Friday, November 01, 2019

നമ്മുടെ ഇഷ്ടങ്ങളെല്ലാം നമുക്ക് നല്ലതിനാകണമെന്നില്ല. നമുക്ക് ഹിതമായതിൽ ഇഷ്ടം തോന്നുന്നതാണ് ശരിയായ രീതി. നമുക്ക് ഹിതമായത് നമുക്ക് ചുറ്റും ഉണ്ട്. നമ്മുടെ വീടും  വീട്ടുകാരും ഭാര്യയും ഭർത്താവും മക്കളും പഠനവും പുസ്തകങ്ങളും ജോലിയും എല്ലാംതന്നെയാണത്. മറ്റ് സുഖങ്ങള്‍ തേടി അലഞ്ഞുനടക്കാതെ അവനവന്‍റെ ചുറ്റുപാടുകളിലെ കടമകള്‍ ചെയ്യുന്നതില്‍  ശ്രദ്ധയും സ്നേഹവും ഉണ്ടായാല്‍ മതി.

 സുന്ദരമായ പ്രലോഭനങ്ങളുടെയൊന്നും പുറകേ പോകാതെ  ഓരോ പ്രായത്തിലും ഓരോ കർത്തവ്യമുണ്ടല്ലോ അതിൽ മാത്രം ശ്രദ്ധ വച്ച് ജീവിക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ കുറഞ്ഞിരിക്കും.  നല്ലതെന്തെന്ന് അനുഭവംകൊണ്ടല്ലാതെ അറിയാനാകില്ല എന്നതിനാല്‍  ഇന്നത് വേണമെന്ന് ആഗ്രഹിക്കുന്നതിനേക്കാൾ തനിക്ക് ഹിതമായത് എന്താണോ അത് ഭഗവാൻ നൽകുന്നു എന്നുകരുതി യാദൃശ്ചികമായി കിട്ടുന്നതിൽ  ഇഷ്ടം തോന്നുക എന്നതാണ് അപകടരഹിതമായ വഴി.

സ്വന്തം കർത്തവ്യം മറന്ന് മറ്റുപലതിന്‍റെയും പുറകേ പോകാതിരിക്കുന്നിടത്താണ് നമ്മുടെ സുരക്ഷ. പഠിക്കുന്ന കുട്ടിയുടെ കർത്തവ്യം പഠനമാണ്, വിവാഹിതരായവരുടെ കടമ കുടുംബത്തെയും സമൂഹത്തെയും പരിപാലിക്കുകയാണ്. വൃദ്ധരുടെ കടമ അവരുടെ അനുഭവജ്ഞാനത്തെ ഇളം തലമുറയ്ക്ക് ഉപദേശിക്കുകയാണ്. ഓരോരുത്തർക്കും വിഹിതമായതെന്തോ അത് ജീവിതത്തിൽ അതാത് പ്രായത്തിൽ സംഭവിക്കുന്നുണ്ട്. അത് ഭംഗിയായി പരാതി കൂടാതെ ശ്രദ്ധയോടെ അനുഷ്ഠിക്കുക എന്നതാണ് കർത്തവ്യം.

നമ്മുടെ  ശ്രദ്ധയെ ഇഷ്ടവിഷയങ്ങളാണല്ലോ അപഹരിക്കുന്നത്!  ഒരാളുടെ വൈകാരികതയെ ശരിയായ ദിശയിലേയ്ക്ക് വഴിതിരിച്ചുവിടുവാൻ‍ ഭക്തിപോലെ അപകടരഹിതമായ മറ്റൊരു മാർഗ്ഗവുമില്ല. ഇഷ്ടവിഷയങ്ങളിലാണല്ലോ അപകടം.  ഗൃഹസ്ഥന് ഭക്തി അത്രയേറെ അനിവാര്യമാണ്. ഇഷ്ടങ്ങളുടെ പുറകേ പോയി സ്വയം നശിക്കുന്നതിനേക്കാൾ ഈശ്വരേച്ഛയാൽ വന്നുഭവിക്കുന്ന കർത്തവ്യങ്ങളെ ചെയ്ത് ജീവിക്കുന്നതായാല്‍ കുടുംബത്തില്‍ ഹിതമായത് സംഭവിക്കുന്നു. ഇത് കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും ബാധകമാണ്. ഇവിടെ നാം നമ്മുടെ ഭാഗം ഭക്തിയോടെ ഭംഗിയായി  നിര്‍വ്വഹിക്കുക. സ്വയം പരിശുദ്ധി ഉണ്ടായാല്‍ അതുകൊണ്ടുതന്നെ മറ്റംഗങ്ങളെ തന്നിലേയ്ക്ക് ആകര്‍ഷിക്കാനുള്ള ശക്തിയും ഗൃഹസ്ഥന് സിദ്ധിക്കുന്നുണ്ടെന്ന് ഓരോരുത്തരും  അനുഭവംകൊണ്ടറിയണം.
ഓം
Krishnakumar kp 

No comments:

Post a Comment