Wednesday, June 26, 2019

ദക്ഷിണാമൂർത്തി സ്തോത്രം-46

അഹമസ്മി അഹം ജാനാമി, ആ അനുഭവത്തിനെ അനുഭാതി എന്നും പറയുന്നു. അത് പ്രകാശിക്കുന്നത് കൊണ്ട് ബാക്കി ഒക്കെ പ്രകാശിക്കുന്നു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും ഒക്കെ അറിയുന്നത് ഇതിന്റെ പ്രകാശം കൊണ്ടാണ്. 

അനുഭാത്യേതത് സമസ്തം ജഗത് തസ്മയ് ശ്രീ ഗുരുമൂർത്തയേ നമ ഇദം ശ്രീ ദക്ഷിണാമൂർത്തയേ.

ഭഗവാനേ ദക്ഷിണാമൂർത്തി ആ അറിവിനൊക്കെ ആശ്രയ ഭൂതമായ അറിവുണ്ടല്ലോ, ആ അറിവിൽ എന്റെ ശ്രദ്ധയെ പതിപ്പിക്കുക.

രമണ ഭഗവാന്റെ പക്കൽ വിളക്ക് വയ്ക്കാൻ ഒരു ചിമ്മിനി ഉണ്ടായിരുന്നു. ആ ചിമ്മിനിക്ക് മുൻമ്പിലായി കണ്ണാടി കൂടും, മേലെ മൂടിയിട്ടുമുണ്ടാകും, താഴെ ഒരു ദ്വാരവും. ഒരു ദിവസം ചോട്ടിലുള്ള ദ്വാരത്തിലൂടെ ഒരു കുരുവി അതിന്റെ ഉള്ളിൽ കടന്നു. പക്ഷിയുടെ സ്വാഭാവികമായ പ്രവണതയാൽ അത് മുകളിലേയ്ക്ക് പറക്കാൻ ശ്രമിച്ചു. അത് ചിമ്മിനിയ്ക്കുള്ളിൽ കടന്ന ദ്വാരം മറന്ന് കളഞ്ഞു.പുറത്തേയ്ക്ക് കടക്കാൻ ചിറകിട്ടടിച്ചു. മഹർഷി ചിമ്മിനി എടുത്ത് കാണിച്ചിട്ട് പറഞ്ഞു നമ്മളൊക്കെ ഇതു പോലെയാണ്. ഏത് ദ്വാരത്തിലൂടെ ഉള്ളിലേയ്ക്ക് കടന്നു എന്ന് മറന്നു. എന്നിട്ടില്ലാത്ത ദ്വാരത്തിലൂടെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നു. നാമും ഈ പക്ഷിയെ പോലെ ഇല്ലാത്ത ദ്വാരങ്ങളായ ചെവി, മൂക്ക്, നാക്ക് , കണ്ണിലൂടെയൊക്കെ പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കയാണ്. ഉള്ളിലേയ്ക്ക് വന്ന ദ്വാരമൊട്ട് മറക്കുകയും ചെയ്തു. ഉള്ളിലേയ്ക്ക് വന്ന ദ്വാരത്തിലൂടെ തന്നെ ശ്രമിച്ചാൽ പുറത്തേയ്ക്ക് കടക്കാവുന്നതേയുള്ളു. 

ഏതാ ആ ദ്വാരം? സുഷുപ്തി അവസ്ഥയിൽ ഏതോ ഒരു ദ്വാരത്തിലേയ്ക്ക് മുഴുവൻ പോകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ ഏതോ ഒരു ദ്വാരത്തിൽ നിന്ന് സകലതും പുറത്തേയ്ക്ക് വരുന്നു. ആ ദ്വാരമാണ് കണ്ടു പിടിക്കേണ്ടത്. ആ ദ്വാരത്തിനെ ശ്രദ്ധിക്കാതെ കണ്ണ്, ചെവി എന്നീ ദ്വാരങ്ങളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ് നമ്മൾ, എന്നാൽ സാധിക്കുന്നില്ല. ഈ കുരുവിയെ പോലെ അവസാനം നിരാശയാണ് ഫലം. 

