Monday, October 07, 2019

[07/10, 23:20] Malini Dipu Athmadhara: ദേവി തത്ത്വം-21

മായയുടെ ഉള്ളിൽ കിടന്ന് വിഷമിച്ച് കഴിയുമ്പോൾ അവസാനം ആ മഹാമായ നമുക്ക് കാണിച്ച് തരുന്നതാണ് ബ്രാഹ്മീ അഥവാ ബ്രഹ്മ വിദ്യ. ഈ ബ്രഹ്മ വിദ്യയാണ് return to the pavillion അല്ലെങ്കിൽ വന്ന വഴിയേ തിരിച്ചു പോകൽ.

ഒരിക്കൽ രമണ മഹർഷിയുടെ അടുത്ത് ആന്ധ്രാ പ്രദേശിൽ നിന്ന് ഒരാൾ വന്നു. അദ്ദേഹത്തിന്റെ ഗുരു പറഞ്ഞുവത്രേ തിരുവണ്ണാമലയിൽ ഒരു സ്വാമിയുണ്ട് തപസ്സ് ചെയ്യാൻ പറ്റിയ സ്ഥലം ആ സ്വാമി തന്നെ പറഞ്ഞ് തരുമെന്ന്. ഇതെല്ലാം കേട്ടിരുന്നതല്ലാതെ രമണ ഭഗവാൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ മഹർഷി പറഞ്ഞു തപസ്സ് പണ്ണണമാ വന്ത വഴിയെ  പോ. ഇത് പറഞ്ഞിട്ട് മഹർഷി നടക്കാൻ പോയി. വന്നയാൾ വലിയ വിഷമത്തിലായി. മഹർഷിയുടെ ഉപദേശം എപ്പോഴും ആ കേന്ദ്രത്തെ ആസ്പദമാക്കി ആയത് കൊണ്ട് ചുറ്റുമുള്ളവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം അടുത്തിരിക്കുന്ന ആളോട് ചോദിച്ചു എന്താ ആ പറഞ്ഞതിനർത്ഥം. അയാൾ വിശദീകരിച്ചു തപസ്സ് എന്നാൽ വേഷം മാറലോ ഗുഹയിൽ പോയി ഇരിക്കലോ ഒന്നുമല്ല. ഈ ഞാൻ എവിടെ നിന്ന് വന്നുവോ ആ വന്ന വഴിക്ക് അന്വേഷിച്ച് മൂലത്തിൽ അടങ്ങുന്നതാണ് തപസ്സ്. ആ മൂലത്തിലടങ്ങുമ്പോൾ തപസ്സുണ്ടാകും.

എന്നാൽ ആ തപസ്സ് നമ്മുടെയല്ല.
ആചാര്യ സ്വാമികൾ  തപശ്ശാസ്മി തപസ്വിഷു എന്ന് ഭഗവത് ഗീതയിലെ ശ്ലോകത്തിനെ വ്യാഖ്യാനിക്കുമ്പോൾ ഭാഷ്യത്തിൽ പറയുന്നത് തപസ്സുണ്ട് ആ തപസ്സിനെ തപസ്വികൾ കണ്ടെത്തുകയാണ്. തപസ്സ് നമ്മുടെ ഉള്ളിലാണ്. ആ തപസ്സിൽ സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ ശുദ്ധമായ ചിത്തിന്റെ സ്രോതസ്സ് അല്ലെങ്കിൽ ധാര അതിനാണ് തപസ്സെന്ന് പേര്. ആ സ്രോതസ്സിനെ കണ്ടെത്തുന്നവനാണ് തപസ്വി. അല്ലാതെ ജഡ ശക്തിയായ മനസ്സിന്റെ വിൽ പവർ വച്ച് ചെയ്യുന്ന തപസ്സൊക്കെ സിദ്ധികളുണ്ടാക്കുകയും അയാളെ ലോകത്തിൽ വലിയ ആളാക്കുകയും ഒക്കെ ചെയ്യുമായിരിക്കും. ഉത്തമമായ തപസ്സ് ഈ ജീവന് മുക്തി പദത്തിലേയ്ക്കുള്ള വഴി കാണിക്കുകയും, സ്വതന്ത്രനാക്കുകയും ചെയ്യുന്നു. ലോക മംഗളത്തിനായി പ്രയോജനപ്പെടണമെങ്കിൽ ഈ ജീവൻ തന്നെയില്ലാതാക്കണം. തന്റെ യഥാർത്ഥ സ്രോതസ്സിൽ തന്നെ ഇല്ലാതാക്കണം.

