Sunday, March 24, 2019

ശ്രീമദ്‌ ഭാഗവതത്തിൽ ധ്രുവോപാഖ്യാനം വായിക്കുമ്പോഴെക്കെ കണ്ണു നിറയാറുണ്ട്‌.കളിയ്ക്കുന്നതിനിടയിൽ സ്വ പിതാവിന്റെ മടിത്തട്ടിൽ കയാറാനൊരുങ്ങവെ " ന വത്സ നൃപതേർദ്ധിഷ്ണ്യം ഭവാനാരോഢുമർഹതി ന ഗൃഹീതോ മയാ യത്വം കുക്ഷാവപി നൃപാത്മജ : " എന്ന സുരുചിയുടെ (ചെറിയമ്മ )പരുഷവാക്യം കേട്ട്‌ മനസ്സു നുറുങ്ങിയ ആ പിഞ്ചു ബാലൻ ദുഖാകുലനായി കണ്ണീരൊഴുക്കി അമ്മയുടെ (സുനീതി ) അടുത്തേയ്ക്ക്‌ ഓടിപ്പോയപ്പോൾ ; തന്റെ നിസ്സഹായാവസ്ഥയിൽ പരിതപിയ്ക്കുമ്പോഴും ചെറിയമ്മയായ സുരുചിയിൽ ദേഷ്യമരുതെന്ന് (" ,, മാ മംഗളം താത പരേഷു മംസ്ഥാ ഭുങ്ക്തേ ജനോ യത്‌ പരദു:ഖദസ്തത്‌ " )എന്നാണു പറയുന്നത്‌. പുരുഷോത്തമനായിരിയ്ക്കുന്ന സാക്ഷാൽ മഹാവിഷ്ണുവിനെ ഭജിച്ച്‌ പരമപദപ്രാപ്തിയെ പ്രാപിയ്ക്കുവാനുള്ള അമ്മയുടെ നിർദ്ദേശപ്രകാരം കൊട്ടാരം വിട്ട്‌ ഘോരവനത്തിൽ തപസ്സിനു പോകുന്ന ആ ബാലനെ കണ്ട്‌ ആശ്ചര്യഭരിതനായ നാരദമുനി ,അവന്റെ ദൃഢനിശ്ചയത്തിനുമുന്നിൽ നമിച്ചുപോകുകയും. സർവ്വാത്മനാ അനുഗ്രഹത്തെ ചെയ്യുന്നുമുണ്ട്‌. തദനന്തരം സർവ്വാഭീഷ്ടവരദനായ ഭഗവാൻ നാരായണനെ ഭജിയ്ക്കാനുള്ള മാർഗ്ഗം ഉപദേശിയ്ക്കുന്നു.അതുപ്രകാരം കഠിനതപസ്സാചരിയ്ക്കുന്ന ധ്രുവന്റെ ഏകാംഗുഷ്ടസ്പർശ്ശനത്തിന്റെ കാഠിന്യംകൊണ്ട്‌ ഭൂമിയുടെ പകുതി താഴ്‌ന്നുപോയി എന്ന് " യദൈകപാദേന സ പാർത്ഥിവാർഭക സ്തസ്ഥ്വൗ തദംഗുഷ്ടനീഡിതാ മഹീ ...) വ്യാസർ പറയുന്നു.ഒരോ ദിവസം കഴിയുന്തോറും തപസ്സിന്റെ കാഠിന്യമേറിവരികയും ഒടുവിൽ പ്രാണവായുപോലും നിശ്ചലമായൊരവസ്ഥ വന്നപ്പോൾ ഇന്ദ്രാദിദേവതകൾ മഹാവിഷ്ണുവിനോട്‌ ധ്രുവനു ദർശ്ശനം കൊടുക്കാനപേക്ഷിയ്ക്കുകയും ചെയ്തുവത്രെ." സ വൈ ധിയാ യോഗ വിപാകതീവ്രയാ ഹൃത്പത്മകോശേ സ്ഫുരിതം തടിത്‌ പ്രഭം....എന്നു തുടങ്ങുന്ന തുടർന്നങ്ങോട്ടുള്ള ഭാഗം വായിക്കാൻ പലപ്പോഴും വികാരവിക്ഷുബ്ദതയാൽ ഞാൻ പ്രയാസപ്പെട്ടിട്ടുണ്ട്‌. അനന്തതയുടെ ,ചിദാകാശത്തിന്റെ ,വേദസ്വരൂപ പ്രതീകമായ ശംഖുകൊണ്ടാണു ഭഗവാൻ ധ്രുവന്റെ കവിളിൽ സ്പർശ്ശിയ്ക്കുന്നത്‌.(തന്റെ പരമഭക്തനായ ധ്രുവന് വേണ്ടി വലതുകൈയിലെ സുദർശനം ഇടതുകൈയ്യിലേയ്ക്ക് മാറ്റിപ്പിടിയ്ക്കാൻ പോലും ഭക്തവത്സലനായ ഭഗവാൻ തയ്യാറായി എന്നത് പ്രത്യേകം മനസ്സിലാക്കേണ്ടതാണ് ) അതോടെ ബോധതലത്തിലേയ്ക്കുണരുന്ന ആ ബാലനിൽ അക്ഷരപരബ്രഹ്മം തിരയടിച്ചൊഴുകുകയും പരമാനന്ദരസസമ്പൂർണ്ണമായ ഭഗവത്‌ സ്തുതി നിർഗ്ഗളിയ്ക്കുകയും ചെയ്തു.
ധ്രുവനു മുൻപാകെ ഭഗവാൻ നാരായണൻ പ്രത്യക്ഷനാകുന്ന ഒരു ചിത്രം ഈയിടെ അച്ചന്റെ പുസ്തകശേഖരത്തിൽ നിന്നും കിട്ടിയിരുന്നു. മദിരാശിയിൽ നിന്നും മാസികാ രൂപത്തിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്നതും ഇപ്പോൾ നിലവിലില്ലാത്തതുമായ 'കഥാകൽപതരു ' എന്ന മാസികയിൽ നിന്നുള്ളതാണു (1950 ) ഈ ചിത്രം. ഭാഗവതപ്രതിപാദിതമായ ധ്രുവോപാഖ്യാനത്തിന്റെ വായനാനന്ദരസാമൃതം ഈ മനോഹര ചിത്രം എനിയ്ക്ക്‌ പ്രദാനം ചെയ്തുവെന്ന് പറയേണ്ടതില്ലല്ലൊ. ആ അനുഭൂതി വിശേഷം ഇവിടെ സദ്ജനങ്ങളുമായി പങ്കുവെയ്ക്കാൻ ഞാനാഗ്രഹിച്ചു.
എല്ലാവർക്കും നമസ്കാരം.
നാരായണ,നാരായണ,നാരായണ..
sudheesh namboodiri face book

No comments:

Post a Comment