Friday, September 06, 2019



ശ്രീ ചിന്മയ സദ്ഗുരവേ നമഃ

ഓണം... തിരുവോണം

ഓണം എന്തിനാണ് ആഘോഷിക്കുന്നത്?
ഓണാഘോഷത്തിനു പിന്നിലെ ചരിതമെന്താണ്?
കഴിഞ്ഞ കുറച്ച് ദശകങ്ങളായി കേരളത്തിൽ പ്രചരിക്കുന്ന അഥവാ പ്രചാരത്തിലുള്ള കഥ ശരിയോ? 
ഇപ്പോൾ എനിക്ക് 44 വയസ്സ്.ഞാൻ ഈ ചോദ്യത്തിനുള്ള ഉത്തരം ഏകദേശം 35 വർഷം മുമ്പ് അന്വേഷിച്ച് തുടങ്ങിയതാണ്.
കാരണം വളരെ ലളിതമായിരുന്നു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. അന്നത്തെ മലയാളം പാഠപുസ്തകത്തിലെ ഒരു അദ്ധ്യായവുമായി ബന്ധപ്പെട്ട് ഒരു ചോദ്യമുണ്ട്. 10 വാചകത്തിൽ ഉത്തരമെഴുതേണ്ടത്. 'ഓണം' എന്നതിനെക്കുറിച്ച്.

 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. കേരളം ഭരിച്ചിരുന്ന ചക്രവർത്തിയായ മാവേലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വർഷം തോറും മാവേലി കേരളത്തിലെ തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെ സ്മരണയ്ക്കാണ് ഓണം ആഘോഷിക്കന്നത്........................ ഓണവിശേഷങളുമായി
ഇങ്ങനെ പോകുന്നു ആ ഉത്തരം.

എന്നാൽ ഓണക്കാലത്ത് ഇതല്ല എന്റെ അനുഭവം.ഉത്രാടത്തിന് എന്റെയും പരിസരത്തും ഓണം ആഘോഷിക്കുന്ന വീടുകളിൽ തൃക്കാക്കരയപ്പനെ (തൃക്കാരപ്പനെ ) വയ്ക്കും. മൂലം നാളിന് മുമ്പേ മണ്ണിൽ തട്ടി പൊത്തി ഉരുട്ടി ഏകദേശം സ്തൂപാ കൃതിയിൽ ഉണ്ടാക്കുന്നതാണിത്. ഓരോ വർഷത്തെ ഓണത്തിനും പുതിയത് ഉണ്ടാക്കണം
തൃക്കാകരയപ്പനെ അഥവാ വാമനമൂർത്തിയെയാണ് ഉത്രാട നാൾ മുതൽ അഞ്ചാം ഓണം (ഉതൃട്ടാതി ) വരെ പൂജിക്കുന്നത്.
ഇവിടെ നിന്ന് ആരംഭിച്ചതാണ് സംശയം.
ആരുടെയാണ് ഓണം വാമനന്റെയോ മാവേലിയുടേയോ?

മുത്തശ്ശനും മുത്തശ്ശിയും അച്ഛനുമമ്മയുമൊക്കെ തന്ന ഉത്തരം ഓണം തൃക്കാക്കരയപ്പന്റെയാണ്; വാമനമൂർത്തിയുടെയാണ്. ഭഗവാന്റെ പിറന്നാളാണ്. ചിങ്ങത്തിലെ തിരുവോണം.

