Saturday, December 07, 2019

ഭഗവദ് ഗീതാമൃതം

സ്വന്തം കഴിവിന്റെ പരിധിയും പരിമിതിയും തിരിച്ചറിഞ്ഞ് കാലസാക്ഷിയായ സര്‍വ്വേശ്വരനുമുന്നില്‍ പാർത്ഥൻ സ്വയം സമർപ്പിതനായി. സംപ്രീതനായ സാരഥി വാസുദേവൻ, കുന്തീപുത്രനു നൽകിയ സാരോപദേശമാണ് ഭഗവദ്ഗീത.

അവനവന്റെ കഴിവുകളെക്കുറിച്ച് അന്വേഷിക്കാനും, അഭിമാനിക്കാനും, പരിമിതിയറിഞ്ഞ് അതിനെ അതിജീവിക്കാനും ഓരോരുത്തര്‍ക്കും സാധിക്കണം. സമ്പൂർണ്ണ സമര്‍പ്പണത്തിന്റെ പാതയാണ് ശ്രേയസ്ക്കരമായ പുരോഗതി ലക്ഷ്യമാക്കുന്നവർക്കായി ഉപദിഷ്ടമായിട്ടുള്ളത്. ഭഗവദ്ഗീതോപദേശത്തിന്റെ പശ്ചാത്തല വർണ്ണനത്തിൽ ഈ വസ്തുത വ്യക്തമാണ്.

ഗീതോപദേശത്തിന്റെ പ്രസക്തി എല്ലാ മേഖലകളിലും ഇന്ന് വര്‍ദ്ധിച്ചുവരുന്നതായി കാണാം. ഉദ്ധരിച്ച് സംസാരിക്കാന്‍ അനവധി വിഷയങ്ങള്‍ ഭഗവദ്ഗീതയിലുണ്ട്.  ഗീതാപ്രചാരണം അതുകൊണ്ടുതന്നെ ഒട്ടും പ്രയാസകരമല്ല.  ഗീതാസന്ദേശങ്ങളുടെ സ്വാംശീകരണം, പ്രായോഗിക തലത്തിൽ അര്‍ഹിയ്ക്കുന്ന ഗൗരവത്തില്‍ സാധിക്കുന്നുണ്ടോ എന്ന വിശകലനത്തിനാണ് ഇനി ഉദ്യമിക്കേണ്ടതെന്നു തോന്നുന്നു.  ആവേശത്തോടെ ഉദ്ധരിയ്ക്കാനും, യാന്ത്രികമായി ഏറ്റുപാടാനും ശീലിച്ചു പോയാല്‍ പ്രയോഗത്തില്‍ വരുത്താന്‍ മടി തോന്നും. 'നീ പണ്ഡിതനെപ്പോലെ സംസാരിക്കുകയും അതിന് നിരക്കാത്തവിധം പെരുമാറുകയും ചെയ്യുന്നു' എന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍, അര്‍ജ്ജുനനെ പരിഹസിയ്ക്കുന്നുണ്ട് (2/ 11). ഈ പരിഹാസം, ഗീതാപഠിതാക്കളായ നമുക്ക് ബാധകമാവുന്നതാണോ എന്ന് വിചിന്തനം ചെയ്തുനോക്കണം.

കര്‍മ്മക്ഷേത്രത്തില്‍ കരുത്ത് ചോര്‍ന്ന് പരിതാപകരമാം വിധം പതിച്ചു പോയ പാർത്ഥനുള്ള ഉണര്‍ത്തുപാട്ടാണ് ഭഗവദ്ഗീത. ഭഗവാൻ അർജ്ജുനനോട് 'എഴുന്നേല്ക്കൂ, യുദ്ധം ചെയ്യൂ' എന്നുപറഞ്ഞവസാനിപ്പിയ്ക്കുകയല്ലചെയ്തത്. സൃഷ്ടിയുടെ ഔന്നത്യത്തില്‍ വിരാജിയ്ക്കുന്നവനെന്ന നിലയില്‍ മനുഷ്യന് ആത്യന്തിക ലക്ഷ്യമായിരിക്കേണ്ടതെന്തെന്ന് സവിസ്തരം ഗീതോപദേശത്തിൽ പ്രതിപാദിയ്ക്കുന്നുണ്ട്.

