Thursday, September 19, 2019

*ഭാഗം 3*

'കാലത്ത് വിവരമറിഞ്ഞ ഉടൻ വിമാനത്താവളത്തിലേക്ക് ഞങ്ങൾ പുറപ്പെട്ടു. അച്ഛൻ ആഗ്രഹിച്ചതു പോലെ ശരീരം ഹരിദ്വാറിൽ സംസ്കരിക്കാമെന്ന് നിശ്ചയിച്ചു തന്നെയാണ് ഇറങ്ങിയത്. ടിക്കറ്റ് ലഭ്യമാക്കാൻ പഴയ ഒരു സുഹൃത്ത് സഹായിച്ചു. വിമാനത്തിൽ ദൽഹിയിൽ ചെന്നിറങ്ങി ഒരു ടാക്സി കാറിൽ ഹരിദ്വാറിലേക്ക് പുറപ്പെട്ടു.  യാത്രയിലുടനീളം മനസ്സ് ചിന്താഭരിതമായിരുന്നു.

സമ്മിശ്ര വികാരങ്ങൾ കൊണ്ട് ഞാൻ അസ്വസ്ഥനായിരുന്നു. അച്ഛനെ ഇനി ഒരിക്കലും സശരീരനായി കാണില്ല എന്നാലോചിക്കുമ്പോൾ ഹൃദയം വേദന കൊണ്ട് നുറുങ്ങും. ജീവിതത്തിന് ഒരർത്ഥമില്ലായ്മ, വല്ലാത്തൊരു ശൂന്യതാ ബോധം അനുഭവപ്പെടും. എന്നാൽ അച്ഛന്റെ മഹത്വത്തെക്കുറിച്ചാലോചിക്കുമ്പോൾ, കൃത്യമായി മരണത്തെക്കുറിച്ച് പ്രവചിച്ച് നടത്തിയ അന്ത്യയാത്രയെക്കുറിച്ചുള്ള  ചിന്ത ഉണരുമ്പോൾ അഭിമാനം തോന്നും. കുറച്ചു കാലം കൂടി പിതാവ് കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കുമ്പോൾ വർത്തമാന യാഥാർത്ഥ്യം അംഗീകരിക്കാൻ വിവേക ബുദ്ധി ഉപദേശിക്കും.

ഇതിനിടയിൽ വിവരമറിഞ്ഞവരുടെ ഫോൺ വിളികളും, വിവരമറിയിക്കാനും, ചടങ്ങുകളെക്കുറിച്ച്  ചർച്ച ചെയ്യാനുമായി അങ്ങോട്ടുള്ള വിളികളും ഉണ്ടായി. മക്കൾ ചില അടക്കം പറച്ചിലുകളിൽ മുഴുകിയിരുന്നെങ്കിലും ഭാര്യ മൗനം പാലിക്കുകയായിരുന്നു. എല്ലാവർക്കും പൊതുവിൽ അസഹനീയ ദുഃഖമായിരുന്നു. യാത്രയിൽ വലുതായിട്ടൊന്നും കഴിക്കാനും ആർക്കും തോന്നിയില്ല. ഹരിദ്വാറിൽ എത്തിയപ്പോൾ നേരം സന്ധ്യ മയങ്ങി.
യാത്രാ സംഘം അവിടെ ഞങ്ങളെ കാത്തു നിൽക്കുകയായിരുന്നു. അടുത്ത ദിവസം വൈകീട്ട് അവർ നാട്ടിലേക്കു മടങ്ങാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.'

അയാൾ അല്പസമയം കണ്ണടച്ചിരുന്നു. ഓർമ്മകൾ വീണ്ടും കണ്ണീർ പ്രവാഹം സൃഷ്ടിച്ചു. ഞാൻ തിടുക്കം കാണിച്ചില്ല. പതുക്കെ അദ്ദേഹം സംഭവ കഥനത്തിലേക്ക് തിരിച്ചു വന്നു.
യാത്രക്കിടയിൽ അപ്രതീക്ഷിതമായി ഒരാളുടെ ദേഹവിയോഗമുണ്ടായതിൽ യാത്രാ സംഘം വലിയ ആശങ്കയിലായിരുന്നു എന്നയാൾ മനസ്സിലാക്കിയിട്ടുണ്ട്. പിതാവിന്റെ മരണവാർത്ത മകൻ എങ്ങിനെ സ്വീകരിക്കും എന്ന് ആർക്കും ഒരു ഊഹവുമുണ്ടായിരുന്നില്ലത്രേ. യാത്രാ സംഘത്തിന്റെ നേതാവ് ശേഖരേട്ടൻ മകനെ വിളിച്ചു സംസാരിച്ച സമയത്ത് മകൻ വല്ലാതെ തകർന്നു പോയില്ലെന്നത് അവർക്ക് തെല്ലൊരു ആശ്വാസം പകർന്നുവത്രേ.