പുറത്ത്  മാവേലി കഥകളും കുടവയറൻ മാവേലി പ്രകടങ്ങളും അപ്പോൾ അരങ്ങ് തർക്കാൻ തുടങ്ങിയിരുന്നു. ഇത് ഏകദേശം 1980 കളുടെ പകുതിയിലായിരുന്നു. അന്നത്തെ വാർത്താ മാധ്യമങ്ങളായ വർത്തമാന പത്രങ്ങളിൽ മണ്ണു കൊണ്ടോ മരം കൊണ്ടോ ഉള്ള തൃക്കാക്കരപ്പനും വാമന-മാവേലി ചിത്രങ്ങളും പൂക്കളങ്ങളുമൊക്കെ ധാരാളമുണ്ടായിരുന്നു.
പിന്നീട് കാണുന്ന കാഴ്ച വാമനന്റെ ഓലക്കുട അടിച്ച് മാറ്റി രാജാവായ മാവേലിയ്ക്ക് കൊടുക്കുക എന്ന കർമ്മമായിരുന്നു. തൃക്കാക്കരയപ്പൻ എന്ന പേര് മാറ്റി ഓണത്തപ്പൻ എന്നാക്കലായിരുന്നു. തൊണ്ണൂറകളിലായപ്പോൾ ഓണത്തപ്പൻ മാവേലിയെന്നങ്ങ് അവർ ഉറപ്പിച്ചു.
അപ്പോഴും മതേതര വാദിയായ ഞാൻ എന്റെ അന്വേഷണം തുടർന്നിരുന്നു.
അങ്ങനെയാണ് ഒരിക്കൽ ഭാഗവത സപ്താഹം കേട്ടപ്പോൾ അതിൽ നിന്ന് മനസ്സിലായത്. വാമനമൂർത്തിയുടെ ചരിതത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ഭഗവാന്റെ അവതാര സുദിനം - ചിങ്ങത്തിലെ തിരുവോണമാണത്. തിരുവോണത്തിന്റെ ആദ്യപാദമായ അഭിജിത്ത് മുഹൂർത്തത്തിലാണ് വാമനാവതാരം. ആ ദിവസം ദ്വാദശി തിഥിയായിരുന്നു. അതിനാൽ വിജയ ദ്വാദശി എന്നും പേരുണ്ട്. 

 ദേവൻമാരുടെ സങ്കടം തീർക്കാൻ ദേവൻമാരുടെ അമ്മയായ അദിതിയുടേയും കശ്യപന്റെയും മകനായി ഭഗവാൻ തിരുവതാരം ചെയ്ത സുദിനമാണ് തിരുവോണം. ഇതിൽ നിന്നാണ് ഓണം എന്ന വാക്ക് ഉണ്ടായത്. എന്ന് പറഞ്ഞാൽ രാമനവമി പോലെ അഷ്ടമിരോഹിണി പോലെ തന്നെ.  ഭഗവാന്റെ ഉപേന്ദ്രനായുള്ള അവതാര സുദിന ആഘോഷമാണ് ഓണം.ഉപേന്ദ്രൻ എന്നാൽ ഇന്ദ്രന്റെ അനുജൻ എന്നർത്ഥം. ജനിച്ചയുടനെ കൊച്ചുബാലനായി തീർന്നതിനാലും വളരെ സുന്ദരനായതിനാലും വാമനൻ എന്ന പേരുണ്ടായി.

ഭഗവാൻ എന്തിനാണ് അതരിച്ചത്?
ദേവൻമാരുടെ വാസസ്ഥലമാണ് സർഗ്ഗം അഥവാ ദേവലോകം. അധോലോകങ്ങളിലൊന്നായ രസാതലത്തിൽ വസിക്കുന്ന അസുരൻമാർ (ദേവൻമാരുടെ ചെറിയമ്മയുടെ മക്കളും അവരുടെ വംശപരമ്പരയും) പലപ്പോഴും തങ്ങളുടെ വാസസ്ഥലത്ത് ഇരിപ്പുറപ്പിക്കാതെ ലോകം മുഴുവൻ ആക്രമിച്ച് കീഴടക്കും. ദേവലോക ആധിപത്യമാണ് അവരുടെ പ്രധാന നോട്ടം.ഒരിക്കൽ അസുരന്മാരുടെ നേതാവായ ബലിയുടെ നേതൃത്വത്തിൽ ദേവലോകം ആക്രമിച്ച് അവിടത്തെ ഭരണം പിടിച്ചെടുത്തു.ദേവൻമാരെ അവിടെ നിന്നും ആട്ടിപ്പായിച്ചു.ഇതിന്റെ തീവ്രത ശരിക്കറിയണമെങ്കിൽ നിങ്ങളെ നിങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കാതെ അക്രമികൾ ഇറക്കി വിടുന്നതിന് തുല്യമാണ് എന്ന് കരുതിയാൽ മതി.
തങ്ങളുടെ വാസസ്ഥാനം നഷ്ടപ്പെട്ട ദേവൻമാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. തന്റെ ഭക്തനായ ബലിക്കെതിരെ ഒന്നും ചെയ്യാൻ ഭഗവാനും തിടുക്കപ്പെട്ടില്ല. അപ്പോഴത്തെ കാലം അസുരർക്ക് അനുകൂലമാണെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു. 
ഇതിനു ശേഷം തന്റെ മക്കളുടെ ദുരിതം കണ്ട അദിതി ദേവി ഭഗവാനെ പയോവ്രതം കൊണ്ട് ഭജിച്ച് പ്രത്യക്ഷപ്പെടുത്തി. അവരുടെ അപേക്ഷ പ്രകാരം ഭഗവാൻ മകനായി പിറക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അപ്പോൾ ഇന്ദ്രന്റെ അനുജൻ എന്ന സ്ഥാനമുണ്ടാകുമെന്നതിനാൽ ദേവൻമാരെ സഹായിക്കാനും കഴിയും. ഇങ്ങനെയാണ് വാമനാവതാരം സംഭവിക്കുന്നത്.