ഞാനെന്നുള്ള വ്യക്തിത്വത്തിനെ അന്വേഷിച്ചാലെ ഈ സ്രോതസ്സിനെ കണ്ടെത്താനൊക്കുകയുള്ളു. ഈ ബൈന്ധവ സ്ഥാനത്തിലേയ്ക്ക് ചെന്നാലേ ശക്തിയുടെ തപോ രൂപത്തിനെ നാം അകമേയ്ക്ക് കാണുകയുള്ളു. തപസ്സ് ചെയ്തിട്ടാണ് അംബികാ ദേവി തന്നെ ശിവനെ പ്രാപിച്ചത്. തപോ രൂപത്തിൽ അവൾക്ക് അപർണ്ണ എന്നാണ് പേര്. അപർണ്ണ എന്നതിനർത്ഥം പർണ്ണ അഥവാ ഇല പോലും ഭക്ഷിക്കാതെ ദേവി തപസ്സ് ചെയ്തു എന്നാണ്. അപ്പോഴാണ് അപർണ്ണ എന്ന് പേര് വന്നത്. മറ്റൊരർത്ഥം ഋണം മുഴുവൻ ഇല്ലാതാക്കി തീർത്തവൾ. അതായത് ശരീരത്തിന് എന്തെങ്കിലുമൊക്കെ കടം കൊടുക്കാനുണ്ടെങ്കിൽ ഈ ശക്തി ഉള്ളിൽ ആവിർഭവിക്കില്ല. ശരീര മണ്ഡലത്തിലും, മനോ മണ്ഡലത്തിലും ലോകത്തിലുള്ള ഋണം മുഴുവൻ തീർന്ന് കഴിയുമ്പോൾ മനസ്സന്തർമുഖമാവുകയും.

അന്തർമുഖ സമാരാദ്ധ്യ ബഹിർമുഖസുദുർല്ലഭ
മനസ്സന്തർമുഖമാകുമ്പോൾ ഈ ബ്രാഹ്മീ ശക്തിയെ ചിത് ശക്തിയെ ശാരദാ ശക്തിയെ നമ്മൾ അകമേ കാണുകയും ആ ശക്തിയുടെ കൃപ കൊണ്ട് ഇവൻ പൂർണ്ണ തത്ത്വത്തിനെ അഥവാ പൂർണ്ണാഹന്തയെ അകമേ കാണുകയും ചെയ്യുന്നു.

Nochurji🙏🙏
[08/10, 03:07] Lakshmi Athmadhara: *ശ്രീമദ് ഭാഗവതം 297*

മന്യേ മമാനുഗ്രഹ ഈശ തേ കൃത:
വലിയ അനുഗ്രഹം! ഈ രാജ്യം എന്നെ വിട്ടുപോയിരിക്കണു! അല്ലെങ്കിലോ ഇപ്പോഴും ഞാൻ അഭിമാനിയായ, അഹങ്കാരിയായി ഇരുന്നണ്ടാവും.
സർവ്വസംഗപരിത്യാഗികളായ സാധൂക്കളൊക്കെ ധന്യസ്തു സന്യശ്ചതി.  ഭർതൃഹരി പറഞ്ഞു. സ്വയമേവ വിഷയങ്ങളൊക്കെ വിട്ടു പോകുമ്പോൾ നമുക്ക് വേദന ണ്ടാവും. എന്തെങ്കിലുമൊക്കെ ആസക്തി ബാക്കി വെച്ചിട്ടാവും വിട്ടു പോകുന്നത്. ധന്യനായിട്ടുള്ളവൻ വിഷയങ്ങളെ സ്വയമേവ പരിത്യജിക്കുമ്പോൾ അവന് പരമമായ ഒരു നിർവൃതി ണ്ടാവും.

എനിക്കിപ്പോ എളുപ്പത്തിൽ ഈ വിഷയവസ്തുക്കളൊക്കെ എന്നെ വിട്ടു പോയല്ലോ. അതുകൊണ്ട് ഭഗവാനേ,
എന്നോട് വരം വേണമോ എന്ന് ചോദിക്കരുതേ.