കര്‍മ്മേന്ദ്രിയങ്ങള്‍ ഉജ്ജ്വലമായ സേവനകാര്യത്തില്‍ മുഴുകിയിരിക്കണം.  ജ്ഞാനേന്ദ്രിയങ്ങളില്‍ ആശ്വാസകരമായ ശീതളിമ ഉളവാകണം. മനസ്സ് അലയൊഴിഞ്ഞ ആഴിപോലെ സ്വച്ഛവും, പ്രശാന്തവും ആയിരിക്കണം.  ബുദ്ധിക്ക് പദാര്‍ത്ഥ വിജ്ഞാനീയത്തിനപ്പുറത്ത് വിരാജിയ്ക്കുന്ന ബോധത്തില്‍ ആനന്ദ വിശ്രാന്തി സംഭവിക്കണം.  ഈ പ്രകാരമുള്ള സ്വാതന്ത്ര്യം, ഓരോരുത്തരുടേയും ജന്മാവകാശമാണെന്ന് ഭഗവദ്ഗീതാ പഠിതാക്കൾ എപ്പോഴും ഓർമ്മിക്കണം.

മോക്ഷ ശാസ്ത്രമാണ് ഭഗവദ് ഗീത എന്ന് ശങ്കരഭഗവദ്പാദർ ഗീതാഭാഷ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  അവസരങ്ങളേറെയുണ്ടായിട്ടും ലക്ഷ്യബോധത്തോടെ പുരോഗമിക്കുന്നതിനുള്ള കലയറിയാതെ ജീവിതം തുലച്ചുകളയുന്നവർ അനവധിയാണ്.  ആ ഭൂരിപക്ഷത്തിനും ഭഗവദ്ഗീത മാര്‍ഗ്ഗനിര്‍ദ്ദേശം നൽകുന്നുണ്ടെന്നത്  ശ്രദ്ധേയമായ വസ്തുതയാണ്.  ആത്മീയ വിശ്രാന്തി എന്ന ലക്ഷ്യം നേടുന്നതിന് കര്‍മ്മമണ്ഡലം ഉപേക്ഷിച്ചു പോകേണ്ട കാര്യമില്ലെന്ന് ജനകമഹാരാജാവിനെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.  വ്യാവഹാരിക ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത് പ്രതിബദ്ധതകളാണ്.  പ്രതിബദ്ധതകള്‍ക്ക് പിന്നില്‍ നന്ദിയും പ്രേമവായ്പും ഉണ്ടാകുമ്പോഴേ അത് ഹൃദ്യമാവൂ.  കര്‍ത്തവ്യനിര്‍വ്വഹണത്തെ വെറും 'അനിവാര്യത' എന്ന തലത്തിൽ നിന്നുയര്‍ത്തി അത്യന്തം ആസ്വാദ്യകരമാക്കാന്‍ ഗീതയിൽ ഭഗവാന്‍ ആവശ്യപ്പെടുന്നുണ്ട്. ഭോഗലാലസമായ ഇന്ദ്രിയലാളനം,  ജീവിതത്തില്‍ മുഖ്യലക്ഷ്യമായിക്കൂടാ.  പ്രാകൃതമായ കാമം ഇന്ദ്രിയ മനസ്സുകളെ ഭരിയ്ക്കുമ്പോള്‍ ദൂരക്കാഴ്ച മങ്ങിപ്പോകും.  സങ്കുചിതമായ സ്വന്തം പിടിവാശികള്‍ വിജയിപ്പിക്കുന്നതിനായി മാനസിക ഊര്‍ജ്ജം വൃഥാ വിനിയോഗിക്കപ്പെടും. ക്രോധവും, ലോഭവും, അസൂയാദി വികാരങ്ങളും  അര്‍ബുദം പോലെ അന്തഃകരണത്തിൽ പെരുകി ജീവിത സ്വാസ്ഥ്യത്തെ തകര്‍ക്കും. അശാന്തിയും, ദുഃഖവും പെരുകും.