 വാമനമൂർത്തിയായി അവതരിച്ച ഭഗവാനെ യഥാവിധി ഉപനയനാദി സംസ്കാരങ്ങൾ ചെയ്തു. ഒരു ഉപനിച്ചുണ്ണിക്ക് വേണ്ടതായ പൂണൂൽ, ദണ്ഡം, കമണ്ഡലു, മേഖല ജപമാല ഓലക്കുട തുടങ്ങിയവയൊക്കെ അവിടെയെത്തിയ വിശിഷ്ടരായവർ നൽകി.ആദ്യത്തെ അഗ്നികർമവും ചെയ്തു. എല്ലാവരുടെയും അപേക്ഷ പ്രകാരം തന്റെ അവതാര ഉദ്ദേശ്യം പൂർത്തിയാക്കാനായി വാമനമൂർത്തി ബലിയുടെ യാഗശാലയിലേക്ക് പോയി. നർമ്മദാ നദിക്കരയിലുള്ള ഭൃഗുകച്ഛം എന്ന സ്ഥലത്തായിരുന്നു യാഗശാല (ഇന്നത്തെ ഗൂജറാത്തിൽ). അവിടെ ബലി നൂറാമത്തെ യാഗം ചെയ്യുകയായിരുന്നു.അത് പൂർത്തിയായാൽ ബലിയ്ക്ക് ഇന്ദ്രപദവിയ്ക്കുള്ള അർഹത ലഭിക്കും. ഇപ്പോൾ ദേവേന്ദ്രന്റെ സിംഹാസനത്തിൽ ബലാത്കാരമായി കയറിയിക്കുകയായണല്ലോ.
തന്റെ യാഗശാലയിൽ സൂര്യതേജസ്സോടെ എത്തിയ വാമനനെ ബലി സ്വീകരിച്ചു. തപസ്സ് ചെയ്യാൻ മൂന്നടി മണ്ണ് വേണം എന്നതായിരുന്നു വാമനന്റെ ആവശ്യം. ത്രിലോക ചക്രവർത്തിയ തനിക്ക് എന്ത് വേണങ്കിലും നൽകാനാകുമെന്ന് ബലി വീമ്പ് പറഞ്ഞു. സകല ലോകങ്ങളുടേയും അധിപനായ ഭഗവാന് ചിരി വന്നിരിക്കണം. എന്തായാലും ചോദിച്ച പോലെ മൂന്നടി മണ്ണ് ദാനം നൽകാൻ ബലി തയ്യാറായി. ഈ സമയത്ത് അസുര ഗുരുവായ ശുക്രാചാര്യർ ഈ ഉദ്യമത്തെ തടഞ്ഞു. വന്നിരിക്കുന്നത് ശ്രീഹരിയാണെന്നും ചതിക്കപ്പെടുമെന്നും ഉപദേശിച്ചു നോക്കി.എന്നാൽ താൻ കൊടുത്ത വാക്കിൽ നിന്ന് അണുവിട ഇളകാൻബലി തയ്യാറായില്ല. എന്റെ വാക്ക് ധിക്കരിച്ച നിന്റെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടെ എന്ന് ശുക്രാചാര്യർ ബലിയെ ശപിച്ചു.
ഉദക പൂർവ്വം ദാനം നൽകാൻ ബലി ഒരുങ്ങിയ സമയം വാമനമൂർത്തി ത്രിവിക്രമനായി മൂലോകങ്ങൾക്കും അപ്പുറം വളർന്നു. ഭഗവാന്റെ കാലിന്റെ പെരുവിരൽ ബ്രഹ്മാണ്ഡം ഭേദിച്ച് ബ്രഹ്മലോകത്തെത്തിയപ്പോൾ ഭഗവദ്പാദങ്ങളാണ് അതെന്ന് തിരിച്ചറിഞ്ഞ ബ്രഹ്മാവ് തന്റെ കമണ്ഡലുവിലെ ജലമെടുത്ത് കാൽ കഴുകിച്ചു.ആ പാദത്തിൽ നിന്നും ഒലിച്ചിറങ്ങിയ ജലമാണ് ആകാശഗംഗയായി മാറിയത്.ആ പാദ തീർത്ഥം തന്നെയാണ് പിന്നെ പുണ്യനദിയായ ഗംഗയായിത്തീർന്നത്.

