ഹനുമാന്റെ സ്വാധീനം_*
രാമായണം എന്നു കേള്‍ക്കുമ്പോള്‍ സീതാരാമന്മാരെപ്പോലെ, അത്രതന്നെ പ്രാധാന്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്നതും മാനിക്കപ്പെടുന്നതുമാണ് ഹനുമാന്റെ നാമവും.
ചിരഞ്ജീവിയും ബ്രഹ്മചാരിയും സര്‍വ്വശാസ്ത്രവിശാരദനുമായ ഹനുമാന്‍ രാമായണത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു. ആഞ്ജനേയ പുത്രനായ ഹനുമാന്‍ പലവിധേനയും പ്രത്യക്ഷപ്പെടുന്നുണ്ട് രാമായണത്തില്‍. വര്‍ണിച്ചാല്‍ തീരാത്തതാണ് ഹനുമത്പ്രഭൃതിയുടെ കൃത്യങ്ങള്‍.
ഹൃദയകമലത്തില്‍ ശ്രീരാമരൂപം പ്രതിഷ്ഠിച്ചു സ്മരിച്ചുകൊണ്ടിരിക്കുന്ന തികഞ്ഞ രാമ ഭക്തനായിരുന്നു ഹനുമാന്‍. സദാ രാമായണനാമം ചിന്തിച്ചു കഴിയുന്ന ഹനുമാന്‍ കറകളഞ്ഞ ഭക്തോത്തമനായിരൂന്നു എന്ന് നിസ്സംശയം പറയാം. രാമകാര്യത്തിനുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായി സമര്‍പ്പണം ചെയ്തവനാണ് ഹനുമാന്‍. അത് ഓരോ പ്രവൃത്തിയിലും നിഴലിച്ചു നില്‍ക്കുന്നുണ്ട്.
ഓരോ സന്ദര്‍ഭത്തിലും ഹനുമാന്റെ മിടുക്ക് ജ്വലിക്കുന്നതായിരുന്നു. സീതാന്വേഷണവേളയില്‍ സമചിത്തതയോടെ വിരഹവിവശയായ സീതാദേവിയുടെ അടുത്ത് കുശലതയോടെ പോയി വിവരങ്ങള്‍ ഉണര്‍ത്തിച്ച് വിശ്വാസത്തിലെടുക്കുന്ന രംഗം അത്യുത്തമനായ ഒരു സന്ദേശ വാഹകന്റേതായിരുന്നു. മോതിരമാകുന്ന അടയാളം കാണിച്ച് സ്വയം പരിചയപ്പെടുത്തി തിരിച്ചറിയിപ്പിക്കുന്ന രീതി മാതൃകാപരമാണ്. അവിടെവെച്ച് ഹനുമാനും സീതയും സംവദിക്കുന്നുണ്ട്.
ലങ്കാപ്രവേശം ചെയ്യുന്ന വീരഹനുമാന്‍ അഷ്ടസിദ്ധി കൈവന്നയാളായിരുന്നു. ലങ്കയില്‍വെച്ച് രാവണന്റെ ആജഞയനുസരിച്ച് തീക്കൊളുത്തി അപമാനിക്കുന്നതിനുവേണ്ടി തന്റെ വാല്‍ എണ്ണയില്‍ മുക്കിയ ശീലകൊണ്ട് ചുറ്റപ്പെടുമ്പോള്‍ അതിനു നിശ്ചയിക്കപ്പെട്ടവര്‍ കുഴങ്ങുകയായിരുന്നു. ഹനുമാന്റെ വാല്‍ വലുതായിക്കൊണ്ടേയിരിക്കുന്നു. ചുറ്റിയിട്ടും ചുറ്റിയിട്ടും തീരുന്നില്ല. തന്റെ സിദ്ധി അവിടെ പ്രയോഗിച്ചതായിരുന്നു. അതിനുശേഷം തീക്കൊളുത്തി നഗരം ചുറ്റിക്കാനുള്ള ശ്രമത്തിലാണ് രാവണകിങ്കരന്മാര്‍.
പക്ഷെ, അവിടെയും സിദ്ധി പ്രയോഗിച്ചു. അത്യുന്നതിയില്‍ വിരാജിക്കുന്ന ശിബിരങ്ങളുടെ മുകളില്‍ കയറി ഓടിയും ചാടിയും ഉല്ലസിക്കുകയായിരുന്നു അപ്പോള്‍. എത്തുന്നിടത്തെല്ലാം തീ പടരുന്നു. ലങ്ക കത്തിയമരുന്നു. ഹനുമാനെ കേവലം ഒരു വാനരനായിട്ടേ അവര്‍ കരുതിയിരുന്നുള്ളു. അതു വിനയാവുകയും ചെയ്തു. ഇതുപോലെ തന്റെ ശക്തി പ്രകടിപ്പിച്ച സന്ദര്‍ഭമായിരുന്നു സമുദ്രം ചാടിക്കടന്ന കൃത്യം. പണ്ട് കുട്ടിയായിരുന്നപ്പോള്‍ ചുവന്നു തുടുത്ത പഴമാണെന്നു കരുതി ഉദിച്ചുവരുന്ന സൂര്യഭഗവാനു നേരെ ചാടിയ വായുപുത്രന്റെ കഥ ഏറെ പ്രചരിതമാണ്. അതിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു സമുദ്രം ചാടിക്കടന്ന അവസരത്തിലും.
തന്റെ ജീവന്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് ഉള്ളില്‍ രാമനെ മാത്രം പ്രതിഷ്ഠിച്ച് കരുത്തനായി സര്‍വ്വജ്ഞനായ വീരഹനുമാന്‍ മാതൃകാബിംബമായി. ശ്രീരാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ അവരോടുതുല്യം തന്നെ ഹനുമാനും ആരാധിച്ചുവരുന്നു.
C&P
No comments:
Post a Comment