Thursday, September 05, 2019



06.ഓണപ്പൊട്ടൻ*

ആചാരമായി കണക്കാക്കുന്ന ഒരു കലാരൂപമാണ്‌ ഓണപ്പൊട്ടന്‍ അല്ലെങ്കില്‍ ഓണത്താര്‍. പ്രജകളെ കാണാനും അവരുടെ ക്ഷേമം അന്വേഷിക്കാനും മഹാബലി ഓണപ്പൊട്ടന്റെ വേഷത്തില്‍ വരുന്നു എന്നാണ് ഐതീഹ്യം. മുന്നൂറ്റാന്‍ സമുദായത്തില്‍പ്പെട്ട ആളുകളാണ് ഓണപ്പൊട്ടന്റെ കോലം കെട്ടുന്നത്. ഓണത്തിന് വീടിലെത്തുന്ന ഓണപ്പൊട്ടന്‍ മണി കിലുക്കിയാണ് തന്റെ വരവ് അറിയിക്കുക. ചെറിയ ചുവടുകള്‍ വെയ്ക്കുന്ന ഓണപ്പൊട്ടന്‍ വീടുകളില്‍ നിന്ന് ഓണക്കോടിയും ഭക്ഷണവും സ്വീകരിക്കുന്നു.

വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച്  അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ്‌ ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്. ഓണത്തെയ്യത്തിൽത്തന്നെ  സംസാരിക്കാത്ത തെയ്യമാണ്‌ ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌.

മലയസമുദായക്കാർക്ക്‌ രാജാക്കൻമാർ നൽകിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌  ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്‌.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌  തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്.

No comments:

Post a Comment