 ആദ്യത്തെ രണ്ട് അടി കൊണ്ട് ബലി തന്റെയെന്ന് അഹങ്കരിച്ചിരുന്ന സകലതും ഭഗവാൻ അളന്നെടുന്നെത്തു.മൂന്നാമത്തെ അടി വെയ്ക്കാൻ ഇടമില്ല. വാക്ക് തെറ്റിച്ച ബലിയെ വരുണ പാശം കൊണ്ട് ബന്ധിച്ചു. ബലിയുടെ മുത്തച്ഛനായ പ്രഹ്ളാദൻ ഉൾപ്പടെയുള്ളവർ അവിടെയെത്തി ഭഗവാനെ സ്തുതിച്ചു. അങ്ങ് തന്നെ നൽകിയ ഇന്ദ്ര ലോകം അങ്ങ് തന്നെ ഇപ്പോൾ തിരിച്ചെടുത്തിക്കുന്നുവെന്ന് പ്രഹ്ളാദൻ പറഞ്ഞു. വാക്ക് പാലിക്കാൻ എന്തു ചെയ്യണമന്നറിയാതെ കുഴങ്ങിയ ബലിയ്ക്ക് തന്റെ അഹങ്കാരമാണ് എല്ലാറ്റിനും കാരണമായതെന്ന തിരിച്ചറിവുണ്ടായി. അഹങ്കാരത്തിന്റെ മൂർത്തിമത് പ്രതീകമായ തന്റെ ശിരസ്സിൽ മൂന്നാമത്തെ അടിവെച്ചു കൊള്ളുവാൻ പറയുകയും ചെയ്തു. വാക്ക് പാലിച്ച ബലിയെ ഭഗവാൻ സ്വതന്ത്രനാക്കി തൃക്കാൽ വച്ച് അനുഗ്രഹിച്ചു.എന്നിട്ട് ദേവൻമാർ പോലും കൊതിക്കുന്നതായ സുതലം എന്ന ലോകത്തേക്ക് പറഞ്ഞയ്ക്കുകയും ചെയ്തു. അവിടെ വാമനമൂർത്തിയായ താൻ കാവലിനുണ്ടാകുമെന്നും ഉറപ്പ് നൽകി. അടുത്ത മന്വന്തരത്തിൽ അതായത് എട്ടാംമന്വന്തരമായ സാവർണ്ണി മന്വന്തരത്തിൽ ബലിയ്ക്ക് ഇന്ദ്ര പദവിയും വാഗ്ദാനം ചെയ്തു. ഇതാണ് യഥാർത്ഥ ചരിതം.

