ശ്രീമദ് ഭാഗവതം 258*
ഗോപികകളെ ഭഗവാൻ തുടക്കം മുതലേ പക്വപ്പെടുത്തി. ഭഗവാന്റെ അലൗകിക രസങ്ങൾ ജീവനെ ആകർഷിക്കണമെങ്കിൽ ഈ ജീവൻ ശുദ്ധമാകണം. എനിക്ക് ഭഗവാനെ വേണം എന്ന് വരിക്കണം.
*വരണം!!*
*ജീവൻ ഭഗവാനെ വേണം എന്നുള്ള* *വരിക്കലാണ് കാത്യായനി വ്രതം.*
*ഭഗവാൻ ഈ ജീവന്റെ അഭിമാനത്തെ*
*കളയലാണ് വസ്ത്രാക്ഷേപം.*
ഭഗവാൻ ഗോപികൾക്ക് വാക്ക് കൊടുത്തു. "നിങ്ങളെ ഞാൻ അനുഗ്രഹിക്കുന്നുണ്ട്.
നിങ്ങൾ ആഗ്രഹിക്കുന്നത് നടക്കും."
ഭഗവാനപി താ രാത്രീ: ശരദോത്ഫുല്ലമല്ലികാ:
വീക്ഷ്യ രന്തും മനശ്ചക്രേ യോഗമായാം ഉപാശ്രിത:
തദോഡുരാജ: കകുഭ: കരൈർമുഖം
പ്രാച്യാ വിലിംപന്നരുണേന ശന്തമൈ:
സ ചർഷണീനാം ഉദഗാച്ഛുചോ മൃജൻ
പ്രിയ: പ്രിയായാ ഇവ ദീർഘദർശന:
ദൃഷ്ട്വാ കുമുദ്വന്തം അഖണ്ഡമണ്ഡലം
രമാനനാഭം നവകുങ്കുമാരുണം
വനം ച തത്കോമളഗോഭിരഞ്ജിതം
ജഗൗ കളം വാമദൃശാം മനോഹരം
ശരത്ക്കാലത്തിലെ രാസ പൗർണ്ണമി ദിവസം!
☄ പൂർണചന്ദ്രൻ ആകാശത്ത് തെളിഞ്ഞു പ്രകാശിച്ച് വെള്ളിപ്പരവതാനി വിരിച്ച പോലെ യമുനാപുളിനങ്ങൾ മുഴുവൻ പ്രകാശമാനമായിത്തീർന്നു!⭐

ഭഗവാന്റെ വേണുഗാനം ശ്രവിച്ചുതുടങ്ങി!
ജഗൗ കളം വാമദൃശാം മനോഹരം!
അഖണ്ഡാനന്ദസ്വാമിയുടെ വ്യാഖ്യാനം!
ക്ലീം എന്ന ബീജാക്ഷരത്തിനെ
സൂചിപ്പിച്ചുകൊണ്ട് ശ്രീശുകമഹർഷി
ജഗൗ കളം കളം കളം വാമദൃശാം മനോഹരം!
ഗോപികളുടെ മനസ്സിനെ ഹരിക്കുന്നതായിട്ടുള്ള ആ വേണുഗാനശ്രവണം!!
നിശമ്യ ഗീതം തദനംഗവർദ്ധനം!
അനംഗൻ എന്ന് വെച്ചാൽ കാമദേവൻ എന്നർത്ഥം. അദ്ധ്യാത്മികമായ അർത്ഥം എന്താ? ഭഗവദ് ആകർഷണത്തിൽ പെട്ടാൽ ശരീരം മറന്നു പോകും. അംഗം ഇല്ലായ്മ അനുഭവപ്പെട്ട് തുടങ്ങും. ദേഹത്തിനെ മറന്നു തുടങ്ങും!
നിശമ്യ ഗീതം തദനംഗവർദ്ധനം
വ്രജസ്ത്രിയ: കൃഷ്ണ ഗ്രഹീതമാനസ:
കൃഷ്ണനാൽ മനസ്സ് ഗ്രഹിക്കപ്പെട്ടവരായി സർവ്വവും മറന്നു പോയി ഗോപികൾ!
കൃഷ്ണൻ നമ്മളെ പിടിക്കുന്നതിനും നമ്മൾ കൃഷ്ണനെ പിടിക്കുന്നതിനും നല്ല വ്യത്യാസം ഉണ്ട്. നമ്മള് ജപം ചെയ്തും അനുഷ്ഠാനം ചെയ്തും ഭഗവാനെ പിടിക്കാൻ നോക്കും.
നമ്മൾ ഭഗവാനെ പിടിക്കുന്നത് ആദ്യപടി.
*ഭഗവാൻ നമ്മളെ പിടിക്കുന്നതാണ്,* *ഗ്രഹിക്കുന്നതാണ്*
*ഈ വേണുഗാനശ്രവണം.*
എല്ലാവരുടെ ഉള്ളിലും ഈ വേണുഗാനം ണ്ട്. അരബിന്ദോ ഒരിടത്ത് പറയണു.
"He is always playing his flute. But we have put off the receiver."
ഭഗവാന്റെ വേണുഗാനം എപ്പോഴും നടന്നു കൊണ്ടേ ഇരിക്കണ്ട്. പക്ഷേ നമ്മള് റിസീവർ ഓഫ് ചെയ്തു വെച്ചിരിക്കണു! കേൾക്കാൻ വയ്യ.
ആ വേണുഗാനത്തിനെ മഹാത്മാക്കൾ പല ഭാവത്തിലും കാണുന്നു. ശബ്ദ ബ്രഹ്മം ആണത്. ആ ശബ്ദ ബ്രഹ്മം എപ്പോഴും ണ്ട്. പ്രപഞ്ചത്തിന് തന്നെ മൂലകാരണം ആണത്. നമ്മളുടെ മനസ്സ് തന്നെ ശബ്ദായമാനമാണ്, ധ്വന്യാത്മകമാണ്. ഈ മനസ്സ് അടങ്ങുന്ന സ്ഥലത്ത്, നിശ്ചലമാകുന്ന സ്ഥലത്ത്, ഭഗവാന്റെ വേണുഗാനശ്രവണം ണ്ടാവും. ഗോപികൾ വേണുഗാനം ശ്രവിച്ചുതുടങ്ങി!!
ശ്രീനൊച്ചൂർജി
*തുടരും. ..*
lashmi prasad
No comments:
Post a Comment