Tuesday, May 28, 2019

പ്രണവോപനിഷത്ത്
********************

1. ആ അല്‍ഭുതകര്‍മ്മനായ വിഷ്ണുവിനെ സംബന്ധിച്ച ബ്രഹ്മവിദ്യാപരമായ രഹസ്യം ഇവിടെ പറയാന്‍ തുടങ്ങുന്നു.

2. ബ്രഹ്മവേദികളായ ജ്ഞാനികള്‍ ഓം എന്ന ഏകായിരത്തെ ബ്രഹ്മമെന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ ശരീരം, സ്ഥാനം, കാലത്രയം ഇവ നിരൂപണം ചെയ്യപ്പെടുകയാണ്.

3. ആ ഓങ്കാരത്തില്‍ മൂന്നു ദേവന്മാര്‍, മൂന്നു ലോകം, മൂന്നു വേദങ്ങള്‍, മൂന്ന് അഗ്നികള്‍ ഇവ ഉള്‍ക്കൊള്ളുന്നുണ്ട്. അതോടൊപ്പം മൂന്നു മാത്രകളും ഒരു അര്‍ദ്ധമാത്രയും അതില്‍ ചേര്‍ന്നിരിക്കുന്നു. അത് പരമശിവത്വത്തിന്റെ പ്രതീകമാണ്.

4. ഋഗ്വേദം, ഗാര്‍ഹപത്യാഗ്നി, പൃഥിവി, ഈ മൂന്ന് അര്‍ത്ഥത്തില്‍ ഓങ്കാരത്തിലെ ആദ്യാക്ഷരമായ അകാരത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ബ്രഹ്മവാദികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അകാരഉകാരമകാരങ്ങള്‍ ചേര്‍ന്നാണ് ഓങ്കാരം രൂപപ്പെട്ടിട്ടുള്ളത്. 

5. യജുര്‍വേദം, ആകാശം, ദക്ഷിണാഗ്നി, ദേവശ്രേഷ്ഠനായ ഭഗവാന്‍ വിഷ്ണുവിന്റെ സ്വരൂപം ഇവ 'ഉ' കാരത്തില്‍ അടങ്ങുന്നു.

6. സാമവേദം, സ്വര്‍ഗ്ഗം, ആഹവനീയാഗ്നി, പരമേശ്വരന്‍, ഇവരുടെ സ്വരൂപം മകാരത്തില്‍ അടങ്ങുന്നു.

7-9. അതോടൊപ്പം 'അ' എന്ന അക്ഷരം ചന്ദ്ര മണ്ഡലത്തിന്റെ സമീപം നിലകൊള്ളുന്നതാണ്. സൂര്യമണ്ഡലത്തിന്റെ സ്വരൂപവുമാണ്. ചന്ദ്രസ്വരൂപമായ ഉകാരം. ഈ ഓങ്കാരത്തിന്റെ മധ്യത്തില്‍ നില കൊള്ളുന്നു. അതുപോലെ അഗ്നി സ്വരൂപവും (ആ അഗ്നിയില്‍ പുകയെന്നതില്ല) മിന്നല്‍ പോലെ പ്രകാശിക്കുന്നതുമായ 'മ' കാരം സ്ഥിതി ചെയ്യുന്നു. അവയെ ചന്ദ്രന്‍, സൂര്യന്‍, അഗ്നി ഈ മൂന്നു മാത്രകളെന്നും മനസ്സിലാക്കുക. ദീപശിഖയെന്നപോലെ ഇതിലും ശിഖയുണ്ട്. അത് ഓങ്കാരത്തിന്റെ അവസാനഭാഗത്തുള്ള അര്‍ദ്ധമാത്രയാണ്.

10-11 രണ്ടാമത്തെത് താമര വളയം പോലെ ദൃശ്യമാനമാണ്. അത് നാസാരന്ധ്രത്തില്‍ നിന്ന് തേജോമയമായ സൂര്യമണ്ഡലത്തെ ഭേദിച്ച് എഴുപത്തീരായിരം നാഡികള്‍ക്കു മുകളില്‍ സകല ജീവികള്‍ക്കും വരദാനം നല്‍കുമാറു നിലകൊള്ളുന്നു. 

12. മുമുക്ഷു മോക്ഷത്തോടടുക്കുമ്പോള്‍ ഓട്ടുമണിയില്‍ നിന്നെന്നപോലെ ഒരു ശബ്ദം മുഴങ്ങുന്നു. ഈ ഓങ്കാരത്തിന് അതുപോലെയൊരു സ്വരൂപമാണെന്ന് മനസ്സിലാക്കുക. അത് വേദസ്വരൂപമാകുന്നു. അത് കേള്‍ക്കാന്‍ സകലരുമാഗ്രഹിക്കുന്നു. 

13. യാതൊരുവനില്‍ ഈ ഓങ്കാരശബ്ദം ലീനമായിരിക്കുന്നു. അയാളെ ബ്രഹ്മമെന്ന് പറയാം. അയാള്‍ അമൃതത്വ പ്രാപ്തിക്കര്‍ഹനാണ് എന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല.

പ്രണവോപനിഷത്ത് സമാപിച്ചു.

No comments:

Post a Comment