ഭഗവാന്റെ ഈ ചരിതത്തെ ഉദ്ഘോഷിക്കുന്നതാണ് ഓണാഘോഷം. നമ്മുടെ സംസ്കാരമനുസരിച്ച് ആഘോഷങ്ങളെല്ലാം ഈശ്വരോൻമുഖമാണ്. അല്ലാതെ ആസുരികമല്ല. അത് ഓണമായാലും വിഷുവായാലും തിരുവാതിരയായാലും...

വാമനനും ബലി അഥവാ മഹാബലിയും തമ്മിലാണ് ബന്ധം. ഭാഗവത പ്രകാരം ഇദ്ദേഹത്തിന്റെ  പേര് ഇന്ദ്രസേനൻ എന്നാണ്. ബലമുള്ളവനായതിനാലാണ് ബലി എന്ന് അറിയപ്പെട്ടത്. എപ്പോഴാണോ ബലി അഹങ്കാരം വിട്ട് ശിരസ്സ് നമിച്ചത് അപ്പോൾ മാത്രമാണ് മഹാബലിയായത്.
മഹാബലിയും മാവേലിയും ഒന്നാണോ?
ആണെന്നും അല്ലെന്നും പറയാം.
മഹാബലിയെയാണ് മാവേലി എന്ന് പറഞ്ഞാലും അല്ലെങ്കിലും ഇന്ന് കേരളത്തിൽ പ്രചരിക്കുന്ന കള്ളകഥകൾ പൊളിഞ്ഞു പോകും. ഓണം എല്ലാവരും കേമമായി ആഘോഷിക്കണം എന്ന സദുദ്ദേശത്തിൽ ഉണ്ടായ ഈ കഥകൾ പിന്നീട് വളരെ കുത്സിതമായി വളച്ചൊടിക്കപ്പെട്ടു എന്ന് വേണം കരുതാൻ.
അങ്ങനെയാണ് ഭഗവാന്റെ പാദാനുഗ്രഹത്തെ ചവിട്ടിത്താഴ്ത്തലായും
ലോകം മുഴുവൻ ഭരിച്ച അസുര ചക്രവർത്തിയെ കേരളം ഭരിച്ചയാളാക്കി മാറ്റിയതും. ലോകം മുഴുവൻ എന്നതിൽ കേരളവും ഉൾപ്പെടും.
അടുത്ത മന്വന്തരത്തിൽ ഇന്ദ്രനായി സുതലത്തിൽ നിന്നും മടങ്ങി വരും എന്നതിനെ കൊല്ലം തോറും പ്രജകളെ കാണാൻ വരുന്നതായും ചിത്രീകരിച്ചു. സുതലം എന്നാൽ  നല്ല സ്ഥലം. അതിനെ ഭയങ്കരങ്ങളായ നാഗങ്ങളും മറ്റും വസിക്കുന്ന മറ്റൊരു ലോകമായ പാതാളമെന്നാക്കി മാറ്റി.
നിലവാരത്തിൽ ഭൂമിയ്ക്ക് താഴെയുള്ള 7 ലോകങ്ങളെ അധോലോകങ്ങൾ എന്ന് പറയും. ഇവയെ എളുപ്പത്തിൽ പാതാളാദി ലോകങ്ങൾ എന്നാണ് വിളിക്കുന്നത്. കേരളം മുതലായ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യ എന്ന് പറയുന്നതുപോലെ. ദക്ഷിണേന്ത്യയെ മുഴുവൻ കേരളം എന്ന് വിളിക്കാൻ മറ്റ് സംസ്ഥാനക്കാർ സമ്മതിക്കുമോ?
മറ്റൊരു കാര്യം ചവിട്ടിത്താഴ്ത്തിയാൽ താഴാൻ ഭൂമിയുടെ താഴെയല്ല പാതാളാദി ലോകങ്ങൾ ഇരിക്കുന്നത്.സ്ഥാനത്ത് നിന്ന് താഴെ ഇറക്കി എന്നതായിരിക്കും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിട്ട് വർഷം മണ്ണ് മാന്തി ഭൂമിക്കടിയിൽ നിന്നും മാവേലി വരുന്നു എന്ന കഥയും പടച്ചിറക്കി.

