Thursday, May 16, 2019

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്,   അക്ഷാംശവും രേഖാംശവുമൊന്നും അളന്നു തിട്ടപ്പെടുത്താനാവാത്ത കാലത്ത്  നേര്‍രേഖയില്‍ നിര്‍മിച്ച അഞ്ച് ക്ഷേത്രങ്ങളുണ്ട് ദക്ഷിണേന്ത്യയില്‍. പലയിടങ്ങളിലായി നിര്‍മിച്ച ഈ  ക്ഷേത്രങ്ങളെ ചേര്‍ത്തു പറയുന്നത്  പഞ്ചഭൂതസ്ഥലമെന്നാണ്. പഞ്ചഭൂതങ്ങള്‍ക്കും നാഥനായ മഹാദേവനെ  ആകാശം, ഭൂമി, ജലം, അഗ്നി, വായു എന്നിങ്ങനെ അഞ്ചു തരത്തില്‍ ക്ഷേത്രങ്ങളിലോരോന്നിലും  പ്രതിഷ്ഠിച്ചിരിക്കുന്നു. അവയില്‍  നാലെണ്ണം തമിഴ്നാട്ടില്‍.  ഒന്ന് ആന്ധ്രപ്രദേശിലും. 
ജലരൂപത്തില്‍ ശിവനെ സങ്കല്‍പ്പിക്കപ്പെടുന്ന തിരുച്ചിറപ്പള്ളി  തിരുവാണൈക്കാവല്‍ ജംബുകേശ്വര ക്ഷേത്രം, അഗ്നി രൂപത്തില്‍ ശിവനിരിക്കുന്ന തിരുവണ്ണാമല  അരുണാചലേശ്വര ക്ഷേത്രം,  ഭൂമിയുടെ പ്രതീകമായി ശിവനിരിക്കുന്ന കാഞ്ചീപുരം ഏകാംബരേശ്വര ക്ഷേത്രം ,  ആകാശത്തിന്റെ പ്രതീകമായി മഹാദേവന്‍ വാഴുന്ന ചിദംബരത്തെ  നടരാജക്ഷേത്രം എന്നിവയാണ് തമിഴ്നാട്ടില്‍ പെടുന്നത്.  ശിവന്റെ വായുലിംഗപ്രതിഷ്ഠയുള്ള ശ്രീകാളഹസ്തി ക്ഷേത്രം ആന്ധ്രയിലും. 
ഇവയില്‍ നടരാജക്ഷേത്രവും കാളഹസ്തിയും, ഏകാംബരേശ്വര ക്ഷേത്രവും കണക്കുകളില്‍ കൃത്യത പാലിച്ച് ഒരേ രേഖയില്‍. മറ്റു രണ്ട് ക്ഷേത്രങ്ങളും നേര്‍രേഖയില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണെന്നു മാത്രം. ശാസ്ത്രീയമായ അളവുകോലുകളൊന്നുമില്ലാത്ത കാലത്തെ ഈ ക്ഷേത്ര നിര്‍മിതികള്‍ ഇന്നും സമസ്യയാണ്. അതെങ്ങനെയെന്നത് ഉത്തരമില്ലാത്ത ചോദ്യം!

No comments:

Post a Comment