ന കാമയന്യം തവ പാദ സേവനാദ്
അകിഞ്ചന പ്രാർത്ഥ്യതമാദ് വരം വിഭോ
ആരാധ്യ കസ്ത്വാം ഹി അപവർഗ്ഗദം ഹരേ
വൃണീത ആര്യോ വരം ആത്മബന്ധനം

ഭഗവാനേ, അങ്ങയെ ആരാധിച്ച ആരെങ്കിലും വരം ചോദിക്ക്വോ? കൈവല്യമേ മൂർത്തിമത്തായി മുമ്പില് നില്ക്കുമ്പോ ആരെങ്കിലും വരം ചോദിക്ക്വോ?
 വരം ആത്മബന്ധനം.
വരം വാങ്ങിച്ചു കഴിഞ്ഞാൽ ഇനി അത് അനുഭവിക്കാനായിട്ട് ഞാൻ ജീവിക്കണം. അതുകൊണ്ട്,

തസ്മാദ് വിസൃജ്യാശിഷ ഈശ സർവ്വത:
രജസ്തമ: സത്ത്വഗുണാനുബന്ധനാ:
നിരജ്ഞനം നിർഗ്ഗുണം അദ്വയം പരം
ത്വാം ജ്ഞപ്തിമാത്രം പുരുഷം വ്രജാമ്യഹം.

എല്ലാ ആഗ്രഹങ്ങളേയും മാറ്റി വെച്ച് കളങ്കലേശമില്ലാത്തതും സത്വരജസ്തമോഗുണങ്ങൾ കൊണ്ട് സ്പർശിക്കപ്പെടാത്തതും ജ്ഞപ്തി, അറിവേ സ്വരൂപമായിട്ടുള്ളതും സത്യജ്ഞാനാനന്തമായിട്ടുള്ളതുമായ ബോധത്തിനെ ഞാൻ വരിക്കും. ഇത്രകാലം അനുഭവിച്ചതൊക്കെ മതി.

ചിരമിഹ വൃജിനാർത്ത: തപ്യമാന: അനുതാപൈ:
അവിതൃഷ ഷഡമിത്ര: അലബ്ധശാന്തി: കഥഞ്ചിത്
ശരണ: സമുപേത: ത്വത് പദാംബുജം പരാത്മൻ
അഭയം ഋതം അശോകം പാഹി മാഽഽപന്നമീശ
എന്നു പറഞ്ഞു ഭഗവാനെ മുചുകുന്ദൻ നമസ്ക്കരിച്ചു.

ഭഗവാൻ പറഞ്ഞു
ഹേ രാജർഷേ! ഞാൻ അങ്ങയെ വെറുതേ പ്രലോഭനം ചെയ്തു നോക്കിയതാ. വരങ്ങൾ എന്തെങ്കിലുമൊക്കെ സ്വീകരിക്ക്വോ ന്ന്. ആ പ്രലോഭനങ്ങളിൽ അങ്ങ് വീണില്യ. എന്റെ ഭക്തന്മാരുടെ ലക്ഷണം തന്നെ ഇതാണ്. അവര് യാതൊന്നും ആഗ്രഹിക്കില്യ. പ്രാണായാമം മുതലായ സാധനകൾ കൊണ്ട് മനസ്സിനെ ഭഗവാനിൽ വെയ്ക്കാൻ ശ്രമിക്കുന്നവര് പലപ്പോഴും പരാജയപ്പെടും. കാരണം *വാസനാക്ഷയം ഏർപ്പെടാതെ മനസ്സിനേയോ പ്രാണനേയോ പിടിച്ചു നിർത്തിയതുകൊണ്ട് ഒരാൾക്കും വാസന ക്ഷയിച്ച ആ യോഗാനുഭവം ണ്ടാവില്ല്യ.* തത്ക്കാലത്തേയ്ക്ക് മനസ്സ് പിടിച്ചു നിർത്തിയാൽ നില്ക്കും. വീണ്ടും വാസനാനുകൂലമായി മനസ്സ് സഞ്ചരിക്കും. അതുകൊണ്ട് രാഗദ്വേഷമില്ലാതെ  എനിക്ക് ഭക്തി ചെയ്തുകൊണ്ട് ലോകത്തില് സഞ്ചരിക്കാ. ക്രമേണ വാസനാക്ഷയം ണ്ടായി അവിടുന്ന് ഭഗവദ് പദം പ്രാപിക്കും എന്ന് പറഞ്ഞു മുചുകുന്ദനെ ഭഗവാൻ അനുഗ്രഹിച്ചു.
അങ്ങനെ അത്യപൂർവ്വമായ മുചുകുന്ദസ്തുതി!
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments:

Post a Comment