Wednesday, May 22, 2019

കീഴാര്‍നെല്ലി

Tuesday 27 March 2018 2:05 am IST
"undefined"
ശാസ്ത്രീയ നാമം :Phyllanthus niruri
സംസ്‌കൃതം :ഭൂദാത്രി
തമിഴ്: കിഴുകാനെല്ലി
എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം പുതുമണ്ണില്‍ ഇത് വളരും.  രണ്ട് തരം കീഴാര്‍നെല്ലിയുണ്ട്. വെളുത്തതും, ചുവന്നതും. ഔഷധയോഗ്യം വെളുത്ത കീഴാര്‍നെല്ലിയാണ്.  
പുനരുത്പാദനം : വിത്തില്‍ നിന്ന്.
ഔഷധപ്രയോഗങ്ങള്‍:  കീഴാര്‍നെല്ലി സമൂലം കഞ്ഞിവെള്ളത്തില്‍ അരച്ച് വൃണങ്ങള്‍ ഉള്ളിടത്ത് ലേപനം ചെയ്താല്‍ വൃണങ്ങള്‍ കരിയും. സ്ത്രീ-പുരുഷ ജനനേന്ദ്രിയങ്ങളില്‍ ഉണ്ടാകുന്ന ചൊറിച്ചിലും ചെറുവൃണങ്ങളും ശമിക്കുന്നതിനും ഈ ഔഷധ പ്രയോഗം ഉത്തമമാണ്. 
കീഴാര്‍നെല്ലി അരിക്കാടിയില്‍ അരച്ച് കലക്കി സേവിച്ചാല്‍ വെള്ളപോക്ക് ശമിക്കും. ദിവസം രണ്ട് നേരം അഞ്ച് ദിവസം സേവിക്കുക. കീഴാര്‍നെല്ലി ശുദ്ധജലത്തില്‍ അരച്ച് തേച്ചാല്‍ ചതവ്, വൃണങ്ങളിലെ നീര്, ത്വക് രോഗങ്ങള്‍ ഇവ ശമിക്കും. കീഴാര്‍നെല്ലി അരച്ച് കാടിയില്‍ കലക്കി ശരീരത്തിലെ ചുട്ടുനീറ്റല്‍, മൂത്രച്ചുടിച്ചില്‍, കരള്‍, പ്ലീഹ വീക്കം എന്നിവ ശമിക്കും. കീഴാര്‍നെല്ലി അരച്ച് തലയില്‍ തേച്ചാല്‍ പേന്‍ ഒഴിവായിക്കിട്ടും. 
കീഴാര്‍നെല്ലി അരച്ച് തലയില്‍ തേയ്ക്കുക. നെല്ലിക്ക, താന്നിക്ക, കടുക്ക തൊണ്ട്( ത്രിഫല) രാമച്ചം ഇവ ഓരോന്നും 10 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി തിളപ്പിക്കുക. ആറിയ ശേഷം ഈ വെള്ളം ഉപയോഗിച്ച് തല കഴുകുക. ഏഴ് ദിവസം ഇപ്രകാരം ചെയ്താല്‍ തലയില്‍ വട്ടം വട്ടം മുടികൊഴിഞ്ഞ് ചൊറിച്ചില്‍ ഉണ്ടാകുന്നത് ശമിക്കും. 
കീഴാര്‍നെല്ലി, തെച്ചിപ്പൂവ് ഇവ രണ്ട് ഗ്രാം വീതം ചതച്ച് തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ ഞെരടി കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് മാറും. കീഴാര്‍നെല്ലി വേര്, ചുക്ക്, കുരുമുളക്, തിപ്പലി, ഇരട്ടിമധുരം ഇവ 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ചുമ ശമിക്കും.  നാല് ദിവസം ഇപ്രകാരം ചെയ്യുക. 
കീഴാര്‍നെല്ലി സമൂലം അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ എത്ര ഗുരുതരമായ മൂത്രതടസ്സവും മാറും. കീഴാര്‍നെല്ലി സമൂലം( അഞ്ച് ഗ്രാം), അഞ്ച് ഗ്രാം ഉണക്ക മഞ്ഞളും ചേര്‍ത്ത് അരച്ച് അരിക്കാടിയില്‍ കലക്കി കുടിച്ചാല്‍ ശുഷ്‌കാര്‍ത്തവം, ആര്‍ത്തവ സമയത്ത് അടിവയറ്റില്‍ ഉണ്ടാകുന്ന വേദന ഇവ ശമിക്കും. ഗര്‍ഭാശയം ശുദ്ധമാകും. ദിവസം രണ്ട് നേരം നാല് ദിവസം സേവിക്കുക. 
കീഴാര്‍നെല്ലി നീര് 100 മില്ലിയില്‍ തൃഫലത്തൊണ്ട് പൊടിച്ചത് ഒരു സ്പൂണ്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കലക്കി കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാര കുറയും. 
കീഴാര്‍നെല്ലി വേര്, കടുക്ക തൊണ്ട്, പാടക്കിഴങ്ങ്, തിപ്പലി, കൂവളത്തിന്‍ വേര്, മുത്തങ്ങ കിഴങ്ങ് ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം മൂന്ന് ദിവസം സേവിക്കുക. കഫാതിസാരം ശമിക്കും. കീഴാര്‍നെല്ലി സമൂലം അഞ്ച് ഗ്രാം പശുവിന്‍ പാലില്‍ അരച്ച് ദിവസം രണ്ട് നേരം മൂന്ന് ദിവസം സേവിച്ചാല്‍ കുട്ടികളിലെ കൃമിശല്യം ശമിക്കും. 
കീഴാര്‍നെല്ലി നീര്, ആര്യവേപ്പില നീര്, കരിനൊച്ചിയില നീര് ഇവ ഓരോന്നും ഒന്നര ലിറ്റര്‍ വീതം, എണ്ണെണ്ണ/വെളിച്ചെണ്ണ ഒരു ലിറ്റര്‍ ഇതിലേക്ക് ഉണക്ക മഞ്ഞള്‍ 60 ഗ്രാം അരച്ച് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചി തേച്ചാല്‍ ചുണ്ട് വിണ്ടുകീറുന്നതും കുരുക്കളും മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് കാടിയില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ്പ്പുണ്ണ്  ശമിക്കും. പാലില്‍ അരച്ച് കുടിച്ചാല്‍ കുട്ടികളിലേയും മുതിര്‍ന്നവരിലേയും മലദ്വാരത്തിന് ചുറ്റും ഉണ്ടാകുന്ന ചൊറിച്ചിലും വൃണങ്ങളും ശമിക്കും. 
janmabhumi

No comments:

Post a Comment