ഈ ദുരവസ്ഥകൾ തിരിച്ചറിഞ്ഞ് ഉദിച്ചു വരുന്ന താല്പര്യങ്ങളെ വിവേചനം ചെയ്യാൻ തയ്യാറാവണം. വിവേകപൂർവ്വം കാമ പ്രചോദനങ്ങളെ ഉദാത്തീകരിക്കണം. ലോകനന്മയിലും, വികാസത്തിലും, അഖണ്ഡസൗഖ്യത്തിലും താത്പര്യം പുലർത്തണം.  സേവനോത്സാഹമുണർത്തി നിഹിതമായ വിവിധ കര്‍മ്മശേഷികളെ ആവിഷ്ക്കരിക്കാൻ തയ്യാറാവണം.

ഉള്ളിൽ ഉദാത്തമായ കാഴ്ചപ്പാടും പ്രചോദനവും വളർത്താൻ പാകത്തിൽ, സൃഷ്ടിയെ സംബന്ധിയ്ക്കുന്ന തത്വചിന്ത ഭഗവദ് ഗീതയില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അക്ഷരത്തില്‍ നിന്നാരംഭിക്കുന്ന ആവിഷ്‌ക്കാരമഹോത്സവം അന്നവും ഭൂതജാലങ്ങളുമായി പരിണമിച്ചെത്തുന്നതിന് പിറകില്‍ ഒരു യജ്ഞചക്രമുണ്ടെന്ന് ഭഗവാൻ വിശദീകരിച്ചിക്കുന്നു.  സോദ്ദേശപരവും സ്‌നേഹനിര്‍ഭരവുമായ ചലനവിശേഷമാണ് യജ്ഞം.   മറ്റൊന്നിന്റെ നിലനില്പിനും, പോഷണത്തിനും ഉതകുന്ന ത്യാഗമാണിതിന്റെ മുഖമുദ്ര. ഒരമ്മ കുഞ്ഞിനുവേണ്ടി സഹിക്കുന്നതിലും, പലതും ത്യജിക്കുന്നതിലും വേദനിയ്ക്കുന്നില്ല. ഇതുപോലെ ത്യാഗം പ്രേമ നിർഭരതയുടെ സന്തോഷപ്രകടനമാകുന്നു എന്നതാണ് സൃഷ്ടിയുടെ രഹസ്യം.  ത്യാഗോത്സാഹത്തെ യോഗ ബുദ്ധിയാക്കി ഉദ്ധരിക്കാനുതകുന്ന വിശ്വ പ്രേമം ഏവരിലും നിഹിതമാണെന്നും ഭഗവദ്ഗീത അനുശാസിക്കുന്നു.  സഹജസ്‌നേഹത്തിന്റെ വറ്റാത്ത ഉറവിടത്തെ തിരിച്ചറിയാനും പ്രയോജനപ്പെടുത്താനും സങ്കുചിത താദാത്മ്യങ്ങളുടെ കാമത്തിരക്കിൽ മനുഷ്യന് കഴിയാതെ പോകുന്നു. ഈ അപകടത്തെ അവധാനതയോടെ വിശകലനം ചെയ്യണം. കുത്സിത കാമ പ്രചോദിത ജീവിതത്തിൽ ആന്തരിക സ്വസ്ഥത നഷ്ടപ്പെടുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. വെറും ഭോഗ സാമ്രാജ്യ വിപുലീകരണത്തിന്റെ വ്യാപാരചിന്തകള്‍ മാനുഷികതയെ അപമാനിയ്ക്കുന്നുണ്ടെന്നും ആലോചിച്ചാൽ കണ്ടെത്താൻ കഴിയും. സമാഹരണ, സംരക്ഷണ വ്യാകുലതകളും അധികാര ലഹരിയും ഭോഗതതത്പരതയുള്ളവരെ ഭ്രാന്തരാക്കും. ഇക്കാര്യങ്ങൾ ആലോചിച്ച് കണ്ടെത്താനുള്ള  വിവേകമുണർന്നാൽ ജീവിതത്തിന് അർഹിക്കുന്ന ആദരവ് നൽകാനും സര്‍ഗ്ഗസാദ്ധ്യതകളോടു നീതി പുലര്‍ത്താനും ഓരോരുത്തർക്കും സാധിയ്ക്കും.

