ കറുത്ത ഛായത്തിൽ കുളിച്ചു നില്ക്കുന്ന ക്ഷേത്രമന്ദിരം. ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്പങ്ങള്‍, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാപൂരമായി തിളങ്ങി നില്‍ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍.

ക്ഷേത്രത്തിന് പുറത്ത് നിൽക്കുമ്പോൾ തന്നെ ശ്രീകോവിലിൽ വാണരുളുന്ന ഗണപതി ഭഗവാനെ കണ്ടു തൊഴാൻ സാധിക്കും. ക്ഷേത്രത്തിൽ മൂന്ന് പടിക്കെട്ടുകൾ വഴി പ്രവേശിക്കുമ്പോൾ ആദ്യം നാം കാണുന്നത് നാളികേരം ഉടയ്ക്കാനുള്ള കരിങ്കൽ നിർമിതമായ തറയാണ്.  ഇവിടെയാണ് സർവ്വ വിഘ്നങ്ങളും അകലുവാൻ വേണ്ടി ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് നാളികേരം ഉടയ്ക്കേണ്ടത്.

നാളികേരം ഉടച്ചതിനു ശേഷം സാക്ഷാൽ പഴവങ്ങാടി ഗണപതി ഭഗവാനെ ശ്രീകോവിലിനു മുന്നിൽ ചെന്ന് ദർശിക്കണം. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി വലതു കാല്‍ മടക്കി വച്ചിരിക്കുന്ന രൂപത്തില്‍ ഗണപതി വിഗ്രഹം നമ്മുടെ മനസ്സിൽ ശാന്തതയുടെ അന്തരീഷം സൃഷ്ടിക്കുന്നു. ഇവിടെ ദർശനം കഴിഞ്ഞാൽ ശ്രീകോവിലിനെ പ്രദിക്ഷണം ചെയ്യുന്നു. ഈ പ്രദിക്ഷണ വീഥിയിൽ നാം ആദ്യം ശാസ്താ സന്നിധിയിൽ ദർശനം നടത്തുന്നു. അതിനു ശേഷം ഗണപതി ഭഗവാന്റെ അമ്മയായ ശ്രീ ദുർഗ്ഗാദേവിയുടെ സന്നിധിയിൽ ആണ്. അങ്ങനെ ഒരു പ്രദക്ഷിണം പൂർത്തിയാക്കി വീണ്ടും ഗണപതി ഭഗവാന്റെ തിരു മുന്നിൽ വന്ന് മൂന്ന് പ്രാവശ്യം ഏത്തമിടുന്നു. കാലുകൾ പിണച്ചുവച്ച് വലതുകാൽ ഇടതുഭാഗത്തേക്കും ഇടതുകാൽ വലതുഭാഗത്തേക്കു മുന്നിലായും വരത്തക്കവണ്ണവും ഇടതുകൈ വലതു ചെവിയിലും വലതുകൈ ഇടതുകരത്തിന്റെ മുന്നിലായും ഇടത്തു ചെവിയിൽ ചൂണ്ടുവിരലും ചേർത്ത് പിടിച്ച് കാൽമുട്ട് വളച്ച് കനിഞ്ഞ് വേണം ഏത്തമിടുവാൻ. പ്രദിക്ഷണ വഴിയിൽ ക്ഷേത്ര ഭിത്തിയിൽ ഗണപതിയുടെ 32 വിവിധ രൂപങ്ങള്‍ അടങ്ങുന്ന ശില്പങ്ങൾ കാണാൻ സാധിക്കും.