'അങ്ങയുടെ അച്ഛൻ ഒരു മഹാത്മാവാണ് . അർഹതപ്പെട്ട ഒരു ദേഹവിയോഗം സംഭവിച്ചു എന്നു കരുതിയാൽ മതി' - ഇതു പറഞ്ഞു കൊണ്ടാണ് ശേഖരേട്ടൻ എന്നേയും കുടുംബത്തേയും സ്വീകരിച്ചത്. നേരം ഏറെ വൈകിയതിനാൽ അന്ന് സംസ്ക്കാര ചടങ്ങുകൾ സാധിക്കില്ല എന്നു മനസ്സിലായി. ഹരിദ്വാറിലെ ഭേദപ്പെട്ട ഒരു ഹോസ്പിറ്റലിൽ അച്ഛന്റെ ശരീരം സൂക്ഷിച്ചിട്ടുണ്ട്. പിറ്റേന്ന് നിയമപരമായ കാര്യങ്ങൾക്കു ശേഷം ശരീരം വിട്ടുകിട്ടാൻ പത്തു മണിയെങ്കിലുമാവുമെന്ന് ശേഖരേട്ടൻ അറിയിച്ചു.. യാത്രാ സംഘം താമസിക്കുന്ന ആശ്രമത്തിൽ തന്നെ രണ്ടു ദിവസത്തേക്ക് രാത്രി തങ്ങാൻ സൗകര്യം ലഭിച്ചു. ഭാര്യയേയും മക്കളേയും മുറിയിലാക്കി ഞാൻ ഒന്നുകുളിക്കാമെന്ന ചിന്തയോടെ ഗംഗാനദീതീരത്തേക്ക് നടന്നു. പുണ്യനദിയിൽ മുങ്ങി നിവർന്നതോടെ വലിയൊരു ശാന്തി അനുഭവപ്പെട്ടു.  സാമാന്യം തിരക്കൊഴിഞ്ഞ ഒരിടത്ത് കുറച്ചു നേരം കണ്ണടച്ചിരിക്കാനും സാധിച്ചു. ഗംഗാപ്രവാഹത്തിന്റെ ഹൃദ്യമായ ധ്വനി ഒഴിച്ച് മറ്റൊന്നും കേൾക്കുമായിരുന്നില്ല. മനസ്സ് പെട്ടെന്ന് ചിന്താവിഹീനമാവുന്നത് എനിക്ക് അത്ഭുതമായിരുന്നു. ഏതാണ്ട് അര മണിക്കൂറോളം ഞാനവിടെ ചിലവഴിച്ചിട്ടാണ് തിരിച്ചു വന്നത്. ആ ധന്യമായ അനുഭവം എന്നും കാലത്ത് ഞാൻ അനുസ്മരിച്ച് ആസ്വദിക്കാറുണ്ട് '.

അയാൾ ഇതു പറഞ്ഞു നിർത്തിയപ്പോൾ ഞാൻ യാദൃഛികമായാണ് വാച്ച് നോക്കിയത്. രാത്രി ജോലിക്ക് പോവേണ്ടതുള്ളതിനാൽ അദ്ദേഹത്തിന് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിസ്തരിച്ചു പറയുന്നത് കൊണ്ടു തന്നെ അയാൾക്ക് ആശ്വാസം അനുഭവപ്പെടുന്നുണ്ടെന്നുള്ളത് മുഖഭാവം കൊണ്ടറിയാം. ബാക്കി വിവരണവും കൂടി കേൾക്കാൻ എനിക്ക് ഏറെ താത്പര്യം  തോന്നുന്നുണ്ടായിരുന്നെങ്കിലും സമയമതിക്രമിക്കുന്ന കാര്യം അറിയിക്കാൻ തീരുമാനിച്ചു.

'പ്രിയ സുഹൃത്തേ, അനിവാര്യമായ മരണം പലരുടേയും ജീവിതത്തിലേക്ക് കടന്നു വരുന്നത് വിചിത്രമായ രീതികളിലാകും. അങ്ങയുടെ അച്ഛന്റെ ദേഹവിയോഗം ആദരണീയമായ പ്രകാരത്തിലാണ് സംഭവിച്ചതെന്നതിൽ തർക്കമില്ല. ബാക്കി കാര്യങ്ങളും വിശദമായി കേൾക്കണമെന്നുണ്ട്. എന്നാൽ സമയം അങ്ങേക്ക് തടസ്സമാവുമെന്ന് ഞാൻ സംശയിക്കുന്നു. ഈ വർത്തമാനം മറ്റൊരു ദിവസത്തേക്ക് നീട്ടിവെച്ചാലോ...'

പരിസരബോധം വീണ്ടെടുത്ത് അദ്ദേഹവും സമയം നോക്കി. ' ഓ! ശരി തന്നെ സമയം ഏറെയായി. തീർച്ചയായും ഞാൻ മറ്റൊരു ദിവസം വരാം. ഇങ്ങിനെ സംസാരിക്കുന്നത് എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. '
അയാൾ പോകാൻ എഴുന്നേറ്റു.
'ഇനി വരുമ്പോൾ അച്ഛനെക്കുറിച്ച് കൂടുതൽ പറയൂ. ഗംഗയിൽ കുളിച്ച ശേഷം തീരത്ത് വെച്ച് നടത്തിയ ആ മനഃ സംസ്ക്കരണം ഉത്തമമായി സംശയമില്ല. ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതിയിലേക്ക് കരുത്തും ഊർജ്ജവും പകരാൻ ആ ചെയ്തിയുടെ പുനഃസ്മരണങ്ങൾ സഹായിക്കണം. ആ വഴിക്ക് നമുക്ക് തീർച്ചയായും ആലോചിക്കാം. ഇപ്പോൾ പോയി വരൂ.' ഇത്രയും പറഞ്ഞ് ഞാനദ്ദേഹത്തെ അണച്ചു പിടിച്ച് പുറത്തു തട്ടി യാത്രയാക്കി.

(തുടരും...)

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
20th Sep '19

No comments:

Post a Comment