വ്യക്തിയുടെ വികാസം ഉറപ്പുവരുത്തുന്നതോടൊപ്പം സമൂഹത്തേയും, പ്രകൃതിയേയും പോഷിപ്പിയ്ക്കുന്നതിനുള്ള സമഗ്രശൈലിയാണ് ഭഗവദ്ഗീത അവതരിപ്പിയ്ക്കുന്നത്.  ഇന്ദ്രിയപ്രവണതകളേയും മനസ്സിന്റെ വികാരസവിശേഷതകളേയും വിശകലനം ചെയ്തറിയാനും നേര്‍വഴിയില്‍ ചിട്ടപ്പെടുത്താനുമുള്ള പാഠങ്ങളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.  ത്രിഗുണങ്ങളാണ് പ്രപഞ്ചസൃഷ്ടിയുടെ മൂലഘടകങ്ങള്‍.  ത്രിഗുണചേരുവയാണ് പദാര്‍ത്ഥ ധർമ്മങ്ങളേയും, വ്യക്തി സവിശേഷതകളേയും നിശ്ചയിയ്ക്കുന്നത്. ത്രിഗുണ സ്വാധീനങ്ങളെ അതിക്രമിക്കാൻ മനുഷ്യ മേധയുടെ കഴിവു പ്രയോജനപ്പെടുത്തിയാൽ സാധിക്കും.

ജനിതകശാസ്ത്രവും, ആണവശാസ്ത്രവും നിരീക്ഷിച്ചറിഞ്ഞ വസ്തുതകള്‍ ഭഗവദ്ഗീതയുടെ വിലയിരുത്തലുകള്‍ ആധികാരികമാണെന്ന് സമർത്ഥിക്കാൻ പോന്നതാണ്.  ബാഹ്യലോകവും, ശരീരേന്ദ്രിയങ്ങളും, മനസ്സും ഒക്കെ നിരീക്ഷകനില്‍ നിന്നും അന്യമാണെന്ന അടിസ്ഥാന വീക്ഷണം സ്ഥാപിച്ചുകൊണ്ട് ആത്മധ്യാനത്തിനുള്ള ആഹ്വാനവും ഭഗവദ്ഗീത നിർവ്വഹിക്കുന്നു.

ആത്മവൈഭവത്തെ ധ്യാന പരിശീലനം കൊണ്ട് സാക്ഷാത്ക്കരിക്കാം. അതാകട്ടെ പ്രപഞ്ചസാരവുമാകുന്നു. ഈ സാക്ഷാത്ക്കാര ഭൂമികയില്‍ നിന്നും ജഗത്പരിവര്‍ത്തനത്തെ അംഗീകരിച്ച്, അനുവദിച്ച് പ്രതികരിയ്ക്കുമ്പോള്‍ അത് ഭൂതജാലങ്ങള്‍ക്ക് അലോസരം സമ്മാനിക്കില്ല. തത്വജ്ഞാനി വസന്തത്തെപ്പോലെ ലോക മംഗളം പാലിച്ചു വ്യവഹരിക്കുമെന്ന കാര്യവും ഭഗവദ് ഗീതയിൽ പരാമർശിക്കുന്നുണ്ട്.

