Saturday, December 28, 2019

വിവേകചൂഡാമണി - 18
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

ശമം മനോനിയന്ത്രണം

ശ്ലോകം 22
വിരജ്യ വിഷയവ്രാതാദ്
ദോഷദൃഷ്ട്യാ മുഹുര്‍മുഹുഃ
സ്വലക്ഷ്യേ നിയതാവസ്ഥാ
മനസഃ ശമ ഉച്യതേ

വിഷയങ്ങളെല്ലാം ദോഷം നിറഞ്ഞവയും അപകടത്തില്‍ പെടുത്തുന്നവയുമാണെന്ന് കണ്ട് അവയില്‍ നിന്ന് പിന്‍വാങ്ങി തന്റെ ലക്ഷ്യമായ ആത്മതത്വത്തില്‍ നിരന്തരം മനസ്സിനെ നിശ്ചലമാക്കി നിര്‍ത്തുന്നതാണ് ശമം.

സാധകന് വേണ്ട ആറ് സമ്പത്തുകളില്‍ ആദ്യത്തേതാണ് ശമം. ഈ ആറെണ്ണത്തേയും ചേര്‍ത്ത് സാധനാചതുഷ്ടയത്തിലെ മൂന്നാം സ്ഥാനമാണ് നല്‍കിയിട്ടുള്ളത്.  മനോനിയന്ത്രണമാണ് ശമം. വിഷയങ്ങളില്‍ അലഞ്ഞ് തിരിഞ്ഞു നടക്കുന്ന മനസ്സിനെ ആത്മശ്രേയസ്സിന് ഉതകും വിധം നിയമനം ചെയ്യുന്നതാണിത്. ജ്ഞാന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ലക്ഷ്യം നേടണമെങ്കില്‍ മനോബുദ്ധികള്‍ക്ക് നല്ല സൂക്ഷ്മതയും ഏകീകരണവും വേണം.

ഇവിടെയാണ് ശമത്തിന്റെ ആവശ്യം.  മനസ്സിന്റെ ശാന്തമായ നിലയാണ് ശമം. വിഷയങ്ങളുടെ പിന്നാലെ കുതിക്കാതെ, കാമനകളില്‍ ആടിയുലയാതെയും കലങ്ങി മറയാതെയും ശാന്തമായി ഇരിക്കാന്‍ മനസ്സിന് കഴിയണം. വിഷയങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞാലും വിഷയ ചിന്തകളില്‍ നിന്ന് മുക്തനാവാന്‍ മനസ്സിന് അത്ര പെട്ടെന്നൊന്നും സാധിക്കില്ല.  സഗുണോപാസകനായ സാധകന് ഇഷ്ടമൂര്‍ത്തി ധ്യാനത്തിലൂടെ മനസ്സിനെ വിഷയങ്ങളില്‍ നിന്ന് വിടുവിക്കാന്‍ സാധിക്കും. എന്നാല്‍ ജ്ഞാന മാര്‍ഗ്ഗത്തില്‍ ബ്രഹ്മ ധ്യാനത്തില്‍ മുഴുകാന്‍ മനസ്സിന് പരിശീലനം നല്‍കണം. എങ്ങും നിറഞ്ഞ ബോധസ്വരൂപമായ ബ്രഹ്മത്തില്‍ ധ്യാനത്തിലൂടെ മുഴുകാനായാല്‍ മനസ്സിന് വിഷയങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട ചിന്തകളില്‍ നിന്നും വിട്ടുമാറാം.

അപ്പോള്‍ മനസ്സ് പ്രശാന്തമായിത്തീരും. ഈ ശാന്തമായ അവസ്ഥയാണ് ശമം. വിവേകപൂര്‍ണമായ ചിന്തയിലൂടെ വൈരാഗ്യം ഉണ്ടാകും. അതുവഴി മനസ്സ് അതിന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കും.

ശ്ലോകം 23
വിഷയേഭ്യഃ പരാവര്‍ത്ത്യ
സ്ഥാപനം സ്വസ്വ ഗോളകേ
ഉഭയേ ഷാം ഇന്ദ്രിയാണാം
സ ദമഃ പരികീര്‍ത്തിതഃ

ബാഹ്യനാലംബനം വൃത്തേഃ
ഏഷോപതിരുത്തമാ

ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്ന് വിടുവിച്ച് അതാത് ഇന്ദ്രിയഗോളകങ്ങളില്‍ സ്ഥാപിക്കുന്നതിനെ 'ദമം ' എന്ന് പറയുന്നു. ബാഹ്യ വിഷയങ്ങളാല്‍ സ്വാധീനിക്കപ്പെടാതെയും അവയെ  ആശ്രയിക്കാതെയുമുള്ള ചിത്തവൃത്തികളുടെ അവസ്ഥയാണ് ഉത്തമമായ ഉപരതി. ഇന്ദ്രിയങ്ങള്‍ക്ക് സ്വാഭാവികമായി അവയുടെ വിഷയങ്ങളുടെ നേരെ താല്‍പ്പര്യവും  കുതിപ്പും ഉണ്ട്. കാതിന് ശബ്ദം കേള്‍ക്കാനും തൊലിക്ക് സ്പര്‍ശന സുഖത്തിനും കണ്ണിന് രൂപങ്ങളെ കാണാനും നാവിന് രസത്തെ രുചിച്ചറിയാനും മൂക്കിന് ഗന്ധത്തെ മണത്തറിയാനും. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് വിഷയങ്ങളെ അറിയണമെങ്കിൽ അവയുടെ കൂടെ മനസ്സിന്റെ സാന്നിധ്യം ഉണ്ടാകണം.  നിയന്ത്രിക്കപ്പെട്ട മനസ്സ് തോന്നിയപോലെ ഇന്ദ്രിയങ്ങളെ വിഷയങ്ങളിലേക്ക് വിടില്ല.  അപ്പോള്‍ ഇന്ദ്രിയങ്ങള്‍ അവയുടെ സ്ഥാനത്ത് തന്നെ നിലയുറപ്പിക്കും. സ്ഥാപനം സ്വസ്വ ഗോളകേ എന്നത് ഇന്ദ്രിയങ്ങള്‍ സ്വന്തം സ്ഥാനത്ത് ഒതുങ്ങി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതെ ഇരിക്കുന്ന അവസ്ഥയാണ്.  കണ്ണ് തുടങ്ങിയ ബാഹ്യേന്ദ്രിയങ്ങളെ ഇങ്ങനെ നിയന്ത്രിക്കുന്നതാണ് ദമം.  കര്‍മ്മേന്ദ്രിയങ്ങളുടെ കാര്യത്തിലും ഇത് ബാധമാണ്. വാക്ക് കൈകാലുകള്‍ മുതലായവയെ അനാവശ്യമായി ഉപയോഗിച്ചാലുള്ള ദോഷം പറയേണ്ടതില്ലല്ലോ. ശമത്തിന്റെ സഹായത്തോടെയാണ് ദമം നടക്കുന്നത്. ശമം, ദമം എന്നിവയുടെ ഫലമായി വന്നു ചേരുന്നതാണ് ഉപരമം അഥവാ ഉപരതി. തന്നില്‍ തന്നെ ഉറച്ചിരിക്കലാണ് ഇത്.  സ്വധര്‍മ്മത്തെ അനുഷ്ഠിക്കലാണ് ഇത്. മനോനിയന്ത്രണവും ഇന്ദ്രിയ നിയന്ത്രണവുമുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും അവരുടെ സ്വധര്‍മ്മത്തെ വേണ്ട വിധം അനുഷ്ഠിക്കാനാവും.

No comments:

Post a Comment