Saturday, June 15, 2019

ശ്രീമദ് ഭാഗവതം 181*
അടുത്തത് അമൃതമഥനം ആണ്. ഇതൊക്കെ ദേവലോകത്തിലെ കഥകളാണ്. ഒരിക്കൽ ദുർവ്വാസാവിന് ദിവ്യമായ ഒരു മാല കിട്ടി. മഹർഷി ആ മാല ഇപ്പൊ ആർക്കാ കൊടുക്കേണ്ടത് എന്നു ചിന്തിച്ചു. ഇന്ദ്രന് കൊടുക്കാം എന്ന് തീരുമാനിച്ചു. ദേവലോകത്തേയ്ക്ക് ചെല്ല്യാണ്. അപ്പോ ഇന്ദ്രൻ ആനപ്പുറത്ത് എഴുന്നള്ളത്താണ്. ദുർവ്വാസാവ് വരുന്നു ബഹുമാനിച്ചില്ല്യ. പൂർണ്ണ കുംഭം കൊടുത്ത് സ്വീകരിച്ചില്യ. ദുർവ്വാസാവ് മഹർഷി അടുത്ത് വന്ന് ഈ ഹാരം കൊടുത്തു. ഇന്ദ്രൻ ആനപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെ വാങ്ങിച്ചു. ഉടനെ കഴുത്തിലിടണം. അതിന് പകരം തലമുടി എടുത്ത് കെട്ടാനായിട്ട് ഈ ഹാരം ആനയുടെ മസ്തകത്തിൽ വെച്ചു. ആ പുഷ്പത്തിന്റെ സുഗന്ധത്തിന് വണ്ട് മൂളിക്കൊണ്ട് വന്നു. ആന മാല വലിച്ചു ചോട്ടിലിട്ടു ചവിട്ടി. ദുർവ്വാസാവ് കോപം കൊണ്ട് വിറച്ചു. നിങ്ങൾക്ക് ദേവന്മാർക്കൊക്കെ അഹങ്കാരം മൂത്തിരിക്ക്യാണ്. ഞാനിതാ നിങ്ങളെയൊക്കെ ശപിക്കണു.
ക്ഷയിച്ച് ഒക്കെ അനീമിക് ആയിട്ട് തീർന്നു ദേവന്മാര്. മനം ക്ഷയിച്ച് ശക്തി ക്ഷയിച്ച് നടക്കാൻ വയ്യാതായി. ദുർവ്വാസാവ് പോകയും ചെയ്തു. ഇന്ദ്രനെ ആനപ്പുറത്ത് നിന്നിറക്കാൻ ഗോവണി കൊണ്ടുവരേണ്ടി വന്നു. ഇറങ്ങാൻ വയ്യ. ദേവന്മാരെല്ലാം കൂടെ പോയി ബ്രഹ്മാദി ദേവന്മാർ ചെന്ന് ഭഗവാനെ സ്തുതിക്കാണ്.
ബ്രഹ്മാവിന്റെ സ്തുതി. ഭാഗവതത്തിൽ എല്ലാം കൊണ്ടും എപ്പോഴും ഗംഭീരം. ഇവിടെ ബ്രഹ്മാവ് ഭഗവാനെ സ്തുതിക്കുന്നു. അത്ഭുതമായ സ്തുതി. അതിന്റെ അർത്ഥം അറിഞ്ഞില്ലെങ്കിലും കുഴപ്പല്ല്യ. ശബ്ദം മതി.
അവിക്രിയം സത്യമനന്തമാദ്യം
ഗുഹാശയം നിഷ്കളമപ്രതർക്ക്യം
മനോഽഗ്രയാനം വചസാ നിരുക്തം
നമാമഹേ ദേവവരം വരേണ്യം
പാദൗ മഹീയം സ്വകൃതൈവ യസ്യ
ചതുർവ്വിധോ യത്ര ഹി ഭൂതസർഗ്ഗ:
സ വൈ മഹാപുരുഷ ആത്മതന്ത്ര:
