Saturday, March 23, 2019

വഴിയരുകില്‍ കച്ചവടം ചെയ്യുന്ന സാധാരണക്കാരന് നാം അറിയാതെ പത്തുരൂപ കൂടുതല്‍ കൊടുത്താല്‍ അവരത് നമ്മുടെ പുറകേ ഓടിവന്നു തിരിച്ചു തരും. സ്വയം അദ്ധ്വാനിച്ചു പണമുണ്ടാക്കുന്നവര്‍ക്ക് പണത്തിന്‍റെ വിലയറിയാം. അത്തരക്കാര്‍ മറ്റൊരാളിന്‍റെ അദ്ധ്വാനഫലത്തെ അനാവശ്യമായി കൈവശം വയ്ക്കില്ല.
എന്നാല്‍ മേലനങ്ങാതെ വെറുതെയിരുന്ന് ധനമുണ്ടാക്കുന്നവരില്‍ ഭൂരിപക്ഷത്തിന്‍റെയും കാര്യം അങ്ങനെ അല്ല. അവര്‍ കള്ളക്കണക്കുണ്ടാക്കിയും കമ്മിഷന്‍വാങ്ങിയും അഴിമതിനടത്തിയും നിയമവിരുദ്ധമായ സഹായങ്ങള്‍ക്ക് കൈക്കൂലിവാങ്ങിയും 'മറ്റുള്ളവരുടെ ധനം അപഹരിക്കുന്നു'. അവര്‍ക്ക് കഷ്ടപ്പെടുന്ന ജനതയുടെ ധനത്തിന്‍റെ വിലയറിയില്ല.
ധനത്തിലാകട്ടെ മറ്റുവിഷയങ്ങളിലാകട്ടെ ഒന്നിലും അമിതമായ കാമം ഇല്ലാത്ത സാധാരണക്കാരാണ് രാഷ്ട്രീയരംഗത്ത് ജനങ്ങളെ മുന്നില്‍നിന്ന് നയിക്കേണ്ടത്. സാധാരണക്കാരന്‍ നമ്മുടെ ധനത്തിനും ജീവനും മാനത്തിനും കാവല്‍നില്‍ക്കും. അധാര്‍മ്മികരും സദാചാരശീലമില്ലാത്തവരുമായ നിരീശ്വരവാദികളാകട്ടെ കാമാന്ധതകൊണ്ട് സകലതും അപഹരിക്കുകതന്നെ ചെയ്യും.
സ്വന്തം കാര്യങ്ങള്‍ തന്നെ വേണ്ടുംവിധം ചെയ്തുതീര്‍ക്കാന്‍ നമുക്ക് സമയമില്ല. എന്നിട്ടാണോ മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും കൊണ്ട് അവരുടെ പുറകേപോയി നാം സമയം കളയുന്നത്! മറ്റുള്ളവരെ കുറിച്ചുള്ള അത്തരം അനാവശ്യകാര്യങ്ങളുടെ ചിന്തകളില്‍ നഷ്ടപ്പെടാതെ, പകയുടെയും വിദ്വേഷത്തിന്‍റെയും പുറകേ പോകാതെ, കഴിവതും തന്നില്‍ത്തന്നെ സ്വസ്ഥതയോടെ നിലകൊള്ളണം. എങ്കില്‍ നമുക്ക് മഹത്തായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള ശക്തിയും ശുദ്ധിയും ഉണ്ടായിവരുകതന്നെ ചെയ്യും.
krishnakumar kp

No comments:

Post a Comment