തിരുവോണത്തിന്, ത്രിവിക്രമനായി മാറിയ തൃക്കാക്കരയപ്പനെയാണ് കേരള മങ്ങോളമിങ്ങോളം പൂജിക്കുന്നത്. ലോകം മുട്ടെ നിറഞ്ഞു നിൽക്കുന്ന ഈശ്വര തത്ത്വത്തിന്റെ പ്രതീകമാണ് തൃക്കാക്കരയപ്പന്റെ രൂപവും. ഒരു വലിയ കെട്ടിട സമുച്ചയമോ ഭീമാകാരമായ ഒന്നോ താഴെ നിന്ന് നോക്കുമ്പോൾ ഇങ്ങനെയാണ് കാണപ്പെടുക.
ത്രിവിക്രമന് മുന്നിൽ ബലിപൊടിയുടെ വലുപ്പം പോലും ഉണ്ടായേക്കില്ല.
സഗുണ സാകാര ആരാധനയിൽ നിന്ന് നിർഗുണ നിരാകാര ആരാധനയിലേക്കുള്ള ചുവട് വെയ്പാണ് വാമനനിൽ നിന്ന് ത്രിവിക്രമനിലേക്ക്.
തന്റെ ഭക്തന്റെ ദർപ്പത്തെയും ദുഷ്ചെയ്തികളേയും അടക്കി അനുഗ്രഹിക്കുക എന്ന ഭഗവദ് ലീലയാണ് വാമനാവതാരം.
തനിക്ക് കിട്ടിയ സ്ഥലം പോരാതെ സഹോദരന്റെ സ്ഥലം അന്യായമായി കയ്യടക്കിയ ചരിതമാണ് ബലിയുടേത്.ഈ കാലഘട്ടത്തിലും ഇത് അനുവദനീയമല്ല. ഇത്തരമൊരു സംഭവമുണ്ടായാൽ നാം പോലീസിനെയോ നീതിന്യായ വ്യവസ്ഥയേയോ സമീപിക്കും. അവർ ഉചിതവും ശക്തവുമായ നടപടിയെടുക്കും.ഇത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.

ഓരോ മന്വന്തരത്തിനും ഓരോ ഇന്ദ്രനുണ്ട്. ഏഴാം മന്വന്തരത്തിലെ ഇന്ദ്രന്റെ സ്ഥാനമാണ് ബലി തട്ടിയെടുക്കാൻ നോക്കി യത് (തട്ടിയെടുത്തത് ). അർഹതയില്ലാതെ ഓരോ സ്ഥാനത്ത് കയറിയിരുന്നതുകൊണ്ട് മാത്രം അവരെ ആ സ്ഥാനപ്പേരിൽ വിളിക്കാനാവില്ല. കുറച്ച് വർഷം മുമ്പ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കസേരയിൽ കയറിയിരുന്ന ഭ്രാന്തനെ ആരും മുഖ്യമന്ത്രി എന്ന് വിളിച്ചില്ല.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങൾ പോലെയാണ് ഇന്ദ്രപദവിയും. അഞ്ചു വർഷം കഴിയാതെയോ ഭൂരിപക്ഷമില്ലാതെ ആ സർക്കാർ വീഴാതെയോ നിലവിലെ ആളൊഴിച്ച് ആർക്കും ആ സ്ഥാനത്ത് കയറിയിരിക്കാനാവില്ല. ഇതാണ് ബലി ലംഘിച്ചത്. അന്യായമായി കയറിയിരുന്നത് പിന്നെ പ്രജാക്ഷേമത്വം  പറഞ്ഞ് മഹത്വവൽക്കരിക്കാനാകുമോ?
ബലിയെ ഇന്ദ്രസ്ഥാനത്തിന് യോഗ്യനാക്കുകയാണ് ഭഗവാൻ ചെയ്തത് ഇപ്പോഴല്ല അടുത്ത മന്വന്തരത്തിൽ ഇന്ദ്രനാകാം.