പ്രസീദതാം ബ്രഹ്മ മഹാവിഭൂതി:
അംഭസ്തു യദ്രേത ഉദാരവീര്യം
സിധ്യന്തി ജീവന്ത്യുത വർദ്ധമാനാ:
ലോകാസ്ത്രയോഽഥാഖിലലോകപാലാ:
പ്രസീദതാം ബ്രഹ്മ മഹാവിഭൂതി:
സോമം മനോ യസ്യ തു ജാതവേദാ
ദിവൗകസാം വൈ ബലമന്ധ ആയു:
ഈശോ നഗാനാം പ്രജന: പ്രജാനാം
പ്രസീദതാം ന: സ മഹാവിഭൂതി:
അഗ്നിർമ്മുഖം യസ്യ തു ജാതവേദാ
ജാത: ക്രിയാകാണ്ഡനിമിത്തജന്മാ
അന്ത: സമുദ്രേഽനുപചൻ സ്വധാതൂൻ
പ്രസീദതാം ന: സ മഹാവിഭൂതി:
യച്ചക്ഷുരാസീത് തരണിർദ്ദേവയാനം
ത്രയീമയോ ബ്രഹ്മണ ഏഷ ധിഷ്ണ്യം
ദ്വാരം ച മുക്തേ: അമൃതം ച മൃത്യു:
പ്രസീദതാം ന: സ മഹാവിഭൂതി:
ദേവതകൾ ഭഗവാനെ മഹാവിഭൂതി ആയിട്ട് സ്തുതിച്ചു. പ്രപഞ്ചം മുഴുവൻ ഭഗവാന്റെ വിഭൂതി ആണ്. ഭഗവദ് ഗീതയിൽ പത്താമത്തെ അദ്ധ്യായത്തിന്റെ പേര് തന്നെ വിഭൂതി യോഗം എന്നാണ്. അതിൽ പ്രത്യേക പ്രത്യേക ആവിർഭാവങ്ങൾ എവിടെവിടെ ഭഗവാന്റെ ഐശ്വര്യം അല്ലെങ്കിൽ തേജസ്സ് അല്ലെങ്കിൽ ശക്തി പ്രകാശിക്കുന്നുവോ അതിനെയൊക്കെ ഭഗവദ് വിഭൂതി ആയി ഉപാസനാ സൗകര്യത്തിനായിട്ട് പറഞ്ഞു. പക്ഷേ ഈ മഹാവിഭൂതി എന്ന് വെച്ചാലെന്താ. വിഭൂതികളെ വർണ്ണിക്കുന്നതിന് മുമ്പ് തന്നെ ഭഗവാൻ പറഞ്ഞു.
അഹം ആത്മാ ഗുഡാകേശ സർവ്വഭൂതാശയസ്ഥിത:
ഓരോരുത്തരുടേയും അന്തർഹൃദയത്തിൽ ഞാൻ ണ്ട് ഞാൻ ണ്ട് ഞാൻ ഞാൻ ഞാൻ എന്ന അനുഭവരൂപത്തിൽ ഏതൊരു ബോധം പ്രകാശിക്കുന്നുണ്ടോ ആ ബോധം ആണ് മഹാവിഭൂതി. ആ ബോധത്തിനെ വെച്ച് കൊണ്ടാണ് പ്രപഞ്ചം തന്നെ അറിയപ്പെടുന്നത്. എല്ലാ അറിവിനും അനുഭവത്തിനും അധിഷ്ഠാനമായ ഉണർവ്വ്, ബോധം, പ്രജ്ഞ, ജ്ഞപ്തി, അവബോധം അതിനാണ് മഹാവിഭൂതി എന്ന് പേര്. അത് തന്നെ ബ്രഹ്മം.
അങ്ങനെ ബ്രഹ്മ സ്വരൂപമായി
പ്രസീദതാം ബ്രഹ്മ മഹാവിഭൂതി:
എന്ന് സ്തുതിച്ചു. ഭഗവാൻ ഇവരുടെ മുമ്പിൽ ആവിർഭവിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad

No comments:

Post a Comment