Friday, December 06, 2019

#ദശാവതാരവിചാരം 3
🐗 വരാഹാവതാരം🐗
🌿🌿🌾🔥🔥🌾🌿🌿

👏 ധ്യാനം 👏
 'സജലാംബുവാഹനിഭമുദ്യതദോ:
പരിഘം ധരാധരസമാനതനും
സിതദംഷ്ട്രികാധൃതഭുവം ത്വഥവാ
പ്രവിചിന്തയേത്‌ സപദി കോലമമും '
            .(മന്ത്രമഹാർണ്ണവം).

ശാപം മൂലം അസുരനായിത്തീർന്ന ഹിരണ്യാക്ഷനെ നിഗ്രഹിയ്ക്കാനായിട്ടാണു മഹാവിഷ്ണു വരാഹാവതാരമെടുത്തത്‌. തന്റെ നേർക്ക് കലിപൂണ്ടുവരുന്ന വരാഹത്തിനെ പ്രകോപിപ്പിയ്ക്കുവാനായി ഭൂമീദേവിയെ ഹിരണ്യാക്ഷൻ അപഹരിച്ച്‌ സമുദ്രത്തിലൊളിച്ചു. വരാഹമാവട്ടെ സമുദ്രത്തിൽ വെച്ചുതന്നെ ഹിരണ്യാക്ഷനെ നിഗ്രഹിച്ച്‌ ഭൂമിയെ ഉദ്ധരിച്ചു.        (ഭാഗവതം )

" വരാഹോ വരാഹാര: "

 വരാഹോ വൃഹതി മൂലാനി " ( യാസ്കനിരുക്തം )

ഇതിൽ രണ്ടാമത്തെ നിരുക്തി വിചാരം ചെയ്യുമ്പോൾ  വേരുകളെ മുറിയ്ക്കുന്നവൻ എന്ന കിട്ടും. ഭൂമിയെ (പൃഥ്വി തത്വം ) ഉദ്ധരിയ്ക്കുന്ന പ്രവർത്തി വാസ്തവത്തിൽ എളുപ്പമല്ല . മൂലാധാരസ്ഥിതയായിരിയ്ക്കുന്ന കുണ്ഡലിനീ ശക്തിയ്ക്ക്‌ ഉയർന്നു പൊങ്ങാൻ ധാരാളം പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്‌. ആ തടസ്സങ്ങളെ അഥവാ കർമ്മബന്ധങ്ങളാകുന്ന  വേരുകളെ അറുത്തു മാറ്റുന്ന വരാഹശക്തിയാണു. സാധകന്റെ ബോധതലത്തെ നിരന്തരമായി ഇളക്കിമറിച്ച്‌ (തേറ്റകൊണ്ട്‌ കുത്തിയിളക്കി ) അവനെ ഊർദ്ധ്വഗാമിയായി ഉയർത്തുന്നു. (ഉദ്ധരിയ്ക്കുന്നു )

യജ്ഞദേവതകളിൽ യജ്ഞവരാഹത്തിനു സവിശേഷമായ സ്ഥാനമുണ്ട്‌. ഭൂ വരാഹം, ലക്ഷ്മീ വരാഹം (ഭൂമി തന്നെയാണ് ലക്ഷ്മി എന്നും ) , എന്നിങ്ങനെ വിവിധ ഭാവങ്ങൾ വരാഹമൂർത്തിയ്ക്കുണ്ട്‌. കാലഗണനയിൽ ഒന്നായ കല്പത്തിൽ ശ്വേതവരാഹ കല്പം ഉണ്ട്‌. ശ്വേതം എന്നതിന് സത്യം അഥവാ ഉണ്മ എന്ന് അർത്ഥ കല്പന ചെയ്യാം .

വരാഹൻ എന്ന ഒരു നാണയ വ്യവസ്ഥ ഭാരതത്തിലെ ഒന്നിലധികം പ്രവിശ്യകളിൽ ഉണ്ടായിരുന്നു .വരാഹം കുലദേവതയായിരുന്നു ആ രാജ്യങ്ങളിൽ .

ക്ഷേത്ര തന്ത്രക്രിയാദികളിൽ കലശ സംഘാതദ്രവ്യങ്ങളിൽ പന്നിപ്പൂഴി (പന്നി കുത്തിയിളക്കിയ മണ്ണ് ) ഒരു സംഭാരമാണു.

പന്തിരുകുലപ്രസിദ്ധനായ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ചുപോയ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്നു. 32നമ്പൂതിരി ഗ്രാമങ്ങളിൽ പ്രസിദ്ധമായ പന്നിയൂർ ഗ്രാമത്തിന്റെ കുലദേവതയാണു പന്നിയൂർ വരാഹമൂർത്തി.  കോഴിക്കോട് ജില്ലയിലും വരാഹമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്‌.
🌾🌾🌾🔥🔥🌾🌾🌾
Sudhimalappat@gmail.com

No comments:

Post a Comment