Thursday, August 01, 2019

*പൂയം നക്ഷത്രം:* 

കൂറ് (രാശി): കർ‍ക്കിടകം
രാശ്യാധിപൻ‍: കർ‍ക്കിടകം: ചന്ദ്രൻ‍ (പാർവ്വതി / ദുർ‍ഗ്ഗ)
ഗണം: ദേവഗണം
നക്ഷത്രദേവത: ബൃഹസ്പതി
നക്ഷത്രദേവതാ മന്ത്രം: "ഓം ബൃഹസ്പതയേ നമ:" 
മൃഗം: ആട്
പക്ഷി: ചകോരം
വൃക്ഷം: അരയാല്‍
നാമാക്ഷരം: 'ഇ'
മന്ത്രാക്ഷരം: 'മ'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും 
രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉൾപ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകർ‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങൾ‍ക്കോ കച്ചവടസ്ഥാപനങ്ങൾ‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

ഫലം, ദോഷം, പരിഹാരം:

ഇത് ദേവഗണനക്ഷത്രമാണ്. 'കാലുള്ള നക്ഷത്രം' എന്നും 'കൂറുദോഷമുള്ള നക്ഷത്രം' എന്നും ഈ നക്ഷത്രത്തെ അറിയപ്പെടുന്നു. ഈ ദോഷസ്വഭാവം ഒഴിവാക്കിയാൽ‍ പൂയം നക്ഷത്രം ഉത്തമം ആണെന്നതിൽ സംശയമില്ല. 

പൂയം നക്ഷത്രത്തിൻ്റെ  ഒന്നാംപാദം ജാതകന് തന്നെയും രണ്ടാംപാദജനനം മാതാവിനും മൂന്നാംപാദജനനം പിതാവിനും നാലാംപാദജനനം അമ്മാവനും ദോഷമുണ്ടാക്കുന്നവയാകാം. ഇതിന് യഥാക്രമം, താൻ കാല്‍, അമ്മക്കാല്‍, അച്ഛന്‍ കാല്‍, അമ്മാവന്‍ കാല്‍ എന്നിങ്ങനെയും പേരുകളുമുണ്ട്. ജനനം മുതൽ‍ മൂന്ന്‍ മാസത്തിനുള്ളിൽ‍ ദോഷം സംഭവിക്കാവുന്നതുമാകുന്നു.

ഇത് അതീവ ദോഷപ്രദം ആകണമെങ്കിൽ 'കാലിൽ‍ കാല്' സംഭവിക്കണം. അതെങ്ങനെയെന്നാൽ‍, അറുപത് നാഴികയുള്ള ഒരു നക്ഷത്രത്തിന് പതിനഞ്ച് നാഴികവീതമുള്ള നാല് കാലുകളാണല്ലോ (പാദം) ഉള്ളത്? അതിൽ‍ ഒരു കാലിനെ വീണ്ടും നാലായി ഭാഗിച്ചാൽ മൂന്നേമുക്കാല്‍ നാഴിക എന്നുകിട്ടും. ആ മൂന്നേമുക്കാല്‍ നാഴികയാണ് 'കാലിൽ കാല്' . 

ഇങ്ങനെ സ്ഥിതി വരികയും ഒപ്പം ചന്ദ്രൻ ബലമില്ലാതെ അനിഷ്ടസ്ഥാനങ്ങളിൽ‍ നില്‍ക്കുകയും ചെയ്‌താൽ‍ മാത്രമേ വളരെ ദോഷം സംഭവിക്കുകയുള്ളൂ. ദോഷപ്രദമായാൽ‍ അത് മരണം പോലും ഉണ്ടാക്കാറുമുണ്ട്.