വാമനൻ എന്നാൽ കുറിയവൻ എന്നാണ് ഒരർത്ഥം. ഭക്തിയുടേയും ജ്ഞാനത്തിന്റെയും ജ്ഞാനത്തിന്റെയും പ്രതീകമാണ് വാമനൻ.വളരെ ചെറിയ രൂപത്തിൽ വന്ന് ക്രമേണ വളർന്ന്... വളർന്ന്.. ത്രിവിക്രമനാകും. അപ്പോൾ നമ്മുടെ ഉള്ളിലെ അഹങ്കാരമാകുന്ന ബലിയ്ക്ക് തല കുനിക്കുകയേ നിവൃത്തിയുള്ളൂ.
മൂന്നടി എന്നത് എല്ലാ ത്രിപുടികളേയും കുറിക്കുന്നു. 
മൂന്ന് കാലങ്ങൾ, മൂന്ന് അവസ്ഥകൾ, മൂന്ന് ഹൃദയ ഗ്രന്ഥികൾ അഥവാ കെട്ടുകൾ,
ത്രി ഗുണങ്ങൾ, ത്രിലോകങ്ങൾ തുടങ്ങിയവയെല്ലാം...
ഹൃദയ ഗുഹയിൽ പെരുവിരൽ വലുപ്പത്തിൽ വാമന സ്വരൂപനായ പരമാത്മാവ് ഇരിക്കുന്നു എന്ന് ശ്രുതിയിൽ പറയുന്നുണ്ട്.
അസുക്കളാകുന്ന ഇന്ദ്രിയങ്ങളുടെ സുഖഭോഗ ലാലസതയിൽ നിന്ന് നമ്മെ ഓരോരുത്തരേയും പരമാത്മാവിൽ നന്നായി രമിക്കുന്ന സുരൻമാരാകാൻ, സജ്ജനങ്ങളാകാൻ യോഗ്യരാക്കുന്ന തത്വത്തെ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് ബലി- വാമന ചരിതം. ഇതൊന്നുമറിയാതെ നാടിന്റെ യഥാർത്ഥ സംസ്കാരത്തെ ചവിട്ടിയരയ്ക്കുന്നവരാണ് ആധുനിക ഓണത്തിന്റെ പുത്തൻ കഥകളുടെ വക്താക്കൾ.

വാസ്തവം ഇതായത് പലർക്കും ദഹിക്കുന്നില്ല. അതുകൊണ്ട് അവർ ബോധപൂർവം സവർണ്ണ - ഫാസിസ്റ്റ് - വർഗീയ- മൂരാച്ചി പ്രയോഗങ്ങളിലൂടെ ഓണത്തിന്റെ മഹിമയെ മാവേലിക്കഥയാക്കി മാറ്റിയെഴുതി അത്രമാത്രം. സത്യം അറിയാത്ത മലയാളികൾ കഥയറിയാതെ ആട്ടം കാണുന്നു.

മാവേലിയെ ഒഴിവാക്കി ഓണത്തെ വിളവെടുപ്പ് , കാർഷികോത്സവമാക്കി ചിത്രീകരിക്കാനുള ശ്രമവും ധാരാളം നടക്കുന്നുണ്ട്. അതിനേക്കാൾ മാർക്കറ്റ് വാമനനേയും ഹിന്ദുക്കളേയും തെറി വിളിക്കുന്നതിലൂടെ കിട്ടുമെന്നതിനാൽ അതിനാണ് മിക്കവർക്കും കൂടുതൽ താല്പര്യം.
ഓണം എല്ലാവരുടേതുമാക്കാൻ പാടുപെടുന്നവർ ക്രിസ്ത്യൻ, ഇസ്ലാം, ബൗദ്ധ, ജൈന കഥകളുമായി കുറച്ചു കാലങ്ങളായി രംഗപ്രവേശം ചെയ്ത് പെടാപ്പാട് പെട്ടന്നുണ്ട്.