സാര്‍വ്വലൗകീക ശാസ്ത്രഗ്രന്ഥമായും ഭഗവദ്ഗീത പ്രകീര്‍ത്തിയ്ക്കപ്പെടാറുണ്ട്. കുടുംബ, സാമൂഹിക, സാമ്പത്തിക, കലാ-കായിക, സാഹിത്യ, സാംസ്‌ക്കാരിക, രാഷ്ട്രമേഖലകളിലും; അന്താരാഷ്ട്ര തലങ്ങളിലൊക്കെ പ്രസക്തങ്ങളായ പ്രശ്‌നങ്ങളുണ്ട്. പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയാനും, പരിഹാരം കണ്ടെത്താനും ഭഗവദ്ഗീതാ മനനത്തിലൂടെ ഒരാള്‍ക്ക് കഴിയും.  മനഃശാസ്ത്ര അപഗ്രഥനത്തിന്റെ പാഠങ്ങളും സമഗ്രമായി ഭഗവദ് ഗീതാ പഠിതാക്കൾക്ക് ലഭ്യമാണ്.

വ്യക്തിയെ അവനവന്റെ പരിസരങ്ങളില്‍ നിന്നും പ്രതിബദ്ധതകള്‍ ഓര്‍മ്മിപ്പിച്ചുണര്‍ത്തി, സാമൂഹ്യപാരസ്പര്യത്തിന്റെ ഗുണങ്ങള്‍ വിസ്തരിച്ച് വളര്‍ത്തി, പ്രേമാനുകമ്പാ സമ്പന്നനായ വിശ്വമാനവനാക്കുന്ന പ്രക്രിയയാണ് ഭഗവദ്ഗീത അവതരിപ്പിക്കുന്നത്.  ഭഗവദ് ഗീതാചിന്തയില്‍ ആകൃഷ്ടരായ ആളുകള്‍ എവിടെത്തുടങ്ങണം എന്ന് ആശങ്കപ്പെടാതെ, എവിടെവെച്ചും ആരംഭിയ്ക്കാന്‍ ഉത്സാഹം കാണിയ്ക്കണം. ഭഗവദ്ഗീത വിസ്തരിയ്ക്കുന്ന ധാര്‍മ്മികജീവിതത്തിന്റെ സ്വല്പപൂര്‍വ്വക അനുഷ്ഠാനം പോലും വലിയ ഭയങ്ങളില്‍ നിന്നും ഏവരേയും മോചിപ്പിയ്ക്കാന്‍ സമര്‍ത്ഥമാണെന്ന് ഭഗവാന്‍ ഉദ്‌ബോധിപ്പിയ്ക്കുന്നുണ്ട്.

ലഭിച്ച മനുഷ്യജന്മത്തെ നരകമാക്കി മാറ്റുന്ന ആസുരിക ഗുണങ്ങളെക്കുറിച്ച് അപഗ്രഥിച്ച് അവയെ അതിക്രമിക്കാൻ ഭഗവാൻ ഉപദേശിക്കുന്നു. ദൈവിക ഗുണങ്ങൾ മനസ്സിലാക്കി സ്വാംശീകരിക്കാനും ഭഗവാന്‍ ഏവരേയും പ്രേരിപ്പിക്കുന്നു.

ലോകകല്യാണം ഭഗവദ്ഗീതയുടെ മുഖ്യലക്ഷ്യമാകയാല്‍ ഗീതാസന്ദേശങ്ങള്‍ക്ക് ജാതിമത വര്‍ഗ്ഗദേശ വ്യത്യാസങ്ങളൊന്നും ബാധകമല്ല. മുന്‍വിധികളില്ലാതെ ഭഗവദ്ഗീത പഠിയ്ക്കാനും നേടിയ അറിവ് പ്രയോജനപ്പെടുത്തി അവരവരുടേയും, മറ്റുള്ളവരുടേയും ഹിതം സാക്ഷാത്ക്കരിക്കാനും  ഏവര്‍ക്കും കഴിയട്ടെ.
*ഭഗവദ്ഗീതാദിന ശുഭാശംസകൾ*

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
6th Dec '19

[ Ps: ഡിസംബർ 8th -
മാർഗ്ഗ ശീർഷമാസത്തിലെ ശുക്ലപക്ഷ ഏകാദശി
a. ഭഗവദ്ഗീതാദിനം, b. ഗുരുവായൂർ ഏകാദശി. c. ശ്രീമത് തപോവന മഹാരാജ് ജന്മദിനം. ]

No comments:

Post a Comment