ഇങ്ങനെ 'കാലിൽ‍ കാല്‍' ആകുകയും ലഗ്നത്തിൽ‍ ചന്ദ്രനും (കർ‍ക്കടക ലഗ്നം), പ്രഥമതിഥി, ബുധനാഴ്ചദിവസം എന്നിവ ഒന്നിച്ചുവരികയും ചന്ദ്രൻ ബലക്കുറവും ശുഭവീക്ഷണമില്ലാതെയും വന്നാൽ‍ പൂയത്തിന്‍റെ കൂറുദോഷം സംഭവിക്കാവുന്നതാണ്. ദോഷപരിഹാരമായി പലകർ‍മ്മങ്ങളും ജ്യോതിഷികൾ നിർ‍ദ്ദേശിക്കാറുണ്ടെങ്കിലും ശിവക്ഷേത്രത്തിൽ പ്രസ്തുത കാലയളവിൽ‍ നക്ഷത്രദിവസങ്ങളിൽ‍ നടത്തുന്ന കറുകഹോമവും ആയൂഷ്യസൂക്തപുഷ്പാഞ്ജലിയും അത്യുത്തമം ആകുന്നു. എന്നിരുന്നാലും, വിശ്വസ്തനും 
സാത്വികനും ആയൊരു കർ‍മ്മിയെക്കൊണ്ട് ഇവ ചെയ്യിക്കാൻ‍ പ്രത്യേകം ശ്രദ്ധിക്കെണ്ടതാകുന്നു. കൂടാതെ, ദോഷപ്രദമായി നില്ക്കുവന്നവർ‍ക്ക് ആധികാരികമായി തയ്യാറാക്കിയ 'മഹാമൃത്യുഞ്ജയ യന്ത്രം', 'മൃതസഞ്ജീവനീയന്ത്രം' എന്നിവയിലൊന്ന് ഭക്തിയോടെ ധരിക്കുകയും ആ യന്ത്രം മാസംതോറും ശിവക്ഷേത്രത്തിൽ‍ പൂജിക്കുകയും ചെയ്യണം. 

പൂയം നക്ഷത്രത്തിലെ സ്ത്രീകൾക്ക് ഉത്തമപ്പൊരുത്തവും ഉത്തമമുഹൂർ‍ത്തവും വിവാഹത്തിനായി തെരഞ്ഞെടുക്കണം. 

കേതു, ചൊവ്വ, സൂര്യ ദശകളിൽ ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ അനിഴം, ഉതൃട്ടാതി എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദർ‍‍ശനം നടത്തണം. ശനിയെയും ശനിയുടെ അധിദേവതയായ ശാസ്താവിനേയും പ്രീതിപ്പെടുത്തണം. ശനിയും പൂയവും ഒത്തുവരുന്ന ദിവസം ശാസ്താക്ഷേത്രത്തിൽ‍ 
പൂജയും നടത്തണം. 

മകരത്തിലെ പൗർ‍‍ണമിയിൽ‍ ദുർ‍ഗ്ഗാപൂജ നടത്തുന്നത് ഈ നാളുകാർക്ക് വളരെ ഐശ്വര്യപ്രദമാണ്. ശനിയാഴ്ചകളിൽ‍ അരയാലിന് ഏഴ് പ്രദക്ഷിണം വെയ്ക്കുന്നതും ഉത്തമമാണ്.

ദാരിദ്ര്യമുണ്ടാക്കുന്ന കടീവേധദോഷമുള്ളതിനാൽ‍ പൂരാടവുമായി വിവാഹം പാടില്ല. അഥവാ ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ ഭാഗ്യസൂക്തമന്ത്രജപം, ശ്രീസൂക്തമന്ത്രജപം  എന്നിവയും സ്വഭവനത്തിൽ‍ ശ്രീസൂക്തയന്ത്രം ആരാധിക്കുന്നതും വളരെ നല്ലതാകുന്നു.

നീല, കറുപ്പ്, വെളുപ്പ്‌ നിറങ്ങൾ‍‍ അനുകൂലം. പൂയത്തിൻ്റെ ദേവത ബൃഹസ്പതി. ദേവതാമന്ത്രജപം അത്യുത്തമം ആകുന്നു.

മന്ത്രം: "ഓം ബൃഹസ്പതയേ നമ:"

പൂയത്തിൻ്റെ ഭാഗ്യസംഖ്യ-8, ഉപാസനാമൂർ‍ത്തി-മഹാവിഷ്ണു, ഏറ്റവും അനുകൂലമായ യന്ത്രം-മുരുകയന്ത്രം, അനുകൂലരത്നം-ഇന്ദ്രനീലം.
C&P

No comments:

Post a Comment