ഓണാഘോഷത്തിന്റെ പല ശേഷിപ്പുകളും ഇന്നും മാഞ്ഞിട്ടൊന്നുമില്ല.
 തിരുവോണത്തിന് വിഷ്ണു ക്ഷേത്രങ്ങളിൽ തിരുവോണ ഊട്ട് ഈ കാലഘട്ടത്തിലും ന നടത്തുന്നുണ്ട്. ഭഗവാന്റെ പിറന്നാൾ സദ്യയാണിത്.
ഭഗവാന്റെ അവസാനത്തെ ഭക്തനും തൃക്കാക്കരയപ്പനെ തിരുവോണത്തിന് ഭജിക്കുന്നിടത്തോളം കാലം ഓണം വാമനാവതാര സുദിനം തന്നെയാകും. ഇനി ആരും ആചരിച്ചില്ലെങ്കിലും അത് മറ്റൊന്നാവാൻ തരമില്ലല്ലോ.

മഹാബലിയും മാവേലിയും ഒന്ന് തന്നെയോ എന്ന് ചരിത്രകാരൻമാരും താല്പര്യമുള്ളവരും അന്വേഷിക്കട്ടെ. ഓണചിഹ്നങ്ങളോരോന്നും മനപ്പൂർവ്വം തേച്ച് മായ്ച്ചു കൊണ്ടിരിക്കുന്ന ഇവിടെ ഭക്തനായ മഹാബലിയേയും ഇല്ലാതാക്കുന്നത് എന്നെന്ന് കണ്ടറിയണം.
പാഠപുസ്തകങ്ങളിൽ പോലും മാവേലിക്ക്ക്ക് വന്ന രൂപമാറ്റം തന്നെ നോക്കിയാൽ മതി. ഇപ്പോൾ നമ്മൾ പ്രജാക്ഷേമ തൽപ്പരനായ ഒരു മാവേലി മന്നനെയെങ്കിലും അംഗീകരിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥയിൽ അതിനു പോലും സാധ്യതയില്ലല്ലോ.
 വാമനനെ നിഷേധിച്ചവർക്ക് ബലി ഒതുക്കാൻ എളുപ്പം കഴിയും.പിന്നെ വളരെ എളുപ്പമാണ് കപട മതേതരത്തത്തിന്റെയും കച്ചവടവൽക്കരണം നടത്തപ്പെട്ടതിന്റെ ഓണമാക്കി ആഘോഷിക്കാൻ. അടിസ്ഥാനം മറന്നോ അറിയാതെയോ പുറമേയുള്ള ആഘോഷങ്ങളിലും പുതിയ പുതിയ ആചാരങ്ങളിലും എത്തിപ്പെടുകയാണ്.

മലയാളികളുടെ ആണ്ട് പിറപ്പിനെ അഥവാ പുതുവർഷത്തെ അംഗീകരിക്കാതെ എത്ര എളുപ്പത്തിലാണ് ചിങ്ങം ഒന്നിനെ കർഷക ദിനമായി കൊണ്ടാടുന്നത്. ഭാവിയിൽ ഇത് ആത്മഹത്യ ചെയ്ത ഏതെങ്കിലും കർഷനെ സ്മരിക്കാനുള്ള ദിനമായി മാറിയേക്കാം.
കള്ളം നിരവധി തവണ പറഞ്ഞാലോ ഭൂരിഭാഗം ആളുകൾ ആവർത്തിച്ചാലോ സത്യമാകില്ല. ഭാരതീയമായ എന്തിനേയും പുച്ഛിക്കുന്ന ശീലമാണ് മാറേണ്ടത്. നമ്മുടെ സംസ്കാരത്തിലെ അക്ഷയഖനികളെ നാം സംരക്ഷിച്ചില്ലെങ്കിൽ പലതും നമുക്ക് നഷ്ടപ്പെട്ടേക്കും. മലയാള അക്കം മലയാളികളിൽ നിന്ന് അന്യമായതുപോലെ. ജാഗ്രതയോടെയിരിക്കാം..
...
ഏവർക്കും തിരുവോണ ആശംസകൾ നേർന്നുകൊള്ളുന്നു.

സ്വാമി അഭയാനന്ദ
ചിന്മയ മിഷൻ
തിരുവനന്തപുരം

No comments:

Post a Comment