Sunday, September 22, 2019

ആഹാര നിദ്രാ ഭയ മൈഥുനം ച സാമാന്യമേതത് പശുഭിർനരാണാം ധർമോഹിതേഷാമധി കോവിശേഷോ ധർമേണ ഹീനാ: പശുഭി: സമാനാ: ആഹാരം നിദ്ര ഭയം മൈഥുനം എന്നിവ ജന്തുക്കൾക്കും മനുഷ്യർക്കും സമാനമാണ്. ജന്തുക്കളെക്കാൾ മനുഷ്യർക്കുള്ള വിശേഷം ധർമമാണ്. ധാർമികനല്ലാത്ത മനുഷ്യർ മൃഗങ്ങൾക്കു തുല്യം. മനുഷ്യന്റെ മാത്രം പ്രത്യേകതയാണ് ധർമം. എന്താണ് ധർമത്തിന്റെ ലക്ഷണം? ജൈമിനിയുടെ പൂർവ മീമാംസയാണ് ധർമ പ്രതിപാദകം. പൂർവ മീമാംസയാരംഭിക്കുന്നതു തന്നെ - അഥാ തോ ധർമജിജ്ഞാസാ എന്നാണ്. ധർമമെന്തെന്നറിയാൻ ആഗ്രഹമുള്ളവർക്ക് പഠിക്കാനുള്ളതാണ് മീമാംസ .ഇതിൽ ജൈമിനി പറയുന്നു - ചോദനാ ലക്ഷണോfർ ഥോ ധർമ: ചോദന എന്ന ലക്ഷണമുള്ളതാണ് ധർമം എന്ന അർഥം അഥവാ വിഷയം. അർഥമാണ് ധർമത്തിന്റെ സ്വരൂപം. സുഖത്തിന്റെ ആധിക്യമുള്ളതും ദു:ഖമൊട്ടും ഉണ്ടാക്കാത്തതുമാണ് അർഥം.ചോദന അഥവാ പ്രേരണ പ്രവർത്തക വാക്യമാണ്.അതായത് ചോദനകൊണ്ട് ലക്ഷിതമാവുന്നതാണ് ധർമം.ആ ധർമം സുഖാധിക്യമുള്ളതും ദുഃഖ രഹിതവുമാണ്. ധർമത്തിന്റെ ഉദ്ദേശം സുഖ പ്രാപ്തിയും ദു:ഖ നിവൃത്തിയുമാണ്. ചോദന അതായത് പ്രേരണ രണ്ടു വിധത്തിലുണ്ട് -വിധി (Positive) രൂപത്തിലും നിഷേധ (negative) രൂപത്തിലും. സത്യം പറയണം എന്നത് വിധി രൂപത്തിലുള്ള പ്രേരണയാണ്. കള്ളം പറയരുത് എന്നത് നിഷേധരൂപത്തിലുള്ള പ്രേരണയാണ്. വിധി നിഷേധരൂപത്തിൽ മാത്രമേ ധർമാനുശാസനം നടക്കൂ.അതുകൊണ്ട് മനു പറയുന്നുവേ ദോ fഖില ധർമ മൂലം. വേദം സകല ധർമത്തിന്റെയും വേരാണ്, ധർമത്തെ നിലനിർത്തുന്നതും പോഷിപ്പിക്കുന്നതും വേദമാണ്. ധർമം വേദത്തെ ആശ്രയിച്ചു നില്ക്കുന്നു. മനഷ്യ നെതാങ്ങി നിർത്തുന്നത് ധർമമാണ്. ആ ധർമത്തെ താങ്ങി നിർത്തുന്നത് വേദമാണ്. വേദം മന്ത്രസ്വരൂപമാണ്. മന്ത്രമെന്നതിന് മന്യതേജ്ഞയതേ ഈശ്വരാദേശ: അനേ ന ഇതി മന്ത്ര: എന്ന് നിർവചനം.ഏതൊന്നു വഴിക്ക് ഈശ്വരാജ്ഞ അറിയുന്നുവോ അതാണ് മന്ത്രം. വേദം ഈശ്വരീയ ജ്ഞാനമാണ്. ആ ജ്ഞാന രാശിയാണ് ധർമത്തിന്റെ മൂലം. വേദ ശബ്ദത്തിന് ജ്ഞാനം എന്നാണർഥം. അതായത് അറിവാണ് ധർമത്തിന്റെ മൂലം. ധർമം അറിവിലധിഷ്ഠിതമാണ്. അറിവ് നേടാതെ ധർമമെന്തെന്നറിയാനൊക്കില്ല. എന്തിന്റെ യറിവ്? ഭൗതികമായ അറിവും ആത്മീയമായ അറിവും നേടിയാലേ ധർമജ്ഞാനമുണ്ടാവൂ. ദാർശനിക ഭാഷയിൽ പരാ വിദ്യയും അപരാ വിദ്യയും ചേർന്നതാണ് ധർമം.(തുടരും)

No comments:

Post a Comment