നമ്മുടെ സർവ്വ പൂർണ്ണതയ്ക്കുമുള്ള കേന്ദ്രം പ്രപഞ്ചത്തിൽ ബാഹ്യമായി എവിടെയും ഇല്ല. സകല അനുഭവത്തേയും അനുഭവിക്കുന്നവൻ, അറിവ്, ആ ഒരു മഹസ്സ് അത് നമ്മളിൽ ഉണർവായിട്ട്, കേന്ദ്രമായിട്ട്, അവബോധമായിട്ട് പ്രകാശിക്കുന്നു. ആ അവബോധം അവിടെ ഉള്ളത് കൊണ്ടാണ് ബാക്കി ഇന്ദ്രിയ വ്യാപാരങ്ങളൊക്കെ നടക്കുന്നത്. ആ ഒരേ ഒരു പ്രകാശം ബാക്കിയുള്ളതിലൊക്കെ കാണുന്നു. 

നാനാച്ഛിദ്ര ഘടോദര സ്ഥിത മഹാദീപ പ്രഭാഭാസ്വരം
ജ്ഞാനം യസ്യ തു ചക്ഷുരാദികരണ ദ്വാരാ ബഹിഃ സ്പംദതേ |
ജാനാമീതി തമേവ ഭാംതമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 

നമ്മളൊക്കെ അനുഭവിക്കുന്നത് ജ്ഞാനത്തിനെ തന്നെയാണ്. ജ്ഞാനം എന്ന് പറയുമ്പോൾ വരുന്ന ഒരു തെറ്റിദ്ധാരണ പുസ്തകത്തിൽ നിന്നുള്ള അറിവ് എന്നാണ് . സ്വാഭാവികമായ ജ്ഞാനം നമ്മുടെ സ്വരൂപമാണ്. ആ ജ്ഞാനം നമുക്ക് ചിതറി  നഷ്ടപ്പെട്ടു കൊണ്ടിരിക്കയാണ്. എങ്ങനെ? ചക്ഷുരാദികരണ ദ്വാരാ. അങ്ങനെ നിശ്ചലമായിരിക്കുമ്പോൾ അടുത്തു കൂടി ആരെങ്കിലും പോയാൽ ശ്രദ്ധ പതറുന്നു. ഇതാണ് dissipation അഥവാ ബഹിഃ സ്പംദതേ എന്ന് പറയുന്നത്. ചക്ഷുരാദികരണ ദ്വാരാ ഓരോ കരണത്തിലൂടേയും തുളുമ്പി കൊണ്ടിരിക്കുന്നു അത്. പുറമേയ്ക്ക് പോയി കൊണ്ടിരിക്കുന്നു. 

അറിവിലുമേറി അറിഞ്ഞിടുന്നവൻ തൻ ഉരുവിലുമൊത്ത് പുറത്തും ഉജ്വലിക്കും കരുവിന് കണ്ണുകളഞ്ചും ഉള്ളടക്കി തെരുതെരെ വീണു വണങ്ങി ഓതിടേണം.
അറിവും അറിഞ്ഞിടുന്നവൻ തൻ പൊരുളും അർത്ഥവും പുമാൻ തൻ അറിവും ഒരാദി മഹസ്സ് മാത്രമാകും.

ഒരേ പ്രകാശമാണ് അഥവാ വസ്തുവാണ് അറിവിൽ അഞ്ച് രൂപത്തിൽ പിരിഞ്ഞ് കാണുന്നത്. ഈ അഞ്ചിന്ദ്രിയങ്ങളിലൂടെയും ഒരേ അറിവാണ് പ്രകാശിക്കുന്നത്. അകമേ യ്ക്ക് ഉജ്വലിക്കുന്നത് പുറമേയ്ക്ക് പ്രപഞ്ചാകാരമായിട്ട് പ്രകാശിക്കുന്നു. ആ പുറമേയ്ക്കുള്ളതിനെ മുഴുവൻ അന്തർമുഖമാക്കി അഥവാ ആത്മധ്യാനം ചെയ്യുക. എന്താണ് ആത്മധ്യാനം? സർവ്വേന്ദ്രിയങ്ങളിലൂടെയും പുറത്തേയ്ക്ക് പോകുന്ന ഊർജ്ജം പൂർണ്ണമായിട്ടും അകമേയ്ക്ക് പരിപാലിക്കുന്നതിനെയാണ് അല്ലെങ്കിൽ Conserve ചെയ്യുന്നതിനെയാണ് ആത്മധ്യാനം അല്ലെങ്കിൽ ആത്മ വിചാരം എന്ന് പറയുന്നത്. ശ്രദ്ധയെ ശ്രദ്ധയിൽ ശ്രദ്ധിപ്പിക്കുന്നു. ശ്രദ്ധ എന്ന് പറയുമ്പോൾ തന്നെ അഹം സ്ഫുരണത്തിന്റെ ഒരു ബഹു സ്ഫൂർത്തിയാണ്.

Nochurji
malini dipu

No comments:

Post a Comment