ഐതിഹ്യം:

ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കരസേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു. അങ്ങനെ ഗണപതി ഭഗവാൻ അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാംകൂർ രാജ്യമായപ്പോള്‍ തലസ്ഥാനം അനന്തപുരി ആയി. അങ്ങനെ കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു നേരേ എതിര്‍ വശത്ത് വെട്ടി മുറിച്ച കോട്ട കാണാം. പത്മനാഭസ്വാമി ക്ഷേത്രവും നഗരവീഥിക്കും ചുറ്റും കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞപ്പോൾ, പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ വേണ്ടി  കോട്ട വെട്ടി മുറിച്ചു. അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്രനിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍ നിന്നായിരുന്നു എന്ന് പ്രമാണം.

ക്ഷേത്രപ്രതിഷ്ഠ:

ശ്രീകോവിലില്‍ പ്രതിഷ്ഠിചിരിക്കുന്ന ഗണപതിയുടെ ചെറിയ വിഗ്രഹം അപൂര്‍വ്വമായ ഒന്നാണ്.  ഈ ദിവ്യവിഗ്രഹം വലതുകാല്‍ മടക്കിവച്ചിരിക്കുന്ന രൂപത്തിലാണ്‌. കിഴക്കോട്ട്‌ ദര്‍ശനം,
ശാസ്‌താവ്‌, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ്‌, എന്നീ ഉപദേവന്മാരുമുണ്ട്‌. പഴവങ്ങാടി ഗണപതിക്ക്‌ നാളികേരം ഉടക്കൽ ആണ് പ്രധാനവഴിപാട്‌. പതിനായിരക്കണക്കിന്‌ നാളികേരമാണ്‌ ഇവിടെ ഉടയുന്നത്‌. മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്‌.

ചിങ്ങത്തിലെ തിരുവോണത്തിനും കന്നിയിലെ ആയില്യത്തിനും കാര്‍ത്തികയ്‌ക്കും, തിരുവാതിരയ്‌ക്കും, മകരവിളക്കിനും, ശിവരാത്രിക്കും, പുഷ്‌പാഭിഷേകം പ്രത്യേക നിവേദ്യമായുണ്ട്‌. മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും പ്രത്യേകമായിട്ടുണ്ട്‌. മേടമാസത്തില്‍ ത്രിവേദലക്ഷാര്‍ച്ചനയും, സഹസ്രകലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്‌.

ആഘോഷം:

വിനായകചതുര്‍ത്ഥിയാണ്‌ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന്‌ ആനപ്പുറത്ത്‌ എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേക്കോട്ട വഴി പടിഞ്ഞാറേതെരുവിലൂടെ വടക്കേതെരുവുവഴി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്‌ത്‌ പഴവങ്ങാടി ക്ഷേത്രത്തിലെത്തിച്ചേരും. ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട്‌ വളരെ കെങ്കേമമായി വിനായകചതുര്‍ത്ഥി ആഘോഷിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നതായി പറയപ്പെടുന്നു.

ഇന്ത്യൻ കരസേന നേരിട്ടു ഭരണം നടത്തുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണു പഴവങ്ങാടി ഗണപതി ക്ഷേത്രം  ക്ഷേത്രഭരണസമിതി സാമൂഹ്യസേവന രംഗത്തും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഊളംപാറ മനോരോഗാശുപത്രിയില്‍ മൂന്നു വാര്‍ഡുകള്‍ പണിയുകയും അതില്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്‌തു കൊടുക്കുകയും ചെയ്‌തിട്ടുണ്ട്‌. നല്ല മുറികളും കട്ടിലുകളും റ്റി.വി.ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ അവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ ആധുനിക രീതിയിലുള്ള ഒരു ഹൈന്ദവഗ്രന്ഥശാലയും ക്ഷേത്രത്തിനോടനുബന്ധിച്ച്‌ സജ്ജീകരിച്ചിട്ടുണ്ട്‌.

         ഗജാനനം ഭൂതഗണാതി സേവിതം
         കപിത്ഥജംബുഭല സാരഭക്ഷിതം
         ഉമാസുതം ശോകവിനാശകാരണം
         നമാമി വിഘ്നേശ്വര പാദപങ്കജ്ം

No comments:

Post a Comment